Friday, July 14, 2017

എന്‍റെ തിരക്കഥാനുഭവങ്ങൾ പാര്‍ട്ട് 2ഒരു കഥക്ക് പ്രധാനമായും മൂന്നു ഘട്ടങ്ങളുണ്ട്. മുഖ്യ കഥാപാത്രത്തെ/ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഘട്ടം, അവരുടെ ജീവിതത്തിൽ വന്നുചേരുന്ന പ്രതിസന്ധി, പ്രതിസന്ധി തരണം ചെയ്യൽ.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ്  കുളിച്ച് കുറിതൊട്ട് ഓഫീസിൽ പോകുന്ന നായകൻ. അഴലില്ല , അല്ലലില്ല സർവ്വത്ര സന്തോഷം വിളയാടുന്നു. ഇങ്ങിനെ ഒരാളെ രണ്ടരമണിക്കൂർ കാണിച്ചാൽ സിനിമ തീരും മുമ്പ് പ്രേക്ഷകർ അവരവരുടെ വീട്ടിലെത്തി ഒരു ചായയും കുടിച്ചിട്ടുണ്ടാകും . അപ്പോൾ മുഖ്യ കഥാപാത്രത്തിന് എന്തെങ്കിലും പ്രതിസന്ധി വരണം. അത് അന്നുവരെയുള്ള അയാളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കണം. അയാൾ ആ പ്രതിസന്ധി മറികടക്കാൻ സർവ്വശക്തിയുമെടുത്ത് അല്ലെങ്കിൽ സൂത്രങ്ങൾ ഉപയോഗിച്ച്  പോരാടണം. ഒടുവിൽ അയാൾ പ്രതിസന്ധി മറികടക്കണം. നാം കാണുന്ന ഒട്ടുമിക്ക കഥകളുടേയും പാറ്റേൺ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ വിധമാവും.

"നമ്മള്‍ ഒരു കഥ പറയുമ്പോള്‍ അതില്‍ ആരൊക്കെ വരും, എന്തൊക്കെ സംഭവിക്കും, എന്ന്‍ നമുക്കറിയാം. പക്ഷേ കേള്‍ക്കുന്ന ആള്‍ക്ക് അതറിയില്ല. ഏതൊക്കെ മുഹൂര്‍ത്തത്തില്‍ എന്തൊക്കെ പ്രേക്ഷകരെ അറിയിക്കുന്നു എന്നതിനെയാണ് തിരക്കഥ എന്നു പറയുന്നത്"
ഫാസില്‍ മുമ്പ് ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞതാണ്. ഇതിലും ലളിതമായി തിരക്കഥയെ വ്യാഖ്യാനിക്കാനാവുമെന്ന് തോന്നുന്നില്ല.

ഒരു കൈപ്പിഴകൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയതിന്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിഷ്ണു എന്ന ഫോട്ടോഗ്രാഫർ ജയിൽ ചാടി തന്റെ മകന്റെ ചികിത്സക്കുള്ള പണം കണ്ടെത്താൻ അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തി വരുമ്പോൾ യാദൃശ്ചികമായി കൈമൾ എന്ന വക്കീലിനെ കണ്ടുമുട്ടുന്നു. അയാൾ ഒരു തുക ഓഫർ ചെയ്ത് തന്റെ സുഹൃത്തിന്റെ മകളായ കല്യാണിയുടെ ഭർത്താവായി അഭിനയിക്കാൻ നിയോഗിക്കുന്നു. ആദ്യം ശത്രുക്കളായിരുന്ന കല്യാണിയും വിഷ്ണുവും പിന്നീട് പ്രണയത്തിലാകുന്നു.... ഈ വിധം പറഞ്ഞുപോയിരുന്നെങ്കിൽ ചിത്രം എന്ന സർവ്വകാല വിജയമായ സിനിമയുടെ ഗതിയെന്താവുമായിരുന്നു?

എന്നാൽ തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നതെന്താണ്?
ആദ്യം കല്യാണിയുടെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധി ആദ്യം കാണിക്കുന്നു. അത് തരണം ചെയ്യാൻ ഒരു വഴി ആലോചിച്ച് നടക്കുന്ന കൈമളിന്റെ മുന്നിൽ വിഷ്ണു എന്ന മൈനർ തരികിടയെ അവതരിപ്പിക്കുന്നു. പതിനായിരം രൂപ കിട്ടാൻ എന്തും ചെയ്യാൻ തയ്യാറായി നടക്കുന്ന വിഷ്ണുവിനെ, കൈമൾ  ഒരു തുക ഓഫർ ചെയ്ത് പ്രലോഭിപ്പിച്ച്  കൂട്ടുന്നു. ഭർത്താവായി അഭിനയിക്കാൻ വരുന്ന വിഷ്ണുവും കല്യാണിയും തമ്മിലുള്ള ഉടക്കും, ഭർത്താവ് നാടകത്തിന്റെ സത്യാവസ്ഥയും കല്യാണിയുടെ അച്ഛൻ , രാമചന്ദ്രമേനോൻ അറിയാതിരിക്കാൻ  കൈമൾ പെടാപ്പാട് പെടുന്നുണ്ട്. പോരാത്തതിന് നാടകം പൊളിക്കാൻ കച്ചകെട്ടി നടക്കുന്ന കല്യാണിയുടെ ബന്ധുവായ ഭാസ്കരനും...
ഒടുവിൽ നാടകം പൊളിഞ്ഞു വിഷ്ണുവിനെ തന്റെ മരുമകനായി  അംഗീകരിക്കാൻ രാമചന്ദ്രൻ  തയ്യാറാവുന്നതോടെ പ്രതിസന്ധികളുടെ ഒരു കാണ്ഡം തീരുന്നു.
എന്നാൽ യഥാർത്ഥ പ്രതിസന്ധി അവിടെയാണ് തുടങ്ങുന്നത്. ഭൂതകാലത്തിൽ നിന്നും വിഷ്ണുവിനെ തിരക്കി ഒരാൾ വരുന്നു. അയാളുടെ വരവോടെയാണ് വിഷ്ണുവിന്റെ ഭൂതകാലം നമുക്ക് മുന്നിൽ അനാവൃതമാവുന്നത്. വന്നയാൾ ഒരു പോലീസ് ഓഫീസറാണ് എന്നും, വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടക്കുന്നതിനിടെ വിഷ്ണു, മകന്റെ സർജറിക്ക് പണം കണ്ടെത്താൻ ജയിൽ ചാടിയതാണെന്നും നാം അറിയുന്നു. തിരിച്ചുപോകും മുൻപ് രാമചന്ദ്രൻ ഇതൊന്നുമറിയാതിരിക്കാനും, വിഷ്ണുവിനെ രക്ഷിക്കാനും കൈമൾ അടക്കമുള്ളവർ ശ്രമിക്കുന്നതിനിടയിൽ ഭാസ്‌ക്കരൻ രഹസ്യം  മണത്തറിഞ്ഞു പുതിയ പാരവെപ്പിന് ശ്രമിക്കുന്നു. അതെല്ലാം മറികടന്ന് രാമചന്ദ്രനെ യാത്രയയച്ച്, മകനെ സുരക്ഷിതമായ കരങ്ങളിലേൽപ്പിച്ച് കഴുമരത്തിലേക്ക് വിഷ്ണുവും യാത്രയാകുന്നു.
'വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയാണ് നീ' എന്ന സോമന്റെ കഥാപാത്രം പറഞ്ഞ ഡയലോഗിന്റെ ഞെട്ടൽ രണ്ടര പതിറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ മനസ്സിലുണ്ടെങ്കിൽ അതാ തിരക്കഥയുടെ വിജയമാണ്. ഫാസിലിന്റെ സ്റ്റേറ്റ്മെന്റ് പ്രസക്തമാവുന്നത് ഇപ്രകാരമാണ്. സത്യത്തിൽ പ്രേക്ഷകരുടെ പൾസ് കയ്യിലെടുക്കുന്ന സൂത്രവിദ്യയാണ് തിരക്കഥ.

രണ്ടു പേജിലേക്ക് നമ്മൾ പകർത്തിയെഴുതിയ കഥയിൽ ഇത്തരത്തിൽ, ഒരു പ്രത്യേക ഘട്ടത്തിൽ മാത്രം പ്രേക്ഷകന് വെളിപ്പെടുത്തേണ്ട ചില സംഗതികൾ കണ്ടെത്താനായാൽ അതനുസരിച്ച് നമുക്ക് ട്രീറ്റ്മെന്റ് നിശ്ചയിക്കാനാവും. അതായത് ആദി മദ്ധ്യാന്തമുള്ള ഒരു കഥയുടെ ഏതു ഭാഗത്തു നിന്ന് കഥപറഞ്ഞുതുടങ്ങണമെന്നൊക്കെ നമുക്ക് തീരുമാനിക്കാം. കഥയുടെ ഒരു നിർണ്ണായക ഘട്ടം ആദ്യമേ കാണിച്ച് കഥ പറഞ്ഞുതുടങ്ങുന്ന ഒരു ശൈലി നിലവിലുണ്ട്. ഉദാഹരണത്തിന് തമിഴിലെ കാക്ക കാക്ക എന്ന സിനിമ ആരംഭിക്കുന്നത് അതിന്റെ ക്ലൈമാസിൽ നിന്നാണ്. മലയാളത്തിൽ 1983, മലർവാടി ആർട്ട്സ് ക്ലബ്ബ്, അങ്കമാലി ഡയറീസ് തുടങ്ങി അനവധി സിനിമകളിൽ ഈ വിധമുള്ള കഥ പറയൽ കാണാനാവും..  (തുടക്കക്കാർക്കുള്ള കുറിപ്പ് എന്ന നിലക്ക് ലീനിയർ - നോൺ ലീനിയർ ശൈലികളെക്കുറിച്ചൊന്നും വിശദീകരിക്കുന്നില്ല )

സീനുകളായി വിഭജിക്കുന്നതിന് മുൻപ് നമ്മൾ പറയാനുദ്ദേശിക്കുന്ന കഥയിലെ മുഖ്യ കഥാപാത്രങ്ങളുടെയെല്ലാം ഒരു ചെറിയ കുറിപ്പ് തയ്യാറാക്കുന്നത് നന്നായിരിക്കും. അയാളുടെ സ്വഭാവം, പശ്ചാത്തലം, മുഖ്യകഥാപാത്രവുമായുള്ള ബന്ധം അങ്ങിനെ.
ഇങ്ങിനെ കഥയെക്കുറിച്ചും, കഥാപാത്രങ്ങളെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാട് നമുക്കുണ്ടെങ്കിൽ സീനുകൾ തയ്യാറാക്കാൻ കുറച്ചുകൂടി എളുപ്പമായിരിക്കും.
 എവിടെ നിന്നാണ് കഥ ആരംഭിക്കുന്നത് എന്ന്  ഇതിനോടകം നമ്മൾ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ, അപ്പോൾ അവിടം മുതൽ കഥ അവസാനിക്കുന്നിടം വരെയുള്ള സംഭവങ്ങൾ വൺ  ബൈ വൺ  ആയി എഴുതുക. സീൻ നമ്പറോ, ഡയലോഗോ  പോലും എഴുതേണ്ടതില്ല. സംഭവങ്ങളുടെ ഒന്നോ രണ്ടോ വരിയിലുള്ള വിവരണം മാത്രം.  ഇത് നമുക്ക് കഥ ട്രാക്ക് ചെയ്യാൻ വേണ്ടിയാണ്. ഏതു ഭാഗമാണ് വിശദീകരിക്കേണ്ടത്, ക്രോപ്പ് ചെയ്യേണ്ടത് എന്നൊക്കെ ഈ ഘട്ടത്തിൽ തീരുമാനിക്കാം. സ്‌ക്രീൻ പ്ളേ വൺലൈൻ എന്നുവേണമെങ്കിൽ നമുക്കിതിനെ വിളിക്കാം.

ഇനി  സീൻ 1 മുതൽ  എഴുതി തുടങ്ങാം.
 ലൊക്കേഷൻ,രാത്രിയെന്നോ പകലെന്നോ ഉള്ളത്, ഇന്റീരിയറോ എക്സ്റ്റീരിയറോ  അങ്ങിനെ  ബേസിക്കായ സംഗതികൾ ആദ്യം നോട്ട് ചെയ്യുക. വിഷ്വലിന്റെ  പൊസിഷൻ/ആങ്കിൾ  കൂടി ഭാവനയിൽ കാണാൻ കഴിയുന്നുണ്ടെങ്കിൽ വളരെ നല്ലത്. എന്നിട്ട് ആ സീനിൽ നടക്കുന്ന സംഭവങ്ങൾ എഴുതാം. അത് തീരുമ്പോൾ സ്വാഭാവികമായും അടുത്ത സീനിനെക്കുറിച്ച് നമുക്ക് അറിയാൻ പറ്റും. അങ്ങിനെ തുടർച്ചയായി എഴുതി പോകുക. ആദ്യമായി എഴുതുമ്പോൾ നമ്മുടെ കഥയുടെ ദൈഘ്യത്തെക്കുറിച്ച് ഒട്ടും വേവലാതിപ്പെടേണ്ട. ഡയലോഗുകൾ എഴുതണമെന്ന് യാതൊരു നിർബന്ധവുമില്ല. നടക്കുന്ന സംഭവങ്ങൾ മാത്രം ഡീറ്റയിൽ ചെയ്താൽ മതി.  സ്‌ക്രീൻ പ്ളേ വൺലൈൻ കയ്യിലുണ്ടെങ്കിലുള്ള ഗുണമെന്താണെന്ന് വെച്ചാൽ, നമ്മുടെ മൂഡും, താല്പര്യവുമനുസരിച്ച് ഏതു സീൻ വേണമെങ്കിലും നമുക്ക് എഴുതാം.   ഇങ്ങിനെ കഥ മൊത്തം എഴുതി തീർത്താൽ നമുക്കതിനെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്നുവിളിക്കാം.

ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായാൽ അത് ഒരാവർത്തി വായിച്ചുനോക്കുക. അനാവശ്യ രംഗങ്ങളും മണ്ടത്തരങ്ങളും നമുക്കതിൽ നിന്നും യഥേഷ്ടം കണ്ടെത്താനാവും.  നമ്മുടെ പാണ്ഠിത്യം മുഴുവനും വിളമ്പാനുള്ള ഒരു വേദിയല്ല നാം എഴുതുന്ന തിരക്കഥ എന്ന തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്. എന്നാൽ എഴുതുന്ന വിഷയത്തിന്റെ നനാവശങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് സമ്പാദിച്ചു വെക്കുന്നത് എഴുത്തിനെ തുണക്കും. പ്രേക്ഷകർക്ക് ഒരു ജെനുവിനിറ്റി അനുഭവപ്പെടുകയും ചെയ്യും.

തിരക്കഥയിലെ ആദ്യത്തെ പത്തുസീനുകൾ കൊണ്ട് മുഖ്യ കഥാപാത്രങ്ങളെയും, പശ്ചാത്തലവും അവതരിപ്പിച്ചുകഴിഞ്ഞാൽ പതിയെ പ്ലോട്ടിലേക്ക് പ്രവേശിക്കാം. മെയിൻ പ്ലോട്ടിലേക്ക് പ്രവേശിച്ചാൽ പിന്നെ കഥയിലെ സബ് പ്ലോട്ടുകളിൽ നമുക്ക് പൂർണ്ണ നിയന്ത്രണമുണ്ടാവണം. ചില സിനിമകൾ കണ്ടിട്ടില്ലേ, മുഖ്യ പ്ലോട്ട് പറഞ്ഞുതുടങ്ങി പിന്നെ സബ് പ്ലോട്ടിലേക്ക് കടന്ന് അത് വിശദീകരിച്ച് പിന്നെയും മുഖ്യപ്ലോട്ടിലേക്ക് തിരിച്ചുവരുന്ന അവസ്ഥ. നമ്മെ അത് നന്നേ മുഷിപ്പിക്കുകയും ചെയ്യും. 

സത്യൻ അന്തിക്കാടിന്റെ 'ഇന്നത്തെ ചിന്താവിഷയം' മേല്പറഞ്ഞതിനൊരു   ഉദാഹരണമാകുമെന്ന് തോന്നുന്നു. വിലക്ക് വാങ്ങിയ വീട് കൈവശപ്പെടുത്തുവാനുള്ള സൂത്രപ്പണി എന്നനിലക്കാണ് മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രം സുകന്യയും, മോഹിനിയും, മുത്തുമണിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കുടുംബപ്രശ്നങ്ങൾ തീർക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ പിന്നീടൊരു ഘട്ടത്തിൽ കഥ മീരാ ജാസ്മിന്റെ നായിക കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്കും, പാട്ടും, സംഭവങ്ങളുമായി കുറെ ദൂരം  ചുറ്റിത്തിറിഞ്ഞതിന് ശേഷമാണ് മെയിൻ പ്ലോട്ടിലേക്ക് മടങ്ങിയെത്തുന്നത്.  അത് അത്ര ഡീറ്റയിൽ ചെയ്തില്ലെങ്കിലും മുഖ്യ കഥയെ സാരമായി ബാധിക്കുകയൊന്നുമില്ല. (അഭിപ്രായം വ്യക്തിപരം). എന്നാൽ മെയിൻ പ്ലോട്ടിൽ നിന്നും ഏറെയൊന്നും വ്യതിചലിക്കാതെ, രസച്ചരട് മുറിയാതെ കഥപറയുന്നതിന്റെ ഗുണം സത്യൻ അന്തിക്കാടിന്റെ തന്നെ രസതന്ത്രത്തിൽ കാണാം.

ഒരു കഥപറയാൻ എഴുതാവുന്ന സീനുകളുടെ എണ്ണത്തിന് നിയന്ത്രണമൊന്നുമില്ല. ഒരു  സീൻ കഴിഞ്ഞാൽ അടുത്ത സീൻ എന്തായിരിക്കുമെന്ന് കാണുന്ന പ്രേക്ഷകന് കൃത്യമായി ഊഹിക്കാൻ സാധിച്ചാൽ അത് ഒരു ദുർബലമായ തിരക്കഥയാണെന്ന് പറയേണ്ടിവരും. ചില സമയം ക്ളൈമാക്സ് എന്താണെന്ന് നമുക്ക് അറിയാമെങ്കിൽ തന്നെയും നാം ചിലപ്പോൾ ആവേശത്തോടെ കണ്ടിരിക്കും. അത് പലപ്പോഴും കാണുന്ന സീനുകളുടെ ഫ്രഷ്നസ് കൊണ്ടാണ്. പ്രിയദർശന്റെ  'ഒപ്പം' സിനിമയിൽ വില്ലൻ കഥാപാത്രം/ സീരിയൽ കില്ലർ ആരാണ് എന്നത് ആദ്യം തന്നെ കാണിക്കുന്നു. എന്നാൽ അയാളിലേക്ക് അന്ധനായാ നായക കഥാപാത്രം എങ്ങിനെ എത്തുന്നുവെന്നതിലാണ് ത്രിൽ. (എല്ലാ അർത്ഥത്തിലും  പ്രിയദർശന്റെ ഒരു പെർഫെക്ട് സ്‌ക്രീൻ പ്ളേ എന്ന്  എനിക്ക് തോന്നിയിട്ടുള്ളത് 'തേന്മാവിൻ കൊമ്പത്ത്‌' ആണ്.)

തിരക്കഥ എന്നുപറയുന്നത് ചീട്ടുകൊണ്ടുണ്ടാക്കിയ ഒരു കൊട്ടാരം പോലിരിക്കണമെന്ന് പ്രിയദർശൻ പറഞ്ഞിട്ടുണ്ട്.  ഇടക്കുനിന്നും ഒരു സീനെടുത്ത്  മാറ്റിയാൽ പോലും അത് സിനിമയുടെ കെട്ടുറപ്പിനെയാകെ ബാധിക്കുന്ന രീതിയിലാവണം തിരക്കഥയുടെ നിർമ്മിതി.
 'കഥയിൽ ഒരിടത്ത് നാമൊരു തോക്കുകാണിച്ചാൽ, എപ്പോഴെങ്കിലും അതിൽനിന്നും ഒരു വെടിയെങ്കിലും പൊട്ടണം ' എന്ന   പ്രശസ്ത തമിഴ് സംവിധായകനും നടനുമൊക്കെയായ കെ . ഭാഗ്യരാജിന്റെ ഒരു വാചകം കൂടി ഇവിടെ ഉദ്ധരിക്കട്ടെ. (തുടരും)