Friday, August 4, 2017

തേപ്പ് - ദൈവം വക!


Caution  : ഇതിൽ പറയുന്ന കുരുട്ടുബുദ്ധികളൊന്നും ആരും അനുകരിക്കരുത്. തത്ഫലമായുണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല.
Disclaimer : ഈ കഥ first person എന്ന സങ്കേതത്തിൽ  വിവരിക്കുന്നത് കൊണ്ട് കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണെന്ന് അർത്ഥമില്ല.
ലൊക്കേഷൻ : മുനിക്കൽ ഗുഹാലയ ക്ഷേത്രം, ചെങ്ങമനാട്.
കാലഘട്ടം : 2009 ഏപ്രിൽ

പ്രണയകഥകൾ കേൾക്കാനുള്ള ത്വരകൊണ്ടാണ് ഞാനന്ന് അഖിലിന്റെ കഥ കേൾക്കാൻ തയ്യാറായത്. ഞാൻ മാത്രമല്ല മറ്റുകൂട്ടുകാരും. കൂട്ടുകാരെന്ന് പറയുമ്പോൾ അവരുടെ പേരുകൂടി പറയണമല്ലോ. അവിനാശ്, അപ്പുക്കുട്ടൻ, വിനീഷ്, വിശാൽ.ശരത്.
വിഷയം കുറച്ച് സീരിയസ്സാണ്. അഖിലിന്റെ  ഗേൾഫ്രണ്ട് നിഷയുടെ വിവാഹമുറപ്പിച്ചിരിക്കുന്നു..!
ഇങ്ങിനെ ഒരു വാർത്ത കേൾക്കുന്ന ആർക്കും അതിലത്ര പുതുമ തോന്നണമെന്നില്ല.  കാരണം പ്രണയകഥകളിലെ ക്ളീഷേയാണല്ലോ പെൺകുട്ടിയുടെ വീട്ടിയിൽ വിവാഹാലോചന ആരംഭിക്കുകയോ, വിവാഹമുറപ്പിക്കുകയോ ചെയ്യുമ്പോഴുള്ള  പ്രതിസന്ധി.
കഥാനായകനും അത്തരമൊരു പ്രതിസന്ധിയിലാണ്.
 നിഷയെ ബാംഗ്ലൂരുകാരനായ ഒരു സോഫ്ട് വെയർ എഞ്ചിനീയറും കുടുംബാംഗങ്ങളും വന്ന് കണ്ട് ഇഷ്ടപ്പെട്ട് പോയിട്ടുണ്ട്. അടുത്ത ദിവസം അവളുടെ വീട്ടുകാർ ഇടുക്കിയിലെവിടെയോ ഉള്ള ചെറുക്കന്റെ വീട്ടിൽ വിവാഹം ഉറപ്പിക്കാൻ പോവുകയാണത്രെ! മാരക പ്രതിസന്ധി!

ഞങ്ങളുടെ  ചെറുക്കനാനെങ്കിൽ ഊണില്ല, ഉറക്കമില്ല,അന്ന്  തിയറ്റർ നിറഞ്ഞോടുന്ന '2 ഹരിഹർ നഗർ' എറണാകുളം ഷേണായ്‌സിൽ കൊണ്ട് കാണിച്ചിട്ട് ചിരിപോലുമില്ല. മരോട്ടിക്കാ തിന്ന കാക്കയേപ്പോലെ ഒരുമാതിരി തലമരവിച്ച അവസ്ഥ!കാര്യങ്ങൾ ഏറെക്കുറെ കൈവിട്ട് പോവുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

"എടാ, നിഷയ്ക്ക് നിന്നെ ഇഷ്ടമാണെന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞൂടെ? അപ്പോപ്പിന്നെ  അവരീ കല്യാണം ഉറപ്പിക്കില്ലല്ലോ.?" ന്യായമായ ഒരു സംശയം ശരത് അവനോട് ചോദിച്ചു.
"അത് പറ്റില്ലെടാ" അവൻ പ്രതിവചിച്ചു.
"അതെന്താ?"
"അവളുടെ അച്ഛന്  2  ഹാർട്ട് അറ്റാക്ക് കഴിഞ്ഞതാടാ" അവന്റെ സ്വരം വിറകൊണ്ടു.
ഒരുപക്ഷെ സ്വന്തം  അച്ഛനെക്കുറിച്ച് പോലും അവനിത്ര വികാരാധീനനായി സംസാരിച്ചിട്ടുണ്ടാവില്ല.
ഡും.....ഡും....ഡും  നിഷയുടെ ധർമ്മ സങ്കടത്തിന്റെ മാറ്റൊലി ഞങ്ങളുടെ ഹൃദയങ്ങളിലും വന്നലച്ചു.
അത്ര നേരം നിർവികാരനായി ഇരുന്ന വിനീഷ് വക ചോദ്യം അഖിലിനോട്  "ഇത്ര വല്യ പ്രശ്നമെന്താ ഇതില്? അവൾക്കാ പയ്യനെ ഇഷ്ടമായില്ലെന്ന് പറഞ്ഞാപ്പോരേ?"
ഞങ്ങളെല്ലാവരും ശബരിമല ഉണ്ണിയപ്പം കടിക്കുന്ന വീറോടെ അവനെ നോക്കി പല്ലുകടിച്ചു. 'ഒരാൾ ഇമോഷണലായി സംസാരിക്കുമ്പോഴാണോടാ പുല്ലേ ഇത്തരം നിസ്സാര ചോദ്യങ്ങൾ ചോദിക്കുന്നത്' എന്നാണ് അതിന്റെ അർത്ഥമെന്ന്  പെട്ടെന്ന് മനസിലായതോടെ അവൻ തുടർ ചോദ്യങ്ങളിൽ നിന്നും പിന്മാറി.

എന്താണൊരു മാർഗ്ഗം???

വിനീഷ്‌ഒഴികെ ബാക്കിയെല്ലാവരും മാറിമാറി തലപുകച്ചു. വിനീഷിന് അപ്പോഴും സ്വന്തം ചോദ്യത്തിലെ അപാകത മനസ്സിലായിട്ടില്ലായിരുന്നു.
 "നീ  വിളിച്ച് സംസാരിക്ക്. അവൾക്ക് അച്ഛനോട് പറയാനല്ലേ പേടിയുള്ളൂ, ചേച്ചിയും ചേട്ടനുമൊക്കെ(ചേച്ചിയുടെ ഭർത്താവ്) കൂട്ടുകാരെപ്പോലെയാണെന്നല്ലേ പറഞ്ഞത്? അവരോട് ഈ കല്യാണത്തിന് ഇഷ്ടമില്ലെന്ന് പറയാൻ പറയ്. അവർക്കത് നയപരമായി അച്ഛനോടും അമ്മയോടും സൂചിപ്പിക്കാൻ പറ്റില്ലേ? അറിഞ്ഞാൽ അവർ അവളുടെ ഇഷ്ടം മറികടന്ന് ഈ കല്യാണം ഉറപ്പിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ വൈകാതെ നീ അവളുടെ വീട്ടുകാരെ കണ്ട്  സംസാരിച്ച് കൺ വിൻസ് ചെയ്താൽ പോരേ?"  കൂട്ടുകാരെല്ലാം അതിബുദ്ധിമാന്മാരായതുകൊണ്ട് അവർക്കിടയിൽ ഒരു ബുദ്ധിജീവി ജാഡയിറക്കാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല.

വലിയൊരു പ്രശ്‍നം അതിജീവിച്ചതിന്റെ ആശ്വാസം അഖിലിന്റെ മുഖത്ത്. 'എനിക്കെന്താ ഈ ബുദ്ധി തോന്നാഞ്ഞതെന്ന' ഭാവം മറ്റു കൂട്ടുകാരിൽ.  എത്രപെട്ടെന്നാണ് ഞാനൊരു  പ്രതിവിധി കണ്ടെത്തിയതെന്ന അഹങ്കാരം എന്റെ മുഖത്ത്. എന്റെ നിർദ്ദേശം എല്ലാവർക്കും സ്വീകാര്യമായി ,വിനീഷൊഴികെ. കാരണം അവനപ്പോഴും തൊട്ടുമുമ്പ് ചോദിച്ച സ്വന്തം ചോദ്യത്തിലെ അപാകതയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു.
വൈകാതെ അഖില്‍ ഫോണെടുത്ത് അല്പം മാറിനിന്ന് നിഷയെ വിളിച്ചു. അപ്പുറത്ത് കരച്ചിലാവണം. പൂങ്കണ്ണീരില്‍ ചാലിച്ച ആശ്വാസവചനങ്ങള്‍ അഖിലില്‍ നിന്ന്‍  ധാരധാരയായി ഒഴുകി നോക്കിയ എക്സ്പ്രസ്സ് മ്യൂസ്സിക്കിന്റെ മൌത്ത് പീസിലൂടെ കടന്ന്‍ എറണാകുളം ജില്ലയിലെ മറ്റൊരിടത്തൊരു  ഫോണിന്‍റെ ഇയര്‍ പീസിലൂടെ നിഷയുടെ കാതിലെത്തി. അവളെ ആശ്വസിപ്പിക്കാന്‍ അവനുപയോഗിച്ച വാക്കുകളുടെ ആത്മാര്‍ത്ഥതയില്‍ സംപ്രീതനായി മുനിക്കല്‍ വാണരുളും ശ്രീമുരുകന്‍ എന്തെങ്കിലും വരം അവന് സ്പോട്ടില്‍ കൊടുത്തേക്കുമെന്ന് പോലും എനിക്കു തോന്നി. എന്തായാലും എന്റെ ഉപദേശത്തിനും ആ ഫോൺകോളിനും ശേഷം അഖിൽ ഏറെ ആശ്വാസവാനായി കാണപ്പെട്ടു.


ലൊക്കേഷൻ : ചെങ്ങമനാട് മഹാദേവർ ക്ഷേത്രം
കാലഘട്ടം : 2009 വിഷുദിനം.

ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി രാവിലെ അമ്പലത്തിൽ തൊഴുത്തിറങ്ങിയ നേരം അഖിലിന്റെ ഫോണിലേക്കൊരു കോൾ. അവനത് അറ്റന്റ് ചെയ്ത് കാതോട് ചേർത്തു. നിശബ്ദത.... ഏതാനും മൂളലുകൾ മാത്രം. അവന്റെ മുഖഭാവം കണ്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽപ്പോലും പെരുമ്പറ മുഴങ്ങാൻ തുടങ്ങി.
"എടാ, നിഷയാ വിളിച്ചത്. അവളെല്ലാം വീട്ടിൽ പറഞ്ഞു. അവർ ഒരിക്കലും സമ്മതിക്കില്ലെന്നാ പറയുന്നത്"
ഒരു പ്രതിവിധിക്കെന്നോണം അവൻ ഞങ്ങളെയെല്ലാവരേയും മാറി മാറി നോക്കി.
"അഖിലേ, നിഷ അവളുടെ ഭാഗം ക്ലിയറാക്കിക്കഴിഞ്ഞു. ഇനി നിന്റെ ഊഴമാണ്. നീ എത്രയും പെട്ടെന്ന് അവളുടെ ഫാമിലിയുമായി സംസാരിക്കണം. ഒറ്റക്കല്ല പറ്റുമെങ്കിൽ നിന്റെ അച്ഛനോടൊപ്പം തന്നെ. വേണമെങ്കിൽ ഞങ്ങളിലാരെങ്കിലും കൂടെവരാം." ഒരിക്കൽക്കൂടി എന്റെ  മത്സരാത്മക ബുദ്ധി കൂട്ടുകാർക്ക് മുന്നേ ഒരു പരിഹാരം നിർദ്ദേശിച്ചു. എല്ലാവരും ശിരസനക്കി ശരിവെച്ചു. അഖിൽ ധൈര്യംസംഭരിച്ച് മുന്നോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞ് നടയ്ക്കലേക്ക് നോക്കി പ്രാർത്ഥിച്ചു. ഈ വിവരം സ്വന്തം വീട്ടിൽ അവതരിപ്പിക്കുമ്പോഴുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളിൽ നിന്നുള്ള രക്ഷാർത്ഥം എന്തോ വഴിപാട് നേർന്നതാണെന്ന് നിശ്ചയം.

ലൊക്കേഷൻ : നിഷയുടെ വീട്
കാലഘട്ടം : വിഷുവിനടുത്ത ദിവസം 2009

"താനും എന്റെ മകളും തമ്മിൽ പരിചയമുണ്ട്, സൗഹൃദമുണ്ട് അതൊക്കെ ഞാൻ അംഗീകരിക്കുന്നു. അതിനപ്പുറം വിവാഹം കഴിക്കാനുള്ള അടുപ്പമോ താല്പര്യമോ ഒന്നുമില്ലെന്നാണ് എന്റെ മോളെന്നോട് പറഞ്ഞത്. അവളങ്ങിനെ പറയുമ്പോൾ പിന്നെ വേറൊന്നും നമുക്ക് ചർച്ച ചെയ്യാനില്ലല്ലോ"
നിഷയുടെ അച്ഛന്റെ വാക്കുകളിൽ അഖിൽ കാറ്റുപോയ ബലൂൺ പോലായി.
"മിസ്റ്റർ മുരളീകൃഷ്ണൻ, മകനെന്തോ പേക്കിനാവ് കണ്ടെന്നു വന്നുപറഞ്ഞപ്പോഴേക്കും നിങ്ങളിങ്ങനെ ചാടിത്തുള്ളി പുറപ്പെടണ്ടായിരുന്നു."
 അഖിൽ ആകെ വിവശനായി. "നിഷയെ  വിളിക്കാമോ, അവളിതൊക്കെ നേരിട്ട് എന്നോട് പറഞ്ഞാൽ ഞാൻ വിശ്വസിക്കാം" അവൻ വല്ലവിധേനെയും പറഞ്ഞൊപ്പിച്ചു.
"എൻ്റെ മകളെ എനിക്ക് വിശ്വാസമാണ്.  പറയുന്നതും വിശ്വാസമാണ്. അതങ്ങിനെ നിങ്ങളുടെ മുന്നിൽ നിർത്തി പറയിക്കേണ്ട ആവശ്യമൊന്നുമില്ല" രണ്ടുതവണ ഹൃദയാഘാതം വന്നിട്ടുള്ള ആ മനുഷ്യന്റെ വാക്കുകൾ കേട്ട് പാവം അഖിലിന്റെ ഹൃദയം നിന്ന് പോയേക്കുമെന്ന് എനിക്ക് തോന്നി.

മടക്കയാത്ര.

"സിനിമയിൽ കാണുന്നതൊന്നുമല്ല ജീവിതം. അത് നീ മനസ്സിലാക്കണം" 46 മിനുട്ട് 37 സെക്കന്റ് നീണ്ട ആ മടക്കയാത്രയിൽ അഖിലിന്റെ അച്ഛൻ ഇത്ര മാത്രമേ പറഞ്ഞുള്ളൂ.

ലൊക്കേഷൻ : ചെങ്ങമനാട് പുഴക്കടവ്
കാലഘട്ടം       :  2009 ഏപ്രിൽ; വിഷുവിന് രണ്ടു ദിവസത്തിനപ്പുറം.

"എനിക്ക് നിഷയുമായി ഒന്ന് സംസാരിക്കണം. അവളുടെ നിലപാട് എന്താണെന്ന് അവൾ തന്നെ നേരിട്ടെന്നോട് പറയണം. അത്രയും മതി." അഖിൽ നിർബന്ധം പറഞ്ഞു. നിഷയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.
നിഷയുടെ കൂട്ടുകാരികളിൽ ചിലരെ അവൻ വിളിച്ചു. അവന് ഫേവർ ചെയ്യും എന്ന് ഉറപ്പുള്ള ആർക്കും അവളെ ലൈനിൽ കിട്ടുന്നില്ല. അവളുമായി കോണ്ടാക്ടുള്ള ലക്ഷ്മിയാണെങ്കിൽ സഹായിക്കാൻ തയ്യാറുമല്ല.  അതിശക്തമായ റെസ്ട്രിക്ഷൻസ്... അവളിലേക്കെത്താൻ പിന്നെയെന്താണ് വഴി. ഞങ്ങൾ തല പുകച്ചു...

"അവളെ കെട്ടാൻ പോകുന്നവന്റെ ഡീറ്റെയിൽസ് വല്ലതും അറിയാമോ?" അവിനാഷിന്റെ ചോദ്യം. എന്തോ ഒന്ന് അവന്റെ തലയിൽ മിന്നിയിട്ടുണ്ട്.
"എന്തേ?" ഞാൻ തിരക്കി.
"ഈ കല്യാണാലോചന വന്നതുകൊണ്ടല്ലേ അവളുടെ വീട്ടുകാർക്ക് ഇത്ര മൂച്ച്. നമുക്ക് അവനെ എങ്ങിനെയെങ്കിലും കോണ്ടാക്ട് ചെയ്തു വിവരം പറയാം. മനുഷ്യപ്പറ്റുള്ളവനാണെങ്കിൽ  നിഷയുമായി സംസാരിക്കാൻ  അവൻ അഖിലിനെ  ഹെൽപ്പ് ചെയ്യാതിരിക്കില്ല." ശരിയാണെന്ന് എനിക്കും തോന്നി.
"അഖിൽ എന്ന് തന്നെയാണ് അവന്റെയും പേര്." അഖിൽ പറഞ്ഞു.
"ബെസ്റ്റ്‌" ഒരേ സമയം എല്ലാവരിലും നിന്നൊരു ആത്മഗതമുയർന്നു.
"ഇടുക്കിയിൽ അടിമാലി കഴിഞ്ഞെവിടെയോ ആണ് വീട്." അഖിലും, അവിനാഷും തമ്മിൽ ഒരു അശ്വമേധം ആരംഭിച്ചു.
"പഠിച്ചത് ?"
"ബി ടെക്ക്"
"എവിടെ?"
"മലപ്പുറത്തോ മറ്റോ"
"വയസ്സ് ?"
"29 "
"എങ്ങിനെയാ അവൾക്കീ കല്യാണാലോചന വന്നത്?"
"മാട്രിമോണി വഴി"
"ഏത് മാട്രിമോണി?"
"'.........മാട്രിമോണി"
"ഈ പറയുന്നവന്റെ ഫോട്ടോ നീ കണ്ടിട്ടുണ്ടോ"
"ഉവ്വ്. ആലോചന വന്ന സമയത്ത് അവൾ കാണിച്ചു തന്നിരുന്നു"
"ഉം ...എങ്കി വാ നമുക്കൊന്ന് നോക്കാം"

കട്ട് റ്റു

ലൊക്കേഷൻ : ഇന്റർനെറ്റ് കഫേ

രണ്ടുപേർക്ക് കഷ്ടിച്ചിരിക്കാവുന്ന കാബിനകത്ത് തിക്കിത്തിരഞ്ഞു ഞങ്ങൾ ഏഴുപേർ.
 '..........മാട്രിമോണി' സൈറ്റിൽ  ജാതി,പ്രായം,വിദ്യാഭ്യാസ യോഗ്യത,ജില്ല, എന്നീ ഫിൽറ്ററുകൾ  ഇട്ട് സേർച്ച് ചെയ്ത് അവിനാശ്; വില്ലനായ അഖിലിന്റെ പ്രൊഫൈൽ കണ്ടുപിടിച്ചു. അതുവഴി അവൻ  പഠിച്ച കോളേജ്, പ്രായം വെച്ച് കണക്കുകൂട്ടി ബിടെക്ക്  കംപ്ലീറ്റ് ചെയ്ത വർഷം. ആ കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബാച്ചിന്റെ ഓർക്കൂട്ടിലെ അലൂമിനി ഗ്രൂപ്പിൽ നിന്ന് പേഴ്‌സണൽ പ്രൊഫൈൽ വരെ മിനുട്ടുവെച്ച് തപ്പിയെടുത്തു.
 കഴിഞ്ഞ രണ്ടവസരങ്ങളിലും ബൗദ്ധിക നിർദ്ദേശങ്ങൾ നൽകി ഷൈൻ ചെയ്ത ഞാൻ അവിനാശിന്റെ പെർഫോമൻസിനു മുന്നിൽ അന്തം വിട്ട് കുന്തം  വിഴുങ്ങി നിന്നു.
"ഇനി നീ നിന്റെ ഓർക്കുട്ടിൽ നിന്ന് ഈ അഖിലിന് നിഷയുടെ ഫ്രണ്ടാണ്, അത്യാവശ്യമായൊന്ന് വിളിക്കണമെന്നും പറഞ്ഞു സ്ക്രാപ്പ് ചെയ്യണം. നിന്റെ ഫോൺ നമ്പറടക്കം. ഫിയാൻസിയുടെ ഫ്രണ്ടാണെന്ന് കേൾക്കുമ്പോൾ ആണാണെങ്കിൽ അവൻ വിളിക്കും." അതും  പറഞ്ഞു അവിനാശ് സ്ലോ മോഷനിൽ പഞ്ചസാര മേടിക്കാൻ പലചരക്ക് കടയിലേക്ക് പോയി.

ഒരാഴ്ചക്ക് ശേഷം.....

ആണാണെന്ന് ഞങ്ങൾ  വിചാരിച്ച ആ അഖിൽ ഞങ്ങളുടെ അഖിലിനെ വിളിച്ചില്ല. ആവശ്യാക്കാരന് ഔചിത്യമില്ല എന്നാണല്ലോ. അബ്ദുള്ള മലയുടെ അടുത്ത് ചെന്നില്ലെങ്കിൽ മല അബ്ദുള്ളയുടെ അടുത്തേക്ക്. വരൻ അഖിലിന്റെ ഫോൺ നമ്പർ തപ്പിയെടുക്കാനുള്ള തീവ്ര യത്നം അതോടെ ആരംഭിച്ചു. വിശാലാണ് ഇത്തവണ മാർഗ്ഗം നിർദ്ദേശിച്ചത്.  വല്യ കുടുംബക്കാരൊക്കെയായതുകൊണ്ട് ആ പയ്യന്റെ  വീട്ടിൽ ലാൻറ് ഫോൺ കാണാതിരിക്കില്ല. എറണാകുളം  ടെലഫോൺ ഡയറക്ടറിയിൽ അവന്റെ ഏരിയയിലെ ഫോൺ നമ്പറുകളുണ്ട്. അവന്റെ പേര് അഖിൽ പി കെ.. അവന്റെ അച്ഛന്റെ പേരിലായിരിക്കണം കണക്ഷൻ. അപ്പോൾ 'പി' എന്ന ലെറ്ററിൽ വീട്ടുപേര് തുടങ്ങുന്ന, 'കെ' യിൽ തുടങ്ങുന്ന പേരുള്ള ആളായിരിക്കണം അച്ഛൻ. പത്തോളം നമ്പറുകൾ മാച്ചിങ്ങായി കിട്ടി. 'അതിലൊന്നിലവൾ തന്റെ വരനുണ്ടതേത്??? ഈ നരകത്തിൽ നിന്നൊന്ന് കരകേറ്റ്...' എന്ന സമ്മർ ഇൻ ബത്ലഹേമിലെ പ്രാർത്ഥനയോടൊപ്പം ഞങ്ങൾ വിളി തുടങ്ങി. കൃത്യം മൂന്നമത്തെ കോൾ പോയത് ഞങ്ങൾ തേടുന്ന അഖിലിന്റെ വീട്ടിലേക്കായിരുന്നു. ബിടെക്കിന് കൂടെ പഠിച്ച ഫ്രണ്ടാണെന്നും സ്വന്തം കല്യാണം ക്ഷണിക്കാനാണെന്നും പറഞ്ഞ്   അഖിലിന്റെ ബാംഗ്ലൂർ മൊബൈൽ  നമ്പർ സംഘടിപ്പിച്ചു.

അടുത്ത നീക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള  ഞങ്ങളുടെ  ചർച്ചവട്ടത്തിനിടക്ക്  നിഷയുടെ കൂട്ടുകാരിയായ ദിവ്യ  എന്ന പെൺകുട്ടി അഖിലിനെ വിളിച്ചു.
"അഖിലേട്ടാ, നിഷ ഞങ്ങളാരും വിചാരിച്ചപോലെയല്ല. കഴിഞ്ഞ 3 വർഷം അവൾ അഖിലേട്ടനെപ്പറ്റി പറഞ്ഞിരുന്ന പോലെയാ അവളിപ്പോ കെട്ടാൻപോകുന്ന അഖിലിനെ പറ്റി സംസാരിക്കുന്നത്. ചേട്ടൻ സ്ക്രാപ്പ് ചെയ്തതിനെപ്പറ്റി ആ ചെറുക്കൻ നിഷയോട് ചോദിച്ചു.  അവൾ നല്ലതൊന്നുമല്ല അവനോട് ചേട്ടനെപ്പറ്റി പറഞ്ഞിട്ടുള്ളത്. എന്തുവന്നാലും അവളെ കെട്ടിക്കോളാമെന്ന് അവൻ അവൾക്ക് വാക്കും  കൊടുത്തു. ചേട്ടനോട് ഇങ്ങനൊക്കെ ചെയ്തതെന്തിനാന്ന്  ചോദിച്ചതിന്റെ പേരിൽ അവൾ ഇപ്പൊ എന്നോടും, സുരേഖയോടും  മിണ്ടുന്നില്ല!"
ലൗഡ് സ്പീക്കറിൽ നിന്നും കരച്ചിലിന്റെ വക്കോളമെത്തിയ ആ കുട്ടിയുടെ സ്വരം കേട്ട് ഞങ്ങൾ  തരിച്ചിരുന്നു....

കൂട്ടത്തിലുണ്ടായിരുന്ന  അപ്പുക്കുട്ടന്റെ വായിൽ നിന്ന് പിന്നെ കൊടുങ്ങല്ലൂർ ഭരണി തോൽക്കുന്ന തെറിയഭിഷേകമായിരുന്നു. അവളുടെ ഈ കല്യാണം മുടക്കിയില്ലെങ്കിൽ ആണാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല എന്ന് പറഞ്ഞു ഞങ്ങളെല്ലാവരും അഖിലിനെ മൂച്ച് കയറ്റി.
കൂട്ടത്തിൽ ഒരാൾ മാത്രം മാറിനിന്ന് ചിരിക്കുന്നുണ്ടായിരുന്നു. മറ്റാരുമല്ല നമ്മുടെ വിനീഷ് തന്നെ. നിഷയെന്തു കൊണ്ടാണ് തന്നെ  കാണാൻ വന്ന ചെറുക്കനെ ഇഷ്ടമായില്ല എന്ന് പറയാതിരുന്നതെന്ന് അപ്പോൾ മാത്രമാണ് അതിബുദ്ധിമാന്മാരായി ഭാവിച്ചിരുന്ന ഞങ്ങൾക്ക് മനസ്സിലായത്.
അപ്പുക്കുട്ടൻ തന്റെ കലി  മുഴുവൻ തീർത്തത് നിഷയുടെ സ്ക്രാപ്പിൽ മെസ്സേജ് ചെയ്താണ്. "ഒരു അഖിലിനെ മൂഞ്ചിച്ചിട്ട് ഇപ്പൊ നീ അടുത്ത അഖിലിനെ പിടിച്ചേക്കുവാണല്ലേടീ" എന്നായിരുന്നു ആ സ്ക്രാപ്പ്. 'എന്നെ ചതിച്ചതിന് നീ അനുഭവിക്കും' എന്ന് അഖിലും കുറിച്ചു.

വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്നാണല്ലോ. നിഷയ്ക്ക് നന്നായി മുറിവേൽക്കുകയും ചെയ്തു. പുതിയ മൊബൈൽ  നമ്പറിൽ നിന്ന് അവൾ അഖിലിനെ വിളിച്ചു. സ്വരം ഭീഷണിയുടേതായിരുന്നു. ഇനി അവളെ വിളിക്കുകയോ, സ്ക്രാപ്പ് ചെയ്യുകയോ ചെയ്‌താൽ പോലീസ് കംപ്ലയിന്റ് ചെയ്യുമത്രെ! വിവാഹം കഴിക്കാൻ പോകുന്ന അഖിലിന്റെ എല്ലാ സപ്പോർട്ടും അവൾക്കുണ്ടെന്ന് കൂടി അവൾ പറഞ്ഞറിഞ്ഞപ്പോൾ ഞങ്ങൾ മൂക്കത്ത് വിരൽ വെച്ചു!
അവിനാശ് തപ്പിയെടുത്ത് കൊടുത്ത നമ്പറിൽ വിളിച്ച് ആ മഹാനുഭാവനോട് 'നീ ആണാണോടാ' എന്നൊന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ പാവം അഖിലിനെ ഓർത്ത് വേണ്ടെന്ന് വച്ചു. എന്തായാലും മറ്റു പ്രശ്നങ്ങളൊന്നും വേണ്ടല്ലോ എന്ന് കരുതി ഞങ്ങൾ ഇരുവരുടെയും സ്ക്രാപ്പ് അവളുടെ പേജിൽ നിന്നും ഡിലിറ്റ് ചെയ്യിച്ചു.

തുടർന്നുള്ള ഒരുമാസം അഖിലിനെ ആശ്വസിപ്പിക്കലായിരുന്നു ഞങ്ങളുടെ മുഖ്യ തൊഴിൽ.  ഞങ്ങൾ ആറുപേർ മാറിമാറി അവനു  നൽകിയ മോട്ടിവേഷൻ സൂക്തങ്ങൾ എഴുതി  സൂക്ഷിച്ചിരുന്നെങ്കിൽ പിൽക്കാലത്ത് വലിയ പ്രബന്ധമോ, ഗ്രന്ഥമോ ഒക്കെയായി പ്രസിദ്ധീകരിക്കാമായിരുന്നു.ലൊക്കേഷൻ : എറണാകുളം മറൈൻ ഡ്രൈവ്,
കാലഘട്ടം : 2009  മെയ്, അവസാന വാരം .

വലിയൊരു തകർച്ചയിൽ നിന്ന് അഖിൽ സാവകാശം കരകയറി വരുന്ന സമയം. ഞാനും അവനും കൂടി  മഹാരാജാസിന്റെയും, സെയിന്റ് തെരേസാസിന്റെയും പടികടന്നു ബ്രോഡ് വേയിലൂടെ  ചുറ്റിത്തിരിഞ്ഞു പെൻറ മേനകയിൽ ഷോപ്പിങ്ങും കഴിഞ്ഞു മറൈൻ ഡ്രൈവിൽ നാലുചാല് നടന്നപ്പോഴേക്കും ലോകത്ത് ഒരു നിഷ മാത്രമല്ല  പെണ്ണായിട്ടുള്ളതെന്ന്  കൂടെക്കൂടെ ഞങ്ങൾ കൂട്ടുകാർ പറയുന്നത് സത്യമാണെന്ന് അവന്  തീർത്തും ബോധ്യമായിക്കഴിഞ്ഞിരുന്നു.  എൻ്റെ വായിൽ നിന്നും നല്ല 'നിസരിഗമ' കേൾക്കേണ്ടന്ന് വെച്ചാവും, അത്രയും നേരം അവൻ നിഷ എന്ന വാക്ക് ഉച്ചരിച്ചിട്ടില്ലായിരുന്നു. എന്നാൽ മഴവിൽ പാലത്തിൽ കാറ്റ് കൊണ്ട് നിൽക്കുമ്പോൾ അവനൊരു കോൾ വന്നു. കോമൺ  ഫ്രണ്ടായ ലക്ഷ്മിയുടെ.  ഈ വിഷയത്തിൽ  നിഷക്ക് നിർലോഭമായ പിന്തുണ നിന്നിരുന്ന ലക്ഷ്മിയുടെ കോൾ അവൻ എനിക്കുകൂടി കേൾക്കാൻ ലൗഡ് സ്പീക്കറിലിട്ടു.
"ഹലോ ലക്ഷ്മി"
"അഖിലേ , നിനക്കിപ്പോ സന്തോഷമായോ?"
"എന്താ ലക്ഷ്മീ?"
"നിഷയുടെ വിവാഹം മുടങ്ങി"
അഖിലും ഞാനും ഒരുപോലെ ഞെട്ടി.
"അഖിലേ, ഇതിനുവേണ്ടിയല്ലേ നീ കളിച്ചുകൊണ്ടിരുന്നത്?"
"ലക്ഷ്മീ, ഞാൻ എന്ത് ചെയ്തൂന്ന്?"
"നീയെന്തിനാ ആ പയ്യന് മെസ്സേജോക്കെ അയക്കാൻ പോയത്?"
"നിഷയെ കോണ്ടാക്ട് ചെയ്യാൻ ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു? നീയെന്നെ സഹായിച്ചോ.ഇല്ലല്ലോ?"
"അതൊന്നും ഒരു ന്യായമല്ല. വിവാഹമുറപ്പിച്ച പയ്യനെയാണോ സഹായത്തിന് വിളിക്കുന്നത്"
"വിവാഹമുറപ്പിച്ച പയ്യൻ എന്തുവന്നാലും കെട്ടിക്കോളാമെന്ന് അവൾക്ക് വാക്കുകൊടുത്തിരുന്നതാണല്ലോ. എന്നിട്ടിപ്പോ എന്തുപറ്റി?"
"മനസ്സമാധാനമില്ലാഞ്ഞിട്ട് അവൻ നിന്റെ കാര്യമെല്ലാം അവന്റെ അച്ഛനോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ അവന്റെ വീട്ടിലാർക്കും ഈ ബന്ധത്തിന് സമ്മതമില്ല. ചെറുക്കന്റെ അച്ഛൻ നിഷയുടെ അച്ഛനെ വിളിച്ച് ഈ കല്യാണത്തിൽ നിന്ന് ഒഴിയുകയാണെന്ന്  പറഞ്ഞു; കുറച്ച് മുമ്പ്. എന്തായാലും അവളുടെ വീട്ടുകാർ നാണം കെട്ടപ്പോ നിനക്ക് സമാധാനമായല്ലോ"
"നാണക്കേട് എനിക്കും ഉണ്ടായിട്ടുണ്ട് ലക്ഷ്മീ, നിനക്ക് അറിയാത്തതൊന്നുമല്ലല്ലോ"
"എന്നാലും, നീയും കൂട്ടുകാരും കൂടി ആളുടെ സ്ക്രാപ്പിൽ തോന്ന്യാസമൊന്നും എഴുതണ്ടായിരുന്നു"
"തോന്ന്യാസോ, അവൾ കാണിച്ച വിശ്വാസവഞ്ചനക്ക് ഞാൻ അത്രയെങ്കിലും ചെയ്യണ്ടായിരുന്നോ?"
"അവളാണെന്നെ വിളിച്ച് വിവരം പറഞ്ഞത്. കരച്ചിലായിരുന്നു. നിനക്ക് സന്തോഷമായില്ലെന്ന് ചോദിക്കാൻ പറഞ്ഞു"
"ഉവ്വോ.... വെറും ഒരുമാസത്തെ പരിചയമുള്ള ആ പയ്യൻ വേണ്ടന്ന് പറഞ്ഞപ്പോ അവൾ കരഞ്ഞു അല്ലേ, ഒരുമാസം മുമ്പ് ഇതേ അവസ്ഥ എനിക്ക് വന്നപ്പോ ഞാൻ ചിരിക്കുകയായിരുന്നില്ല എന്നൊന്ന് പറഞ്ഞേക്ക് കൂട്ടുകാരിയോട്"
"നീയാണിതിന്റെ പിന്നിലെന്ന് തോന്നിയതുകൊണ്ടാ ഞാൻ വിളിച്ചത്"
"അത് നിന്റെം അവളുടെയുമൊക്കെ തോന്നൽ മാത്രമാണ് ലക്ഷ്മീ. എനിക്ക് അവളുടെ കല്യാണം മുടക്കാനായിരുന്നെങ്കിൽ ഒരുമാസമൊക്കെ കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. രണ്ടേരണ്ട് ഫോൺകോളിന്റെ ചിലവിൽ അത് നടന്നേനെ. പറ്റുമെങ്കിൽ വിശ്വസിക്കാം നിനക്കും നിന്റെ കൂട്ടുകാരിക്കും. ഞാൻ കുറച്ച് തിരക്കിലാണ്"
അവൻ കോൾ കട്ട് ചെയ്തു.

ഞാൻ അഖിലിനെ സൂക്ഷിച്ചുനോക്കി. ദൈവമേ ഇത്രനാളും  സെന്റിയടിച്ച് നടന്നിരുന്ന അഖിൽ തന്നെയാണോ ഇത്..?
കുറച്ചുനേരം ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത പരന്നു.
പരസ്പരം നോക്കി നിൽക്കേ ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു. അത് പതുക്കെ പതുക്കെ ഒരു പൊട്ടിച്ചിരിയായി.....
"ദാ, ഈ നിമിഷം വരെ ഒരു ദൈവവും എൻ്റെ മനസ്സ് കണ്ടിട്ടില്ലെന്നാ ഞാൻ കരുതിയത്. അത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി. അറ്റ്ലീസ്റ്റ് മുരുകനെങ്കിലും എന്നെ നന്നായി കണ്ടിട്ടുമുണ്ട്. മറുപണി കൊടുത്തിട്ടുമുണ്ട്. ഒന്നുമില്ലെങ്കിലും മൂപ്പരുടെ പേരിന്റെ പര്യായമാണല്ലോ അവളുടെ അച്ഛന്റെ പേര്"
 അവൻ ചിരിച്ചുകൊണ്ട്  കായലിലേക്ക് കണ്ണുനട്ടു. എല്ലാ സംഭവങ്ങളുടെയും മൂക സാക്ഷിയായ സൂര്യൻ  ദൂരെ അറബിക്കടലിലൊളിച്ചു......