Wednesday, June 1, 2016

ഞാൻ കണ്ട പ്രേതം
     
           
പ്രേതവും പിശാചുമൊക്കെ ഉണ്ടോ ഇല്ലയോ എന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലും തർക്കവിഷയമാണ്. ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾ പിശാചിലും വിശ്വസിക്കണം എന്ന് പറയുന്നവരുമുണ്ട്. അവിശ്വാസിയായ ഒരാൾക്ക് ഒന്നിനേയും ഭയപ്പെടേണ്ടതില്ല. പ്രേത ഭൂതാദികളിൽ വിശ്വാസമുണ്ടോ എന്നൊരാൾ നമ്മുടെ മുഖത്തു നോക്കി ചോദിച്ചാൽ 'ഇല്ല' എന്നേ നമ്മൾ ഉത്തരം പറയൂ...അത് അഭിമാന പ്രശ്നമാണ്.

എന്‍റെയൊരു സുഹൃത്ത് പറഞ്ഞ ഒരു കമന്‍റ് ഓർത്തുപോവുകയാണ്. പണ്ട് ദൂരദർശനിൽ രാത്രി പത്തരക്കോ മറ്റോ ഒരു ഹൊറർ പരമ്പരയുണ്ടായിരുന്നു 'ആപ് ഭീതി'. 'സംഭവങ്ങൾ' എന്നായിരുന്നു അതിന്‍റെ മലയാളം ഡബ്ബ്ഡ് വേർഷന്‍റെ പേര്. സംഗതി കോമഡിയാണ്. പ്രേതം വന്ന് ചില്ലറ ഒളിച്ചുകളിയൊക്കെ നടത്തി, അവസാനം 'ഞാൻ ആത്മാവാണ്' എന്നൊരു പ്രഖ്യാപനം നടത്തും. അതുകണ്ട് നമ്മൾ തലതല്ലി ചിരിക്കും. എല്ലാ ആഴ്ചയും ഇതുതന്നെ കളി! സുഹൃത്ത് പറഞ്ഞത് ഇതാണ്.'സംഭവങ്ങൾ കണ്ട് കളിയാക്കി ചിരിക്കും. പക്ഷേ അതുകഴിഞ്ഞ് ഇച്ചുമ്പാൻ മുറ്റത്തോട്ടിറങ്ങുമ്പോ പേടിയാകും എന്ന്.' പേടിയില്ല ഇല്ല എന്ന് പറയുന്ന എല്ലാവരുടേയും അവസ്ഥ ഏറെക്കുറെ ഇതുതന്നെയാണ് . ഹൊറർ സിനിമ കാണുന്ന രാത്രികളിലൊഴികെ എനിക്ക് പറഞ്ഞ പ്രേതഭൂതാദികളിൽ വിശ്വാസമൊന്നുമില്ല. എന്നാലും ഭയം എന്നത് ഒരു സാമാന്യ വികാരമാണ്. അതില്ലാത്ത ജീവിവർഗ്ഗം ഇല്ലതന്നെ.

പറഞ്ഞു വരുന്നത് ആറ് വർഷം മുൻപ് എനിക്കുണ്ടായ ഒരു അനുഭവമാണ്.ഞാനന്ന്  അവിവാഹിതൻ, തൻ കാര്യം മാത്രം നോക്കി നടപ്പ്. സുൽത്താന്‍റെ ഭാഷയിൽ പറഞ്ഞാൽ 'ഒറ്റത്തടി.മുച്ചാൺ വയറ്'. ചെണ്ടയിൽ കോലുവീഴുന്ന സ്ഥലങ്ങളിലെല്ലാം ഹാജർ വെക്കണമെന്നത് ഞങ്ങളുടെ സൗഹൃദ വലയത്തിലെ ഒരലിഖിത നിയമമായിരുന്നു. ഉത്സവം കൂടി ഉത്സവത്തിനു വരുന്നവരെയെല്ലാം (പ്രത്യേകിച്ച് കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ) ഉത്തരവാദിത്തത്തോടെ വീടെത്തിച്ച്, ഭഗവാൻ പള്ളിയുറക്കത്തിലാണ്ടു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ ഞങ്ങൾ ആറംഗസംഘം അമ്പലമുറ്റത്ത് നിന്നും പിരിയാറുള്ളൂ.

അങ്ങിനെ ചെങ്ങമനാട് അമ്പലത്തിലെ ഒരു ഉത്സവരാത്രി; അന്ന് അമ്പലപ്പറമ്പിലെ ഗാനമേളയും കഴിഞ്ഞ് ഞങ്ങൾ പിരിയുന്നത് പുലർച്ചെ ഏതാണ്ട് ഒരുമണിയോടടുപ്പിച്ചാണ്. സംഘത്തിലെ നാലുപേരും ചെങ്ങമനാട്ടുകാരാണ്. ഞാനും വിപിനും അവിടെ നിന്നും മൂന്നുകിലോമീറ്ററിനപ്പുറം അടുവാശ്ശേരിയിലും. വഴിവിളക്കുകളെ തോൽപ്പിക്കുന്ന തെളിനിലാവിൽ
വിജനമായ റോഡിലൂടെ ബൈക്കിൽ പോരുമ്പോൾ തണുപ്പുകൊണ്ട് പല്ലുകൂട്ടിയിടിക്കുന്നത് ഞങ്ങൾക്ക് പരസ്പരം കേൾക്കാമായിരുന്നു.

വിപിനെ അവന്‍റെ വീടിന്‍റെ മുന്നിലിറക്കി, പത്തുമിനുട്ടോളം സംസാരിച്ച് നിന്ന് ഞാൻ വീട്ടിലേക്ക് തിരിച്ചു. അടുവാശ്ശേരി ജങ്ങ്ഷനിൽ നിന്ന് അഞ്ഞൂറ് മീറ്ററോളമേ ഉള്ളൂ വീട്ടിലേക്ക്. പോകേണ്ടത് മനയുടെ പറമ്പ് കടന്നുവേണം. ഒഴുകുന്ന നിലാവിനെ ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ ചെറുക്കുന്നതിനാൽ തന്നെ കൂരിരിട്ടാണ് ഭാഗത്ത്. അത്ര വേഗതയിലൊന്നുമല്ലാതെ വന്നിരുന്ന ഞാൻ, പെട്ടെന്ന് ഒരു കാഴ്ച കണ്ടു. മനയുടെ പറമ്പിനോട് ചേർന്ന് വഴിയരികിൽ ഒരു ആൾ രൂപം. അടുക്കുന്തോറും എനിക്ക് മനസ്സിലായി, അത് വെറും രൂപമല്ല. ഒരു സ്ത്രീ തന്നെയാണ്! ഒരു തരിപ്പ് എന്‍റെ പെരുവിരലിൽ നിന്നും ശിരസ്സിലേക്ക് അരിച്ചു കയറി... ഫ്രോക്കോ, നൈറ്റിയോ പോലുള്ള എന്തോ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അത് റോഡിനരികിലേക്ക് വരുന്നു. അതുവരെ എന്നെ ആവരണം ചെയ്തിരുന്ന തണുപ്പ് ഉരുകി മാഞ്ഞുപോയി. സ്ത്രീ, അവർ ഒറ്റക്കാണ്. എതിരെ ഒരു ബൈക്ക് വരുന്നുണ്ട് എന്നത് പോലും ഗൗനിക്കാതെ വഴിയിലൂടെ നടക്കുന്നു. വല്ലാതെ ഭയന്നു പോയ ഞാൻ അവരെ മറികടന്ന് വേഗത്തിൽ ബൈക്കോടിച്ച് വീട്ടിലെത്തി. നിമിഷാർദ്ധം കൊണ്ടാണ് ഞാൻ മുറിയിലെത്തി കതകടച്ചത്. ഉറങ്ങി വീഴുകയായിരുന്നോ, അതോ ബോധം കെട്ട് വീഴുകയായിരുന്നോ എന്ന് എനിക്ക് ഇപ്പോൾ ഓർമ്മയില്ല.
ഉറങ്ങിയെണീറ്റപ്പോൾ ഞാനത് മറന്നിരുന്നു.

അതിനടുത്ത ദിവസമോ മറ്റോ ആണ് ഞാനീ അനുഭവത്തെ പറ്റി വീട്ടിൽ പറയുന്നത്. അമ്മ കുറച്ചുനേരം ആലോചിച്ചിരുന്നു. എന്നിട്ട് റിവേഴ്സ് ക്വിസ് പോലെ കുറച്ച് ചോദ്യങ്ങൾ ചോദിച്ചു.
" നീ മനയുടെ പറമ്പിനടുത്തുവെച്ചാണോ കണ്ടത്?"
"അതെ"
"എത്ര മണിയായിട്ടുണ്ടാകും?"
"പുലർച്ചെ, ഏതാണ്ട് ഒന്നര"
" പെണ്ണിനെ നീ മുമ്പ് കണ്ടിട്ടുണ്ടോ?"
"ഇല്ല. വഴിയിൽ അഞ്ചാറ് വീടല്ലേ ഉള്ളൂ, അവരെയെല്ലാം  എനിക്കറിയാമല്ലോ.."
"ഉം .....എത്ര വയസ്സുണ്ടാകും"
"അധികം പ്രായമൊന്നുമില്ല.വെളുത്തിട്ടാണ്."
"വേഷമെന്തായിരുന്നു?"
"ഫ്രോക്കോ, നൈറ്റിയോ മറ്റോ ആണ്..."
"ഉം...നീ കണ്ടു എന്നത് ഉറപ്പല്ലേ?"
"ഉവ്വ് അമ്മേ, തോന്നലൊന്നുമല്ല. ഞാൻ കണ്ടതാ...പക്ഷേ, അവർക്ക് അങ്ങിനെയൊരു വണ്ടി വരുന്നതിന്‍റെ യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു..."
"എന്തായാലും ഇനി രാത്രി നേരത്തൊന്നും ഇറങ്ങി നടക്കണ്ട..."
അതിനപ്പുറം തന്‍റെ നിഗമനമെന്താണെന്നൊന്നും അമ്മ പറഞ്ഞില്ല.

പക്ഷേ, ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു ആന്‍റി എന്നെ കണ്ടപ്പോൾ ചോദിച്ചു.." എടാ നീ പ്രേതത്തെ കണ്ടെന്നു പറയുന്ന കേട്ടല്ലോ..."
"പ്രേതമോ" ഞാനൊന്നു ഞെട്ടി.
"പിന്നെ, പാതിരാത്രി മനപറമ്പിനടുത്തുകൂടി നടക്കാൻ ധൈര്യമുള്ള പെണ്ണേതാ?
എനിക്ക് ഉത്തരമില്ലായിരുന്നു.
"മനക്ക് മുമ്പുള്ള വീട്ടിൽ ഒരു ദുർമരണം നടന്നിട്ടുള്ളത് നിനക്കറിയാമോ?" ആന്‍റിയുടെ അടുത്ത ചോദ്യം.

ഈശ്വരാ...ശരിയാണല്ലോ....എന്‍റെ ചെറുപ്പത്തിലാണത്.....ചെറുപ്പത്തിലെന്നുവെച്ചാൽ നന്നേ ചെറുപ്പത്തിൽ... വീട്ടിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്. പോയിസൺ ഇഞ്ചക്ട് ചെയ്തോ മറ്റോ... അന്ന് അച്ചാമ്മക്കൊപ്പം പോയതിന്‍റെ മങ്ങിയൊരോർമ്മ മനസ്സിലുണ്ട്. ആത്മഹത്യയുടെ കാരണം ഇന്നും അജ്ഞാതം!

എന്‍റെ അനുഭവത്തെക്കുറിച്ച്  കേട്ടവരെല്ലാം കൂട്ടിവായിച്ചത് ഇരുപതോ ഇരുപത്തിരണ്ടോ (അന്ന്) വർഷങ്ങൾക്ക് മുമ്പ് നടന്ന് സംഭവവുമായാണ്... അന്നാ രാത്രി മേൽപ്പറഞ്ഞ സംഭവം എന്‍റെ ഓർമ്മയുടെ പരിസരത്തെങ്ങുമില്ലാതിരുന്നത് എത്ര നന്നായി!

എന്തായാലും സംഗതി അറിയാത്തതായി അയൽക്കാർക്കും ബന്ധുക്കള്‍ക്കുമിടയിൽ ഇനി ആരുമില്ല.ചോദ്യങ്ങൾ കൊണ്ട് ഞാൻ പൊറുതിമുട്ടിത്തുടങ്ങി. ഇത്രയുമായപ്പോൾ ഞാനൊന്ന് ചൂഴ്ന്നാലോചിച്ചു. ആരായിരിക്കും അത്?
നിഗമനം രണ്ടാണ്. ഒന്നുകിൽ ചിലരൊക്കെ പറഞ്ഞ പോലെ വല്ല ചുറ്റിക്കളി ഏർപ്പാടായിരിക്കും. അല്ലെങ്കിൽ (യുക്തിക്ക് നിരക്കുന്നതല്ലെങ്കിൽ കൂടി) അതൊരു പ്രേതമോ മറ്റോ ആണ്.
ആദ്യത്തെ നിഗമനത്തെ സാധൂകരിക്കാനൊന്നുമില്ല. കാരണം അവരുടെ കൂടെ മറ്റാരുമില്ലായിരുന്നു. ഇനി ആണെങ്കിൽ തന്നെ അർദ്ധരാത്രി വിജനമായ മനപ്പറമ്പിന്‍റെ പരിസരം വരെ വന്ന് അത്തരമൊരേർപ്പാടിന് തയ്യാറായ യുവതി ആരാണ്? ഉത്തരമില്ലാത്ത ചോദ്യങ്ങൾ അനവധി...
ഇനി പ്രേതമാണെന്ന് വിശ്വസിക്കാനാണെങ്കിൽ അതിനും കാരണങ്ങൾ ഒട്ടേറെ..
അസമയം,യുവതി,മാന്യമായ വേഷം,എതിരെ ഒരാൾ വന്നിട്ടും പതറാത്ത ബോഡി ലാംഗ്യേജ്, ദുർമരണം നടന്ന വീട്,അങ്ങിനെയങ്ങിനെ....
വല്ലാത്ത പ്രഹേളിക തന്നെ..!

ചിലരെന്നോട് ചോദിച്ചു; 'നിനക്ക് വണ്ടി ചവിട്ടി നിർത്തി ആരാ,എന്താന്നൊക്കെ ചോദിക്കാരുന്നില്ലേ?' എന്ന്. അസമയത്ത് ഭീതിതമായ/ വിജനമായൊരിടത്ത് വെച്ച് ഒരു പെണ്ണ് പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള ഞെട്ടൽ, അത് അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ. ഇന്നാണ് അത്തരമൊരു അവസ്ഥ നേരിടുന്നതെങ്കിൽ തീർച്ചയായും വണ്ടി നിർത്തി വിവരങ്ങളൊക്കെ അന്വേഷിച്ചേനെ...കാരണം വിവാഹത്തോടെ ഒരാൾ ഏത് ഭീതിതമായ സാഹചര്യവും നേരിടാൻ പ്രാപ്തി നേടുമെന്നാണല്ലോ...ഏത്..?

ഇപ്പോഴും രാത്രി വഴി കടക്കുമ്പോൾ ഞാൻ ചുറ്റുമൊന്ന് നോക്കും...ഇരുട്ടിൽ തിളങ്ങുന്ന ഒരു ജോഡി കണ്ണുകൾ പതിയിരിപ്പുണ്ടോ എന്ന്...


എന്നാലും ആരായിരുന്നിരിക്കും അത്...?