Saturday, March 11, 2017

'നേർക്കുനേർ - ഒരു പകയുടെ കഥ!'




ശ്രീ ശങ്കര കോളേജിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഞങ്ങളുടെ എൻട്രിയായിരുന്നു 'നേർക്കുനേർ ' എന്ന 8 മിനുട്ട് മാത്രം ദൈഘ്യമുള്ള ഈ ചിത്രം. 'ഇൻക്രെഡിബിൾ ഇന്ത്യ' എന്ന തീമിനെ ആസ്പദമാക്കി നിർമ്മിച്ച ഈ ഹൃസ്വചിത്രം നാല്പതോളം എൻട്രികളിൽ നിന്നും തിരഞ്ഞെടുത്ത പതിനഞ്ചിൽ ഒന്നായിരുന്നു.

പരീക്ഷണങ്ങൾ പലതും ഈ ചെറിയ കാലയളവിൽ ഞങ്ങൾക്ക് നേരിടേണ്ടി വന്നു. കൂടെ നിൽക്കാമെന്നേറ്റ പലരുടെയും പിന്മാറ്റം സൃഷ്ടിച്ച തലവേദനയായിരുന്നു അതിൽ പ്രധാനം. ഷൂട്ട്‌ചെയ്ത പല ഭാഗങ്ങളും അതുകൊണ്ട് തന്നെ റീ ഷൂട്ട് ചെയ്യേണ്ടി വന്നു. എഡിറ്റിംഗും, ഡബ്ബിങ്ങും,മിക്സിങ്ങും, ഗ്രെഡിങ്ങും  ഒക്കെ തീർത്ത് സമയത്തിന് ഫൈനൽ ഔട്ട് എത്തിക്കാൻ പിന്നണിയിലുള്ളവർ ഓടിയ ഓട്ടം ചില്ലറയൊന്നുമല്ല. പോരായ്മകൾ തീർച്ചയായും ഉണ്ട്. എങ്കിലും ഒരേ ലക്ഷ്യത്തിനു വേണ്ടി കൂട്ടായി പരിശ്രമിക്കുമ്പോഴുള്ള ആ ഒരു സുഖവും, പരിശ്രമം  വിജയത്തിലെത്തിക്കഴിയുമ്പോഴുള്ള സംതൃപ്തിയും വാക്കുകൾക്കതീതമാണ്.

പരസ്യം ചെയ്തു തുടങ്ങിയതുമുതൽ സോഷ്യൽ മീഡിയയിലൂടെയും , ഫോണിലൂടെയും, നേരിട്ടും അന്വേഷണങ്ങളും അഭിനന്ദനങ്ങളും അറിയിച്ച എല്ലാ സുഹൃത്തുക്കളോടും അഭ്യുദയാകാംക്ഷികളോടും നന്ദി അറിയിക്കുന്നു. എങ്കിലും 'നേർക്കുനേർ' സാധ്യമായത് മറ്റൊരാൾ കാരണമാണ്. എഡിറ്റ് ചെയ്യാമെന്നേറ്റ ആൾ പിന്മാറിയതോടെ ഇനിയെന്ത് എന്ന അവസ്ഥയിൽ നിന്നപ്പോൾ പ്രൊജക്റ്റിനൊപ്പം നിന്ന ശ്രീ ഉദയൻ  അടുവാശ്ശേരി... ഉദയൻ ചാച്ചാ ഇങ്ങള് മാസ്സാണ്...

എല്ലാവരും ഒരു  8 മിനുട്ട് ഞങ്ങൾക്ക് വേണ്ടി മാറ്റിവെക്കുക. എന്നിട്ട് അഭിപ്രായം എന്തുതന്നെയാണെങ്കിലും അറിയിക്കുക. പ്രതീക്ഷയോടെ ഈ ഹൃസ്വ ചിത്രം ഏവർക്കുമായി  സമർപ്പിക്കുന്നു. 'നേർക്കുനേർ - ഒരു പകയുടെ കഥ!' (ലിങ്കിൽ ക്ലിക്ക് ചെയ്യുക)
https://youtu.be/4oyJLlprhXw

Friday, February 24, 2017

പൾസറിനുപിന്നിലെ 'അജ്ഞാതൻ'


അത്ര വല്യ ഐക്യു ലെവലൊന്നും ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളുടെ ഒരു ചെറ്യേ സംശയമാണ്...

നടിയുടെ വാഹനത്തിൽ കയറിയ സമയത്ത് പ്രതിയെന്ന് പറയുന്ന ആൾ നടിയോട് ഇതൊരു ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഉപദ്രവിച്ചതിനു ശേഷം നടിയെ വഴിയിൽ ഉപേക്ഷിച്ച് അയാൾ തന്റെ ഫോണിൽ 'ആരോ ഒരാളെ' വിളിച്ച് നടന്ന സംഭവങ്ങൾ വിശദീകരിച്ച് ചിരിച്ച് സംസാരിച്ചതായി പറയുന്നു.
കൂട്ടാളികളെ മാറ്റി നിർത്തി അയാൾ കടവന്ത്രയിലുള്ള ഒരു വീടിന്റെ മതിൽ ചാടിക്കടന്ന് ആരെയോ കണ്ടതിന്റെ സിസി ടി വി ദൃശ്യങ്ങളുമുണ്ട്.
പക്ഷേ, പ്രതി ഫോണിൽ വിളിച്ചത് ആരെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം! കടവന്ത്രയിലെ വീട്ടിലുള്ള വ്യക്തിയുമായി പ്രതിക്കുള്ള ബന്ധമെന്തെന്നും അറിയില്ലാത്രേ!

അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്. പ്രതിയുടെ കോൾ ഡീറ്റയിൽസ് പരിശോധിച്ചാൽ വിളിച്ച് സംസാരിച്ച വ്യക്തിയാരാണെന്ന് മനസ്സിലാവില്ലേ?

ഇനി പ്രതി ഉപേക്ഷിച്ച ഫോണുപയോഗിച്ച് - അതായത് പ്രതിയുടേതെന്ന് എല്ലാവർക്കും അറിയാവുന്ന നമ്പറിൽ നിന്നല്ലാതെ മറ്റൊരു നമ്പറിൽ നിന്നാണ് അയാൾ 'അജ്ഞാതനായ' വ്യക്തിയെ വിളിച്ചതെങ്കിൽ   ഉപേക്ഷിച്ച നമ്പർ കണ്ടെത്താൻ മറ്റൊരു മാർഗ്ഗം കൂടിയില്ലേ? കുറച്ചുനാൾ മുമ്പ് കോളിളക്കം സൃഷ്ടിച്ച ജിഷ വധത്തിൽ പ്രതി അമിനുൾ ഇസ്ലാമിനെ കുടുക്കാൻ കേരളാ പോലീസ്‌ ഉപയോഗിച്ച് വിജയിച്ചെന്ന് പറയപ്പെടുന്ന വഴി?

അതായത് പ്രതി 'അജ്ഞാത'നെ വിളിച്ച സ്ഥലവും സമയവും പോലീസിനറിയാം. അതേസമയം ആ ഭാഗത്തെ ടവറുകളിൽ നിന്നും പോയിട്ടുള്ള കോളുകളുടെ ലിസ്റ്റെടുക്കുക. ജിഷ കേസിലെ പോലെ രണ്ടുമൂന്ന് ദിവസത്തെയൊന്നും വേണ്ടല്ലോ ഒന്നോ രണ്ടോ മണിക്കൂറിന്റെ പോരേ... അതിൽ എത്ര നമ്പർ സംഭവം  നടന്ന ദിവസത്തിനു ശേഷം സ്വിച്ച് ഓഫ് ആയിട്ടുണ്ടെന്ന് നോക്കുക. അതും ഒരുപാടൊന്നും കാണില്ലല്ലോ. ആ നമ്പറുകളുടെ കോൾ ഡീറ്റയിൽസെടുത്താൽ എന്തായാലും പ്രതി ഉപയോഗിച്ച നമ്പറും മനസ്സിലാകും വിളിച്ച ആളെയും മനസ്സിലാകും... ഇച്ഛാശക്തി മാത്രം മതി.

ഇതൊന്നും നടപ്പില്ല എന്നുമാത്രം പറയരുത്. അങ്ങിനെയാണെങ്കിൽ ജിഷയുടെ ഘാതകനെ കുടുക്കിയ വിദ്യ വെറും 'തള്ളാ'യിരുന്നുവെന്ന് കൂടി പറയേണ്ടി വരും!

നാടുമുഴുവൻ പോലീസ് പ്രതിയെ പിടിക്കാൻ വലവിരിച്ച സമയത്ത് അയാൾ പുല്ലുപോലെ കറുകുറ്റിയിലുള്ള അഡ്വക്കറ്റിന്റെ വീട്ടിൽ ചെന്ന് പാസ്സ്പോർട്ടും, ഫോണുമടക്കമുള്ള വസ്തുക്കളും കൊടുത്ത് വക്കാലത്തും ഒപ്പിട്ട് പോന്നുവെന്ന് പറയുന്നതിൽ ഒരു അസ്വാഭാവികതയില്ലേ?
വേണ്ടിവന്നാൽ ആ അഡ്വക്കറ്റിന്റേയും കോൾ ലിസ്റ്റ് പരിശോധിക്കണം.

എറണാകുളത്ത് നടന്ന സിനിമാക്കാരുടെ പ്രതിക്ഷേധ കൂട്ടായ്മയിൽ എല്ലാവരും മലയാളിയുടെ കപട സദാചാരത്തിനെ പഴിചാരി ഘോരഘോരം വാചകക്കസർത്ത് നടത്തിയപ്പോൾ, ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലർത്തുന്ന മഞ്ജുവാര്യർ പറഞ്ഞത് ഇതൊരു ക്രിമിനൽ ഗൂഡാലോചനയാണെന്നാണ്. ആ ഗൂഡാലോചനക്ക് പിന്നിൽ ആരെന്ന് കണ്ടുപിടിക്കാനൊക്കെ പറ്റുമെന്നേ... അതിനുപക്ഷേ കാശിനുമുമ്പിൽ വളയാത്ത നട്ടെല്ലും, ഒറ്റപ്പിതാവിനു ജനിച്ച ഗുണവും വേണം...!

അല്ലെങ്കിൽ തേച്ചുമായ്ച്ചും, മറച്ചുവെച്ചും,വളച്ചൊടിച്ചും നിരത്തിയ തെളിവുകളുടെ പിൻബലത്തിൽ ഇവനൊക്കെ നാളെ പുല്ലുപോലെ ഇറങ്ങിവരും. നീതിയെന്നത് കാശും സ്വാധീനവുമുള്ളവന്റെ കാവൽനായയാവുകയും ചെയ്യും...!
#പൾസർ
#pulsar

Sunday, January 22, 2017

'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' - ലഘു അവലോകനം



1980-90 കളിൽ പുതിയ ഒരു സിനിമ ഹിറ്റാണോ എന്നറിയാൻ ഷോ കഴിഞ്ഞിറങ്ങുന്ന സ്ത്രീകളുടെ കണ്ണുകളിലേക്ക് നോക്കിയാൽ മതി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കരഞ്ഞുകലങ്ങിയ അവരുടെ കണ്ണുകൾ ഒരു സൂചനയാണ്. വരും ദിവസങ്ങളിൽ തിയറ്ററുകൾ നിറഞ്ഞു കവിയാൻ പോകുന്നതിന്റെ ശുഭസൂചന. സ്ത്രീകളുടെ നിറകണ്ണുകൾ വിജയിപ്പിച്ച സിനിമകളുടെ ചരിത്രം പരിശോധിച്ചാൽ മമ്മൂട്ടിയുടേയും മോഹൻ ലാലിന്റേയും എണ്ണം പറഞ്ഞ കുടുംബചിത്രങ്ങളെല്ലാം അതിൽ വരും.
ഇന്നീ മൾട്ടിപ്ലക്സ് യുഗത്തിലും ഒരു സിനിമ തിയറ്ററിൽ നിൽക്കണമെങ്കിൽ ഫാമിലി ഓഡിയൻസിന്റെ പിന്തുണ കൂടിയേ തീരൂ. പത്തോ പതിഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാകാണാന്‍ തിയറ്ററിലെത്തിയ കുടുംബങ്ങളാണ് ദൃശ്യത്തേയും,പുലിമുരുകനേയുമൊക്കെ ചരിത്രവിജയങ്ങളാക്കിയത്.

ഇത്രയും പറയാന്‍ കാരണം ഇന്നുണ്ടായ ഒരു തിയറ്റര്‍ അനുഭവമാണ്. ജിബു ജേക്കബ്-സിന്ധുരാജ്-മോഹന്‍ലാല്‍ ടീമിന്‍റെ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ ഇന്നത്തെ നൂണ്‍ഷോ ഞാന്‍ കണ്ടത് അങ്കമാലിയിലെ മള്‍ട്ടിപ്ലക്സില്‍ നിറഞ്ഞ കുടുംബസദസ്സിലാണ്. പടം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ കാണുന്നത് പല പ്രായത്തിലുള്ള സ്ത്രീകള്‍, അവരില്‍ ചെറുപ്പക്കാരികളുണ്ട്, മുതിര്‍ന്നവരുണ്ട് മിക്കവരുടേയും കണ്ണുകളില്‍ കണ്ണുനീരിന്‍റെ തിളക്കം. കൂട്ടത്തില്‍ 45-50 വയസ്സുള്ള കുലീനയായ ഒരു സ്ത്രീ, പൊട്ടും, ലിപ്സ്റ്റിക്കും, ആഭരണങ്ങളും അണിഞ്ഞ അവരുടെ കണ്‍മഷി കണ്ണീരില്‍ ഒലിച്ചിറങ്ങിയിട്ടുണ്ട്. മിക്കവരുടേയും അവസ്ഥ അതുതന്നെയായതുകൊണ്ട് അവര്‍ക്കതിന്‍റെ ചമ്മലൊന്നുമില്ല. ഞാനീ കാഴ്ചയൊന്ന് കാണിക്കാന്‍ ഭാര്യയെ തോണ്ടിവിളിച്ചപ്പോള്‍ അവളും കണ്ണുകളൊപ്പുന്നു.! അപ്പര്‍ക്ലാസ്സായാലും, മിഡില്‍ ക്ലാസ്സായാലും,ലോക്ലാസ്സായാലും കുടുംബവും ബന്ധങ്ങളും എല്ലാവര്‍ക്കും ഒരേപോലെയാണല്ലോ അല്ലേ.

സിനിമയുടെ സാങ്കേതികത്തികവും, മറ്റും ഇഴകീറി വിശകലനം ചെയ്യുന്നവര്‍ക്ക് 'മുന്തിരിവള്ളി' ഒരു മഹത്തരമായ അനുഭവമൊന്നുമായ്ക്കൊള്ളണമെന്നില്ല . എന്നിരുന്നാലും കുടുംബങ്ങളുടെ കണ്ണും മനസ്സും നിറക്കാന്‍ വേണ്ടതൊക്കെ സിനിമയിലുണ്ട്. എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് അത് ധാരാളം മതി. 'മുന്തിരിവള്ളി' ടീമിന് അഭിനന്ദനങ്ങള്‍.....

വാല്‍ക്കഷ്ണം : സന്തോഷം തോന്നിയ മറ്റൊരു കാര്യം, അനൂപ് മേനോന്‍റെ പെര്‍ഫോമന്‍സാണ്. മൂപ്പരുടെ പ്രകടനം കണ്ട് ആളുകള്‍ ചിരിക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ് കണ്ടത്. അതുപോലെ ഒരൊറ്റ സീനില്‍ മാത്രം വന്നുപോകുന്ന സുരേഷ് കൃഷ്ണയ്ക്കും കിട്ടി നല്ല കയ്യടി.

#മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
#MunthirivallikalThalirkkumbol

Sunday, June 19, 2016

നന്ദി

ബ്ളോഗ് പേജില്‍  2000 സന്ദര്‍ശകര്‍ എന്നത് അത്ര വല്യ ഒരു നാഴികക്കല്ലൊന്നുമല്ലെന്നറിയാം. എഴുതി തുടങ്ങിയ 2014 ല്‍ നിന്ന്‍ ആദ്യ  ആയിരത്തില്‍ എത്താന്‍ ഒന്നര വര്‍ഷത്തോളമെടുത്തുവെങ്കില്‍, അടുത്ത ആയിരത്തിലെത്താന്‍ ഏതാനും മാസങ്ങളേ എടുത്തുള്ളൂ. ബ്ലോഗുകള്‍ അത്യാവശ്യം ആളുകളില്‍ എത്തുന്നുണ്ട് എന്ന്‍ തിരിച്ചറിയുന്നത് സന്തോഷകരമാണ്. എഴുത്തിനെ കുറച്ചുകൂടി സീരിയസ്സായി സമീപിക്കാന്‍ അതെന്നെ പ്രേരിപ്പിക്കുന്നു. ഇതുവരെ എന്‍റെ ബ്ലോഗുകള്‍ വായിക്കുകയും സത്യസന്ധമായ അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

Friday, June 17, 2016

ജിഷ വധം : ചില ഓർമ്മപ്പെടുത്തലുകൾ


അങ്ങിനെ കേരളം കാത്തിരുന്ന പ്രഖ്യാപനം ഇന്നുണ്ടായി. ജിഷ എന്ന നിയമ വിദ്യാർത്ഥിനിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ അസം സ്വദേശിയെ പോലീസ് പിടികൂടി. ഒന്നരമാസമായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്‍റെ സമീപ ചരിത്രത്തിൽ ഇത്രയും കോളിളക്കമുണ്ടാക്കിയ ഒരു കൊലപാതകം വേറൊന്നുണ്ടാകില്ല.

ചില ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.
അത് ലോക്കൽ പോലീസിന്‍റെ സമീപനവുമായി ബന്ധപ്പെട്ടാണ്. കൊല നടന്ന ദിവസം രാത്രി സംഭവ സ്ഥലത്തെത്തിയ പോലീസ് മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഇൻ ക്വസ്റ്റടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നറിയുമ്പോഴാണ് അലംഭാവത്തിന്‍റെ തീവ്രത നമുക്ക് മനസ്സിലാകുന്നത്. വീട് സീൽ ചെയ്യാതിരുന്നത് മൂലം ലഭ്യമായേക്കാമായിരുന്ന തെളിവുകൾ നശിക്കാനിടയായി. പോസ്റ്റ്മോർട്ടം നടത്തി ധൃതിയിൽ ബോഡി ദഹിപ്പിച്ചത് സംശയങ്ങൾ ആളിക്കത്തിക്കാനിടയാക്കി. വേണ്ടിവന്നാൽ റീ പോസ്റ്റുമോർട്ടം നടത്താനുള്ള സാദ്ധ്യതകൂടി അതോടെ ഇല്ലാതായി. എത്രയും പെട്ടെന്ന് കേസ് ഫയൽ ക്ലോസ് ചെയ്യാനുള്ള തിടുക്കം പ്രവൃത്തിയിലെല്ലാം നമുക്ക് കാണാം. കാരണം കൊല്ലപ്പെട്ട ജിഷ സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല. ഉന്നതകുലജാതയായിരുന്നില്ല. അവളുടെ മരണകാരണത്തെ ചോദ്യം ചെയ്യുവാനും, പ്രക്ഷോഭം ഇളക്കിവിടുവാനും ആരും തയ്യാറാകില്ല എന്ന മുൻ വിധിയാവണം പോലീസിനെ ധൃതിയിൽ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചത്.

 2016 ഏപ്രിൽ 29ാം  തിയതി ദിനപത്രങ്ങളിൽ പ്രസ്തുത സംഭവത്തെക്കുറിച്ച് വന്ന നാലോ അഞ്ചോ വരികളിലുള്ള വാർത്ത തന്നെ മീഡിയ എത്ര പ്രാധാന്യം ഇതിനു കൊടുത്തിട്ടുണ്ട് എന്നതിന് തെളിവാണ്.

നിയമ വിദ്യാർത്ഥിനിയായ ജിഷയുടെ സഹപാഠികൾ സോഷ്യൽ മീഡിയയിലൂടെ അരുംകൊലയെപ്പറ്റി നടത്തിയ പ്രചരണം മൂലമാണ് നാട് ഇതറിയുന്നത്നാലാം ദിവസം അതായത് മെയ് 2ന് മാറിയ സാഹചര്യത്തിൽ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ഒന്നാം പേജിൽ തന്നെ വാർത്ത റിപ്പോർട്ട് ചെയ്തു.
 അതിന് ഫലവുമുണ്ടായി. ഇലക്ഷ്നിൽ പറ്റിയൊരു പ്രചരണായുധം തേടിനടന്ന രാഷ്ട്രീയ പാർട്ടികൾ സംഭവം ആളിക്കത്തിച്ചു. പരസ്പരം ചെളിവാരിയെറിഞ്ഞു. കുറ്റം തെളിയിക്കാനാവാതെ ഗവണ്മെന്റ് താഴെവീണു. സിറ്റിങ്ങ് എം എൽ പരാജയത്തിന്‍റെ കയ്പുനീർ കുടിച്ചു. ജിഷ വധം പ്രചരണയുധമാക്കിയ മുന്നണി അധികാരത്തിൽ വന്ന് കേസന്വേഷിക്കുന്ന സംഘത്തെ പുന: സംഘടിപ്പിച്ചു. പുതിയ സംഘം അന്വേഷണമേറ്റെടുത്ത് 22 ദിവസം തികയുമ്പോഴേക്കും പ്രതി വലയിലായി. അപ്പോ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും അല്ലേ! ഇത്രയും നാൾക്കിടെ പോലീസ് അനുഭവിച്ച അതിസമ്മർദ്ദത്തെ സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?
പ്രതി ഉപേക്ഷിച്ചു പോയ ചെരിപ്പ് അയാൾക്കുള്ള ഊരാക്കുടുക്കായി.

സംഭവവുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ കേൾക്കാത്ത വിധമുള്ള അന്വേഷണ മുറകളാണ് പോലീസ് നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്നവർക്കൊക്കെ പച്ചമാങ്ങ തിന്നാനുള്ള യോഗം വരെയുണ്ടായി.!
എന്തായാലും പ്രതിയെ കിട്ടിയല്ലോ...ആശ്വാസം.

ഇനിയാണ് ചോദ്യം. ജിഷ, വിദ്യാഭ്യാസമേതുമില്ലാത്ത ഒരു സാധാരണ പെൺകുട്ടിയായിരുന്നെങ്കിലോ?
സംഭവം നടന്നത് ഇലക്ഷൻ സമയത്തല്ലായിരുന്നെങ്കിലോ?
ആരെങ്കിലും ഇതറിയുമായിരുന്നോ?
പത്രത്തിലെ നാലുവരി വാർത്തയിൽ ഇതൊടുങ്ങിയേനെ. അത്രക്കായിരുന്നു ലോക്കൽ പോലീസിന്‍റെ അലംഭാവം!

കൃത്യമായ തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ, ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ ഇനിയെങ്കിലും ഭരണകൂടം ജാഗ്രത പുലർത്തേണ്ടതല്ലേ? ഇതര സംസ്ഥാനക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും, കരാറുകാരും, പോലീസും മനസ്സുവെച്ചാൽ ഇവരുടെ ഒരു ഡാറ്റാബേസ് നിർമ്മിക്കാവുന്നതേയുള്ളൂ. ഇതര സംസ്ഥാനക്കാരെ ചൂഷണം ചെയ്യുന്ന തിരക്കിൽ ആരുമതിന് മെനക്കെടാറില്ല.25 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാനക്കാരുടെ ഡാറ്റാബേസ് നിർമ്മിക്കുക എന്നത് അല്പം ശ്രമകരമാണ് പക്ഷേ, അത് അസാദ്ധ്യമല്ല.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവർ നടത്തുന്ന കുറ്റകൃത്യങ്ങളും, ഇവർക്കിടയിൽ തന്നെയുള്ള പകപോക്കലും കൊലപാതകവും പെരുമ്പാവൂരിൽ അസാധാരണ സംഭവമല്ല. ജിഷ വധത്തിന് കിട്ടിയ വാർത്താപ്രാധാന്യമൊന്നും അതിനുണ്ടാകാറില്ല എന്നുമാത്രം.

ഇനിയൊരു അരുംകൊല അരങ്ങേറുന്നതുവരെ കാത്തുനിൽക്കാതെ നമ്മുടെ അധികാര സ്ഥാനത്തുള്ളവർ ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കാം. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിന് അഭിനന്ദനങ്ങൾ.

Sunday, June 5, 2016

മുഹമ്മദാലി സാഹിബ് വിടവാങ്ങി.(ഒരു സങ്കല്‍പ്പിക വാര്‍ത്ത)


നേര് നേരായി നേരത്തേ അറിയിക്കുന്ന ഒരു മലയാള ദിനപത്രത്തിൽ കണ്ടേക്കാവുന്ന ഒരു വാർത്ത. (പേരുകളും സംഭവങ്ങളും സാങ്കൽപ്പികം)

മുഹമ്മദാലി സാഹിബ് വിടവാങ്ങി.
സ്വ:ലേ





കണ്ണൂർ : ലോകരാജ്യങ്ങൾക്കിടയിൽ കായിക കേരളത്തിന്‍റെ യശസ്സ് വാനോളമുയർത്തിയ സുമോ ഗുസ്തി ഇതിഹാസം മുഹമ്മദാലി സാഹിബ് (മമ്മാലി സായിബ് 74 വയസ്സ്) അമേരിക്കയിൽ വെച്ച് അന്തരിച്ചുപാക്കരൻ ആൻഡ് സൺസ് രോഗബാധിതനായിരുന്ന അദ്ദേഹം വർഷങ്ങളായി പ്രസ്തുത രോഗത്തിന് ചികിത്സയിലായിരുന്നു. ഇയ്യാമ്പാറ്റയെ പോലെ പാഞ്ഞ് നടക്കുകയും മുട്ടനാടിനെ പോലെ ഇടികൂടുകയും ചെയ്യുന്ന സായിബിന്‍റെ ശൈലിക്ക് കേരളത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളായ തലശ്ശേരി,ധർമ്മടം,കൂത്തുപറമ്പ്,പാമ്പായി മൂല എന്നിവിടങ്ങളിലും ആരാധകരേറെയാണ്. 1960 - വടക്കേ മലബാറിൽ വെച്ചുനടന്ന ഒളിമ്പിക്സിൽ അദ്ദേഹം കേരളത്തിനു വേണ്ടി ഓട്ടുമെഡൽ നേടിയിട്ടുണ്ട്.

കോഴിക്കോട്ടങ്ങാടിയിൽ 'ക്യാഷ് ലെസ്സ് ക്ലേ വർക്ക്സ് ' എന്ന പേരിൽ ഓട്ടുകമ്പനി നടത്തിയിരുന്ന മമ്മറം പടി സുലൈമാൻ സാഹിബിന്‍റെയും, ഫാത്തിമാ ബീവിയുടെയും മകനായി 1942 ജനിച്ച മമ്മാലി സാഹിബ്, നാട്ടുകാർക്കിടയിൽ 'ക്ലേ' എന്നാണ് അറിയപ്പെട്ടിരുന്നത്.

ചെറുപ്പം മുതൽക്കേ കൂട്ടുകാർക്കിടയിൽ തല്ലും പിടിയുമായി നടന്ന മമ്മാലിയെ മൂപ്പരുടെ മൂത്താപ്പ ഷുക്കൂർ സാഹിബാണ് ഗുസ്തിയുടെ വഴിയിലേക്ക് തിരിച്ചുവിട്ടത്.
നാടൊട്ടുക്കും നടന്ന് ഗുസ്തിയിൽ ഓട്ടുമെഡലുകൾ വാരിക്കൂട്ടുമ്പോഴും അദ്ദേഹത്തെ വിവാദങ്ങൾ പിന്തുടർന്നുകൊണ്ടിരുന്നു. മുഖ്യമായും ; അദ്ദേഹം നേടിയെന്നു പറയപ്പെടുന്ന ഓട്ടുമെഡലുകൾ വ്യാജമാണെന്നും അതെല്ലാം പിതാവായ സുലൈമാൻ സാഹിബ് തന്‍റെ ഓട്ടുകമ്പനിയിൽ നിർമ്മിച്ച് നൽകിയതാണെന്നും ആക്ഷേപമുണ്ട്. എന്നാൽ വിവാദങ്ങളെ ശക്തിയുക്തം എതിർത്ത മമ്മാലി സാഹിബ് ; പലപ്പോഴും പ്രതിഷേധം രേഖപ്പെടുത്തിയത് തനിക്ക് കിട്ടിയ ഓട്ടുമെഡൽ അറബിക്കടലിൽ വലിച്ചെറിഞ്ഞാണ്.

1981 സുമോ ഗുസ്തിയോട് വിടപറഞ്ഞ അദ്ദേഹം പിന്നീട് കല്ലായി പുഴയുടെ തീരത്ത് ഇടിയപ്പക്കട നടത്തി വരികയായിരുന്നു. ഇടികൂടി നടന്ന തന്‍റെ പ്രതാപ കാലത്തെ ഓർമ്മിക്കാനാണ് താൻ ഇടിയപ്പക്കട തുടങ്ങിയതെന്ന് മമ്മാലി സാഹിബ് പിന്നീട് കൈയ്യാങ്കളി ചാനലിലെ ജോസ് ബ്രിട്ടാനിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
കട നല്ലരീതിയിൽ നടത്താൻ നാല് നിക്കാഹ് ചെയ്ത സാഹിബിന്
 നാലാമത്തെ ബീടരിലുണ്ടായ ലൈലാബീഗത്തിനാണ് നിലവിൽ ഇടിയപ്പകടയുടെ നടത്തിപ്പവകാശം.

ആരാധകരുടേയും ഭക്ഷണപ്രിയരുടേയും നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് അമേരിക്കയിൽ ഇടിയപ്പക്കടയുടെ ശാഖ തുറക്കുന്നതിനുള്ള ചർച്ചക്കായി പ്രസിഡന്റ് ബരാക്ക് ഒബാമയെ കണ്ടുമടങ്ങവേയാണ് കായിക കേരളത്തെ ഞെട്ടിച്ച മരണം.

ലോകമെമ്പാടും ആരാധകരെ നേടിയിട്ടും മമ്മാലി സാഹിബിനെ ആദരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് ന്യൂനപക്ഷ വിരുദ്ധതയുടെ പ്രതിഫലനമാണെന്ന് കേരള കായിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്‍റെ ഉരുക്കുമുഷ്ടിയായിരുന്ന മമ്മാലി സാഹിബിന്‍റെ ഭൗതിക ദേഹം നാട്ടിൽ കൊണ്ടുവരാനും പൊതുദർശനത്തിനു വെക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്‍റെ സ്മരണ വരും തലമുറക്കുകൂടി പകർന്നുനൽകാനുതകുന്നവിധം നഗരഹൃദയത്തിൽ ഉരുക്കുകൊണ്ടുള്ള പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ കായിക മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



മൂന്നു ദിവസം കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തിയ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ, മമ്മാലി സാഹിബിന്‍റെ പ്രതിമയുടെ നിർമ്മാണം ഭിലായിയിലെ ഉരുക്ക് ഫാക്ടറിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.