Sunday, December 15, 2019

നാട്ടിൻപുറത്തെ മാമാങ്കക്കാഴ്ച

കുറേക്കാലം മുമ്പാണ്. എന്റെയൊരു സുഹൃത്തിന് അവന്റെ കോളേജ് മാഗസിനിൽ കൊടുക്കാനൊരു കഥ വേണം... ഞാനാണെങ്കിൽ ചരിത്രത്തിൽ കമ്പം കയറി ലൈബ്രറിയിൽ നിന്നും കിട്ടാവുന്ന ചരിത്ര സംബന്ധിയായ പുസ്തകങ്ങളെല്ലാം മേഞ്ഞു നടന്നിരുന്ന സമയം. മാമാങ്കം ഒരു ആവേശമായി മനസ്സിലുണ്ട്. പരിമിതമായ ഇന്റർനെറ്റ് സൗകര്യങ്ങളൊക്കെ മാമാങ്കത്തെക്കുറിച്ചറിയാൻ ഉപയോഗിക്കുന്നുണ്ട്.ആ വഴിക്കാണ് ചന്ത്രോത്തിൽ ചന്തുണ്ണി എന്ന 16 വയസ്സുകാരനായ ചാവേറിന്റെ കഥ ആദ്യമായി കേൾക്കുന്നത്.  അതേപ്പറ്റി മലബാറുകാരായ ഏതാനും സുഹൃത്തുക്കളോട് തിരക്കിയെങ്കിലും മതിയായ വിവരങ്ങളൊന്നും കിട്ടിയില്ല. എന്നാൽ മണിക്കിണറും നിലപാട് തറയും തിരുമാന്ധാം കുന്ന് ക്ഷേത്രവുമെല്ലാം ചിന്തയിലിങ്ങിനെ പച്ചപിടിച്ച് നിന്നിരുന്നു കുറേക്കാലം. കരാർ സ്വീകരിച്ച് സുഹൃത്തിന് എഴുതിക്കൊടുത്ത കഥ പുതിയ കാലഘട്ടത്തിൽ പ്ലേസ് ചെയ്ത് ഞാൻ തടിതപ്പുകയും ചെയ്തു. മാമാങ്കവും തിരുനാനാവായും ഭാരതപ്പുഴയുമൊക്കെ മോഹിപ്പിക്കുന്ന ചിന്തകളായി മനസ്സിൽ തന്നെ നിലനിൽക്കുകയും ചെയ്തു.

പത്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാമാങ്കം കാണാനുണ്ടായ ഏറ്റവും വലിയ പ്രേരണ അത് ചന്ത്രോത്തിൽ ചന്തുണ്ണിയെന്ന ആ പതിനാറുകാരന്റെ കഥയാണതെന്നതായിരുന്നു. മാത്രമല്ല നാട്ടിലെ ചെറിയ തിയറ്റർ ഏസിയാക്കി, ആദ്യമായി റിലീസ് ചെയ്യുന്ന സിനിമയുമായിരുന്നു മാമാങ്കം. 

പതിനൊന്നേകാലിന്റെ ഷോകാണാൻ സമയത്തെത്തിയെങ്കിലും തിയറ്റർ ഉടമയായ ആന്റുച്ചേട്ടൻ താക്കോലുമായി വന്നിട്ടില്ല. പടം കാണാൻ ആകെ പന്ത്രണ്ട് പേർ. ജീവനക്കാരിലൊരാൾ ഫോണിൽ ആന്റുച്ചേട്ടനെ വിളിക്കുന്നതുകേട്ടു.ആന്റുച്ചേട്ടൻ വന്നപ്പോൾ സമയം പതിനൊന്ന് ഇരുപത്. കരണ്ടില്ല. ഓടിച്ചെന്ന് ജനറേറ്ററടിച്ച് ഉള്ള ആളുകൾക്ക് ടിക്കറ്റും കൊടുത്ത് പടം തുടങ്ങി. നാട്ടുമ്പുറത്തെ പഴയ സി ക്ലാസ് തിയറ്ററിൽ റിലീസ് സിനിമ കാണുന്നത് ഞാനെന്ന പഴയ പന്ത്രണ്ടുകാരന്റെ വന്യ സ്വപനങ്ങളിലൊന്നായിരുന്നു. അത് ഇരുപതിൽപ്പരം വർഷങ്ങൾക്കിപ്പുറം സാധ്യമായിരിക്കുന്നു…!

മാമാങ്കം എന്ന സിനിമ എന്നിലെ പ്രേക്ഷകന് ഒരു ആവറേജ് അനുഭവമായിരുന്നു. ആദ്യ പതിനഞ്ച് മിനുട്ടും, അവസാന പതിനഞ്ച് മിനുട്ടും മാത്രം ആവേശം കൊള്ളിച്ച ഒരു സിനിമ. ഒരുപാട് സാധ്യതകളുള്ള ഒരു കഥാപരിസരമുണ്ടായിരുന്നിട്ടും അത് വേണ്ടവിധത്തിൽ ഉപയോഗിച്ചതായി തോന്നിയില്ല. വിശദീകരിക്കാമായിരുന്ന പലതും ഘനഗംഭീരമായ ഡയലോഗുകളിലൊതുക്കിയും ചുരുക്കാമായിരുന്ന പലതും വലിച്ചു നീട്ടിപ്പറഞ്ഞ് അസഹ്യമാക്കുകയും ചെയ്ത പ്രതീതി.

മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയശേഷിയുടെ ഉപ്പുനോക്കാൻ പോലും ചിത്രത്തിലെ കഥാപാത്രത്തിന് കഴിഞ്ഞിട്ടില്ല. ഉണ്ണിമുകുന്ദനും മണിക്കുട്ടനുമൊക്കെ കിട്ടിയ കഥാപാത്രങ്ങളോട് നീതി പുലർത്തിയപ്പോൾ ശരിക്കും വിസ്മയിപ്പിച്ചത് ചന്ത്രോത്തിൽ ചന്തുണ്ണിയായി എത്തിയ ആ കുട്ടിയാണ്. 
ബ്രഹ്മാണ്ഡ സെറ്റുകളൊരുക്കാൻ കാണിച്ചതിന്റെ പകുതി ശ്രദ്ധ തിരക്കഥയിലും മേക്കിങ്ങിലും കൊടുത്തിരുന്നെങ്കിൽ മലയാളത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഒരു ചലച്ചിത്രാനുഭവമായി മാറിയേനെ മാമാങ്കം. 

ചാവേർപ്പടയുടെ രക്തം വീണുചുവന്ന നിളാമണൽപ്പരപ്പിലൂടെ നടന്നൊരു അസ്തമയം കാണണമെന്ന വർഷങ്ങൾ പഴക്കമുള്ള ആഗ്രഹത്തിന് ജീവൻ പകർന്നതിനപ്പുറം ചലച്ചിത്രം മനസ്സിൽ തങ്ങിനിൽക്കുന്നില്ല. 

നീണ്ട എട്ടു വർഷങ്ങൾക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം തിയറ്ററിൽ കാണാൻ കാരണക്കാരനായ കുറുമശ്ശേരി കൃപാ തിയറ്റർ ഉടമ ആന്റുച്ചേട്ടന് നന്ദി. കുറുമശ്ശേരിയിലേക്ക് ഇനിയും ചലച്ചിത്രങ്ങൾ റിലീസിനെത്തട്ടെ.