Friday, November 27, 2015

സുചിത്ര

                 തൃപ്പൂണിത്തുറയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. ചമയങ്ങളോട് അത്ര ആഭിമുഖ്യമില്ലാത്ത സുചിത്രയെ ഇന്ന് പക്ഷേ കണ്ണാടിയുടെ മുൻപിൽ നിന്ന് പിടിച്ച് കൊണ്ടുവരേണ്ടി വന്നു. ഒരു നൂറുതവണയെങ്കിലും അവൾ തന്റെ ചുരിദാറിനെപ്പറ്റി അഭിപ്രായം ചോദിച്ചിട്ടുണ്ട്. കാറിൽ കയറിയപ്പോൾ മുതൽ വിശപ്പെന്നും പറഞ്ഞ് ചിണുങ്ങിക്കൊണ്ടിരുന്ന അവളെ സമാധാനിപ്പിക്കാൻ വഴിയിൽ കൊള്ളാവുന്നൊരു വെജിറ്റേറിയൻ ഹോട്ടൽ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഒരു ഹോട്ടൽ അവൾ തന്നെ സജ്ജസ്റ്റ് ചെയ്തു. പക്ഷേ അത് ടൗണിനകത്തുതന്നെയുള്ള ഒന്നായിരുന്നു. പാർക്കിങ്ങ് സ്പേസ് നന്നേ കുറവ്. എങ്കിലും രാവിലെയായതുകൊണ്ട് തിരക്ക് കുറവായിരുന്നു. വഴിയിലേക്ക് തിരിച്ചു വെച്ചിരിക്കുന്ന പരസ്യപ്പലകയിൽ തലപ്പാവ് പോലെ ചുരുട്ടിവെച്ച നെയ് റോസ്റ്റിന്റെ ചിത്രം. അവളത് കഴിഞ്ഞാഴ്ച്ച ഡോക്ടറെ കണ്ട് മടങ്ങുമ്പോൾ ശ്രദ്ധിച്ചു വെച്ചിരുന്നതാണ്.
ആലുവ കഴിഞ്ഞപ്പോൾ വഴിയരികിൽ കരിമ്പിൻ കൂട്ടങ്ങൾ നിരത്തിവെച്ച് ജ്യൂസടിച്ച് കൊടുക്കുന്നതു കണ്ടപ്പോൾ അവൾ എന്നെയൊന്ന് നോക്കി. നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുകൊണ്ട് ഞാൻ കാർ ഒതുക്കി നിർത്തി. കരിമ്പിൻ ജ്യൂസിന് 15 രൂപ എന്ന് ബോർഡ് വെച്ചിട്ടുണ്ട്. ഐസ് വേണ്ട എന്നു പറഞ്ഞപ്പോൾ ജ്യൂസിന് 20 രൂപ തരണമെന്നായി അയാൾ. ഐസ് ഇട്ട് നേർപ്പിക്കാത്ത കരിമ്പിൻ ജ്യൂസ് കുടിച്ച് അവൾ ഒന്നുമറിയാത്തതുപോലെ കാറിൽ പോയി ഇരുന്നു. ജ്യൂസ് കടക്കാരന്റെ മകനാകണം; പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പയ്യൻ കരിമ്പിൻ തണ്ട് കടിച്ച് ചവച്ചുകൊണ്ട് നിൽക്കുന്നതു കണ്ടപ്പോൾ സുചിത്രക്ക് ഒരാഗ്രഹം. ഒരു തണ്ട് വേണം. കൈമുട്ടിന്റെ നീളത്തിൽ ഒരു തണ്ട് കടക്കാരൻ അവൾക്ക് വെട്ടിക്കൊടുത്തു. ഐസിടാത്ത ജ്യൂസിന് കൂടുതൽ കാശ് വാങ്ങിയതുകൊണ്ടോ എന്തോ; അയാൾ കരിമ്പിൻ തണ്ടിന് കാശൊന്നും വാങ്ങിയില്ല. യാത്രക്കിടയിലുള്ള ഛർദ്ദി ഒഴിവാക്കാൻ കൂട്ടുകാരാരോ നിർദ്ദേശിച്ചതിൻ പ്രകാരം സീറ്റിൽ കട്ടിയിൽ വിരിച്ചിരുന്ന ന്യൂസ് പേപ്പറിൽ നിന്നും ഒരു ഷീറ്റ് കീറി മടിയിലിട്ട് അവൾ കയ്യിൽ കിട്ടിയ കരിമ്പ് കടിച്ച് ചീമ്പി ചവച്ചു തുപ്പിക്കൊണ്ടിരുന്നു. ചാലക്കുടി കഴിഞ്ഞപ്പോഴേക്കും അവൾ മയക്കത്തിലേക്ക് വഴുതി. പ്രശാന്ത സുന്ദരമായ ഉറക്കം...

ആദ്യമായാണ് സുചിത്ര നെന്മാറയുള്ള എന്റെ വീട്ടിലേക്ക് വരുന്നത്. കൃത്യമായി പറഞ്ഞാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനും മൂന്ന് മാസത്തിനും ശേഷം. എന്റെ അച്ഛനും അമ്മയും എന്നു വേണ്ട; വീട്ടുകാരാരും സുചിത്രയെ കണ്ടിട്ടില്ല. സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ അക്കൗണ്ടുള്ള കസിൻസ് ഉള്ളതുകോണ്ട് ഫോട്ടോയെങ്കിലും കാണാതിരിക്കാൻ തരമില്ല

നെന്മാറയെത്തിയപ്പോൾ സമയം പതിനൊന്നര കഴിഞ്ഞു. വീട്ടിലേക്കുള്ള വഴിക്ക് തിരിയും മുൻപ് അവളെ വിളിച്ചെഴുന്നേൽപ്പിച്ചു. ബോട്ടിലിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും തിരിച്ചൊന്ന് പുഞ്ചിരിച്ചെങ്കിലും നെഞ്ചിനുള്ളിൽ പെരുമ്പറ കൊട്ടുകയായിരുന്നു.

വീടിന്റെ മുറ്റത്ത് കാർ വന്നു നിന്നപ്പോൾ അകത്തുനിന്നും ആദ്യം വന്നത് മേമയാണ്. പിന്നെ വല്യമ്മ, കുട്ടികൾ, അമ്മ അവസാനം അച്ഛൻ... തന്നെ വന്ദിക്കാൻ കുനിയാനാഞ്ഞ സുചിത്രയെ അമ്മ കെട്ടിപ്പിടിച്ചു. അതോടെ അവളുടെ കണ്ണുനിറഞ്ഞു. അച്ഛൻ അവളുടെ ശിരസ്സിൽ കരം ചേർത്തു. വരാന്തയിൽ ഞാനും അച്ഛനും മാത്രമായി. നിശബ്ദത. പിരിമുറുക്കം.

"എറണാകുളത്ത് ട്രാഫിക് എങ്ങിനെയുണ്ട്?" അച്ഛൻ തന്നെ അതിനെല്ലാം വിരാമമിട്ടു.

"മെട്രോയുടെ പണി നടക്കുന്നതുകൊണ്ടുള്ള ഒരു കഞ്ചക്ഷനുണ്ട് ആലുവ വരെ. പിന്നെ കുഴപ്പമില്ല."

"ഉം.... "
നിശബ്ദത...

"നിന്റെ തീരുമാനത്തോട് ഞങ്ങൾക്കെല്ലാം വിയോജിപ്പായിരുന്നു എന്നത് നേര്. പക്ഷേ, അതിന്റെ പേരിൽ നിന്നോടോ കുട്ടിയോടോ ഇവിടാർക്കും ഒരു നീരസവുമില്ല. തമ്മിൽ കാണാനോ സംസാരിക്കാനോ ഒരവസരമുണ്ടാക്കാതിരുന്നത് നീ തന്നെയാണ്."

അച്ഛന്റെ വാക്കുകൾ കുറ്റപ്പെടുത്തലായിരുന്നില്ല... പരിഭവമായിരുന്നു.
ശരിയാണ്... തന്നിഷ്ടപ്രകാരമുള്ള വിവാഹത്തോടെ വീട്ടുകാർക്കെല്ലാം വിരോധമാണെന്ന് ഞാനാണ് ധരിച്ചു വെച്ചിരുന്നത്....വീട്ടിലേക്ക് പോവാതിരുന്നത്....അടുത്ത ബന്ധുക്കളുടെ വീട്ടിലെ ചടങ്ങുകൾക്ക് ക്ഷണമുണ്ടായിട്ടും ഒഴിവാക്കിയത്. എല്ലാവർക്കും സുചിത്രയോട് ദേഷ്യമാണെന്ന് കരുതി. ഒരാളും നീരസം കൊണ്ട് അവളുടെ കണ്ണുനിറക്കരുതെന്ന വാശി. കഴിഞ്ഞ പതിനഞ്ച് മാസത്തെ തെറ്റിദ്ധാരണകളും പരാതികളുമെല്ലാം ഇതാ ഇന്നീ നിമിഷം തീരുന്നു.

എല്ലാവരും സുചിത്രയെ മധുരം കൊണ്ട് പൊതിയുകയായിരുന്നു. അവൾ ക്രൈസ്തവ വിശ്വാസിയായതുകൊണ്ടാണ് ഗൃഹപ്രവേശ സമയത്തുള്ള ആരതി ഒഴിവാക്കിയതെന്ന് ഉച്ചക്ക് ഊണിന്റെ സമയത്ത് വല്യമ്മ പറയുന്നതു കേട്ടു.
മധുരം വെക്കൽ എല്ലാ വിഭാഗക്കാർക്കുമുണ്ടല്ലോ.

പറമ്പിലെ പടിഞ്ഞാറേ അറ്റത്ത് ഒരു നാട്ടുമാവുണ്ട്. അതിന്റെ തുഞ്ചത്ത് കയറി തോട്ടികൊണ്ട് മാങ്ങ കുറേ  ചാടിച്ചു മേമയുടെ മൂത്ത മകൻ.
തെക്കോറെ വരാന്തയിൽ മുത്തച്ഛൻ പണ്ട് ഉപയോഗിച്ചിരുന്ന പഴയ ചാരുകസേരയിൽ വെറുതേ ഓരോന്നാലോചിച്ച് കിടക്കവേ സുചിത്ര വഴി വന്നു. കയ്യിൽ പച്ചമാങ്ങാപൂൾ. അതിൽ ഉപ്പും മുളകും പുരട്ടിയിരിക്കുന്നു. ഒരു കഷ്ണം അവൾ എനിക്കു നീട്ടി. ഞാനതിനു കൈ നീട്ടിയപ്പോൾ അവളതു വായിലേക്കിട്ടു. എന്നെ കോക്കിരി കാട്ടി നിൽക്കുമ്പോഴേക്കും കുട്ടിപ്പട 'സുചിച്ചേച്ചീ' എന്നും വിളിച്ച് ഓടിവന്നു.കുളത്തിലെ മീനെ കാണിച്ചുതരാമെന്ന് പറഞ്ഞ് അവരവളെ വിളിച്ചുകൊണ്ട് പോയി. എത്ര പെട്ടെന്നാണ് അവൾ വീട്ടിലെ ഒരംഗമായത്.

 വൈകീട്ട് ചായകുടി കഴിഞ്ഞ് പുറപ്പെടാൻ നേരം അമ്മ കുറെ പാക്കറ്റുകൾ കാറിന്റെ ഡിക്കിയിൽ കൊണ്ടു വെച്ചു. പലതരം പലഹാരങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രി എല്ലാവരും കൂടി ഉറക്കമിളച്ച് ഉണ്ടാക്കിയത്.
യാത്ര പറയാൻ ചെന്നപ്പോൾ അമ്മ എന്റെ കൈകളിൽ മുറുക്കെപ്പിടിച്ചു.

" നീ യാത്രയൊന്നും പറയണ്ട. പോയിട്ട് അവിടന്ന് എന്താ എടുക്കാനൊള്ളേന്ന് വെച്ചാ എടുത്തിട്ട് വാ. ഞങ്ങളിത്രേം പേരിവിടെ ഒള്ളപ്പോ എന്റെ മോളീയവസ്ഥേലവടെ തനിച്ച് നിക്കണ്ട."

'എന്റെ മോള്' സ്വന്തം മകനായ ഞാൻ ചിത്രത്തിലില്ല! വളരെ സന്തോഷം തോന്നി.
ഒന്നര വർഷം മുമ്പ് അച്ഛനോടും അമ്മയോടും സുചിത്രയെപ്പറ്റി ആദ്യമായി പറഞ്ഞത് ഒരു നിമിഷം ഓർത്തു. എതിർക്കാൻ ന്യായങ്ങൾ ഒരുപാടുണ്ടായിരുന്നു. അനാഥയാണ്, അന്യമതസ്ഥയാണ് അങ്ങിനെയങ്ങിനെ... ജനനത്തോടെ ഉപേക്ഷിക്കപ്പെട്ട ഒരാൾക്ക് എന്ത് ജാതി?എന്ത് മതം? തുണയായവരുടെ വിശ്വാസം പിന്തുടരുന്നതുകൊണ്ട് അവൾ അന്യമതസ്ഥയായി! ഇങ്ങിനെയൊരു ബന്ധം സ്വീകരിക്കുന്നതിലെ ആപത്തുകളുടെ നേരറിവും, കേട്ടറിവും നിരത്തി ബന്ധുക്കളുടെ ആക്രമണം കൂടിയായപ്പോൾ എല്ലാ പ്രതീക്ഷകളുമസ്തമിച്ചു.
 പിന്നെ ഒന്നേ വഴിയുണ്ടായിരുന്നുള്ളൂ. ചിറ്റൂർ റോഡിൽ സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള വഴി. അവിടെയാണ് രജിസ്ട്രാഫീസ്. സുചിത്രയുടെ വളർത്തമ്മമാർക്ക് എന്നെ നന്നായി അറിയാവുന്നതുകൊണ്ട് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. സാക്ഷി ഒപ്പിടാൻ ഞങ്ങളുടെ കൂട്ടുകാരുടെ തിരക്കായിരുന്നു. അങ്ങിനെ എന്റെ കമ്പനിക്ക് ടൈ-അപ്പുള്ള ബാങ്കിലെ എംപ്ലോയിയായ സുചിത്ര; ആദ്യം വെറും പരിചയക്കാരിയും, പിന്നെ സുഹൃത്തും,പ്രണയിനിയുമായ സുചിത്ര; മൂന്ന് വർഷങ്ങൾക്കപ്പുറം എന്റെ ഭാര്യയായി. പിന്നെയും ഒന്നേകാൽ വർഷത്തിനപ്പുറം എന്റെ കുഞ്ഞിന്റെ അമ്മയാവാൻ പോകുന്നു... എന്റെ തീരുമാനം തെറ്റിയില്ലെന്ന്  വീട്ടുകാർ  മനസ്സിലാക്കുക കൂടി ചെയ്തിരിക്കുന്നു. ആനന്ദലബ്ദിക്കിനി എന്തുവേണം!
തിരിച്ച് വരുമ്പോൾ സുചിത്ര ഉറക്കമായിരുന്നു. ഇടക്കെപ്പോഴോ കണ്ണുതുറന്ന് വെളിയിലേക്ക് നോക്കിയിരുന്നപ്പോൾ ഏറണാകുളത്തെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിന്റെ പരസ്യം. അതിൽ ഒരു പിഞ്ചോമനയുടെ ചിരിക്കുന്ന മുഖം. അതു കണ്ടപ്പോൾ അവൾ തന്റെ ഉദരത്തിൽ മെല്ലെ തഴുകി.

ഇരുൾ വീണുതുടങ്ങിയതോടെ ഹൈവേയിൽ തട്ടുകടകളും സജീവമായിരിക്കുന്നുതൃശ്ശൂർ കഴിഞ്ഞ് ഒരു തട്ടുകടക്ക് മുന്നിലൂടെ കടന്ന് പോയപ്പോൾ അവൾ എന്റെ ഇടം കയ്യിൽ അമർത്തിപ്പിടിച്ചു. കാർ ഒതുക്കി നിർത്തേണ്ടി വന്നുഎന്റെയൊപ്പം സുചിത്രയെകൂടി കണ്ടപ്പോൾ കടക്കാരൻ തിരക്കിൽ നിന്ന് മാറ്റി ഞങ്ങൾക്ക് കസേരയിട്ടുതന്നു.
ദോശയും ചമ്മന്തിയും വന്നു. രണ്ടെണ്ണമാണ് ആദ്യം പറഞ്ഞത്. അവളത് ആസ്വദിച്ച് കഴിക്കുന്നതുകണ്ടപ്പോൾ ഒന്നു കൂടി പറഞ്ഞുകൈ കഴുകി കാശുകൊടുക്കാൻ നിൽക്കുമ്പോൾ സുചിത്ര, കടക്കാരൻ ചേട്ടനെ നോക്കി നന്നായിട്ടൊന്ന് ചിരിച്ചു. ആൾക്ക് ഭക്ഷണം നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചിരിയിലൂടെ മനസ്സിലായി.

കാറിൽ വന്നിരുന്ന് ,കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കവിൾകൊണ്ട്, കയ്യെടുത്ത് വയറിൽ വെച്ച് അവൾ എന്നെ വല്ലായ്മയോടെ ഒന്നു നോക്കി. വയർ നിറഞ്ഞിട്ടുണ്ട്... അവളുടെ ഭാവം കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

" രാവിലെ മസാലദോശ,കരിമ്പിൻ ജ്യൂസ്,കരിമ്പ്, ലഡു, അട, ഉണ്ണിയപ്പം, ഉച്ചക്ക് ഊണ്, ഉപ്പിലിട്ട മാങ്ങ, പച്ചമാങ്ങ, ചായ, അച്ചപ്പം, ദാ ഇപ്പോ ദോശയും... ഇങ്ങനെ കാണുന്നതൊക്കെ വലിച്ചു വാരി കഴിക്കുന്നതുകൊണ്ടാ തന്റെ വയറിങ്ങനെ വീർത്തു വരുന്നതെന്നാ എനിക്ക് തോന്നുന്നത്..."

അവൾ രണ്ടു കയ്യും കൊണ്ട് എന്റെ തോളിൽ കുറേ ഇടിച്ചു. എന്നിട്ട് കോക്കിരി കാട്ടി മുഖം വീർപ്പിച്ചിരുന്നു.... കളിയാക്കിയതിന്റെ പിണക്കമാണ്. അത് അധികനേരത്തേക്കൊന്നുമുണ്ടാകില്ല.
ഇടക്ക് അവൾ വിരൽ കൊണ്ട് വയറിൽ അങ്ങിങ്ങായി തൊടുന്നതു കണ്ടു. കുട്ടിയോട് സംസാരിക്കുന്നതാകണം...
അമ്മക്കും കുഞ്ഞിനുമിടയിൽ എല്ലായ്പ്പോഴും ഒരു കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ട്...
ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ഉറക്കവും ,ഉണർവ്വും,വിശപ്പുമെല്ലാം അമ്മക്ക് തിരിച്ചറിയാം. നിശബ്ദമായ ഒരു കമ്മ്യൂണിക്കേഷൻ...
എന്റെ കുഞ്ഞ് ഒരിക്കലും അമ്മയുടെ ശബ്ദം കേൾക്കാൻ പോകുന്നില്ല...
ഞാനും അവളുടെ ശബ്ദം കേട്ടിട്ടില്ല...
അവളെ വളർത്തി വലുതാക്കിയവർ ആരും തന്നെ കേട്ടിട്ടില്ല...
എന്റെ സുചിത്രക്ക് സംസാരശേഷിയില്ലെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. മറ്റാരേക്കാളും നന്നായി അവൾ സംസാരിക്കും. അവളുടെ വിടർന്ന കണ്ണുകൾ കൊണ്ട്... ഭാഷ മനസ്സിലാവാത്തവർക്ക് ഭൂമുഖത്തൊരു ഭാഷയും മനസ്സിലാകില്ല.
സുചിത്ര കുഞ്ഞിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്...