Monday, June 23, 2014

ജനറേഷന്‍ ഗ്യാപ്പ് - (ഡ്രാക്കുളയുടെ ദുരനുഭവം)


നൂറ്റാണ്ടുകൾക്ക് മുമ്പൊരുനാൾ.....
രു അമാവാസി രാവ്....  

ജനുവരിയിലെ മഞ്ഞുപെയ്യുന്ന രാത്രി.
നേർത്ത നിലാവുള്ള ആകാശവീഥികളീലൂടെ രക്തത്തിനായി ദാഹിച്ച് പാറി നടക്കുകയായിരുന്നു ഡ്രാക്കുള.
സുന്ദരിമാരായ കന്യകമാരുടെ രക്തത്തിന്റെ സ്വാദോർത്തപ്പോൾ തന്നെ ആ നാവ് ഒരു ജലാശയത്തിലെ പായ്ക്കപ്പൽ പോലായി. ഒരു ചേഞ്ചിനു വേണ്ടി യൂറോപ്യൻ നഗരങ്ങളെ ഉപേക്ഷിച്ച് അയാൾ ഇൻഡ്യയിലേക്ക് പറന്നു....
     അകലെ നിഴൽച്ചിത്രം പോലെ ഒരു കൊട്ടാരം. മട്ടുപ്പാവിലെ പാതി തുറന്ന  ജാലകത്തിലൂടെ അയാൾ അകത്തു കയറി. അത് രാജകുമാരിയ്ടെ അറയായിരുന്നു. പട്ടുമെത്തയിൽ സുഖനിദ്രയിലാണ്ടുകിടക്കുന്ന അതിസുന്ദരിയായ ഒരു പതിനേഴുകാരി. പതിനായിരം പൂർണ്ണചന്ദ്രന്മാർ ഒന്നിച്ചുദിച്ചപോലുണ്ട് ആ മുഖം. മയക്കത്തിലും മൃദു മന്ദഹാസം പൊഴിക്കുന്ന അവളുടെ ചുവന്നു തുടുത്ത ചൊടിയിണകൾക്കരികിലായി ഒരു കറുത്ത മറുക്. ചന്ദ്രകളങ്കം പോലെ...
അവളുടെ മാറിലേക്ക് വീണുകിടന്നിരുന്ന് ചുരുളളകങ്ങൾ അയാൾ മാടിയൊതുക്കി. എന്നിട്ട്... വെൺശംഖുപോലുള്ള ആ കഴുത്തിലെ നീല ഞരമ്പിൽ സ്വന്തം കൂർത്ത ദന്തങ്ങൾ തുളച്ചിറക്കി. ഇളം ചൂടുള്ള അവളുടെ ജീവരക്തം അയാൾ നുണഞ്ഞു. അതിന് നേർത്ത മധുരമുണ്ടായിരുന്നു.
     അവളിലെ അവസാന തുള്ളി രക്തവും നുകർന്ന്;ദാഹം ശമിച്ചതിന്റെ സംതൃപ്തിയുമായി തിരിച്ചുപോകും മുൻപ് അയാൾ വയമ്പിൻ ഗന്ധമുള്ള അവളുടെ ചേതനയറ്റ ശരീരത്തിലേക്ക് ഒരിക്കൽ കൂടി നോക്കി. ആ മൃദുഹാസം അപ്പോഴും അവളുടെ ചുണ്ടിലുണ്ടായിരുന്നു.


2014

ഏറെ നാളുകൾക്ക് ശേഷം നിണപാനത്തിനായി തന്റെ കോട്ടവിട്ടിറങ്ങിയ ഡ്രാക്കുളക്ക് അമാവാസി ഒരു അപശകുനമായി തോന്നി. എങ്കിലും വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഇൻഡ്യയിൽ വച്ചു നുണഞ്ഞ രക്തത്തിന്റെ രുചിയോർത്തപ്പോൾ ഒരിക്കൽ കൂടി യൂറോപ്പിനെ ഉപേക്ഷിക്കാൻ അയാൾ നിർബന്ധിതനായി.
  പശ്ചാത്യ പരിഷ്ക്കാരങ്ങൾ ഏറ്റവുമാദ്യം വേർപിടിക്കുന്ന ദക്ഷിണേൻഡ്യയിലെ ഒരു പ്രമുഖ നഗരത്തിലാണ് അയാൾ എത്തിച്ചേർന്നത്. താഴെ ആഢംബരം എന്ന വാക്ക് ഖരരൂപം പൂണ്ടപോലെ ഒരു ബംഗ്ലാവ്. അതിന്റെ വെന്റിലേറ്ററിലൂടെ വിദ്ഗ്ദമായി അകത്തു കയറിപ്പറ്റിയ അയാളെ വരവേറ്റത് കാതടപ്പിക്കുന്ന സിഡി സംഗീതമാണ്. ശരീരത്തിന്റെ നിമ്നോന്നതങ്ങൾ പ്രകടമാക്കുന്നതരത്തിൽ വസ്ത്രമണിഞ്ഞ് ആ ബഹളത്തിലും സുഖമായി ബോധം കെട്ടുറങ്ങുന്ന ഒരു ടീനേജുകാരി.
ലിപ്സ്റ്റിക്ക് ഉപയോഗിച്ച് ചുവപ്പിച്ച അവളുടെ ചുണ്ടുകളും,ഷാമ്പൂവിനാൽ നേർപ്പിച്ച് കൃത്രിമമായി നിറം നൽകിയ മുടിയിഴകളും, ചായം തേച്ച കവിളിണകളും കണ്ടപ്പോൾ അയാൾക്ക് എന്തോ ഒരു അസ്വസ്തത തോന്നി. അതിയായ ദാഹത്തിന്റെ പ്രേരണയാൽ, വിദേശ പെർഫ്യൂമിന്റെ ഗന്ധമുള്ള അവളുടെ ദേഹത്തിലേക്ക് ചാഞ്ഞ്; നാലിഞ്ച് കനത്തിൽ ബ്യൂട്ടിക്രീം തേച്ചുപിടിപ്പിച്ച ആ കഴുത്തിലെ ഞരമ്പിൽ അയാൾ പണിപ്പെട്ട് കൂർത്ത പല്ലുകൾ തുളച്ചിറക്കി. കൊതുകുകൾ കൊടികുത്തി വാഴുന്ന നഗരത്തിൽ ജനിച്ചു വളർന്ന അവൾ ആ വേദന അറിഞ്ഞതുപോലുമില്ല. വായിലേക്ക് ഇരച്ചെത്തിയ രക്തത്തിന് ചോക്ലേറ്റുകളുടെ കടും മധുരമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പിന്നെ പോരാത്തതിന് ഏതോ ലഹരി പാനീയത്തിന്റെ ചവർപ്പും. ദാഹാർത്തനായിരുന്നതിനാൽ അതൊന്നും കാര്യമാക്കാതെ അയാൾ രക്തപാനം തുടർന്നു. അവസാനം വല്ലവിധേനയും മുറി വിട്ടിറങ്ങി വിണ്ണിലൂടെ പറക്കാൻ തുടങ്ങിയപ്പോൾ എന്തോ പന്തികേട് തോന്നി അയാൾ താഴെ നഗരത്തിലെ ആളൊഴിഞ്ഞ ഒരു വഴിയിലിറങ്ങി. അവിടെ ഇലക്ട്രിക്ക് പോസ്റ്റിൽ ചാരി നിന്ന്;കൊതുകുകൾ പറന്നുയരുന്ന കാനയിലേക്ക് ഡ്രാക്കുള 'വാളു'വെച്ചു... ജീവിതത്തിലാദ്യമായി....
അങ്ങിനെ, ജനറേഷൻ ഗ്യാപ്പ് എന്നത് എന്തെന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.....