Saturday, March 3, 2018

ചിത്രത്തെരുവുകളിലെ ഓര്‍മ്മത്തിരി...


               
 എം ടിയുടെ ചിത്രത്തെരുവുകളെന്ന സിനിമാഓര്‍മ്മപ്പുസ്തകവുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ക്ക് മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം ചേര്‍ക്കുന്നു.                      

രണ്ടുവര്‍ഷം മുമ്പ് എറണാകുളം പബ്ലിക്ക് ലൈബ്രറിയില്‍ നിന്നാണ് ഈ ബുക്ക് എനിക്ക് കിട്ടുന്നത്. വായിക്കാനായി എടുത്തെങ്കിലും അത് മേശയില്‍ എവിടെയോ അലസമായി ഇട്ടിരിക്കുകയായിരുന്നു. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ് എന്‍റെ നമ്പറില്‍ ഒരു കോള്‍ വന്നു. സാബു എന്നാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. പബ്ലിക്ക് ലൈബ്രറിയില്‍ നിന്നും കിട്ടിയതാണത്രേ എന്‍റെ നമ്പര്‍. അദ്ദേഹം ആവശ്യപ്പെട്ടത് ചിത്രത്തെരുവുകള്‍ എന്ന എന്‍റെ കയ്യിലുള്ള ബുക്ക് എത്രയും പെട്ടെന്ന് ഒന്ന്‍ റിട്ടേണ്‍ ചെയ്യാമോ എന്നായിരുന്നു. സ്വാഭാവികമായും എനിക്ക് ദേഷ്യം വന്നു. കാരണം ബുക്ക് റിട്ടേണ്‍ ചെയ്യാന്‍ 15 ദിവസത്തെ സാവകാശമുണ്ട്. ഇനി 15 ദിവസം കഴിഞ്ഞാലും എനിക്ക് അത് പുതുക്കി കൈയ്യില്‍ വെക്കാം മാസാമാസം ലൈബ്രറിയില്‍ ഫീസ് അടക്കുന്ന മെമ്പറാണല്ലോ ഞാന്‍. ഞാന്‍ ആ ഫോണിന് അത്രയേ പ്രാധാന്യം കൊടുത്തുള്ളൂ. പിറ്റേന്ന് അദ്ദേഹം വീണ്ടും വിളിച്ചു. എറണാകുളത്ത് വരാന്‍ പറ്റാഞ്ഞത് കൊണ്ട് റിട്ടേണ്‍ ചെയ്തില്ല എന്ന്‍ ഞാന്‍ മറുപടിയും പറഞ്ഞു.
അതിന്‍റെ പിറ്റേന്നും എനിക്ക് വിളിവന്നു. ഇത്തവണ ഞാന്‍ അല്പം മുഷിഞ്ഞു തന്നെയാണ് സംസാരിച്ചത്. ഒന്ന്‍ എന്‍റെ വാശി, പിന്നെ ലൈബ്രറിയിലേക്ക് എനിക്ക് വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട്. ജോലി ചെയ്യുന്ന ഓഫീസ് എറണാകുളത്താണെങ്കിലും, ഫീല്‍ഡ് വര്‍ക്ക് ആയതുകൊണ്ട് എല്ലാ ദിവസവും ടൌണിലേക്ക് പോകാറില്ല. എന്തായാലും എന്‍റെ സംസാരം  സുഖകരമല്ലാഞ്ഞതുകൊണ്ട് അദ്ദേഹം ആ ബുക്ക് ചോദിച്ചതിന്‍റെ കാരണം വ്യക്തമാക്കി. ചിത്രത്തെരുവുകളില്‍ ദേവലോകം എന്ന ഒരു അദ്ധ്യായമുണ്ട്. പ്രസ്തുത സിനിമയുടെ ഷൂട്ടിങ്ങിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പാണത്. അതില്‍ അഭിനയിച്ച സാപ്പു എന്നൊരാളെക്കുറിച്ച് എം ടി പറയുന്നുണ്ട്. ആ സാപ്പുവാണ് എന്നെ വിളിച്ചിരിക്കുന്ന ഈ സാബു! സിനിമയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ഒരു പെന്‍ഷന്‍റെ ആവശ്യത്തിന് അദ്ദേഹം എംപിയും സിനിമാതാരവുമായ ഇന്നസെന്‍റിനെ ചെന്നുകണ്ടിരുന്നു. പെന്‍ഷന്‍ ശരിയാക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ, സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് കൂടി അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം. അതിന് അദ്ദേഹത്തിന്‍റെ കയ്യില്‍ ആകെയുള്ളത് എം ടി എഴുതിയ ചിത്രത്തെരുവുകള്‍ എന്ന ബുക്കിലെ ദേവലോകം എന്ന അദ്ധ്യായമാണ്. (മമ്മൂട്ടിയുടെ ആദ്യകാലത്തെക്കുറിച്ചുള്ള പരാമര്‍ശം കൂടിയുണ്ടത്തില്‍)


ബുക്കിന്‍റെ ഒരു പ്രതിക്ക് വേണ്ടി അദ്ദേഹം കറണ്ട്  ബുക്സിനെ സമീപിച്ചു. പക്ഷേ അവരുടെ കയ്യില്‍ അതിന്‍റെ പകര്‍പ്പ് ഉണ്ടായിരുന്നില്ല. അവരുടെ ഓഫീസില്‍ നിന്നാണ് ഒരു പ്രതി എറണാകുളം പബ്ലിക്ക് ലൈബ്രറിയില്‍ ഉണ്ടെന്ന് അറിഞ്ഞത്. അവിടെ ചെന്നപ്പോഴാണ് ഒരാഴ്ച മുമ്പ് അനീഷ് എന്നു പേരുള്ള ഒരാള്‍ അത് കൊണ്ടുപോയി എന്നറിഞ്ഞത്. ഒരു സഹായമെന്ന് കരുതി ആ ബുക്ക് റിട്ടേണ്‍ ചെയ്യണമെന്നും, ഇനി അതിന് അസൌകര്യം വല്ലതുമുണ്ടെങ്കില്‍ ആ പേജുകളുടെ സ്കാന്‍ കോപ്പിയെങ്കിലും അയച്ചുതരണമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ദനായി നിന്നു. എന്‍റെ ആരാധനാ മൂര്‍ത്തിയായ എംടി യുടെ ബുക്കിലെ ഒരു കഥാപാത്രമാണ് എന്നോട് സഹായം ചോദിക്കുന്നത്! അദ്ദേഹത്തെയാണ് ഞാന്‍ മൂന്നു ദിവസമായി ചുറ്റിക്കുന്നത്! എനിക്ക് വല്ലാത്ത ആത്മ നിന്ദയും, സങ്കടവുമൊക്കെ തോന്നി. എന്തായാലും മണിക്കൂറുകള്‍ക്കുള്ളില്‍ ഞാന്‍ അദ്ദേഹം നല്കിയ ഇമെയില്‍ അഡ്രസ്സിലേക്ക് ആവശ്യപ്പെട്ട ആ പേജുകള്‍ അയച്ചുകൊടുത്തു. അദ്ദേഹമത്തിന് നന്ദിയും പറഞ്ഞു.

ആ രാത്രിയാണ് ഞാനാ ബുക്ക് വായിക്കാനെടുക്കുന്നത്. എം ടി എഴുതിയ പല കഥകളേക്കാളും വിചിത്രമായി തോന്നി, സിനിമയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ ഈ ജീവിതാനുഭവങ്ങള്‍. പ്രത്യേകിച്ച് ആദ്യഭാഗത്തുള്ള ഒരച്ഛനും, മകളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള അദ്ധ്യായം. (അതിന്‍റെ പേര് ഓര്‍മ്മയിലില്ല) സിനിമയുമായി ബന്ധപ്പെട്ട പഴയ കഥകള്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ചിത്രത്തെരുവുകള്‍. എന്തായാലും ഇക്കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി സാലിഹ് കല്ലട.