Saturday, July 8, 2017

എന്‍റെ തിരക്കഥാനുഭവങ്ങൾ

"എനിക്ക് തിരക്കഥ എഴുതാൻ പറ്റുമോ?"
മിക്കവാറും തിരക്കഥയെഴുതണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ മനസ്സിൽ ആദ്യം ഉയരുന്ന സംശയമിതായിരിക്കും. എംടിയും പത്മരാജനും എഴുതിയ എണ്ണംപറഞ്ഞ തിരക്കഥകളും അതിനെ അധികരിച്ചുണ്ടായ നിത്യഹരിത സിനിമകളും നമ്മുടെ മുന്നിലുണ്ട്. അവ നമ്മെ അധീരരാക്കും. പക്ഷേ ഒന്നോർക്കുക നമ്മെ പൊട്ടിച്ചിരിപ്പിച്ച കോമഡി എന്റർടൈനറുകളുടെ ലിസ്റ്റെടുത്താൽ അതിൽ ഇവരുടെ ചിത്രങ്ങൾ കാണണമെന്നില്ല. ആവേശം കൊള്ളിച്ച ആക്ഷൻ ത്രില്ലറുകളെടുത്താൽ അതിലും ഇവരുടെ ചിത്രങ്ങൾ ഉണ്ടായി എന്നുവരില്ല. എന്തിന്, മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്സോഫീസ് വിജയ ചിത്രങ്ങളുടെ ശില്പികളുമല്ല മേൽപ്പറഞ്ഞവർ. അതുകൊണ്ട് ആദ്യമേ മനസ്സിൽ കുറിക്കുക അവരുടെ ചിന്തകൾ അവരുടേതാണ് നമ്മുടെ ചിന്തകൾ നമ്മുടേതും. അവിടെ നമുക്ക് മുൻ മാതൃകകളില്ല. സ്വപ്നം കാണാനുള്ള കഴിവും അത് പേപ്പറിലേക്ക് പകർത്താനുള്ള മനസ്സുമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു തിരക്കഥാകൃത്താവാം. അതിന് സാഹിത്യവാസന വേണമെന്നൊന്നുമില്ല.

എങ്ങിനെയാണ് ഒരു കഥ കണ്ടെത്തുന്നത്?
അത് പലവിധമാണ്. ഒരു ചെറിയ സംഭവമാവാം, ഒരാളുടെ ജീവിതമാവാം, ചിലപ്പോൾ ഒരു പ്രത്യേക സ്വഭാവമുള്ള വ്യക്തി തന്നെയുമാവാം. പുലിയിറങ്ങുന്നതുമൂലം പൊറുതിമുട്ടിയ ഒരു മലയോര ഗ്രാമത്തിലെ ജനങ്ങൾ പുലിയെ പിടിക്കാൻ ഒരു വേട്ടക്കാരനെ വരുത്തുകയും ഒടുവിൽ അയാൾ പുലിയേക്കാൾ വലിയ ഉപദ്രവമാവുകയും ചെയ്യുന്ന സംഭവമാണ് 'മൃഗയ'.ഒരു പ്രത്യേക സാഹചര്യത്തിൽ ഊമയായി അഭിനയിക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസ്ഥയാണ് 'പഞ്ചാബിഹൗസ്'.  മുഷിഞ്ഞ വസ്ത്രവും കൈയ്യിലൊരു ബാഗുമായി പഴയൊരു സുഹൃത്തിനെ തേടിവരുന്ന ശിവൻ കുട്ടി. അയാൾ നിഷ്ക്കളങ്കനാണ് എന്നാൽ അയളുടെ ഉള്ളിൽ കനലുപോലെ എന്തോ ഒന്ന് എരിയുന്നുണ്ട്. ആ കാരണത്തിലേക്കുള്ള ബ്ലസ്സിയുടെ ചിന്തകളുടെ യാത്രയാണ് 'ഭ്രമരം'. മേൽപ്പറഞ്ഞതുപോലെ ഒരനുഭവം അല്ലെങ്കിൽ ഒരു വാർത്ത നമ്മെ ഊണിലും ഉറക്കത്തിലും പിന്തുടരുന്നുവെന്നിരിക്കട്ടെ, അതായിരിക്കും നമ്മുടെ കഥാബീജം. ഒരു കഥാബീജം കണ്ടെത്തിക്കഴിഞ്ഞാൽ ഉടനേ എഴുത്ത് തുടങ്ങണമെന്നില്ല. അതിനെ മനസ്സിലിട്ട് ഒന്ന് പരുവപ്പെടുത്തുക. അതിലേക്ക് നമ്മുടെ ചിന്തകളും, അനുഭവങ്ങളും വെള്ളവും വളവുമായി ചേർക്കുക. പതിയെ അതൊരു കഥാരൂപം പ്രാപിക്കുന്നത് നമുക്ക്തന്നെ അറിയാൻ പറ്റും.

ഒരു കഥ എന്നു പറയുമ്പോൾ അതിന് ഒരു ആദി മദ്ധ്യാന്തം ഉണ്ടാവണം. (Start-Middle-End) ,നമ്മുടെ കഥാബീജം ചിലപ്പോൾ സ്റ്റാർട്ടോ മിഡിലോ എൻഡോ ആകാം. ശിവൻ കുട്ടി എന്ന വ്യക്തിയുടെ വരവും അയാളുടെ ഉദ്ദേശലക്ഷ്യങ്ങളിലേക്കുള്ള ക്രമാനുഗതമായ വികാസവുമാണ് ഭ്രമരം. എന്നാൽ ഉണ്ണി എന്ന ചെറുപ്പക്കാരന് ഊമയായി അഭിനയിക്കേണ്ടി വന്ന സാഹചര്യവും തുടർന്നുണ്ടാകുന്ന അനുഭവങ്ങളും പരിസമാപ്തിയുമാണ് പഞ്ചാബിഹൗസ്. അതായത് കഥാബീജത്തിൽ നിന്നും മുന്നിലേക്കും പിന്നിലേക്കും ഒരേപോലെ വികസിപ്പിച്ച താണ് ആ കഥ. മറ്റൊരു രീതി കൂടിയുണ്ട്, അതിൽ ക്ലൈമാക്സാവും ആദ്യമുണ്ടാവുക. അതിൽ നിന്നും പിന്നിലേക്ക് വികസിപ്പിച്ചാണ് കഥയുണ്ടാക്കുന്നത്. പ്രശസ്ത സംവിധായകൻ സിദ്ധിക്ക് ഇത്തരത്തിലാണ് കഥയുണ്ടാക്കുന്നത് എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഒരാൾ നല്ല ഡ്രൈവറാകുന്നത് മികച്ച രീതിയിൽ കാറോടിക്കുമ്പോൾ മാത്രമല്ല, അത് സുരക്ഷിതമായി നിർത്തുമ്പോൾ കൂടിയാണ്. ക്ലൈമാസിൽ നിന്നും റിവേഴ്സ് ഓർഡറിൽ സംഭവങ്ങൾ ഉണ്ടാക്കി തുടക്കത്തിലെത്തുക. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ ഈ ഒരു രീതിയാണ് കഥയെഴുതുമ്പോൾ അവലംബിക്കാറുള്ളത്. തൃപ്തികരമായ ഒരു അവസാനം ഉണ്ടെങ്കിൽത്തന്നെ കഥ മോശമാവില്ല എന്ന അഭിപ്രായമാണ് എന്റേത്.

എഴുതി തുടങ്ങുന്നതിന് മുൻപ് ആ കഥക്ക് മറ്റു കഥകളുമായോ, മുമ്പ് പുറത്തിറങ്ങിയിട്ടുള്ള സിനിമകളുമായോ ഏതെങ്കിലും വിധത്തിലുള്ള സാമ്യം ഉണ്ടോ എന്ന് തിരക്കുന്നത് നന്നായിരിക്കും. പ്രകടമായ സാമ്യം തോന്നുന്നുവെങ്കിൽ അത് ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം നമ്മൾ എഴുതാൻ പോവുന്നത് ബ്ലോഗിലോ , ഫേസ്ബുക്കിലോ മറ്റോ പോസ്റ്റ്ചെയ്യാനുള്ള, ആത്മ സംതൃപ്തിക്കു വേണ്ടിയുള്ള കഥയല്ല, മറിച്ച് കോടികൾ മുടക്കി - ജനലക്ഷങ്ങൾക്ക് കണ്ടാസ്വദിക്കാനുള്ള ഒരു വിനോദോപാധിയുടെ ബ്ലൂപ്രിന്റാണ്. (ഷോർട്ട് ഫിലിമിനും ഒരു പരിധിവരെ ഇത് ബാധകമാണ് കേട്ടോ.) നമ്മുടെ കഥ ഒരു സംവിധായകനേയോ, നിർമ്മാതാവിനേയോ, അഭിനേതാവിനേയോ ആകർഷിക്കണമെങ്കിൽ അതിനൊരു മൗലികത വേണം.  ആസ്വാദനത്തിന്റെ പുതിയൊരു തലം അനുഭവവേദ്യമാകുമ്പോഴാണല്ലോ അത് ജനപ്രിയമാവുന്നത്. തിരക്കഥാ രചന പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇതിന് 'ഹുക്ക് പോയിന്റ്' 'വൗ ഫാക്ടർ' എന്നൊക്കെ പറയാറുണ്ട്. നമ്മുടെ കഥയിലെ ഹുക്ക് പോയിന്റ് എന്താണെന്നത് നമ്മൾ തന്നെ കണ്ടെത്തുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് 'ഒരു വാടകക്കൊലയാളി, തന്നെ ദൗത്യം ഏൽപ്പിച്ചവരിൽ നിന്നും താൻ കൊല്ലേണ്ട ആളെ സംരക്ഷിക്കുന്നു' എന്നു പറയുന്നതിൽ ഒരു കൗതുകമുണ്ട്. ഈ ഒരു 'വൗ ഫാക്ടർ' ആണ് 'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ത്രെഡ്.

ഇത്തരത്തിൽ മനസ്സിൽ പൂർത്തിയാക്കിയ കഥ വേണമെങ്കിൽ നമുക്കൊരു പേപ്പറിലേക്ക് പകർത്താം. പരത്തി എഴുതണമെന്നൊന്നുമില്ല. പരമാവധി രണ്ടുപേജിൽ നമുക്ക് ഈ കഥ ഒതുക്കാൻ പറ്റും. അടുത്ത ഘട്ടത്തിലാണ് ഇത് തിരക്കഥയാക്കുന്നത്. (തുടരും)