Tuesday, November 20, 2018

ലീന ഐസക്ക്- ഒരു പ്രഹേളിക? ഭാഗം-1



"നീരദമറയിലൊളിഞ്ഞാലും നിൻ പ്രഭയെനിക്കുകാണാ-
മെന്തെന്നാലൊരു കുഞ്ഞു സൂര്യനാണു നീ..."

ഉത്സവപ്പറമ്പിൽ നിന്നും പാഠകം കഴിഞ്ഞ് നിലാവെട്ടത്തിൽ വായനശാലയിലേക്ക് നടക്കുമ്പോൾ, വഴിയിലെ പൂവിട്ട ചെമ്പകമാണ് ഇങ്ങിനെയൊരു വരി എന്റെ മനസ്സിലേക്ക് കൊണ്ടുവന്നുതന്നത്. നാലുവരികളെങ്കിലും എഴുതി രാത്രി 9 മണിക്ക് മുമ്പ് അപ്പുക്കുട്ടന് മൊബൈലിൽ മെസ്സേജ് ടൈപ്പ് ചെയ്ത് അയക്കണം.


എന്നേപ്പോലെ കറുത്ത നിറമുള്ളവർക്ക് കാമുകനാവണമെങ്കിൽ കഥയോ, കവിതയോ, സംഗീതമോ കൈവശം വേണമെന്നത് കോളേജിൽ നിന്നും കിട്ടിയ തിരിച്ചറിവാണ്.

"ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല നീയോ ഞാനോ" എന്ന് കോളജിലെ അറിയപ്പെടുന്ന ഗായകനായ കിഷോർ പാടുമ്പോൾ എത്രയെത്ര ജോടി പെണ്മിഴികളാണ് അവനുനേർക്ക് ആരാധനയോടെ നീണ്ടത്!

പാട്ടുപാടാൻ ധൈര്യമില്ലാത്തതുകൊണ്ട് സ്വന്തം തട്ടകം കവിതയാക്കി മാറ്റി. കവിതയെന്നുവെച്ചാൽ നല്ല അസ്സൽ പൈങ്കിളി! കോളേജ് മാഗസിനിലെ കവിതകൾ ആരും ശ്രദ്ധിക്കാറില്ല എന്ന് മനസ്സിലായപ്പോൾ കഥയെഴുത്തിലേക്ക് ഷിഫ്റ്റ് ചെയ്തു.


ഇപ്പോൾ ഈ വരികൾ കുത്തിക്കുറിച്ചത് അപ്പുക്കുട്ടന്റെ ആവശ്യപ്രകാരമാണ്. അവന് ആർക്കോ അയച്ചുകൊടുക്കാനാണത്രേ. ആർക്കെന്ന് ഒരായിരം വട്ടം ചോദിച്ചിട്ടും അവൻ പറയുന്നില്ല. സമയമാവുമ്പോൾ പറയാം എന്ന് മാത്രം മറുപടി. പിന്നീട് അവനും വിനീഷും തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരത്തിനിടയിൽ നിന്നാണ് 'ലീന ഐസക്ക്' എന്ന പേര് ഞാൻ ആദ്യമായി കേട്ടത്.


ആരാണീ ലീന ഐസക്ക്?


ആ പേരിൽ ഒരു സഹപാഠി വിനീഷിനോ അപ്പുക്കുട്ടനോ ഇല്ലാ എന്ന് ഉറപ്പ്. പിന്നെയാരാണത്?

ഞാനീ വിഷയം വിശാലിനോട് ചോദിച്ചു. അവനാകഥ വിശദമായി പറഞ്ഞു.

എറണാകുളം സെയ്ന്‍റ് തെരേസാസ് കോളേജില്‍ സെക്കന്‍റ് ഇയര്‍ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് കഥാ നായികയായ ലീന ഐസക്ക്. കടവന്ത്രയിലാണ് വീട്. അതിസുന്ദരി. സമ്പന്ന. അപ്പുക്കുട്ടന്‍റേയും, വിനീഷിന്‍റേയും കോമണ്‍ ഫ്രണ്ടാണ് ഇപ്പോള്‍ ലീന.


എന്നെയും വിശാലിനേയും കൂടെ പഠിച്ച പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്യുമ്പോള്‍ അസൂയപൂണ്ടിരുന്നവരാണ് അവര്‍ രണ്ടുപേരും. എന്നാല്‍ എറണാകുളംകാരിയായ ഒരു പെണ്‍കുട്ടി, അതും സെയ്ന്‍റ് തെരേസാസ് പോലെ ഒരു തേന്‍ കൂടിനുള്ളില്‍ നിന്നുള്ള ഒരു റാണിതേനീച്ച അവര്‍ക്കിരുവര്‍ക്കും സുഹൃത്തായി മാറി എന്ന്‍ കേട്ടപ്പോള്‍ എനിക്ക് വന്ന അസൂയ ചില്ലറയൊന്നുമല്ല.


ഇതൊക്കെ  എങ്ങിനെ സംഭവിച്ചു???

എനിക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്.

 ഞങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള അഖില്‍ വഴിയാണ് (തേപ്പ്- ദൈവം വക എന്ന മുന്‍ ബ്ലോഗിലെ നായകന്‍)  ഇരുവരും ലീനയെ പരിചയപ്പെട്ടത്. എന്നാല്‍ അഖില്‍ ലീനയെ കണ്ടിട്ടില്ല എന്നതാണ് ഹൈലൈറ്റ്.


ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്  എറണാകുളത്ത് നടന്ന ഒരു കോര്‍പ്പറേറ്റ് ഫങ്ഷനില്‍, പഴയകാലത്തെ തൂലികാ സൌഹൃദങ്ങളുടെ മാതൃകയില്‍   പുതിയ കാലത്തെ ആശയവിനിമയോപാധിയായ മൊബൈല്‍ ഫോണ്‍ വഴി സുഹൃത്തുക്കളെ കണ്ടെത്താന്‍ ഒരു ബോക്സ് വെച്ചിരുന്നു. താല്പര്യമുള്ളവര്‍ക്ക് അതില്‍ സ്വന്തം നമ്പര്‍ എഴുതിയിടാം, അതില്‍ നിന്നും ഒരു നമ്പര്‍ എടുക്കാം. അഖില്‍ ഞങ്ങള്‍ ആറു കൂട്ടുകാരുടേയും നമ്പര്‍ എഴുതിയിട്ടു. അതില്‍ നിന്നും ആറ് നമ്പര്‍ എടുത്തു. അവന്‍ ആ ആറു നമ്പറും പരിശോധിച്ചു നോക്കി. ആണ്‍കുട്ടികളുടെ നമ്പറാണെന്ന് മനസ്സിലായപ്പോള്‍ അത് എം ജി റോഡിലെ കാനയിലെറിഞ്ഞു. എന്നാല്‍ അവന്‍ എഴുതിയിട്ട ആറില്‍ രണ്ട് നമ്പര്‍ കിട്ടിയത് ലീന ഐസക്ക് എന്ന പെണ്‍കുട്ടിക്കും, അവളുടെ കൂട്ടുകാരിക്കുമാണ്. കൂട്ടുകാരിക്ക് തല്‍ക്കാലം ഒരു കൂട്ടുകാരനുള്ളതുകൊണ്ട് ആ നമ്പര്‍ കൂടി ലീനയുടെ കയ്യിലെത്തി. ആ നമ്പറിന്‍റെ ഉടമകള്‍ക്ക് വെറും ക്യൂരിയോസിറ്റിയുടെ പേരില്‍ ലീന 'Hai' എന്ന്‍  ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. കാലാന്തരങ്ങളായി ഊഷരമായി കിടക്കുന്ന  ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങിയ മഴത്തുള്ളികളാണ് തന്‍റെ ആ മൂന്നക്ഷരമുള്ള മെസ്സേജുകളെന്ന് അപ്പോള്‍ പാവം ലീന അറിഞ്ഞിരുന്നില്ല.


ആരെന്നും എന്തെന്നും ചോദിച്ച് അവളുടെ ഇന്‍ബോക്സില്‍ മെസ്സെജുകളെത്തി. ഒരു ലഞ്ച് ബ്രേക്കിന് സ്വിച്ച് ഓണ്‍ ചെയ്ത ഫോണ്‍ ഇടതടവില്ലാതെ റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കോള്‍ അറ്റന്‍റ് ചെയ്ത് ലീന സ്വയം പരിചയപ്പെടുത്തി. തന്‍റെ മൊബൈല്‍ സുഹൃത്തുക്കള്‍ വിഷമില്ലാത്ത ഇനത്തില്‍പ്പെട്ടെതാണെന്ന് ഉറപ്പായതോടെയാണത്രേ  ലീന; തനിക്ക് മെസ്സേജ് അയക്കാനുള്ള അനുമതി അവര്‍ക്ക് നല്കിയത്.


മെല്ലെ മെല്ലെ മെസ്സെജുകളിലൂടെ അവര്‍ അടുക്കാന്‍ തുടങ്ങി. 

കോമണ്‍ ഇന്‍ട്രസ്റ്റ് മ്യൂസിക്ക് ആണെന്ന്‍ മനസ്സിലായതോടെയാണ് അപ്പുക്കുട്ടന്‍ , താന്‍ കവിയാണെന്ന സത്യം ലീനയോട് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ലീനയെ, വിജയന്‍ ഈസ്റ്റ് കോസ്റ്റിന്‍റെ ആല്‍ബം സോങ്സിലെ വരികള്‍ കൊണ്ട് ഇംപ്രസ്സ് ചെയ്യാന്‍ അപ്പുക്കുട്ടന് വിഷമമേതുമുണ്ടായില്ല. വിനീഷ് ഒരു പടികൂടി കടന്ന്‍ പഴയ തമിഴ് പാട്ടുകളുടെ വരികള്‍ വിശാലിനേക്കൊണ്ട്  മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യിച്ചാണ് തന്‍റെ കവിത്വം സ്ഥാപിച്ചെടുത്തത്.
കോളേജ് ടൈമില്‍ അവളുടെ ഫോണ്‍ ഓഫായിരിക്കും. എങ്കിലും ലഞ്ച് ബ്രേക്കിൻ്റെ  സമയത്ത് അവളെ വിളിച്ചാല്‍ കിട്ടും. സംസാരം കുറവാണ്. ഒന്നാമത് അന്ന്‍ മൊബൈലിന് പ്രചാരമായി വരുന്നതേ ഉള്ളൂ. പിന്നെ, കോളേജില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല.
 ക്ലാസ്സും ടെന്നീസ് പ്രാക്ടീസും കഴിഞ്ഞ് രാത്രി 8മണി മുതല്‍ പുലര്‍ച്ചേ 4 മണി വരെ അവര്‍ അവള്‍ക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.

വിശാലിന്റെ വിവരണത്തിൽ നിന്നും എനിക്ക് കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി.

ലീനയെ ഇംപ്രസ്സ് ചെയ്യിക്കാന്‍ അപ്പുക്കുട്ടനും, വിനീഷും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്....!

അപ്പോഴാണ് വിശാലിന്റെ  കയ്യിൽ വായനശാലയിൽ നിന്നെടുത്ത ഒരു കവിതാ പുസ്തകം ഞാൻ ശ്രദ്ധിച്ചത്. ഏതോ ഖലീൽ ജിബ്രാൻ എഴുതിയത്.  അവനും ഇപ്പോൾ കവിതകൾ എഴുതുന്നുണ്ടത്രേ! കയ്യിലെ പാട്ടുകളുടെ സ്റ്റോക്ക് തീർന്നപ്പോൾ ഫ്രഷ് കവിതകൾക്കായി വിനീഷും അപ്പുക്കുട്ടനും ആദ്യം സമീപിച്ചത് വിശാലിനെയായിരുന്നു. എന്നാൽ ഇരുവർക്കും ഒരേസമയം കവിതാശകലങ്ങൾ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ട് അവനാണ് അപ്പുക്കുട്ടനോട് എന്നെ കാണാൻ പറഞ്ഞത്.

അപ്പോൾ ഒരര്‍ത്ഥത്തില്‍ പോരാട്ടം ഞാനും, വിശാലും തമ്മിലാണ്...

നന്ദിതയുടെയും,ഖലീൽ ജിബ്രാന്റെയും  പ്രണയ ബിംബങ്ങളിൽ നിന്നും ഉത്തേജിതനായി വിശാൽ  കുറിക്കുന്ന അർത്ഥഗർഭമായ കവിതകളോടാണ് എനിക്ക് മത്സരിക്കേണ്ടത്.


"നിനക്കു നല്കുവാന്‍ മടിച്ചുഞാനെന്‍ മനവാടിയില്‍

 വിരിഞ്ഞ പ്രണയവാടാമല്ലിപ്പൂക്കള്‍."

വിഖ്യാതനായ എഴുത്തുകാരുടെ കവിതകൾ വായിക്കാനും അർത്ഥം മനസ്സിലാക്കാനും വല്യ വശമില്ലാത്തതിനാൽ  മഴയും, മഞ്ഞുതുള്ളിയും, കുഞ്ഞുപൂക്കളും, പുല്‍നാമ്പുകളും വരെ എനിക്ക്  ലീനാ ഐസക്കിനായുള്ള  കവിതകളുടെ  പ്രചോദനങ്ങളായി മാറി.


ഗത്യന്തരമില്ലാതെയാണ് അപ്പുക്കുട്ടൻ എന്നോട് കവിതകൾ ചോദിച്ചത് എന്ന് മനസ്സിലായപ്പോൾ  ഉള്ളില്‍ ദേഷ്യം നുരഞ്ഞുപൊങ്ങിയെങ്കിലും, ഞാന്‍ എഴുതുന്നതെല്ലാം കാണാമറയത്തിരുന്ന് ഒരു സുന്ദരിക്കുട്ടിയാണ് വായിക്കുന്നത് എന്ന ചിന്ത എന്നെ വല്ലാതെ തരളിതനാക്കി. അമ്മയില്ലാത്ത, ലോകത്തെ ഏറ്റവും ക്രുരനായ ഒരച്ഛൻ വളർത്തിയ സ്നേഹമെന്തെന്നറിയാത്ത, നല്ല സൗഹൃദങ്ങളില്ലാത്ത ഒരു പാവം പെൺകുട്ടി! അവൾ സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. ചിറകുകൾ വിടർത്തി അനന്തവിഹായസ്സിലൂടെ  പറക്കാൻ കൊതിക്കുന്നു.... 

ലീന ഐസക്കിന്റെ വർണ്ണചിത്രം  എന്‍റെ മനസ്സിന്‍റെ ചുവരുകളില്‍ കോറിയിടുവാന്‍ ഒരു ശ്രമം നടത്തി.
കടവന്ത്രയിലുള്ള അവളുടെ ഇരുനില വീടിന്‍റെ ബാല്‍ക്കണിയിലെ ചൂരലൂഞ്ഞാല്‍ കസേരയില്‍ ചാരിക്കിടന്ന് അപ്പുക്കുട്ടന്‍ അയച്ചുകൊടുത്ത  എന്‍റെ വരികള്‍ അവള്‍ വായിക്കുന്നതും, ധനുമാസരാത്രിയിലെ നേര്‍ത്ത കാറ്റില്‍ കവിളിലേക്ക് പാറിവീണ അഴകളകങ്ങള്‍ മാടിയൊതുക്കുന്നതും, നിലാവില്‍ ആ മുഖം മറ്റൊരു പൂര്‍ണ്ണേന്ദുവായി  മാറുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു..... (തുടരും)

Monday, November 19, 2018

"ചാന്ദ്നീ രാത്....."


മൈസൂർ ബാംഗ്ലൂർ റോഡിലെ ആളൊഴിഞ്ഞ വഴിയരികിൽ കാർ ഒതുക്കി നിർത്തുമ്പോൾ സമയം 10.15
ഒരു മണിക്കൂറോളമായി കലപില സംസാരിച്ചുകൊണ്ടിരുന്ന ചാന്ദ്നി  മ്യൂസിക് സിസ്റ്റത്തിൽ നിന്നും മൃദുസ്വരത്തിൽ കേൾക്കുന്ന  പാട്ടിനൊപ്പം മൂളിക്കൊണ്ടിരിക്കുകയാണ്.
“തും ജോ ഹസ്തീഹോ തോ യേ മോസം മുസ്കുരാത്താ ഹേ,
 കലിയാ ഖിൽത്തീ ഹേ സാരാ ആലം ഗുൻ ഗുനാത്താ ഹേ...”
“ഷാനിന്റെ പാട്ട് ഇഷ്ടമാണോ?”
“ഉം... മുമ്പ് വീട്ടില് ഈ ആൽബത്തിന്റെ ഓഡിയോ കാസറ്റുണ്ടായിരുന്നു. തിരിച്ചും മറിച്ചും എത്രതവണ കേട്ടിരിക്കുന്നു.”
“അത്രക്കിഷ്ടമാണോ?”
“പിന്നേ, പക്ഷേ എന്നേക്കാൾ വലിയൊരു ഹിന്ദിസോങ്സ് ആരാധികയുണ്ട് വീട്ടില്, പൊന്നുമ്മ.അതായത് എന്റെ വാപ്പിച്ചീടെ ഉമ്മ. പുതിയ ജനറേഷനിലെ പ്രിതത്തിന്റെ മ്യൂസിക്കിനെക്കുറിച്ചുവരെ ആൾക്ക് നല്ല തിട്ടമാണ്”
“അറിയാം... മുഹമ്മദ് റഫിയുടെ പാട്ടോർമ്മവന്നതുകൊണ്ടാ, പൊന്നുമ്മ തനിക്ക് ‘ചാന്ദ്നി നൂർജഹാനെന്ന്'  പേരിട്ടതെന്ന്  മുമ്പ് പറഞ്ഞതായിട്ട് ഓർക്കുന്നുണ്ട്....”
 അതുകേട്ട് അവൾ ചിരിച്ചു.
 “ഈ മുഖം ആദ്യമായിട്ട് കണ്ടപ്പോ പൊന്നുമ്മക്ക് ഓർമ്മവന്ന പാട്ടേതാണെന്ന് എന്നോടിപ്പോഴും പറഞ്ഞിട്ടില്ല”
“ഹയ്യട...എന്നെ കളിയാക്കാനല്ലേ?” അവളുടെ മുഖം തുടുത്തു.
കാറിന്റെ ഗ്ലാസ്സ് പതിയെ താഴ്ത്തിയപ്പോൾ മരവിപ്പിക്കുന്ന മഞ്ഞ് ഇരമ്പിയെത്തി.  തണുപ്പിന്റെ കരം തൊട്ടപ്പോൾ അവൾ ‘ഹോ’ എന്നും പറഞ്ഞ് ഒന്ന് ചുരുങ്ങി.
“ബാംഗ്ലൂരില് വന്നിട്ട് വർഷം മൂന്നായെങ്കിലും ടൗണീന്ന് വിട്ട് ഇത്രേം ദൂരമൊക്കെ ഈ സമയത്ത് വരുന്നത് ആദ്യാ......”
“അതും മൂന്നാല് മാസം മുമ്പ് വരെ കാണുന്നതേ വെറുപ്പായിരുന്ന ഒരാളോടൊപ്പം....അല്ലേ?” അവൻ ചിരിയോടെ ചോദിച്ചു.
“എന്നൊന്നും പറഞ്ഞൂടാ, എന്നെ ഫോളോ ചെയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോ സത്യത്തിലൊരു പേടിയായിരുന്നു. അല്ലാതെ... ”
“എനിക്ക് പക്ഷേ മൂന്നാലുമാസം മുമ്പുവരെ ചാന്ദ്നിയോടുണ്ടായിരുന്ന ആറ്റിറ്റ്യൂഡിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ന് മനസ്സിലായി”
“അതെന്താ”
“കളിയായിട്ടും കാര്യമായിട്ടും കൂട്ടുകാരൊക്കെ പറയാറുണ്ട്; എനിക്കെന്റെ വീട്ടുകാരുകഴിഞ്ഞാ ഏറ്റവും സ്നേഹം സച്ചിൻ ടെണ്ടുൽക്കറോടാണെന്ന്. ഇന്ന് ആള് 80സിൽ ബാറ്റു ചെയ്തുകൊണ്ടിരിക്കുമ്പോഴാ അതും വിട്ടിട്ട് ഞാൻ തന്നെ കാണാൻ വന്നത്. സച്ചിൻ കളിച്ചുകൊണ്ടിരിക്കുമ്പോ ഞാൻ രാത്രി തന്നെ മീറ്റ് ചെയ്യാൻ വന്നെന്ന് സരികയും ജിജോയുമൊന്നും അറിയണ്ട, കൊല്ലുമെന്നെ. ഇതുവരെ അവര് വിചാരിച്ചിട്ടും നടന്നിട്ടില്ല” അവൻ ചിരിച്ചു.
“അത്രക്കിഷ്ടമാണോ ക്രിക്കറ്റ്?”
“അത്രക്കിഷ്ടമാണ് സച്ചിനെ. ചാന്ദ്നീടെ പൊന്നുമ്മക്ക് മുഹമ്മദ് റഫിയോടുള്ള ഇഷ്ടത്തേക്കാൾ കൂടുതൽ ഇഷ്ടം. ഒരു ചേട്ടനോടെന്നപോലെ ഇഷ്ടം. ആ ഇഷ്ടക്കൂടുതൽ കൊണ്ട് ഞാനെത്ര  വഴക്കുണ്ടാക്കിയിട്ടുണ്ടെന്നറിയോ”
അവൾ മറുപടിയായി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.

മ്യൂസിക് സിസ്റ്റത്തിലെ പാട്ട് തീർന്നപ്പോൾ ഇരുവർക്കുമിടയിൽ നിശബ്ദതയുടെ നനുത്ത ആവരണം.

“വിശക്കുന്നു” അവൾ ചിണുങ്ങി.

കസ്തൂർബ റോഡിൽ  ചാന്ദ് നിയും കൂട്ടുകാരികളും താമസിക്കുന്ന  വീട്ടിൽ ബൈക്ക് വെച്ച് നാട്ടിൽ പോയ അവളുടെ കൂട്ടുകാരികളിലൊരാളുടെ കാറുമെടുത്ത് ഒരു നൈറ്റ് റൈഡിനിറങ്ങുമ്പോൾ വിശപ്പിനേക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒന്നര മണിക്കൂറെങ്കിലും യാത്ര ചെയ്തുകാണും. ഒരു പ്ലാനുമില്ലായിരുന്നു എവിടെ പോകണമെന്നോ, എന്തു ചെയ്യണമെന്നോ ഒന്നും! ചാന്ദ്നിയോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന കുറച്ചു സമയം, അതും അവളായിട്ട് ഇങ്ങോട്ട് ആവശ്യപ്പെട്ടത്, എന്തിന്റെ പേരിലും നഷ്ടപ്പെടുത്തരുതെന്നേ ഉണ്ടായിരുന്നുള്ളൂ.

ആതിഷ് കാറിൽ നിന്നും പുറത്തിറങ്ങി നോക്കി. തട്ടുകട പോയിട്ട് ഒരു മനുഷ്യ ജീവി പോലും ആ പരിസരത്തെങ്ങുമില്ല. കാർ നിർത്തിയതിനടുത്തുള്ള സ്റ്റ്രീറ്റ് ലൈറ്റ് കഴിഞ്ഞാൽ പിന്നെ വെട്ടമുള്ളത് ആകാശത്തെ ഒരു ചെറു നിലാക്കീറിൽ നിന്നുമാത്രം.  വശങ്ങളിൽ കണ്ണെത്താ ദൂരത്തോളം ഇരുൾ പുതച്ച് കിടക്കുന്ന കൃഷിയിടങ്ങൾ.
അവൻ ചാന്ദ്നിയുടെ വശത്ത് ചെന്ന് ചില്ലിൽ ചെറുവിരൽ ചേർത്ത് ‘ഒന്നിന്’ പോയിട്ട് വരാമെന്ന് സിഗ്നൽ കാണിച്ചു.
അവൾ ഗ്ലാസ് താഴ്ത്തി.
“ഞാൻ കാണെണ്ടെന്ന് കരുതി  ദൂരേക്കൊന്നും പോകണ്ടാട്ടോ. ഒറ്റക്കിരിക്കാൻ എനിക്ക് പേടിയാ”
“ ഇപ്പോ വരാം”  എന്നും പറഞ്ഞ് അവൻ പാടത്തേക്കിറങ്ങി.

അതൊരു പച്ചക്കറി തോട്ടമാണ്. വിളഞ്ഞു നിൽക്കുന്ന വെണ്ടക്കയിൽ നിന്നുള്ള മടുപ്പിക്കുന്ന മുഷിഞ്ഞ ഗന്ധമുണ്ട് അന്തരീക്ഷത്തിൽ. തണുപ്പിന്റെ സൂചിക്കൈകൾ ശരീരത്തിൽ ആഴ്ന്നിറങ്ങുന്നു.  സ്റ്റീരിയോയുടെ ശബ്ദം നന്നേ കുറച്ച് ചാന്ദ്നി ചുറ്റും നോക്കി. ആതിഷ് പോയിട്ട് അഞ്ചു മിനിട്ടോളമായി.  അകലെ ഇരുട്ടിൽ നിന്ന് ആരൊക്കെയോ കൈവീശി വിളിക്കുന്നുണ്ടെന്ന്‌തോന്നി അവൾക്ക്. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൻ ഇരുളിൽ നിന്നെവിടെനിന്നോ കയറി വന്ന് ചില്ലിൽ തട്ടി അവൾ ഗ്ലാസ്സ് താഴ്ത്തി.
 “ നമുക്കൊരിടം വരെ പോകാം?” ചോദിച്ചപ്പോൾ അവന്റെ വായിൽ നിന്നും പുകച്ചുരുളുകൾ പോലെ നീരാവിയുതിർന്നു.
 “എവിടെ?” അവൾ ചോദിച്ചു.
“ദാ കുറച്ചേ പോകാനുള്ളൂ വാ”
അവൻ വിളിച്ചപ്പോൾ അവൾ പുറത്തിറങ്ങി ഷാളെടുത്ത് ശിരസ്സിലൂടെ ചുറ്റി.
പച്ചക്കറിതോട്ടത്തിനിടയിലുള്ള സാമാന്യം ഉയരമുള്ള വരമ്പിലൂടെ ബാലൻസ് ചെയ്ത് ആതിഷിനൊപ്പം നടക്കാൻ ചാന്ദ്നി നന്നേ പാടുപെട്ടു. അവൾ ഒരുറപ്പിന് അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു. ആ കൈക്കൊരിളം ചൂടുണ്ടെന്ന് ആതിഷ് അറിഞ്ഞു.  കുറച്ചു നടന്ന് വിശാലമായ മറ്റൊരു പാടത്തെത്തിയപ്പോൾ അവൻ നിന്നു.
 “ദാ നോക്ക്” അവൻ കൈ ചൂണ്ടിയിടത്ത് നോക്കിയപ്പോൾ അവൾ കണ്ടു, വിളഞ്ഞ് മൂപ്പെത്തിയ തണ്ണിമത്തൻ. ഒന്നല്ല ഒരുപാടെണ്ണം.
“കട്ടെടുക്കാനാണോ?” അവൾ കണ്ണിറുക്കി ചോദിച്ചു.
“ഉടമസ്ഥനെ നമുക്കറിയില്ലല്ലോ, അപ്പോപ്പിന്നെ കട്ടെടുക്കാതെ വേറെ വഴിയില്ല.”
ഇരുവരും പാടത്തേക്കിറങ്ങി മൂപ്പെത്തിയ മൂന്നോളം തണ്ണിമത്തൻ ഞട്ട് പിരിച്ചെടുത്തു.
പെട്ടെന്ന് തൊട്ടുപിന്നിൽ നിന്നൊരു ശബ്ദം! ആതിഷ് ചുണ്ടിൽ വിരൽ ചേർത്ത് ശബ്ദിക്കരുതെന്ന്  നിർദ്ദേശം നൽകി. ചാന്ദ്നി അവനോട് ചേർന്ന് നിന്ന് മൊബൈൽ ടോർച്ചിന്റെ വെട്ടം വീഴുന്നിടത്തേക്ക് നോക്കി.  കുറച്ചു മുൻപിലായി ഫണമുയർത്തി നിൽക്കുന്ന ഒരു മൂർഖൻ! ഉയർത്തിപ്പിടിച്ച ശിരസ്സ് കൊണ്ട് ചാഞ്ഞും ചെരിഞ്ഞുമൊക്കെ നോക്കുന്നുണ്ട്. വള്ളിപ്പടർപ്പിനുള്ളിലായിരുന്ന ശരീരം വളഞ്ഞ് വളഞ്ഞ് പുറത്തേക്ക് വരുന്നു. മുന്നോട്ട് കുതിക്കാനുള്ള തയ്യാറെടുപ്പാണ്. പിന്നെ  ജീവനും,  കയ്യിൽപ്പിടിച്ച് ഒരോട്ടമായിരുന്നു. അവിടേക്ക് വരുമ്പോഴുണ്ടായ പരിചയക്കുറവോ, വെളിച്ചമില്ലായ്മയോ ഒന്നും തിരിഞ്ഞോടാൻ നേരത്ത് പ്രശ്നമായില്ല.

ഇരുവരും കാറിൽ കയറി കതകടച്ചിരുന്ന് കിതച്ചു. അവളുടെ വിയർപ്പിന് ഊദിന്റെ മധുരഗന്ധം.  പരസ്പരം നോക്കിയപ്പോൾ ഇരുവർക്കും ചിരിപൊട്ടി.   “നമ്മളെപ്പോലുള്ള  കള്ളന്മാരെ ഓടിക്കാൻ കൃഷിക്കാര് വളർത്തുന്നതാവും അതിനെ” ആതിഷിന്റെ കമന്റ് കേട്ടതോടെ അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി . ചിരിക്കുമ്പോൾ, കീഴ്ച്ചുണ്ടിന്റെ തൊട്ടുതാഴെ ഇരുവശത്തുമായി  തെളിയുന്ന കുഞ്ഞു നുണക്കുഴികൾ. മുഖത്തേക്ക് പാറിവീണ മുടിയിഴകൾ, പഴയ കൗമാരക്കാരനായിരുന്നെങ്കിൽ ഇതിനോടകം  താൻ അവളെക്കുറിച്ച് എത്രയോ കവിതകൾ എഴുതിയേനെയെന്നോർത്തു ആതിഷ്. എത്രയൊക്കെ അടക്കിനിർത്താൻ ശ്രമിച്ചിട്ടും ഹൃദയം കൂടുതൽ താളാത്മകമാവുകയാണ്, സന്തോഷം കൊണ്ട് നിറഞ്ഞു തൂവുകയാണ്. ഒരുപക്ഷേ സച്ചിൻ ടെണ്ടുൽക്കർ ഒരു സെഞ്ച്വറി നേടുമ്പോൾ തോന്നുന്ന അതേ സന്തോഷമാണ് ചാന്ദ്നിയുടെ സാമീപ്യത്തിൽ അനുഭവിക്കുന്നത്. അഭിനയിക്കാൻ മോശമായതുകൊണ്ട്, കോളേജിൽ യൂണിയൻ ഇനാഗ്രേഷനോടനുബന്ധിച്ച്  ഹോസ്റ്റലിലെ കൂട്ടുകാർ ഒരുക്കിയ നാടകത്തിനുപോലും സെലക്ഷൻ കിട്ടാതിരുന്ന താനാണിപ്പോൾ ചാന്ദ്നിക്കു മുന്നിൽ  പ്രണയം മനസ്സിലൊളിപ്പിച്ച് ഒരു നല്ല സുഹൃത്തിന്റെ വേഷം തന്മയത്വത്തോടെ  അഭിനയിക്കുന്നത്.

കാർ പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ അവള്‍ ചോദിച്ചു
“ ഇനിയെങ്ങോട്ടാ?”
“ നമുക്കൊരിടം വരെപോകാം, ഇത് കഴിക്കണ്ടേ?”
“ ഉം... എനിക്കാണെങ്കിലിതിന്റെ സ്മെല്ല് കിട്ടിയപ്പോഴേ വിശപ്പ് ഇരട്ടിയായി” അവൾ കയ്യിലിരുന്ന തണ്ണിമത്തനിൽ മെല്ലെ വിരലുകൾ കൊണ്ട് താളം പിടിച്ചു.
“ആദി, ഞാൻ ഒരു കാര്യം ചോദിക്കട്ടെ...”
“ചോദിക്ക്...”
“അന്നെന്നെ ഫോളോ ചെയ്തല്ലേ?”
“എന്ന്?”
“അന്ന് ഞങ്ങളുടെ കോളേജ് ബസ്സിന് പുറകേ, ഞങ്ങളുടെ ഡ്രാമാ കോമ്പിറ്റീഷൻ നടന്നയിടത്തും, പിന്നെ മഴനനയൽ ക്യാമ്പിലുമൊക്കെ വന്നത്....അല്ലേ?”
“മ്....... എന്നുചോദിച്ചാൽ, അതെ!”
“അതെന്താ?”
അവൻ അവളുടെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു.... “ഒരുപാട് നാളായി ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഈ മുഖം.”
“എന്നുവെച്ചാൽ?”
“എന്നുവെച്ചാൽ, നമ്മൾ ആദ്യം കണ്ടതെവിടെ വെച്ചാണെന്ന് ചാന്ദ്നി ഓർക്കുന്നുണ്ടോ?”
“അന്ന് നിങ്ങൾ ഫോളോ ചെയ്യുന്നതിന് തൊട്ടുമുമ്പ്, ആ ട്രാഫിക് സിഗ്നലിൽ വെച്ചല്ലേ?” അവൾ ഓർമ്മയിലൊന്ന് പരതിയിട്ട് ചോദിച്ചു.
ആതിഷ് നിഷേധാർത്ഥത്തിൽ ശിരസനക്കി.
“പിന്നെ?”
“അതിനും, ഒരുവർഷം മുൻപ്”
“എങ്ങിനെ?”
“9846516621 ഈ മൊബൈൽ നമ്പർ ഓർമ്മയുണ്ടോ?”
“ഇത്...... ഇതെന്‍റെ  ഉമ്മീടെ പഴയ മൊബൈൽ നമ്പറാണല്ലോ?” അവള്‍ അത്ഭുതം കൊണ്ടു.
ആതിഷ് പുഞ്ചിരിച്ചു...
“ഇതെങ്ങിനെയറിയാം?”
അവൻ പിന്നെയും ചിരിച്ചു.
“ഹേയ്, പറയ്... ഇതെങ്ങിനെയറിയാം?”
“ബാംഗ്ലൂരിൽ ബോംബ് ബ്ലാസ്റ്റ് നടന്നത് ഓർക്കുന്നുണ്ടോ?.... അന്ന് ഫോറം മാളിൽ ചാന്ദ് നി സിനിമ കണ്ടുകൊണ്ടിരുന്ന സിനിമാ ഹാളിൽ ഞാനുമുണ്ടായിരുന്നു.”
അവൾ മനസ്സിലാവാതെ അവനെ നോക്കി.
“ ഷോ നിർത്തിവെച്ച് പോലീസ് എല്ലാവരേയും പുറത്തേക്കിറക്കുന്ന സമയത്ത് ഒരാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ച് സേഫാണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ?”
“ഉവ്വ്.... അന്ന്.......... ഞാൻ ഫോൺ വാങ്ങിയത്???”
“ഉം... എന്റെ കയ്യീന്നാണ്”
“യാ അല്ലാഹ്....” അവൾ നെറ്റിയിൽ കൈ വെച്ചു.
“അന്ന് ആ ആൾക്കൂട്ടത്തിനും ബഹളത്തിനും ഇടയിൽ വെച്ച് മിസ്സായ  ഈ മുഖം ഞാൻ പിന്നീട് കാണുന്നത് ഒരു വർഷത്തിന് ശേഷം ഒരു രാത്രിയിൽ ബാംഗ്ലൂരിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ആ കോളേജ് ബസ്സിനുള്ളിലാണ്....”
അവള്‍ അവിശ്വസനീയതയോടെ അവനെ നോക്കി.
"അന്ന്‍ ആരാണെന്നോ എവിടെനിന്നാണെന്നോ ഒന്നുമറിയാതെ കണ്‍മുമ്പീന്ന് മാഞ്ഞുപോയ ഒരാളെ അപ്രതീക്ഷിതമായി വീണ്ടും കണ്ടപ്പോ വെറുതെവിടാന്‍ തോന്നിയില്ല."
"ഒരുവര്‍ഷത്തിന് ശേഷവും എന്‍റെ മുഖം ഓര്‍മ്മയുണ്ടായിരുന്നോ?"
"ഉം..."
"ബട്ട് ഹൌ???"
"ആയിടക്ക് ഞാന്‍ ചെയ്ത ആനിമേഷന്‍ കഥാപാത്രത്തിന് കൊടുത്തത് ഈ മുഖമായിരുന്നു... ഓര്‍മ്മയില്‍ നിന്നെടുത്ത് ഞാന്‍ വരച്ച ഈ മുഖം"
കുറച്ചു നേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല.

കാര്‍ മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞു പുല്‍പ്പാതയിലൂടെ ചെറിയൊരു കുന്നുകയറാന്‍ തുടങ്ങി.
"ഇതെവിടേക്കാ?" അവള്‍ ചോദിച്ചു.
"കണ്ടോ..." അവന്‍ ചെറിയൊരു സസ്പെന്‍സിട്ടു.

കാര്‍ ആ കുന്നിന്മുകളില്‍ ചെന്നു കിതച്ചു നിന്നു. ചുറ്റും നിലാവെളിച്ചത്തില്‍ നീന്തി നടക്കുന്ന കോടമഞ്ഞ്. അവള്‍ ഡോര്‍ തുറന്ന്‍ പുറത്തിറങ്ങി ആ മനോഹാരിതയില്‍ ലയിച്ചങ്ങിനെ നിന്നു. ദൂരെ ഏതോ പട്ടണത്തില്‍ കണ്ണുതുറന്ന്‍ നില്‍ക്കുന്ന വൈദ്യുത ദീപങ്ങള്‍ മിന്നാമിനുങ്ങുകളേപ്പോലെ കാണാം.
"ആദി മുന്‍പിവിടെ വന്നിട്ടുണ്ടോ?"
"ഉവ്വ്, സരികയ്ക്കും, ജിജോയ്ക്കുമൊപ്പം. ഇവിടെവെച്ചാണ് തന്നെ കണ്ടുപിടിക്കാനുള്ള വഴികളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചത്. തമ്മില്‍ പരിചയപ്പെടാന്‍ കഴിഞ്ഞാല്‍ തന്നെ ഇവിടെ കൊണ്ടുവരണമെന്നത് എന്‍റെയൊരു ആഗ്രഹമായിരുന്നു."
"അതെന്താ?"
"വെറുതേ......"
"വെറുതേ?"
"ഉം... ആഗ്രഹിക്കുമ്പോ ആകാശത്തോളം ആഗ്രഹിക്കണമെന്നല്ലേ?" അവന്‍ ചിരിച്ചു
"ഞാന്‍ കരുതിയിരുന്നത് സരിക ആദിയുടെ ഗേള്‍ഫ്രണ്ടാണെന്നാണ്"
"ഓഫീസിലടക്കം പലര്‍ക്കും അങ്ങിനെയൊരു ധാരണയുണ്ട്. ഞങ്ങളായിട്ടത് ഇതുവരെ തിരുത്താനും പോയിട്ടില്ല. ബട്ട്, ഷി ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്"

കാറിന്‍റെ ഡിക്കി തുറന്ന്‍ അതിലിരുന്ന് ഇരുവരും കഷ്ണങ്ങളാക്കിയ തണ്ണിമത്തന്‍ ആസ്വദിച്ച് കഴിച്ചു. സംസാരത്തിനിടയില്‍ എത്ര കഴിച്ചെന്ന് തന്നെ ഓര്‍മ്മയില്ല. വിശപ്പ് നന്നേ അടങ്ങിയിരിക്കുന്നു. ഇരുവരുടെയും നിശബ്ദതക്കിടയില്‍ ചീവീടുകളുടെ സംഗീതം നിറഞ്ഞു. ഇരുവരും കാറില്‍ കയറിയിരുന്നു. സമയം 12 മണി കഴിഞ്ഞിരിക്കുന്നു.

"പോകാം?" ആതിഷ് ചോദിച്ചു.
"ഉം"
അവന്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഗിയറിടാന്‍ തുടങ്ങുമ്പോള്‍ അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചു.
"സീരിയസ്സായിട്ട് ഞാനൊരു കാര്യം ചോദിക്കട്ടെ?"
അവന്‍ അവളെ നോക്കി.
"അതായത്, മൂന്നാല് മാസം മുന്‍പ് വരെ എന്നോടുണ്ടായിരുന്ന ആറ്റിറ്റ്യൂഡില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞില്ലേ?എന്താ അത്?"
“എന്നു ചോദിച്ചാ, എനിക്ക് പ്രിയപ്പെട്ടതെന്തും തനിക്കുവേണ്ടി ഒഴിവാക്കുന്ന ആ ആറ്റിറ്റ്യൂഡ്. അന്ന് വീട്ടിലേക്കുള്ള യാത്ര പാതിവഴിക്ക് ഉപേക്ഷിച്ച് തന്റെ കോളേജ് ബസ്സിനെ ഫോളോ ചെയ്തതും, ഇപ്പോ സച്ചിന്റെ ഒരു സെഞ്ച്വറി ഉപേക്ഷിച്ചിട്ട് തന്നെ കാണാൻ വന്നതുമൊക്കെ അതിന്റെ പരിധിയിൽ വരും..” അവൻ ചിരിച്ചു.
അവൾ അവനെ തന്നെ നോക്കിയിരിക്കുകയാണ്.
“എനിക്കത് മാറ്റാൻ പറ്റുമോന്നൊന്നും അറിയില്ല, എങ്കിലും അതുകൊണ്ട് ചാന്ദ്നിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. അസ് എ ഫ്രണ്ട്, ഇറ്റ്സ് മൈ പ്രോമിസ്!” ആതിഷ് പറഞ്ഞൊപ്പിച്ചു.

അവൾ അങ്ങിനെയൊരു ചോദ്യം ചോദിക്കുമെന്ന് കരുതിയതല്ല. ഒരു ടീനേജ് റോമിയോയെപ്പോലെ പിന്നാലെ നടന്നതൊക്കെ അവൾക്ക് നന്നായിട്ടറിയാം. ആദ്യം തോന്നിയ ദേഷ്യവും, തെറ്റിദ്ധാരണയുമൊക്കെ മാറി അവൾ ഒന്ന് അടുപ്പം കാണിച്ചുതുടങ്ങിയിട്ട് അധികമായിട്ടില്ല.  അതുകൊണ്ട് തന്നെ പഴയതിനെപ്പറ്റിയൊന്നും ബോധപൂർവ്വം തന്നെ സംസാരിക്കാറുമില്ല. ഇതിന്നിപ്പോ അറിയാതെ നാവിൻ തുമ്പിൽ നിന്നും വീണുപോയതാണ്. പക്ഷേ, അവളത് ശ്രദ്ധിച്ചിരുന്നു!

 “അല്ലാ, ആദിയിനി ആ ആറ്റിറ്റ്യൂഡ് മാറ്റണ്ടന്നാ എനിക്ക്....” അവൻ കാർ റിവേഴ്സെടുത്തുകൊണ്ടിരിക്കേ, അവൾ പതിയെ പറഞ്ഞു,
പെട്ടെന്ന് അവന്റെ കാൽ ബ്രേക്കിൽ അമർന്നു. കാർ ഒന്ന് ആടിയുലഞ്ഞ് നിന്നു....
“ എന്താ പറഞ്ഞേ?” അവൻ അവിശ്വസനീയതയോടെ അവളെ നോക്കി.
അവളുടെ മുഖം ചുവന്ന് തുടുക്കുന്നത് അവൻ കണ്ടു. അവൻ ഇമയനങ്ങാതെ ആ മുഖത്തേക്ക് നോക്കി.
“എന്റെയുള്ളില്‍ ആദിയോടെന്താണെന്ന് മനസ്സിലായില്ലാന്നു മാത്രം പറയരുത്.” അവളുടെ സ്വരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ആതിഷ് സ്റ്റിയറിങ്ങിൽ നിന്നും രണ്ടുകൈകളുമെടുത്ത് ശിരസ്സിൽ ചേർത്ത് ദീർഘമായി ഒന്ന് നിശ്വസിച്ചു. അവൾ അവന്റെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു. ആതിഷ് സ്റ്റിയറിങ്ങിലേക്ക് ചാഞ്ഞ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി... അവൾ പുറത്തേക്ക് നോക്കിയിരിപ്പാണ്, എങ്കിലും ചുണ്ടിനു കീഴെ താടിയിലിരുവശത്തുമായി ആ നുണക്കുഴികൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
“എനിക്കിപ്പോ എന്താ തോന്നുന്നതെന്ന് പറയട്ടെ?” അവൻ ചോദിച്ചു.
അവൾ തിരിഞ്ഞ് കണ്ണുകൾ കൊണ്ട് ‘എന്താ' എന്ന് ചോദിച്ചു.
“സിനിമയിലൊക്കെ കാണുന്നപോലെ ഈ കുന്നിൻ മുകളിൽ നിന്ന് ഉച്ചത്തിലൊന്ന് കൂവി വിളിക്കണമെന്നുണ്ട്. പക്ഷേ, പോലീസ് പട്രോളിങ്ങിനിറങ്ങുന്ന സ്ഥലമായതുകൊണ്ടാ ചെയ്യാനൊരു മടി.”

ലജ്ജയില്‍ നനഞ്ഞ് അവൾ ചിരിച്ചു..... ഇത്രയും നാൾക്കിടയിൽ അവളിൽ കണ്ട ഏറ്റവും വശ്യമായ ചിരിയതാണെന്നവന് തോന്നി.

“എനിക്കിപ്പോ ഒരു കാര്യം മനസ്സിലായി” അവൻ പറഞ്ഞു.
“എന്ത്?”
“ഈ മുഖം ആദ്യമായി കണ്ടപ്പോൾ പൊന്നുമ്മയുടെ മനസ്സിൽ വന്ന പാട്ടേതാണെന്ന്”
“ഏതാ?” അവൾ കൗതുകത്തോടെ ചോദിച്ചു.
മറുപടിയൊന്നും പറയാതെ ആതിഷ് സ്റ്റീരിയോവിൽ ഒരു പാട്ട് പ്ലേ ചെയ്തു.

‘ചൗദ് വീൻ കാ ചാന്ദ് ഹോ, യാ അഫ്താബ് ഹോ
ജോ ബീ ഹോ തും ഖുദാ കി കസം ലാജവാബ് ഹോ'

മുഹമ്മദ് റഫിയുടെ മധുരസ്വരം കുന്നിൻ മുകളിൽ മേഞ്ഞു നടന്ന കോടമഞ്ഞിനോടൊപ്പം അന്തരീക്ഷത്തിൽ ഒഴുകിനടന്നു....
നിലാവുദിച്ചപോലൊരു മുഖം ഭൂമിയിൽ കണ്ടു ലജ്ജ തോന്നിയതുകൊണ്ടാവണം, മുകളിൽ മങ്ങി നിന്നിരുന്ന ചന്ദ്രൻ ഒരു മേഘത്തിൽ മറയിലൊളിച്ചു........