Wednesday, June 17, 2015

നിവിനും,ഷറഫുദ്ദീനും,ഗോപൂസും പിന്നെ ഈ പാവം ഞാനും....

                             
                                                ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള കഥയാണ്.
പ്രശസ്തനായ ഒരു സംവിധായകന്റെ അസിസ്റ്റാന്‍റായ എന്‍റെ സുഹൃത്തിനു വേണ്ടി ഒരു തിരക്കഥയൊരുക്കിക്കൊണ്ടിരിക്കുന്ന കാലം. പകൽ ജോലിയും രാത്രി പുസ്തകങ്ങളിലൂടെയുള്ള സഞ്ചാരവും, പുലർകാലത്ത് ഉണർന്നിരുന്നുള്ള എഴുത്തും. വെട്ടിയും തിരുത്തിയും എഴുതിയതത്രയും മനസ്സിലെ തിരശ്ശീലയിലൂടെ ഓടിച്ചുനോക്കിയും സ്വപ്നം കണ്ടും സിനിമ എന്ന കാമുകിയെ സ്വന്തമാക്കാനുള്ള തത്രപ്പാടിനിടയിൽ ഒരു ദിവസം ആലുവയിലുള്ള എന്റെ സുഹൃത്ത് ഷറഫുദ്ദീന്‍റെ ഒരു ഫോൺ കോൾ, ഒന്നു കാണണം. കാരണം തികച്ചും ഒഫീഷ്യലാണ്. വൈകീട്ട് കാണാമെന്നും പറഞ്ഞു. ഷറഫിനെ കാണാനും സംസാരിക്കാനും വല്യ താല്പര്യമാണ്. കാരണം അവൻ ഒരു സിനിമാമോഹികളായ കുറെ കൂട്ടുകാരുണ്ട്. എല്ലാവരും ആലുവക്കാരാണ്. അവരുടെ വിശേഷങ്ങളറിയാം, പിന്നെ എന്‍റെ സിനിമയെ പറ്റി ചർച്ച ചെയ്യാം, അങ്ങിനെ പലതും വിചാരിച്ചാണ് കാണാൻ ചെല്ലുന്നത്. ആലുവ  പാലസിൽ വൈകീട്ട് ചെല്ലുമ്പോൾ ഷറഫ് ഒറ്റക്കാണ്. പതിവിന് വിപരീതമായി സംസാരം സിനിമയെക്കുറിച്ചായിരുന്നില്ല , മറിച്ച് അവൻ വർക്ക് ചെയ്യുന്ന കാർ ഷൊറൂമിലെ കസ്റ്റമേഴ്സ് ഡാറ്റ എങ്ങിനെ സ്വകാര്യ ആവശ്യത്തിന് ഉപയോഗപ്പെടുത്താമെന്നതായിരുന്നു ചർച്ച.
സംസാരം നീണ്ടപ്പോൾ ഞാൻ ചോദിച്ചു

"എവിടെ വരെയായി നിങ്ങളുടെ സിനിമാ പരിപാടികൾ?".
"ഓ, തലവൻ ചെന്നൈയിലാ. അവൻ നാട്ടിൽ വന്നാലേ എല്ലാത്തിനും ഒരു ചൂടുള്ളൂ."
പിന്നെ കുറേ സിനിമാകാര്യങ്ങൾ പറഞ്ഞിരുന്നു. കൂട്ടത്തിൽ അവൻ എന്റെ സിനിമയെ കുറിച്ചും ചോദിച്ചു.
"കൂട്ടുകാരനുടനെ സ്വന്തമായി സിനിമ ചെയ്യും. ഞാനവനു വേണ്ടി തിരക്കഥ ഒരുക്കിക്കൊണ്ടിരിക്കുകയാണ്." ഞാൻ  അഭിമാനത്തോടെ പറഞ്ഞു.
എന്‍റെ കൂട്ടുകാരൻ നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിലാണ് താമസമെന്ന് പറഞ്ഞപ്പോൾ അവൻ ഒരു 'സിജോ ജോസഫിനെ' അറിയുമോയെന്ന് തിരക്കി. അത്താണിക്കാരനായ ഒരു അസിസ്റ്റന്‍റ്  ഡയറക്ടറാണ് കക്ഷി. ആളെ എനിക്ക് അത്ര പരിചയമില്ല. എന്‍റെ ചില കൂട്ടുകാർക്ക് ആളെ അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാനത്ര കാര്യമായെടുത്തില്ല. ഉടനെ സിനിമ ചെയ്യാൻ പോകുന്ന ഒരു അസിസ്റ്റന്‍റ്  ഡയറക്ടർ എന്റെ ഉള്ളം കയ്യിലുള്ളപ്പോൾ ഞാനെന്തിന് മറ്റൊരാളെ ഗൗനിക്കണം?

സംസാരവിഷയം സിനിമയിലൂടെ തന്നെ മുന്നേറുകയാണ്. എഴുത്തിന്‍റെ തിരക്കുള്ളതിനാൽ ഞാൻ ആസമയത്ത് റിലീസായ സിനിമകളൊന്നും കണ്ടിരുന്നില്ല

"ഇനി വിനീത് ശ്രീനിവാസന്‍റെ  'മലർവാടി ആർട്ട്സ് ക്ലബ്ബ്' റിലീസാവുമ്പോൾ കാണണം." ഞാനതു പറഞ്ഞപ്പോൾ ഷറഫിന്റെ മുഖം വിടർന്നു.
" അതിലെ നായകന്മാരിലൊരാൾ എന്റെ കൂട്ടുകാരനാണ്" അവൻ ആവേശത്തോടെ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞ വിദ്വാനോട് കുറച്ച് അസൂയ തോന്നാതിരുന്നില്ല.
"എടാ നീയൊരു അരമണിക്കൂർ കൂടി വെയ്റ്റ് ചെയ്യാണെങ്കിൽ ഞാൻ ആളെ പരിചയപ്പെടുത്തിത്തരാം. നിവിൻ ന്നാണ് പേര്."

സഹസംവിധായകനായ കൂട്ടുകാരന്‍റെ അടുത്ത പരിചയക്കാരനായ നടനെ മനസ്സിൽ കണ്ട് തിരക്കഥയൊരുക്കിക്കൊണ്ടിരിക്കുന്ന ഞാൻ കേവലമൊരു പുതുമുഖത്തെ എന്തിനു പരിചയപ്പെടണം? ഷറഫിനോട് ഇങ്ങിനെ പറഞ്ഞില്ലെങ്കിലും അവനെ പരിചയപ്പെടാൻ നിൽക്കാതെ ഞാൻ യാത്രയായി.

                                                          ***************
കുറച്ചു നാളുകള്‍ക്ക്  ശേഷം...
ഒരു സായാഹ്നം 

ആലുവ പാലസിനടുത്ത് ഒരു ചെറിയ കൂൾബാറുണ്ട്. ഗോപൂസ് എന്നാണ് പേര്. ഷറഫ് അവിടെയുണ്ടായിരുന്നു. രണ്ട് സിഗരറ്റും വാങ്ങി ഞങ്ങൾ കടവിലേക്ക് നടന്നു. ക്രിസ്തുമസ്സിനിറങ്ങിയ ദിലീപിന്‍റെ സിനിമ തകർത്തോടുന്നതിനെ കുറിച്ചായിരുന്നു അന്ന് സംസാരം. അതിൽ എനിക്കും അഭിമാനിക്കാൻ വകയുണ്ട്. കാരണം സിനിമയിൽ എന്‍റെ സുഹൃത്ത് അസിസ്റ്റന്‍റ്  ഡയറക്ടറായിരുന്നു. സിനിമയുടെ വിശേഷങ്ങളൊക്കെ എനിക്ക് നേരിട്ടറിയാം.
അവരുടെ സിനിമാ സ്വപ്നം അപ്പോഴും വിദൂരത്താണ്. സിനിമയെന്നും പറഞ്ഞ് നടക്കുന്നതിന്റെ പേരിൽ വീട്ടിൽ നിന്നുള്ള ചീത്തവിളി  മുറുകുന്നതിനാൽ ഷറഫ് സ്വന്തമായി ഒരു ടൂർ ഓപ്പറേറ്റിങ്ങ് ഓഫീസിടാനുള്ള ഒരുക്കത്തിലാണ്. അന്ന് ഞാൻ പരിചയപ്പെടാതെ പോന്ന ഷറഫിന്റെ സുഹൃത്ത് 'നിവിൻ പോളി' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാലും ഒരു ബ്രേക്ക് ആയിട്ടില്ലനിവിൻ അവരെയെല്ലാം വിളിച്ച് ചീത്ത പറയാറുണ്ടെന്ന് അവൻ പറഞ്ഞു. അവരുടെ ഗ്യാങ്ങ് ഒരുമിച്ച് ചെയ്യുന്ന സിനിമ അവന്‍റേം സ്വപ്നമാണ്. എല്ലാവരേം ഒന്ന് ചൂടാക്കിയെടുക്കണം.
നിവിനെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ സിനിമയിലെ നായകന്‍റെ സുഹൃത്തിന്റെ റോൾ നിവിനു നൽകാം. ഒന്നുമല്ലെങ്കിലും ഷറഫിന്‍റെ ഫ്രണ്ടല്ലേ. ഞാൻ കണക്കുകൂട്ടി. ഷറഫിനും അഭിനയിക്കാൻ മോഹമുണ്ട്. അവനേയും പരിഗണിക്കാം.

                                                      *****************

തിരക്കഥ തയ്യാറാക്കി പകർത്തി എഴുതി ഫയൽ ചെയ്ത് ഞാൻ പ്രതീക്ഷയോടെ എന്‍റെ സിനിമ സംവിധാനം ചെയ്യാൻ പോകുന്ന സുഹൃത്തിനെ വിളിച്ചു.

"എടാ തിരക്കഥ റെഡിയായിട്ടുണ്ട്. നീ എന്നാണ് ഫ്രീ എന്നു പറഞ്ഞാൽ ഞാനത് കൊണ്ടുതരാം."
"അത് കൊണ്ട് തരണ്ട. കഥ പറഞ്ഞാ മതി."
"അല്ലാ...കഥ നമ്മൾ ഡിസ്ക്കസ് ചെയ്തിട്ടുള്ളതല്ലേ..."
"എന്നാലും സ്ക്രിപ്റ്റുമായിട്ട് വരണമെന്നൊന്നുമില്ല. പറഞ്ഞാൽ മതി. കേട്ടാൽ എനിക്ക് മനസ്സിലാകുമല്ലോ."
"എടാ തിരക്കഥ വിവരിച്ചു പറയുന്നതിലും എനിക്ക് കംഫർട്ട് നീയത് വായിച്ച് അഭിപ്രായം പറയുന്നതാ. അത് എന്തു തന്നെയായാലും നിനക്ക് പറയാമല്ലോ"
"നീ പിന്നെ വിളിക്ക്. ഞാനിപ്പോ കുറച്ച് തിരക്കിലാ."

ഞാനൊന്ന് അമ്പരന്നു. എന്നാലും മനസ്സിൽ ഓർത്തു; അവന്‍റെ മൂഡ് ശരിയല്ല എന്ന് തോന്നുന്നു. പിന്നീട് വിളിയൊന്നുമില്ല. എന്‍റെ കോളാണെങ്കിൽ അവൻ എടുക്കുന്നിമില്ല. അങ്ങിനെയിരിക്കേ ഞാൻ അറിഞ്ഞു ; അവന്‍റെ അടുപ്പക്കാരായ ഇരട്ട തിരക്കഥാകൃത്തുക്കളിൽ ഒരാൾ അവന് കഥകൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടത്രേ! അതും അവന്‍റെ പ്രിയ നായകനു ചെയ്യാൻ പാകത്തിൽ... നല്ലത്. അങ്ങിനെയെങ്കിൽ അവനൊരു നിർമ്മാതാവിനു വേണ്ടി അലയേണ്ടിവരില്ലല്ലോ. ഞാനും കരുതി. എങ്കിലും അവനൊരു വാക്ക് എന്നോട് നേരിട്ടുപറയാമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. പോട്ടെ സാരമില്ല.
പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നാണ്. ഇരട്ട തിരക്കഥാകൃത്തുക്കൾ വേർപിരിഞ്ഞു. അവരുടെ തിരക്കഥയിലൂടെ ചോക്ലേറ്റ് ഹീറോ പരിവേഷം നേടിയ എന്‍റെ സുഹൃത്തിന്‍റെ നായക നടന്‍റെ വളർച്ച പെട്ടെന്നായിരുന്നു. താരസിംഹാസനത്തിലമർന്ന് കയ്യിൽ കുറേ ഇൻഡ്യൻ റുപ്പീ വന്നപ്പോൾ മൂപ്പർക്ക് അസിസ്റ്റന്‍റ് ഡയറക്ടറോട് അത്ര മതിപ്പില്ലാതെയായി. അവനുമായി അകന്നതോടെ  സിനിമയെന്നത് എന്നെ സംബന്ധിച്ചിടത്തോളം സങ്കൽപ്പം മാത്രമായി... തിയറ്ററായ തിയറ്ററിലൊക്കെ ടിക്കറ്റ് ചാർജ്ജ് കൂടിയതോടെ വാരിവലിച്ചുള്ള സിനിമകാണലും നിന്നു.
          
                                                       ****************

വിനീത് ശ്രീനിവാസന്‍റെ  'തട്ടത്തിൻ മറയത്ത്' വന്നതോടെ ഷറഫിന്റെ ഫ്രണ്ട് നിവിന്‍റെ  നല്ല നേരവും മറനീക്കി പുറത്തുവന്നു. അങ്ങിനെ അധികം വൈകാതെ ഗോപൂസിലെ സിനിമാ സൗഹൃദ കൂട്ടായ്മയുടെ 'നേരം' പുറത്തിറങ്ങി. തിയറ്ററിൽ ഒരു സിനിമ കാണാൻ പത്തുപേരുടെയെങ്കിലും അഭിപ്രായം ആരായുന്ന ഒരു സ്വഭാവം രൂപപ്പെട്ടിരുന്നതിനാൽ നേരത്തിനെക്കുറിച്ചറിയാൻ ഷറഫിനെ തന്നെ വിളിച്ചു. അവൻ എന്നെ ചീത്തവിളിച്ചു.

"അന്തസ്സ് വേണമെടാ, അന്തസ്സ്. കൂട്ടുകാരന്‍റെ സിനിമ റിലീസായിട്ട് അതൊന്ന് കാണാതെ എങ്ങിനെയുണ്ടെന്ന് ചോദിച്ച് വിളിച്ചിരിക്കുന്നോ?"
ഞാൻ ലജ്ജിച്ച് തലതാഴ്ത്തി. 'നേരം' കണ്ടിട്ട് ഞാൻ അവനെ വിളിച്ചു.
"ഷറഫേ, നിങ്ങൾ രക്ഷപ്പെട്ടല്ലോ മോനേ"
"ഏയ് രക്ഷപ്പെട്ടൂന്ന് പറയാറൊന്നുമായിട്ടില്ലടാ"
"സിനിമയോട് ഇത്രേം പാഷനുള്ള നിങ്ങൾ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നാരാ രക്ഷ്പ്പെടുക?"
എന്റെ മറുപടി അവനെയൊന്ന് കുളിർപ്പിച്ചിരിക്കണം.

                                                      ***************

അങ്ങിനെയിരിക്കേ എന്റെ സഹസംവിധായക സുഹൃത്തിന് അവന്‍റെ ഹീറോ ഒരു കഥപറയാൻ അവസരം നൽകി. അവന്‍റെ ഒരു അങ്കിളിനാണ് അവസരം വിനിയോഗിക്കാനുള്ള ഭാഗ്യം ലഭിച്ചത്. അമ്മാവൻ ചില്ലറക്കാരനൊന്നുമായിരുന്നില്ല. വിദ്യാസമ്പന്നനും, വിവരമുള്ളവനും, വായനാശീലമുള്ളവനും, വിവേകമുള്ളവനും സർവ്വോപരി അദ്ധ്യാപകനുമായ അദ്ദേഹം പറഞ്ഞ കഥകേട്ട് ഹീറോ തന്‍റെ കാരവാനിന്‍റെ ചുവരിൽ സ്വന്തം തല ടമാർ പടാർ എന്ന് തല്ലിയെന്നും; ബോധം കെട്ടുപോയ അദ്ദേഹത്തിന് സെവൺത് ഡേയാണ് മെമ്മറീസ് തിരിച്ചുകട്ടിയതെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു.

                                                     *****************

ഷറഫിനെ പിന്നീട് ഞാൻ കാണുന്നത് ബിഗ് സ്ക്രീനിൽ നസ്രിയയെ പറ്റിക്കുന്ന വർക്ക് ഷോപ്പ് ഉടമയായിട്ടാണ്. സിനിമയുടെ സംവിധായകൻ പണ്ട് ഷറഫ് തന്നെ എന്നോട് പറഞ്ഞ അത്താണിക്കാരനായ സിജോ ജോസഫാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടില്ല. കാരണം അവരുടെ കൂട്ടായ്മയിൽ നിന്നും കൂടുതൽ ആളുകൾ തിരിച്ചറിയപ്പെടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

                                                      ****************

രണ്ട് മാസം മുമ്പ് ഷറഫിനെ വിളിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു പ്രേമത്തിൽ തരക്കേടില്ലാത്ത വേഷമാണെന്ന്. സിനിമ റിലീസായി നല്ല അഭിപ്രായം കേട്ടപ്പോൾ ഞാൻ തിയറ്ററിലൊന്ന് പോയി നോക്കി. തിരക്കോട് തിരക്ക്... നാലുതവണ പോയിട്ടും ടിക്കറ്റ് കിട്ടാതെ മടങ്ങി. സിനിമക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലും എനിക്ക് വല്ലാത്ത സന്തോഷം തോന്നി. കാരണം; അവരുടെ സിനിമ എന്‍റേയും സിനിമയാണ്. ഇതു പോലൊരു സ്വപ്നം എനിക്കുമുണ്ടായിരുന്നു.
പ്രേമത്തിന്‍റെ പോസ്റ്ററുകൾകൊണ്ട് അലങ്കരിച്ച 'ഗോപൂസ് കൂൾബാർ' കണ്ടപ്പോൾ കട്ടിലിന്‍റെ  ചുവട്ടിൽ പൊടിപിടിച്ചിരിക്കുന്ന എന്‍റെ സ്ക്രിപ്റ്റിനെക്കുറിച്ചോർത്തു. ഇപ്പോഴും സ്വതന്ത്ര സംവിധായകനായിട്ടില്ലാത്ത എന്റെ സുഹൃത്തിനേയും.

ഇവിടെയാണ് അൽഫോൺസ് പുത്രൻ എന്ന; ഷറഫിന്‍റെ ഗ്യാങ്ങിന്‍റെ നേതാവ് വ്യത്യസ്ഥനാകുന്നത്
സ്വാർത്ഥതയില്ലാത്ത, ആത്മാർത്ഥതയുള്ള, അർപ്പണബോധവും, ലക്ഷ്യബോധവും ശുഭാപ്തി വിശ്വാസവുമുള്ള  കൂട്ടുകാർക്ക് കാലം ഉന്നതികൾ കരുതി വെച്ചിട്ടുണ്ട്. പ്രേമം അതിന്‍റെ തുടക്കം മാത്രമാണ്. സിനിമാ മോഹികൾക്ക് സംഘം മാതൃകയാണ്. എനർജ്ജി ബൂസ്റ്ററാണ്....


അഞ്ച് വർഷം മുമ്പുള്ള വൈകുന്നേരം... അന്ന് അരമണിക്കൂർ കൂടി ക്ഷമ കാണിച്ചിരുന്നെങ്കിൽ എനിക്ക് ഇന്നത്തെ പൊന്നും വിലയുള്ള താരം നിവിൻ പോളിയെ പരിചയപ്പെടാമായിരുന്നു... ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം. പോയ ബുദ്ധി.... അല്ലാതെന്താ....?.