Saturday, June 21, 2014

പക : കേരള പോലീസ് മോഡല്‍

                 










പക എന്നത് ഒരു അധമ വികാരമാണ് എന്നാണ് പൊതുവെ പറയാറ്.
മൃഗങ്ങളുടെ കാര്യമെടുത്താൽ 'ആനപ്പക' എന്നത് വളരെ (കു)പ്രസിദ്ധമാണല്ലോ.'പകയുടെ കാര്യത്തിൽ അവൻ ഒരു മൂർഖനാണ്' എന്നും നമ്മൾ പറയാറുണ്ട്. ആന വിവേചന ശക്തിയുള്ള മൃഗമായതിനാലാണ് നമുക്കതിനെ ഇണക്കി വളർത്താൻ പറ്റുന്നത്.അതു കൊണ്ട് അതിന് പക തോന്നാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ പാമ്പ് വിവേചന ശക്തിയുള്ള ഒരു ജീവിയല്ല. പാമ്പുകളുടെ ഉറ്റതോഴനായ വാവ സുരേഷ് പറയുന്നത് പമ്പിന് പകയില്ലെന്നാണ്.
പാമ്പുകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച,പലതവണ പാമ്പ് കടിയേറ്റ് മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആ പാവം മനുഷ്യൻ പറയുന്നത് അവിശ്വസിക്കേണ്ടതില്ല.
ആനയും പാമ്പുമൊക്കെ അവിടെ നിക്കട്ടെ, പകയുള്ള ഒരു ജീവി ഏത് എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയുക 'കേരളാ പോലീസ്' എന്നായിരിക്കും. കേരളാ പോലീസിന് പക്ഷേ പക പാമ്പിനോടാണ്. പാമ്പെന്നു വെച്ചാൽ സാക്ഷാൽ മൂർഖനോ ,അണലിയോ,ശംഖുവരയനോ ഒന്നുമല്ല.മറിച്ച് മദ്യസേവ ഒരല്പം കൂടിപോയതു കൊണ്ട് ചുവടുറക്കാതാവുന്ന നരഉരഗങ്ങളോട്. സംഗതി എന്താണെന്ന് പറയാം.
സംഭവം മൂന്ന് നാല് മാസങ്ങൾക്ക് മുന്പാണ്. എന്നുവെച്ചാൽ കേരളത്തിലെ ബാറുകൾ പൂട്ടാനുള്ള സുധീരമായ തീരുമാനം വരുന്നതിനും മുമ്പുള്ള
ഒരു ഞായർ
സമയം രാത്രി 11.05
മൊബൈൽ റിങ്ങ് ചെയ്യുന്നു.
നോക്കിയപ്പോൾ എന്റെ സുഹൃത്ത് പ്രമോദാണ്.
പാതിരാക്ക് വരുന്ന കോളുകൾ സാധാരണ ശുഭവാർത്തയാവില്ല തരിക. ഞാൻ കോൾ എടുത്തു.
"ഹലോ പ്രമോദേ"
"മച്ചാനേ, നീ കിടന്നോ?"
"ഇല്ല"
"എങ്കി നമുക്കൊന്ന് പോലീസ് സ്റ്റേഷൻ വരെ പോകാം"
"സ്റ്റേഷനിലോ... എന്തിനാടാ.."
"നമ്മുടെ വിശാലിനെ പോലീസ് പിടിച്ചെടാ.."
ഞാൻ ഞെട്ടി. മാന്യനും,സൽസ്വഭാവിയും,സർവ്വോപരി സർക്കാർവ്ജീവനക്കാരനുമായഅവനെ എന്തിനായിരിക്കും പോലീസ് പിടിച്ചിട്ടുണ്ടാവുക?
എന്റെ മൗനത്തിനു പിറകെ പ്രമോദ് തുടർന്നു.
"വിശാൽ കോതമംഗലത്ത് കസിന്റെ വീട്ടിൽ പോയിട്ട് വരുന്ന വഴിക്ക് നമ്മുടെ ജംഗ്ഷനിൽ പോലീസ് ചെക്കിങ്ങുണ്ടായിരുന്നു. അവൻ ഉച്ചക്ക് ലിക്കർ കഴിച്ചത് മെഷിനിൽ കിട്ടി.അവര് കൈയ്യോടെ കൊണ്ടുപോയി. നമുക്ക് പോയി ജാമ്യത്തിൽ ഇറക്കാം"
എനിക്ക് എന്റെ ഉറ്റ സുഹൃത്തിനെ പോലീസിന്റെ കാരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കണമെന്ന് അതിയായ മോഹമുണ്ട്. എന്നാൽ ഞാൻ പോകുന്നത് വീട്ടുകാരറിയുകയും ചെയ്യരുത്.
"പ്രമോദേ, ഞാനിപ്പോ ബൈക്ക് സ്റ്റാർട്ട് ചെയ്താ വീട്ടുകാരറിയും, അതുകൊണ്ട് നീ വഴിയിലുള്ള ആ കലുങ്കിലേക്ക് വാ- ഞാൻ നടന്നു വരാം"
ഫോൺ വെച്ച് ഞാനൊന്ന് ഹാളിലേക്ക് നോക്കിയപ്പോൾ വെട്ടം കാണുന്നുണ്ട്. അനിയൻ ടിവി കാണുന്നതായിരിക്കും. ജീൻസും ടീ ഷർട്ടുമിട്ട് ഹാളിലേക്ക് ചെന്നപ്പോഴാണ് ടിവി കാണുന്നത് അച്ഛനാണെന്ന് മനസ്സിലായത്. ഞാൻ നിന്നു പരുങ്ങി. അച്ഛൻ എന്നെ അടിമുടി ഒന്നു നോക്കി.
എന്നിട്ട് ചുവരിലെ ക്ലോക്കിലേക്കും ഒന്നു നോക്കി. ആ കണ്ണുകളിൽ നൂറ് നൂറ് ചോദ്യങ്ങളും സംശയങ്ങളും. ഞാൻ നിരുപാധികം കീഴടങ്ങി.
" അച്ഛാ, ലിക്കർ കുടിച്ച് വണ്ടിയോടിച്ചതിന് വിശാലിനെ പോലീസ് പിടിച്ചു"
" അതിന് നീ പോയാലെങ്ങിനെയാ " അച്ഛന്റെ ശബ്ദമുയർന്നു.
ദൈവമേ ഇനി നൂറ് ഉപദേശം കൂടി കേൾക്കേണ്ടി വരുമല്ലോ എന്ന് ഭയന്നു നിൽക്കേ അച്ഛൻ തുടർന്നു.
"ജാമ്യത്തിലെടുക്കാൻ രണ്ടുപേർ വേണ്ടേ..?"
ഹൃദയഅറകളിൽ ആശ്വാസത്തിന്റെ പെരുമഴ.
" അച്ഛാ, പ്രമോദുമുണ്ട്. അവനാ വിവരം വിളിച്ചു പറഞ്ഞത്".
" ഉം " ഒന്നു മൂളിയിട്ട് അച്ഛൻ ടിവി സ്ക്രീനിലെ ക്രിക്കറ്റ് മാച്ചിലേക്ക് കണ്ണ് നട്ടു.
വീട്ടിലെ കേന്ദ്രസർക്കാർ മൗനാനുവാദം തന്നതുകൊണ്ട് ഞാൻ ധൈര്യമായി ബൈക്കെടുത്ത് വഴിയരികിലെ കലുങ്കിനടുത്ത് പ്രമോദിനെ കാത്തു നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ നെടുനീളൻ വഴിയുടെ വീതിയളന്നുകൊണ്ട് ആടിയുലഞ്ഞ് ഒരു ബൈക്ക് എന്റെയരികിൽ വന്നു നിന്നു. പ്രമോദാണ്. ആ നിലാവെളിച്ചത്തിൽ അവന്റെ കണ്ണൂകൾ ചുവന്നു കലങ്ങിയിരിക്കുന്നത് ഞാൻ കണ്ടു. എനിക്ക് എന്തോ പന്തികേട് തോന്നി.
" നീ വന്നിട്ട് കുറേ നേരമായോ..?"
അവൻ വായ് തുറന്നപ്പോൾ ഇറച്ചി മസാലയുടെയും, സ്പിരിറ്റിന്റേയും രൂക്ഷ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു.
" പ്രമോദേ, നീയീ കോലത്തിലാണോ സ്റ്റേഷനിലേക്ക് വരുന്നത്..?" ഞാൻ തിരക്കി.
" സുമേഷിന്റെ ചിലവാരുന്നെടാ, ഭാര്യേനെ പ്രസവത്തിനു കൊണ്ടുപോയതിന്റെ."
എനിക്കതിൽ അപാകതയൊന്നും തോന്നിയില്ല. ഒരുവൻ തന്റെ സ്വാതന്ത്ര്യദിനം കൂട്ടുകാർക്കൊപ്പം മതിമറന്നാഘോഷിക്കുന്നതിൽ എന്ത് തെറ്റ്.
" മച്ചാനേ, നീ ബൈക്കെടുത്തത് നന്നായി. എന്റെ വണ്ടീടെ ഹോണടിച്ചാൽ ഹെഡ് ലൈറ്റ് കെട്ടുപോകും " പ്രമോദ് പറഞ്ഞു.
കവലയിൽ വണ്ടി വെച്ച് അവൻ എന്റെ ബൈക്കിൽ കയറി.
പോലീസ് സ്റ്റേഷന്റെ ഒരു മൂലയിൽ പേടിച്ചരണ്ട മാൻ പേടയെപ്പോലെ നിൽക്കുന്ന പാവം വശാലിന്റെ രൂപമായിരുന്നു ഞങ്ങൾ ഇരുവരുടെയും മനസ്സിൽ.
വഴിക്ക്, സ്കൂൾ പടിക്കൽ വിശാലിനെ കുരുക്കിയ ആയുധവുമായി കേരളാപോലീസിലെ വേട്ടക്കാർ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു. പ്രമോദിന്റെ രൂപവും ഭാവവും കണ്ടപ്പോൾ അവരുടെ കണ്ണുകൾ ഇരകണ്ട വന്യ മൃഗത്തിന്റേതു പോലെ തിളങ്ങി. അവർ അവന്റെ സ്ഥൂല ശരീരത്തിൽ കൊതിയോടെ ഉറ്റുനോക്കി. പോലീസുകാരൻ എന്റെ നേർക്ക് മെഷീൻ നീട്ടി അജ്ഞാപിച്ചു.
 " ഊത് "
ഞാൻ സകല അഹങ്കാരത്തോടെയും, അവജ്ഞയോടെയും, ധാർഷ്ട്യത്തോടെയും ആ യന്ത്രത്തിലേക്ക് ഊതി. അതോടെ ആ പോലീസുകാരന്റെ മുഖത്ത് ഒരു പവർകട്ട് വ്യാപിച്ചു.
" ഉം. പൊയ്ക്കോ..." മനസില്ലാ മനസ്സോടെ ആ പോലീസുകാരൻ മൊഴിഞ്ഞു.
 വലയിൽ വീണ ഇര രക്ഷപ്പെട്ടു പോകുന്നത്  എസ്.ഐയും കൂട്ടരും ദൈന്യതയോടെ നോക്കി നിന്നു.
വിശാലിന്റെ അവസ്ഥയോർത്ത് ചങ്കിടിപ്പോടെയാണ് പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നത്. എന്നാൽ ഞങ്ങൾ ചെല്ലുമ്പോൾ വിശാലും റൈറ്റർ കുട്ടൻപിള്ള സാറും തമ്മിൽ ഘോരമായ ചർച്ച നടക്കുകയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണമാണ് വിഷയം. അതു വരെ സൗമ്യമായി സംസാരിച്ചിരുന്ന കുട്ടൻപിള്ള സാർ ഞങ്ങളുടെ നേർക്ക് നോക്കി അലറി.
 " എന്താടാ കേസ് "
ഞങ്ങൾ പരുങ്ങി.
" കളയ് സാറേ അവരെന്റെ ഫ്രണ്ട്സാ,ജാമ്യം നിക്കാൻ വന്നതാ." വിശാൽ സ്വാതന്ത്ര്യത്തോടെ പറഞ്ഞു.
" ആണോ, ഞാനോർത്തു നിന്റെ വകുപ്പായിരിക്കുമെന്ന്." കുട്ടൻപിള്ളയുടെ മുഖത്ത് പഴയ ആ ശാന്തത തിരിച്ചു വന്നു.
ഒരു കാര്യം എനിക്കു മനസ്സിലായി. ഏതു സാഹചര്യത്തിലായാലും സർക്കാർ ജീവനക്കാരെ തമ്മിൽ തമ്മിൽ ബന്ധിക്കുന്ന സ്നേഹത്തിന്റെ അദൃശ്യമായ ഒരു പട്ടുനൂലിഴയുണ്ട്. അവിടെ മറ്റുള്ളവർ പുറമ്പോക്കുകൾ.
കുട്ടൻപിള്ള സാർ പ്രമോദിനെയൊന്ന് സൂക്ഷിച്ചു നോക്കി.
" നിന്നെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ. വീടെവിടെയാടാ..?" പിന്നെയും പോലീസ് ഭാഷ.
പ്രമോദ് നിന്ന് വിയർത്തു. അവൻ വായ് തുറന്നാൽ സ്റ്റേഷനിലെ അലമാരയിലിരിക്കുന്ന ബ്രീത്ത് അനലൈസർ വരെ ശബ്ദിച്ചേക്കുമോ എന്ന് ഞാൻ ഭയന്നു.
" സാറേ,എന്റെ കൂട്ടുകാരെ പേടിപ്പിച്ചാ ഇനി ഞാനീ വഴിക്ക് വരില്ല കേട്ടോ." വിശാൽ കുട്ടൻപിള്ള സാറിനോട് പരിഭവിച്ചു.
" നീ പിണങ്ങണ്ട,ഞാൻ വെറുതെയൊന്ന് വിരട്ടീതല്ലേ..." അദ്ദേഹം വീണ്ടും മനുഷ്യനായി.
വഴിയിൽ ഞങ്ങളെ തടഞ്ഞ പോലീസുകാർ പുതിയൊരു ഇരയുമായി വന്നു കയാറി. ഇരയെന്നു വച്ചാൽ അസ്സലൊരു ഉരഗം.  എസ്.ഐ നോക്കുമ്പോൾ പാറാവുകാരൻ മാറിനിന്ന് സിഗററ്റ് വലിക്കുന്നു. അദ്ദേഹം പാറാവുകാരനോട് അലറി " ഡോ, ആ സിഗററ്റ് കളയ് "
ഞങ്ങൾ കരുതി അദ്ദേഹം പുകവലി വിരോധിയാണെന്ന്.  ആ ഉരഗത്തെ മുന്നിലേക്ക് നീക്കി നിർത്തി അദ്ദേഹം തുടർന്നു.
" ആ സിഗററ്റീന്നൊരു തീപ്പൊരി പാറി വീണാ മതി ഇവൻ പൊട്ടിത്തെറിക്കും. ഫുൾ സ്പിരിറ്റാ"
അവർ അകത്തേക്ക് കയറി വന്നു. ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഭവ്യത അഭിനയിച്ചുകൊണ്ട് ചോദിച്ചു.
" സാറൻമ്മാര് ഇങ്ങോട്ടാ പോന്നത് അല്ലേ.."
ഞങ്ങൾ നിന്ന് ചമ്മി.
"ഇവനെങ്ങാൻ മൂത്രമൊഴിച്ചാൽ അതൊരു കുപ്പീല് പിടിച്ചു വെച്ചോ. മണ്ണെണ്ണയായിട്ട് ഉപയോഗിക്കാം."
സ്വന്തം കാബിനിലേക്ക് പോകുന്നതിനു മുമ്പ് ഉരഗത്തെ കീഴുദ്ദ്യോഗസ്ഥർക്ക് കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ജാമ്യത്തിനുള്ള പേപ്പറുകൾ തയ്യാറാക്കി എനിക്കു നേരേ നീട്ടി കുട്ടൻപിള്ള സാർ ആജ്ഞാപിച്ചു.
"ദാ, ഇവിടെ നീ പേരും അഡ്രസ്സും എഴുതി ഒപ്പിട്."
ഞാൻ ഒപ്പിട്ട് മാറിയപ്പോൾ പ്രമോദ് മുന്നിലേക്ക് വന്നു.
"ഉം?" കുട്ടൻപിള്ള സാർ ചോദ്യഭാവത്തിൽ മൂളി.
"ജാമ്യം...." പ്രമോദ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
" ഹോ...ജാമ്യം. നിനക്കൊന്ന് നേരെ നിക്കാൻ തന്നെ വേണം രണ്ടുപേരുടെ ജാമ്യം. ആ നീയിനി വേറൊരാൾക്ക് ജാമ്യം നിക്ക്."
ആ നിറഞ്ഞ അവജ്ഞയിൽ പ്രമോദ് ഉരുകിയൊലിച്ചു.
" എന്നാൽ ഞാൻ പൊയ്ക്കോട്ടെ സാറെ " വിശാൽ കുട്ടൻപിള്ള സാറിനോട് അനുവാദം ചോദിച്ചു.
" ജീവിതവാഴിത്താരകളിൽ എവിടെയെങ്കിലും വച്ചിനിയും തമ്മിൽ കണ്ടുമുട്ടാം.." അദ്ദേഹം പ്രതിവചിച്ചു.
സ്കൂളിൽ പത്തു വർഷം കൂടെപ്പഠിച്ച സഹപാഠികളോട് പോലും വിശാൽ ഇത്ര വികാര നിർഭരമായി യാത്ര പറഞ്ഞിട്ടുണ്ടാവില്ല. ആ സമയം കൊണ്ട് ഞാനും പ്രമോദും തിരികെ കിട്ടിയ ജീവനും കൊണ്ട് പുറത്ത് ചാടി.
                     *                   *                    *                   *                   *
ന്യൂ ഇയർ ഈവ്
'ഇനി മേലിൽ ഞങ്ങൾ മദ്യപിക്കില്ല' എന്നൊരു ബില്ല് ഞങ്ങൾ മൂന്നുപേരും കൂടി അന്നേ ദിവസം പാസ്സാക്കി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, പ്രസ്തുത ബില്ല് നിയമമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും ഘടക കക്ഷികളുടെ നിരന്തരമായ സമ്മർദ്ദവും നിമിത്തം അതിലെരു ഭേദഗതി വരുത്തുവാൻ ഞങ്ങൾ നിർബന്ധിതരായി. അത് ഇപ്രകാരമായിരുന്നു.
'ഇനി മേലിൽ ഞങ്ങൾ 'സ്വന്തം വാഹനത്തിൽ പോയി' മദ്യപിക്കില്ല'
                                               ഞങ്ങളാരും തന്നെ സ്ഥിരമായി മദ്യപിക്കുന്നവരല്ല. മറിച്ച്, തമ്മിൽ കാണുമ്പോൾ-അതും മാനസ്സികമായി അനുഭവിക്കുമ്പോൾ മാത്രം മദ്യപിക്കുന്നവരാണ്. തികച്ചും യാദൃശ്ചികമെന്നു പറയട്ടെ, ഞങ്ങൾ അയൽക്കാരും താന്താങ്ങളുടെ ജോലികളിൽ അതിസമ്മർദ്ദം അനുഭവിക്കുന്നവരുമാണ്. പ്രമോദും വിശാലും കേരളാ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ മദ്യപാനത്തിന് പൊതു ഗതാഗത സൗകര്യം പ്രയോജനപ്പെടുത്തിത്തുടങ്ങി. വീട്ടിൽ നിന്ന് ബാറിലേക്ക് ബസ്സിലും, ബാറിൽ നിന്നും വീട്ടിലേക്ക് ഓട്ടോയിലും. വഴിയിൽ ശ്വാസ വിവേചക യന്ത്രവുമായി കാത്തു നിന്ന എസ്.ഐ യുടേയും കൂട്ടരുടേയും നേർക്ക് അവർ ജനകീയ വാഹനങ്ങളിലിരുന്ന് കൊഞ്ഞനം കുത്തി.

അങ്ങിനെ വീണ്ടും ഒരു ഞായറാഴ്ച
സമയം 10:50

ജീവിത വ്യഥകളും, സംഘർഷങ്ങളും നാലര കിലോമീറ്റർ അകലെ അരണ്ട വെളിച്ചമുള്ള ഒരു ശീതീകരിച്ച മുറിയിൽ ഇറക്കി വെച്ച് ഇരുവരും ഓട്ടോയിൽ വീടിനടുത്തുള്ള കവലയിൽ വന്നിറങ്ങി. അവരുടെ കൊഞ്ഞനം കുത്തൽ ഭയന്ന് എസ്.ഐയും കൂട്ടരും വഴിയിലെങ്ങുമുണ്ടായിരുന്നില്ല. കുറച്ചു സമയം കൂടി സംസാരിച്ച് നിന്ന് യാത്ര പറഞ്ഞ് പിരിയാൻ നേരം പ്രമോദ് വിശാലിനോട് പറഞ്ഞു,
" മച്ചാനേ വിശാലേ, നിന്നെ ഞാൻ വീട്ടിൽ കൊണ്ടാക്കാം."
വീട്ടിലേക്ക് കഷ്ടിച്ച് ഇരുപതടി മാത്രമുള്ളതുകൊണ്ട് വിശാൽ ആ ഓഫർ സ്നേഹപൂർവ്വം നിരസിച്ചു.
എന്നാൽ പ്രമോദ് തന്റെ ആത്മ സുഹൃത്തിനെ ഒറ്റക്ക് വീട്ടിലേക്ക് പറഞ്ഞുവിടാൻ കൂട്ടാക്കിയില്ല. ആവത് പറഞ്ഞെങ്കിലും ആ 'മാന്തിക നിമിഷ' പ്രഭാവത്തിൽ വിശാലിന് പ്രമോദിന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങാതിരിക്കാനായില്ല.
അങ്ങിനെ, കവലയിലെ ഒരു കടയുടെ പുറകിലെ ഇരുട്ടിൽ വച്ചിരുന്ന ബൈക്കെടുക്കാൻ പ്രമോദ് നീങ്ങിയ നേരം...
ഒരു പോലീസ് ജീപ്പ് വിശാലിനരികിൽ വന്നു നിന്നു.
അതിൽ നിന്നും തല പുറത്തേക്കിട്ട് എസ്.ഐ ചോദിച്ചു,
" എന്താടാ ഇവിടെ ?"
" ഒന്നുമില്ല സാർ "
" ഒന്നുമില്ലേ, കിടന്നുറങ്ങേണ്ട നേരത്ത് ഈ കവലേല് വന്നു നിൽക്കാൻ നിനക്കെന്താടാ സോമനാംബുലിസമുണ്ടോ ?"
" ഇല്ല സാർ "
" നീയെന്താ കള്ളുകുടിച്ചിട്ടുണ്ടോ ?"
വിശാൽ മൗനമവലംബിച്ചു.
" നിന്റെ കൂട്ടുകാരനെവിടെ, ആ തടിയൻ ?"
" അവൻ.... അവൻ ഗൾഫീ പോയി സാർ."
" ഗൾഫിലോ, എന്ന് ? "
" കഴിഞ്ഞാഴ്ച. "
" അവനെ എന്നെങ്കിലും എന്റെ കയ്യീ കിട്ടുമെന്ന് നീ  ISD വിളിച്ചൊന്ന് പറഞ്ഞേക്ക്."
വിശാൽ അനുസരണയോടെ ശിരസനക്കി.
" നിന്ന് കറങ്ങിത്തിരിയാതെ വീട്ടീപോടാ... (ഡൈവറോട്) വണ്ടിയെടുക്കെടോ..."
ഡ്രൈവറുടെ കാൽ ബ്രേക്കിൽ നിന്ന് മാറി, ആക്സിലേറ്ററിൽ അമരുന്ന നിമിഷാർദ്ധത്തിൽ- കടയുടെ മറവിൽ ന്നിന്നും ഹെഡ് ലൈറ്റും,ഹോണും ഒരുമിച്ച് വർക്ക് ചെയ്യാത്ത തന്റെ ബൈക്കിൽ പ്രമോദ് വിശാലിനരികിലെത്തി. ഇതു കണ്ടതും എസ്.ഐ അലറി
" സ്റ്റോപ്പ്...."
പ്രമോദ് അപ്പോഴാണ് പോലീസ് ജീപ്പ് കണ്ടത്.
വേട്ടക്കാരനും ഇരക്കുമിടയിലെ ആ ഒരു നിമിഷം. പ്രപഞ്ചം നിശ്ചലം.
എസ്.ഐ ഇരുവരേയും മാറി മാറി നോക്കി. എന്നിട്ട് വിശാലിനോടായി ചോദിച്ചു,
" കൂട്ടുകാരനിപ്പോ ഗൾഫീന്ന് വരുന്ന വഴിയായിരിക്കും. അല്ലേ?"
പ്രമോദ് ഒന്നും മനസ്സിലാകാതെ വിശാലിനെ നോക്കി. വിശാൽ ലജ്ജിച്ച് തല താഴ്ത്തി.
ജീപ്പിലെ പിൻസീറ്റിൽ ഉറക്കം തൂങ്ങിയിരുന്ന സിവിൽ പോലീസുകാരിലൊരാൾ ചാടിയെണീറ്റ് മെഷീൻ കയ്യിലെടുത്ത് എസ്.ഐയോട് ചോദിച്ചു,
" സാറേ,ഊതിക്കട്ടെ ?"
" വേണ്ടടോ... (പ്രമോദിനോട്) എന്താ ഇനി അങ്ങിനൊരു ചടങ്ങ് ആവശ്യമുണ്ടോ?"
പ്രമോദ് ഒന്നും മിണ്ടാതെ ബൈക്കിൽ നിന്നും ഇറങ്ങി ജീപ്പിന്റെ പിന്നിൽ ചെന്നു കയറി. എസ്. ഐയുടെ നിർദ്ദേശമനുസരിച്ച് ഒരു പോലീസുകാരൻ പ്രമോദിന്റെ ബൈക്കുമെടുത്ത് സ്റ്റേഷനിലേക്ക് തിരിച്ചു.
പെരുമഴയത്ത് കുടയില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടിയെപ്പോലെ വിശാൽ നിന്നു.
ജീപ്പ് നീങ്ങിത്തുടങ്ങും മുൻപ് സ്വന്തം മനസ്സാനിദ്ധ്യം വീണ്ടെടുത്ത് വിശാൽ എസ്.ഐയെ വിളിച്ചു,
" സാർ "
" എന്താടാ?"
" അവനെ ജാമ്യത്തിലെടുക്കാൻ ആളു വേണ്ടേ.."
" എന്തേ, നിനക്ക് അറിഞ്ഞുകൂടെ..?"
" അല്ലാ, അതിനിനി ഞാനല്ലാതെ വേറാരും വരുമെന്ന് തോന്നുന്നില്ല"
" അതുകൊണ്ട്..?"
" എനിക്കാണെങ്കി ഇനിയീ നേരത്ത് സ്റ്റേഷനിലേക്ക് വരാൻ വേറെ വണ്ടിയും കിട്ടില്ല."
എസ്.ഐ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.
" സാർ എനിക്കു കൂടി ഇതിലൊരു ലിഫ്റ്റ് തന്നാൽ....."
എസ്.ഐ അവനെ സൂക്ഷിച്ചൊന്നു നോക്കി. അഭ്യർഥിക്കുന്നത് ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്.
ഒരു പകപോക്കലിന്റെ ഗൂഡമായ ആനന്ദത്തിലും അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ഞാൻ നേരത്തേ പറഞ്ഞ, സർക്കാർ ജീവനക്കാരെ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള സ്നേഹത്തിന്റെ  അദൃശ്യമായ ആ പട്ടുനൂലിഴ മറനീക്കി പുറത്തു വന്നു.
" ഉം, കയറിക്കോ..." അദ്ദേഹം പറഞ്ഞു.
ജീപ്പിലെ സിവിൽ പോലീസുകാരൻ പിൻസീറ്റിലേക്കുള്ള വാതിൽ അവനായി തുറന്നു കൊടുത്തു.
പകയും മനുഷ്യത്വവും ഒരേപോലെ മനസ്സിൽ സൂക്ഷിക്കുന്ന ആ പോലീസുകാരുടെ വാഹനം അവരേയും കൊണ്ട് സ്റ്റേഷനിലേക്ക് നീങ്ങി....


No comments:

Post a Comment