Thursday, April 9, 2020

തിരക്കഥകളിലെ ആവർത്തനങ്ങൾ.

മറ്റൊരു സിനിമയുടെ കഥയുമായി നൂറു ശതമാനം സാമ്യം വന്നതു കൊണ്ട് അത് ഉപേക്ഷിച്ച് ഷൂട്ടിങ്ങ് സമയത്ത് എഴുതി തയ്യാറാക്കിയ തിരക്കഥയാണ് ലോഹിതദാസിന്റെ ഭരതം എന്ന് കേട്ടിട്ടുണ്ട്.
അറിഞ്ഞോ അറിയാതെയോ മലയാളത്തിൽ ആവർത്തിച്ചു വന്നിട്ടുള്ള ചില പ്ലോട്ടുകളെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.




നാൽക്കവല (1987) - അഭിമന്യു (1991)

ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പുറത്തുവന്ന സിനിമകളാണ് നാൽക്കവലയും, അഭിമന്യുവും.
ഈ രണ്ട് സിനിമകൾക്കും പൊതുവായുള്ള ഒരു സാമ്യം ക്ലൈമാക്സിൽ നായകൻ മരിക്കുന്നു എന്നതാണ്.
രണ്ട് സിനിമയിലും സുഹൃത്തുക്കളാണ് നായകന്റെ മരണത്തിന് കാരണക്കാരനാകുന്നത്. അതിനുള്ള മോട്ടീവിനും സാമ്യമുണ്ട്. സ്വന്തം സഹോദരിയുടെ മരണത്തിനുത്തരവാദി എന്ന് സംശയിച്ചാണ് കൂട്ടുകാരൻ അത് ചെയ്യുന്നത്. ന്യായവിധിയിൽ നായകന്റെ കൂട്ടുകാരൻ ശ്രീനിവാസനും, മരണപ്പെടുന്ന സഹോദരി ശോഭനയുമാണെങ്കിൽ അഭിമന്യുവിൽ വരുമ്പോൾ കൂട്ടുകാരൻ ജഗദീഷും, സഹോദരി സുചിത്രയുമാണ്.



മീനത്തിൽ താലികെട്ട് 1998- വീണ്ടും ചില വീട്ടുകാര്യങ്ങൾ 1999

രണ്ട് സിനിമകളിലേയും നായകന്മാർ ഉത്തരവാദിത്തമില്ലാത്തവരാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ കല്യാണം കഴിക്കേണ്ടി വരുന്ന നായകന്മാർ അച്ഛനുമായി ഉടക്കി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു.
മീനത്തിൽ താലികെട്ടിന്റെ ക്ലൈമാക്സിൽ, തന്നെ പ്രതിസന്ധി ഘട്ടത്തിലെല്ലാം സഹായിച്ചത് സ്വന്തം അച്ഛനാണെന്ന് നായകൻ തിരിച്ചറിയുന്നു. വീട്ടുകാര്യങ്ങളിൽ തന്നെ ജീവിതത്തിൽ വീറും വാശിയുമുള്ള ഒരാളാക്കി മാറ്റിയത് അച്ഛനാണെന്ന് നായകൻ തിരിച്ചറിയുന്നു.
ഈ രണ്ട് സിനിമകളിലും അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകനാണ്.
ഇതല്ലാതെ മറ്റൊരാൾ കൂടി ആ ക്ലൈമാക്സുകൾക്ക് പിന്നിലുണ്ട്. സാക്ഷാൽ ലോഹിതദാസ്!
മീനത്തിൽ താലികെട്ടിന്റെ കഥ അന്ന് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ലാൽജോസിന്റേതാണ്.
തിരക്കഥ, സംഭാഷണം എകെ സാജൻ, എകെ സന്തോഷും. അവർ തയ്യാറാക്കിയ ക്ലൈമാക്സിൽ തൃപ്തി തോന്നാതെ ലാൽജോസ് രഹസ്യമായി ലോഹിതദാസിനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയും ചെയ്തു.
അന്ന് ലാൽജോസിന് ഒരുക്കിക്കൊടുത്ത അതേ ക്ലൈമാക്സ് ഒരു വർഷത്തിനപ്പുറം സത്യൻ അന്തിക്കാടിന് വേണ്ടി ഒരുക്കിയ തിരക്കഥയിൽ ചില്ലറമാറ്റങ്ങളോടെ അദ്ദേഹം പുനരാവിഷ്കരിക്കുകയും ചെയ്തു.
മീനത്തിൽ താലികെട്ടിന് വലിയ വിജയം നേടാനാകാതെ പോയപ്പോൾ വീട്ടുകാര്യങ്ങൾ ആ വർഷത്തെ സൂപ്പർഹിറ്റായി.




സ്നേഹസാഗരം - വെങ്കലം

ജെ പള്ളാശ്ശേരിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് 1992ൽ പുറത്തുവന്ന ചിത്രമാണ് സ്നേഹസാഗരം.
ലോഹിതദാസിന്റെ രചനയിൽ ഭരതൻ ഒരുക്കിയ ചിത്രമാണ് വെങ്കലം.(1993)
ഈ രണ്ട് ചിത്രങ്ങൾക്കും പൊതുവായി ഉള്ളത് ഒരേ താരനിരയാണ്.
മുരളി, ഉർവ്വശി, മനോജ് കെ ജയൻ, കെപിഎസി ലളിത, ഇന്നസെന്റ്.
കഥാ തന്തുവിന്റെ സാമ്യമാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
മൂശാരി സമുദായത്തിൽ നിലനിന്നിരുന്ന ബഹുഭർത്താവ് എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.
രണ്ട് ഭർത്താക്കന്മാരുണ്ടായിരുന്ന ഒരമ്മയുടെ മകൻ തന്റെ ഭാര്യക്ക് സ്വന്തം അനുജനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ആ സംശയം ഉണ്ടാക്കുന്ന താളപ്പിഴകളുമാണ് ചിത്രത്തിന്റെ കാതൽ.
സ്നേഹസാഗരത്തിൽ വരുമ്പോൾ അത് തമിഴ്നാട് ഭാഗങ്ങളിലുള്ള ചിന്നവീട് സെറ്റപ്പ് അഥവാ ബഹുഭാര്യാ സമ്പ്രദായത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. സ്വന്തം ഭർത്താവിന് അയൽക്കാരിയായ പെൺകുട്ടിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന ഭാര്യ. ബഹുഭാര്യാ സമ്പ്രദായത്തെ നിസ്സാരവൽക്കരിക്കുന്ന അയല്പക്ക നിലപാടുകൾ ഭാര്യയുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയെ നയിക്കുന്നത്.
രണ്ട് സിനിമയിലും ഭാര്യയും ഭർത്താവുമായി അഭിനയിച്ചത് മുരളിയും, ഉർവ്വശിയുമാണ്.
വെങ്കലത്തിൽ മനോജ് കെ ജയൻ അനിയൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ സ്നേഹസാഗരത്തിൽ മുരളിയുടെ സഹായിയുടെ വേഷമാണ് അദ്ദേഹം ചെയ്തത്.
രണ്ടു സിനിമയിലും മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു കാമുകിയുണ്ട്. വെങ്കലത്തിൽ നായകൻ അതറിയുന്നതോടെ സംശയങ്ങൾക്ക് അറുതിയാകുമ്പോൾ, സ്നേഹസാഗരത്തിൽ ഉർവ്വശിയുടെ കഥാപാത്രം സംശയത്തോടെ വീക്ഷിക്കുന്ന കാവേരിക്ക് (സുനിത) മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്ന് ക്ലൈമാക്സിൽ മനസ്സിലാക്കുന്നു.
രണ്ട് ചിത്രത്തിലും ഇന്നസെന്റ്- ലളിത ജോഡി ഭാര്യാ ഭർത്താക്കന്മാരായാണ് പ്രത്യക്ഷപ്പെടുന്നത്. സ്നേഹസാഗരത്തിൽ ഭർത്താവായ ഇന്നസെന്റിന് രണ്ട് ഭാര്യമാരുണ്ട്, വെങ്കലത്തിൽ വരുമ്പോൾ ലളിതക്ക് രണ്ട് ഭർത്താക്കന്മാരുണ്ട്.
കുറേ നല്ല സിനിമകൾ ഒരുക്കിയവരാണ് സത്യൻ അന്തിക്കാട്- ലോഹിതദാസ് കൂട്ടുകെട്ട്. അവരുടെ സിനിമാ ചർച്ചകൾക്കിടയിൽ എപ്പോഴെങ്കിലും ബഹുഭാര്യാ- ബഹുഭർത്തൃ സമ്പ്രദായത്തെക്കുറിച്ച് ചർച്ചകൾ നടന്നിരിക്കണം. ജെ പള്ളാശ്ശേരിയുടെ തിരക്കഥയിൽ സത്യനും ഭരതന്റെ സംവിധാനത്തിൽ ലോഹിയും അത് സിനിമകളാക്കി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

രണ്ട് ഭർത്താക്കന്മാരുള്ള ഒരു സ്ത്രീയുടെ കഥ മറ്റൊരു ആംഗിളിൽ നിന്നുകൊണ്ട് ഭരതനുവേണ്ടി  1993 ൽ തന്നെ ലോഹിതദാസ് ചെയ്തിട്ടുണ്ട്. ചിത്രം പാഥേയം.

വാൽക്കഷ്ണം : സ്നേഹസാഗരത്തിൽ പഴനിപോലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ ബാല്യകാലത്ത് ഉപേക്ഷിക്കപ്പെട്ടയാളാണ് മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രം. അയാൾ താമസിക്കുന്നത് തന്നെ വളർത്തിയ പഴനിയിൽ ഹോട്ടൽ നടത്തുന്ന സ്നേഹനിധിയായ ഒരു മനുഷ്യനൊപ്പമാണ് (ശങ്കരാടി)
അടുത്തിടെ വന്ന അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ ചരിത്രവും ഇതുതന്നെ.‌ പഴനി മൂകാംബികയായും, ശങ്കരാടി ശ്രീനിവാസനായും, മനോജ് കെ ജയൻ വിനീത് ശ്രീനിവാസനായും മാറുന്നു. ഹോട്ടൽ എന്നത് ലോഡ്ജ് ആയി മാറുന്നു.
സ്നേഹസാഗരത്തിൽ സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ആയിരുന്ന എം മോഹനനാണ് അരവിന്ദന്റെ അതിഥികളുടെ സംവിധായകൻ!

ബ്രഹ്മചാരി- മിന്നാരം, ദേവാസുരം- വർഗ്ഗം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം- ജോമോന്റെ സുവിശേഷങ്ങൾ ഇതുപോലെ ഒരേ പ്ലോട്ട് തന്നെ ആവർത്തിച്ചുവന്ന മലയാള സിനിമകളെക്കുറിച്ച് പറയാമോ?