Sunday, June 15, 2014

പ്രണയകഥ- love story / (പഴയ ഏടുകൾ)

   
നിങ്ങളെ ഏറ്റവും അലോസരപ്പെടുത്താറുള്ള സംഗതി എന്താണ്?
 ഈ ചോദ്യത്തിന് പലതരം ഉത്തരങ്ങൾ കിട്ടിയേക്കാം.അത് സ്വന്തം ജീവിതാനുഭവങ്ങളുടെ വ്യാപ്തിയും,തീഷ്ണതയും പോലിരിക്കും.ഒരു ശരാശരി ആൺകുട്ടിയോട് ചോദിച്ചാൽ കിട്ടിയേക്കാവുന്ന വളരെ സാധാരണമായ ഒരു ഉത്തരം ഞാൻ പറയാം. അത് പഴയ ഗേൾഫ്രണ്ടിനെ കണ്ടുമുട്ടുമ്പോഴാണ്.
കണ്ടുമുട്ടുന്നത് എങ്ങിനെ വേണമെങ്കിലും ആകാം.
ഹൈവേയിൽ സിഗ്നൽ കാത്തുകിടക്കുമ്പോൾ,അരികിൽ വന്നു നിൽക്കുന്ന കാറിനുള്ളിൽ...
തിരക്കുള്ള ഷോപ്പിങ്ങ് മാളിലെ എസ്കവേറ്ററിൽ...
അതുമല്ലെങ്കിൽ, ഒരു പൊതു സുഹൃത്തിന്റെ ഫേസ്ബുക്ക് പേജിൽ കമന്റിന്റെ രൂപത്തിൽ..
അങ്ങിനെ എങ്ങിനെ വേണമെങ്കിലും ആകാം.അതൊരു അവധി ദിവസം കൂടിയാണെങ്കിൽ പറയുകയും വേണ്ട. അന്നത്തെ സകല മൂഡും പോയിക്കിട്ടും

റെയില്‍വേ സ്റ്റേഷന്‍ഏതാണ്ട് ഏഴ് വർഷങ്ങൾക്കു മുൻപ് ഒരു ഓണക്കാലത്ത്, വൈകുന്നേരം ഇടപ്പള്ളി മുതല്‍ ആലുവ വരെയുള്ള  സിഗ്നലുകളില്‍  ഞാൻ അക്ഷമയോടെ കാത്തുകിടന്നു...... ..
സമയത്തിന് റെയില്‍വേ സ്റ്റേഷനില്‍ എത്തണം..
തമ്മിലൊന്ന് കാണണം.
സംഗതി  അല്പം റൊമാന്റിക്കാണ്.
അവൾ ആദ്യമായി സാരിയുടുത്തിരിക്കുന്നു.കോളേജിൽ ഓണാഘോഷമായിരുന്നു.അതേ വേഷത്തിലാണ് വീട്ടിലേക്ക് വരുന്നത്.
ഷൊർണ്ണൂർ പാസഞ്ചറിൽ.
എറണാകുളത്ത് അവൾ ഇറങ്ങും മുൻപ് ഏതെങ്കിലും സ്റ്റേഷനിൽ നിന്നും കയറി തമ്മിൽ കാണണം.അതായിരുന്നു ആവശ്യം. എന്നാൽ നടന്നതോ..?
എന്റെ ഓർമ്മയിൽ അന്നല്ലാതെ വേറൊരു ദിവസം പോലും ഷൊർണ്ണൂർ പാസഞ്ചർ കൃത്യസമയത്തിന് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടില്ല.ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലേക്ക് ചെന്നപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ചാടിക്കയറാമായിരുന്നെങ്കിലും ചെയ്തില്ല. പിടിയെങ്ങാൻ കിട്ടിയില്ലെങ്കിൽ ആ വാർത്ത പിറ്റേന്നത്തെ പത്രത്തിൽ എല്ലാവരും വായിക്കും.,ഞാനൊഴിച്ച്.
ട്രെയിനിൽ കയറാൻ പറ്റിയില്ല എന്ന് അവളെ വിളിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് "ഇനിയെന്നെ സാരിയുടുത്ത് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല" എന്നാണ്. ആ നാവ് പൊന്നായി.
ഗുണപാഠം: കുടിച്ച വെള്ളത്തിൽ പോലും റെയിൽവേയെ വിശ്വസിക്കരുത്.പിന്നെ പോകേണ്ട ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ഒരിക്കലും ടിക്കറ്റെടുക്കരുത്.

മഴ


ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഇടക്കിടക്ക് പാലക്കാട് പോകേണ്ടി വരുമായിരുന്നു.അപ്പോൾ യാത്ര മുൻ കൂട്ടി തീരുമാനിച്ചുറപ്പിക്കും. ഒന്നുകിൽ അവളോടൊപ്പം ഷൊർണ്ണൂർക്ക് ഒരുമിച്ച്. അല്ലെങ്കിൽ  ഷൊർണ്ണൂർ നിന്നും എറണാകുളത്തേക്ക് ഒരുമിച്ച്. 'കോയമ്പത്തൂർ,പാലക്കാട്,മങ്കര,പത്തിരിപ്പാല വഴി ഒറ്റപ്പാലം ഇടക്ക് ചെനക്കത്തൂർക്കാവിൽ പൂരം' എന്ന് ചന്ദ്രോത്സവത്തിൽ ലാലേട്ടൻ പോലെയായിരുന്നു കാര്യങ്ങൾ. ആലുവ, അങ്കമാലി,തൃശ്ശൂർ,വടക്കാഞ്ചേരി വഴി ഷൊർണ്ണൂർ. ഇടക്ക് ഭാരതപ്പുഴയും അതിന്റെ തീരത്തെ കേരള കലാമണ്ഡലവും.
ജനറൽ കമ്പാർട്ട്മെന്റിൽ ഒരു സീറ്റ് കിട്ടുന്നതും,രാഹുൽ ദ്രാവിഡ് സിക്സറടിക്കുന്നതും ഒരേപോലെയാണ്.വല്ലപ്പോഴുമേ സംഭവിക്കൂ. ഒരുമിച്ചിരിക്കുമ്പോൾ അവളൊരു മഴപോലെയാണ്. മുൻപ് കണ്ട ദിവസം മുതൽ അന്നുവരെയുള്ള വിശേഷങ്ങളെല്ലാം അവൾ നിർത്താതെ പറയുമ്പോൾ എനിക്കോർമ്മ വരിക തോരാതെ കലപിലാ പെയ്യുന്ന മഴയെയാണ്.
 " ശ്ശൊ, ഒന്ന് മഴ പെയ്തിരുന്നെങ്കിൽ... നമ്മൾ ഒരുമിച്ചുള്ളപ്പോൾ ഇതുവരെ മഴ പെയ്തിട്ടില്ല " അവൾ പറഞ്ഞു. ആ മൂന്ന് വർഷങ്ങൾക്കിടക്ക് ഞങ്ങൾ കണ്ടപ്പോഴൊന്നും മഴ പെയ്തില്ല. അവസാനം മഴ കാത്തിരുന്ന് മുഷിഞ്ഞപ്പോൾ അവൾ പറഞ്ഞു," കല്യാണം നമുക്ക് മഴയുള്ളപ്പോൾ വെച്ചാൽ മതി.
അവളുടെ കല്യാണം മഴക്കാലത്തായിരുന്നില്ല. ഇനി അന്നെങ്ങാൻ മഴ പെയ്തോ എന്നൊട്ട് എനിക്കറിയുകയുമില്ല..

കമ്മ്യൂണിസം


" അല്ല നീനാ, (പേര് സാങ്കല്പികം)നമ്മുടെ വിവാഹത്തിന് തന്റെ വീട്ടുകാര് സമ്മതിക്കുമോ ?"
" എന്തേ സമ്മതിക്കാതിരിക്കാൻ..?"
" നമ്മുടെ കാസ്റ്റ് വ്യത്യാസമല്ലേ..?"
" എന്റ്ച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് കാരനാണ്.ജാതിയിലും മതത്തിലുമൊന്നും ഒരു കാര്യവുമില്ലെന്ന് അച്ഛൻ ഇടക്കിടെ പറയാറുണ്ട്."
അത് കേട്ടപ്പോൾ എനിക്ക് കമ്മ്യൂണിസ്റ്റ്കാരോട് വല്ലാത്തൊരു ആരാധന തോന്നിപ്പോയി.
പാർട്ടി പത്രം എന്റെ ദിനചര്യയുടെ ഭാഗമായി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു. വൈരുദ്ധ്യാന്മക ഭൗതികവാദത്തെ പറ്റി പഠിച്ചു. അവരുടെ ആദർശങ്ങളെ സ്നേഹിച്ചു. പാർട്ടി നേതാക്കളെ ഞാനെന്റെ മരിച്ചു പോയ മുത്തച്ഛന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു.
പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവളുടെ അച്ഛൻ പറഞ്ഞത് " അന്യ ജാതിയിൽപെട്ട ഒരാളെ കല്യാണം കഴിക്കാൻ എന്റെ കൊക്കിന് ജീവനുള്ള കാലം നിന്നെ അനുവദിക്കില്ല " എന്നാണ്. ( അവളുടെ ഒരു സുഹൃത്ത് വഴി പിന്നീട് അറിഞ്ഞത് )
എനിക്ക് തോന്നുന്നത് കേരളത്തിലെ എല്ലാ പെൺകുട്ടികളുടെ അച്ഛനമ്മമാരും രഹസ്യമായിട്ട് കൊക്കിനെ വളർത്തുന്നുണ്ടെന്നാണ്. വീട്ടുകാരുടെ പിടിവാശി മൂലം തകർന്നടിഞ്ഞ പ്രണയങ്ങളിലെല്ലാം ഞാൻ ഇതുപോലെ പെൺകുട്ടിയുടെ മാതാപിതാക്കൾ കൊക്കിന്റെ ജീവനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്.
ഗുണപാഠം: കമ്മ്യൂണിസ്റ്റ് ആശയങ്ങളെല്ലാം അണുവിടയില്ലാതെ പാലിക്കുന്ന ഒരാൾ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ പറയുന്ന 'ഐഡിയൽ എഞ്ചിൻ' പോലെയാണ്. അതായത് അങ്ങിനെ ഒന്ന് ഒരിക്കലും ഉണ്ടാകില്ല...!
(കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ പാർട്ടിപത്രത്തിൽ പൊതിഞ്ഞുതന്നാൽ ഞാനത് ഉപയോഗിക്കാറില്ല.)
ക്ലൈമാക്സ്

1 " ഞാൻ അച്ഛനും അമ്മക്കും ഇഷ്ടപ്പെടുന്ന ആളെ മാത്രമേ കല്യാണം കഴിക്കൂ "
2 " എന്നെ കെട്ടാൻ നിനക്ക് എന്ത് യോഗ്യതയാണുള്ളത്..?"
3 " എന്നെപ്പോലൊരു പെൺകുട്ടിയുടെ കണ്ണീര് വീഴ്ത്തിയാൽ അതിന് നീ അനുഭവിക്കും."
4 ഇനി എന്നെ കാണാനോ സംസാരിക്കാനോ നീ ശ്രമിച്ചാൽ എനിക്ക് പോലീസിൽ പരാതി നൽകേണ്ടി വരും."
5 "എന്റെ കല്യാണമുറപ്പിച്ചു. ഇനി നീ എന്തൊക്കെ ചെയ്താലും നിനക്ക് എന്റെ ശവം മാത്രമേ കിട്ടൂ.."
ഇതും ഇതുപോലെ വേറെയുമെന്തൊക്കെയോ.....

വാൽക്കഷ്ണം : " എന്നെ പറ്റിച്ചിട്ട് ഒരിക്കലും കണ്ടുപിടിക്കപ്പെടില്ല എന്നു കരുതി നീ ജീവിക്കുന്നത് എന്റെ കാലടിയിലാണ്.ഒന്നമർത്തിച്ചവിട്ടി എനിക്കതില്ലാതാക്കാമായിരുന്നു.അതിനു ഞാൻ മുതിരാതിരുന്നത് എന്റെ കഴിവുകേടായി നീ കാണരുത്.ഇപ്പൊഴനുഭവിക്കുന്ന ഈ സുഖവും സന്തോഷവും ഞാൻ തരുന്ന ഔദാര്യമാണ്.എന്റെ ഭിക്ഷ.മറക്കരുത്.,അതൊരിക്കലും...."
( ഇങ്ങനെ ഒരു പഞ്ച് ഡയലോഗ് മനസ്സിലെങ്കിലും പറയാതെ, പൂർവ്വകാമുകിയെ കണ്ട ദിവസം ആർക്കെങ്കിലും ഉറങ്ങാൻ പറ്റുമോ..)