Saturday, April 28, 2018

അരവിന്ദന്‍റെ അതിഥികള്‍ റിവ്യൂ


അതിഥിയായി ചെല്ലുന്ന നാട്ടില്‍ ഒരു കൂട്ടുകാരനെപ്പോലെയോ, സഹോദരനെപ്പോലെയോ വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്ന, നമുക്ക് ചെയ്തുതരുന്ന സഹായങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് തൃപ്തിപ്പെട്ട്, ആരോടും പരിഭാവമില്ലാതെ കഴിഞ്ഞു കൂടുന്ന അരവിന്ദന്മാരെ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകും.  പിന്നീടാ നാടിനേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നതും ആ മുഖമായിരിക്കും. 

സിനിമകളുടെ കാര്യമെടുത്താല്‍,  1980കളുടെ അവസാനം പുറത്തുവന്ന 'ജനുവരി ഒരു ഓര്‍മ്മ'യിലൂടെയും 1990 കളില്‍ പുറത്തുവന്ന 'കിലുക്ക'ത്തിലൂടെയും  അനാഥനും പരോപകാരിയുമായ പാവം ടൂറിസ്റ്റ് ഗൈഡിന്റെ രൂപം മോഹന്‍ലാലിലൂടെ നമ്മുടെ ഉള്ളില്‍ പതിഞ്ഞുകിടപ്പുണ്ടാവും. ഏതാണ്ട് ആ  ഒരു സ്പേസിലേക്കാണ് വിനീത് ശ്രീനിവാസന്‍റെ 'അരവിന്ദനും' കയറിക്കൂടുന്നത്. ആ ഒരു കഥാപാത്രത്തെ  കയ്യടക്കത്തോടെ തന്നെ ചെയ്തിട്ടുണ്ട് വിനീത്.  

മൂകാംബിക ക്ഷേത്രത്തിനരികില്‍ ലോഡ്ജ് നടത്തുന്ന കമ്മ്യൂണിസ്റ്റുകാരനായ മാധവന്‍റെ കൈക്കാരനും, അനാഥനുമായ അരവിന്ദന്‍റെ ജീവിതത്തില്‍ പലപ്പോഴായി കടന്നുവരുന്ന അതിഥികളിലൊരാളാണ് വരദയും കുടുംബവും. ലോഡ്ജിലെ താമസത്തിനിടയില്‍ വരദ അരവിന്ദനുമായി ചങ്ങാത്തത്തിലാവുന്നതും അവന്‍ ചെയ്തു തന്ന സഹായങ്ങള്‍ക്ക് പകരമായോ, അല്ലെങ്കില്‍ അരവിന്ദനോടുള്ള ഇഷ്ടം കൊണ്ടോ അവന്‍റെ വലിയൊരാഗ്രഹം സാധിക്കുവാന്‍ അവള്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ ബേസ് പ്ലോട്ട്. 

നുറുങ്ങു നര്‍മ്മങ്ങള്‍ കൊണ്ടും, വിനീതും വരദയെ അവതരിപ്പിച്ച നിഖില വിമലുമായുള്ള മികച്ച കെമിസ്ട്രി കൊണ്ടും ആദ്യ പകുതികൊണ്ടുതന്നെ പ്രേക്ഷകരെ കൈക്കുമ്പിളിലാക്കുന്നുണ്ട് സിനിമ. വരാനിരിക്കുന്നത് മികച്ച രംഗങ്ങളാണ് എന്ന്‍ തോന്നിപ്പിക്കുന്ന നല്ലൊരു ഇടവേളയുണ്ടെങ്കിലും, രണ്ടാം പകുതിയില്‍ ആ മേന്മ നിലനിര്‍ത്താന്‍ സിനിമക്കായോ എന്നു സംശയമുണ്ട്. ക്ലൈമാക്സടക്കം പലതും വളരെ പ്ലെയിൻ ആയി പറഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുകയും ചെയ്തു.

ശ്രീനിവാസന്‍, പ്രേം കുമാര്‍, വിജയരാഘവന്‍, ഉര്‍വ്വശി,ശാന്തികൃഷ്ണ, കെ‌പി‌എ‌സി ലളിത, ദേവന്‍, വിനീത്, അജു, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍ തുടങ്ങി  നമുക്ക് ഒരുപാട് ഇഷ്ടമുള്ള പഴയ തലമുറയിലേയും, പുതിയ തലമുറയിലേയും മികച്ച കുറേ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിട്ടും   അവര്‍ക്കൊക്കെ സ്ക്രീന്‍ സ്പേസ് ഒരുക്കുന്ന കാര്യത്തില്‍ തിരക്കഥാകൃത്തിനും, സംവിധായകനും വീഴ്ചപറ്റിയോ എന്നു സംശയം തോന്നുന്നത് ചിലപ്പോള്‍ അവരോടുള്ള  സ്നേഹക്കൂടുതല്‍ കൊണ്ട് കൂടിയാവാം.

കോമഡി ടൈമിങ്ങിന്‍റെ കാര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന മറ്റൊരു നടിയില്ല എന്ന്‍ ഉര്‍വ്വശിക്കു കിട്ടുന്ന കയ്യടി തെളിയിക്കുമ്പോള്‍, മിതത്വമുള്ള മികച്ച പ്രകടനമാണ് താരതമ്യേനെ പുതുമുഖമായ നിഖിലയുടേത്. 
ഷാന്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളും,(ഈ സിനിമ കാണാന്‍ പ്രേരണയുണ്ടാക്കിയ 'എന്തേ കണ്ണാ' എന്നുതുടങ്ങുന്ന ഗാനം സിനിയയിലില്ലാഞ്ഞത് നിരാശയായി)  സ്വരൂപ് ഫിലിപ്പിന്‍റെ ദൃശ്യങ്ങളും കൊള്ളാം.
മൊത്തത്തില്‍ ഈ വെക്കേഷന് കുടുംബത്തോടൊപ്പം കാണാവുന്ന തരക്കേടില്ലാത്ത സിനിമയാണ് 'അരവിന്ദന്‍റെ അതിഥികള്‍'
"Aravindante Adhithikal Movie Review"