Friday, December 7, 2018

ലീന ഐസക്ക്- ഒരു പ്രഹേളിക? ഭാഗം-2



ലീന ഐസക്കിന്റെ വർണ്ണചിത്രം  എന്‍റെ മനസ്സിന്‍റെ ചുവരുകളില്‍ കോറിയിടുവാന്‍ ഒരു ശ്രമം നടത്തി.
കടവന്ത്രയിലുള്ള അവളുടെ ഇരുനില വീടിന്‍റെ ബാല്‍ക്കണിയിലെ ചൂരലൂഞ്ഞാല്‍ കസേരയില്‍ ചാരിക്കിടന്ന് അപ്പുക്കുട്ടന്‍ അയച്ചുകൊടുത്ത  എന്‍റെ വരികള്‍ അവള്‍ വായിക്കുന്നതും, ധനുമാസരാത്രിയിലെ നേര്‍ത്ത കാറ്റില്‍ കവിളിലേക്ക് പാറിവീണ അഴകളകങ്ങള്‍ മാടിയൊതുക്കുന്നതും, നിലാവില്‍ ആ മുഖം മറ്റൊരു പൂര്‍ണ്ണേന്ദുവായി  മാറുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു.


ഏറെ മടിച്ചാണെങ്കിലും ഞാനും, വിശാലും കൂടി വിനീഷിനോടും അപ്പുക്കുട്ടനോടുമായി ലീനയെ ഒന്ന്‍ പരിചയപ്പെടുത്തിത്തരാമോ എന്ന്‍ ചോദിച്ചു. അവർ  രണ്ടുപേരും കൂടി ഞങ്ങളെ  തല്ലിയില്ലന്നേ  ഉള്ളൂ.!

 ഇനി മേലില്‍ അവള്‍ക്ക് വേണ്ടി ഒരു വരിപോലും  കുറിച്ചുനല്‍കില്ലെന്ന എന്‍റെയും വിശാലിന്‍റെയും ഭീഷണിക്കുമുന്നിലാണ് ഒടുവിലവര്‍ വഴങ്ങിയത്. ഇപ്പോഴാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരേ ഉള്ളൂ , കുറച്ചുകൂടി കഴിഞ്ഞാല്‍ അഖിലിനും, ശരത്തിനും, അവിനാശിനും  കൂടി അവളെ പരിചയപ്പെടുത്തേണ്ടിവരും എന്നതും അവര്‍ ചിന്തിച്ചുകാണും.


അപ്പുക്കുട്ടൻ ലീനയുടെ നമ്പർ ഡയൽ ചെയ്തുഞങ്ങൾ അക്ഷമരായി  മധുര സ്വരത്തിന് കാതോർത്തുരണ്ടുതവണ വിളിച്ചിട്ടും  പ്രതികരണമില്ലഞങ്ങൾ നിരാശരായിഅല്പ സമയത്തിനകം അവളുടെ നമ്പറിൽ നിന്ന് അപ്പുക്കുട്ടന് കോൾ വന്നുഅവൻ തെല്ലഹങ്കാരത്തോടെ  കോൾ അറ്റന്റ് ചെയ്ത്  ലൗഡ് സ്പീക്കറിലിട്ടു .
'ഹലോ'
'ഹലോ'  എന്നാൽ അപ്പുറത്ത് നിന്ന് കേട്ട 'ഹലോ ' അത്ര മധുരമുള്ളതായിരുന്നില്ലമറിച്ച് പാറപ്പുറത്ത് കണ്ണൻചിരട്ടയിട്ട് അച്ചാലും മുച്ചാലും ഉരക്കുന്നപോലെയുള്ള വൃത്തികെട്ട മൊരമ്പൻ ശബ്ദം.
'ഫൗണ്ട് സം മിസ്സ്ഡ് കോൾസ് ഫ്രം ദിസ് നമ്പർമേ  നോ ഹൂ ഈസ് ദിസ്?' അപ്പുക്കുട്ടന്റെ മുഖത്തുനിന്നും രക്തം വാർന്നിറങ്ങി കാശിക്കുപോയി... തൊണ്ടവറ്റി സഹാറാ മരുഭൂമിയായി... 
"ഇത് ലീന ഐസക്കിന്റെ നമ്പറല്ലേ?" അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു
"യേസ്ഹൂ യു ആർ?"
"ഞാൻ...ഞാൻ... വിനീഷ്..." ഒന്നുകിൽ അപ്പുക്കുട്ടൻ സ്വന്തംപേര് മാറിപോയതാണ്അല്ലെങ്കിൽ അവൻ വിനീഷിന് പണികൊടുക്കാൻ വേണ്ടി പറഞ്ഞതാണ്ആദ്യത്തേതിനാണ് ചാൻസ് കൂടുതൽ
യഥാർത്ഥ വിനീഷിന്റെ കണ്ണുകൾ ഞെട്ടി തുറിച്ച് പുറത്ത് വന്ന് ഊഞ്ഞാലാടി.
"മിസ്റ്റർ വിനീഷ് ആം ഐസക് കുരുവിളലീനാസ് ഫാദർഡു യു ഹാവ് എനി മെസ്സേജ് ഫോർ ലീനാ?"
"അയ്യോ മെസ്സേജോ മെസ്സേജ് അയക്കണ വിനീഷ് ഞാനല്ലഅത് വേറാരാണ്ടാ"
"താനെന്തിനാ ഇപ്പോ വിളിച്ചത്"
"ഞാനല്ല...ചിലപ്പോ എന്റെ ഫോണീന്ന് എന്റെ പെങ്ങളെങ്ങാനും വിളിച്ചതായിരിക്കുംഅവളുടെ കൂട്ടുകാരിയാ ലീന"
"എന്താ പെങ്ങളുടെ പേര്?"
"പേര്...വാവ...അല്ലല്ല വിമല"
"ഉം...വിമലക്കൊന്ന് ഫോൺ കൊടുത്തേ."
"വിമല...ഇത്രേം നേരം ഇവിടുണ്ടായിരുന്നു."
"സാരമില്ല ഞാൻ ഹോൾഡ് ചെയ്യാം"

അപ്പുക്കുട്ടന്റെ നെറ്റിയിൽ നിന്നും വിയർപ്പ് നയാഗ്രാ വെള്ളച്ചാട്ടം പോലെ ചാടിഫോൺ കയ്യിലിരുന്ന് വിറച്ചുവിനീഷിന്റെ വിറക്കുന്ന പല്ലുകൾ കൂട്ടിമുട്ടുന്ന ശബ്ദം ഞാനും വിശാലും വ്യക്തമായി കേട്ടു.

"അരമണിക്കൂറിനകം വിമലയോട് എന്നെ വിളിക്കാൻ പറയണംഇല്ലെങ്കിൽ പെങ്ങളെ കൂട്ടി മിസ്റ്റർ വിനീഷ് ഒന്ന് കടവന്ത്ര പോലീസ് സ്റ്റേഷൻ വരെ വരേണ്ടിവരുംയു ഗെറ്റ് മീ?"
"ഉവ്വ്"

ഐസക്ക് കുരുവിള എന്ന  റിട്ടയേർഡ് മിലിട്ടറിക്കാരന്റെ ഉഗ്രശാസനം കേട്ട് ഇരുവരും ഇതികർത്യവ്യതാമൂഡരായി നിന്നുഅരമണിക്കൂറിനകം ഒരു പെങ്ങളെ ഉണ്ടാക്കണമല്ലോ എന്ന ചിന്ത അപ്പുക്കുട്ടനെപ്പോലെ തന്നെ വിനീഷിനെയും അലട്ടി. സുഹൃത്പുംഗവൻ അവളുടെ അച്ഛനോട് പേര് തന്റെയല്ലേ പറഞ്ഞിരിക്കുന്നത്!

പ്ലാൻ ചെയ്ത മാറ്റിനി പരിപാടി മാറ്റിവെച്ച് നടത്തിയ അന്വേഷണത്തിൽ ജങ്ഷനിലെ ബുക്ക്സ്റ്റാളിൽ ജോലിചെയ്യുന്ന സുഷമചേച്ചിയിൽ അപ്പുക്കുട്ടൻ തന്റെ പെങ്ങളെ കണ്ടെത്തി.

ഡെഡ്ലൈൻ അവസാനിക്കുന്നതിന്  തൊട്ട്മുമ്പ് സുഷമചേച്ചി വിനീഷെന്ന അപ്പുക്കുട്ടന്റെ അനിയത്തി വിമലയായിമാറി ലീനയുടെ പപ്പയോട് സംസാരിച്ചുസുഷമചേച്ചിയുടെ കയ്യിലിരുന്ന് ഫോൺ വിറക്കുന്നത് ഞാനും വിശാലും വ്യക്തമായി കണ്ടു വിറ കണ്ടിട്ട് സുഷമ ചേച്ചി അപ്പുക്കുട്ടന്റെ സ്വന്തം പെങ്ങളാണോ എന്നുപോലും ഞങ്ങൾ സംശയിച്ചുഒരുവിധം സംഭവം സോൾവ് ആയി
റോസാച്ചെടിയിൽ മുള്ളെന്നപോലെ കാണാൻ കൊള്ളാവുന്ന പെമ്പിള്ളേർക്കെല്ലാം ഇതുപോലുള്ള മൂരാച്ചിമാരായ തന്തമാരുണ്ടായിരിക്കണമെന്നതും  പ്രകൃതി നിയമമായിരിക്കും!

ഒരാഴ്ചകഴിഞ്ഞാണ് അപ്പുക്കുട്ടനുംവിനീഷിനും ലീനയുമായുള്ള ബന്ധം പുനസ്ഥാപിക്കാനായത്അതും അവളുടെ മുൻകൂർ അനുമതിയില്ലാതെ കോൾ ചെയ്യരുത് എന്ന കണ്ടീഷന്റെ പുറത്ത്
അപ്പുക്കുട്ടനും വിനീഷും ലീനയെ മത്സരിച്ച് പ്രണയിക്കാൻ തുടങ്ങിഒളിഞ്ഞും തെളിഞ്ഞും അത് അവൾക്കയക്കാൻ തയ്യാറാക്കുന്ന കവിതകളിലൂടെ വ്യക്തമാക്കണമെന്ന കർശന നിർദ്ദേശം എനിക്കും വിശാലിനും വന്നു.

"നൽകുവാനുണ്ട് സമ്മാനം - അതിനായ് 
സഖീ നിൻ മോതിരവിരലെനിക്കു നീട്ടൂ

എന്ന് എഴുതികൊടുക്കുമ്പോൾ ലീനയുടെ പപ്പയെക്കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നില്ലഇതെങ്ങാൻ  പുല്ലന്റെ കണ്ണിൽ പെട്ടാൽ സമ്മാനം മൂപ്പരുടെ ചൂണ്ടുവിരൽ തരുംവെടിയുണ്ടയുടെ രൂപത്തിൽ.

വാലന്റൈൻസ് ഡേയിൽ വിനീഷ് വിലക്കുകളെ മറികടന്ന് ലീനയുടെ നമ്പറിൽ വിളിച്ചു... അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഫോണെടുത്തവശം അവൻ വിളിച്ചുകൂവി 
" ലവ് യൂ....  ലവ് യു ലീനാ...  ലവ് യൂ വെരിമച്ച്അപ്പുറത്ത് നിശബ്ദത... അവൾ സർപ്രൈസ്ഡ് ആയിട്ടുണ്ടാകും
"ഇനിയുമെനിക്കിത് പറയാതിരിക്കാനാവില്ല ലീനാ... പറഞ്ഞില്ലെങ്കിൽ ഞാൻ ഹൃദയം പൊട്ടി മരിച്ചുപോകും... നിനക്ക് എന്നെയും ഇഷ്ടമാണെന്ന് എനിക്കറിയാം... ഇപ്പോൾ മറുപടിയൊന്നും പറയണ്ടനമ്മൾ നേരിൽ കാണുമ്പോൾ പറഞ്ഞാൽ മതി." 

അരമണിക്കൂർ കഴിഞ്ഞില്ലഅപ്പുക്കുട്ടൻ വിനീഷിന്റെ വീട്ടിൽ പാഞ്ഞെത്തി.
"നീ ലീനക്ക് ഫോൺ ചെയ്തിരുന്നോ?"
വന്നപാടേ അവൻ ചോദിച്ചു.
"ഉവ്വ്."
"ഫോൺ വിളിച്ചിട്ട് നീയെന്താ പറഞ്ഞത്?"
"ഞങ്ങൾ തമ്മിൽ സംസാരിക്കുന്ന കാര്യമൊക്കെ നിന്നോട് പറയണോ?"
"ഡാ പുല്ലേവിനീഷും അപ്പുക്കുട്ടനും ഒരാളാണെന്നാ അവളുടെ പരട്ട തന്ത കരുതിയിരിക്കുന്നത്.നിൻറെ 'ഐലവ്യൂന്റെ' മറുപടിയായി അയാളു വിളിച്ച തെറിവിളിമുഴുവൻ ഞാനാ കേട്ടത്അയാള് പോലീസിൽ കംബ്ലയിന്റ് ചെയ്യുമെന്നാ പറയുന്നത്."
അപ്പുക്കുട്ടന്റെ വിശദീകരണത്തിൽ നിന്ന് എനിക്കും വിശാലിനും ഒരു കാര്യം മനസ്സിലായി,
ഞങ്ങളിൽ നിന്നും ഉത്ഭവിച്ച് അപ്പുക്കുട്ടനിലൂടെയും വിനീഷിലൂടെയും സഞ്ചരിച്ച് ലീനയെന്ന സാഗരത്തിൽ വിലയം പ്രാപിക്കേണ്ട കവിതാ നദീപ്രവാഹം ഇടയിൽ ആർച്ച് ഡാം കെട്ടി ഒരാൾ സമാഹരിക്കുന്നുണ്ടായിരുന്നുസാക്ഷാൽ ഐസക്ക് കുരുവിള!
കൊമ്പൻ മീശക്കാരനായ ഒരു ആറടി വീരൻ പോലീസിനെകൂട്ടി വന്ന് കയ്യാമം വെച്ച് കൊണ്ട് പോകുന്ന ദൃശ്യം ഞങ്ങളുടെ മനസിലൂടെ മിന്നിമാഞ്ഞു.
ഏതു നിമിഷവും എന്തും സംഭവിക്കാം


എന്നാൽ അടുത്ത  രണ്ടു ദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. വിനീഷിന് ഇരിക്കപ്പൊറുതിയില്ലാതായി. എന്തും വരട്ടെയെന്ന് കരുതി അവൻ ലീനക്ക് മെസ്സേജ് അയച്ചു. കുറെ വൈകിയാണെങ്കിലും അവൾ റിപ്ലൈ ചെയ്തു. ലീന ഹതാശയായിരുന്നു. അത്രക്കും മാനസിക പീഡനം അവൾക്ക് സ്വന്തം പപ്പയിൽ നിന്ന് അവൾക്ക് നേരിടേണ്ടി വന്നിരുന്നു. 
'പ്ലീസ്, എന്നെയിനി കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കരുത്. നമ്മൾ തമ്മിൽ അരുതാത്തതൊന്നുമില്ല എന്ന് കാലുപിടിച്ച് പറഞ്ഞിട്ടും പപ്പ വിശ്വസിക്കാൻ തയ്യാറാവുന്നില്ല. ഞാൻ കാരണം നിങ്ങൾ കൂടി കുഴപ്പത്തിലാവരുത്.' അവൾ കുറിച്ചു. 
അവളെ ആശ്വസിപ്പിക്കാൻ വിനീഷും, അപ്പുക്കുട്ടനും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, ഒരിക്കൽ കൂടി ആ മെസ്സേജുകൾ ഐസക്ക് കുരുവിളയുടെ കയ്യിലെത്തി. അയാൾ അതിരൂക്ഷമായി പ്രതികരിച്ചു. വിനീഷും ഐസക്കും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. 
"താനൊരു അച്ഛനാനോടോ? തന്റെ മകളെ ഞാൻ കണ്ടിട്ടുപോലുമില്ല. പക്ഷെ എനിക്കവളുടെ മനസ്സറിയാം... കുറ്റങ്ങളും കുറ്റപ്പെടുത്തലുകളും നിർത്തി താനൊന്ന് അവളെ സ്നേഹിക്ക്. എന്നിട്ട് എൻ്റെ മെക്കിട്ട് കയറാൻ വാ"

"എൻ്റെ വാക്കിനെ ധിക്കരിച്ച് എൻ്റെ മകളെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും നീയൊക്കെ ഇപ്പോഴും എന്നോട് ന്യായം ചിലക്കുന്നുണ്ടെങ്കിൽ അതെൻ്റെ ഔദാര്യമാണ്. നിന്നെയൊക്കെ അഡ്രസ്സ് തപ്പി തൂക്കിയെടുക്കാൻ എനിക്ക് ഒരു മണിക്കൂറുപോലും വേണ്ട. ഐ വിൽ ഷോ യു ഹൂ ഐ ആം." 

വിനീഷ് ഒന്ന്‌ വിരളാതിരുന്നില്ല... 
രാത്രി പത്തുമണിയോടെ വിനീഷിനും, അപ്പുക്കുട്ടനും ലീനയുടെ മെസ്സേജ് വന്നു. അവളുടെ പപ്പ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ടത്രേ... 

'ഇനിയൊന്നും താങ്ങാൻ എനിക്ക് കരുത്തില്ല. തീരുമാനങ്ങൾ ചിലത് ഞാനും എടുത്തിട്ടുണ്ട്... സൗഹൃദത്തിന്റെ കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി. ഗുഡ് ബൈ!'

ആ മെസ്സേജ് വായിച്ച് ഇരുവരും സ്തബ്ധരായി നിന്നു...... (തുടരും)

ആദ്യഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://natyasapna.blogspot.com/2018/11/1.html