Thursday, May 4, 2017

എൻ്റെ സിനിമാ നോട്ടീസുകൾ


"ഇന്നുമുതൽ ചെങ്ങമനാട് ചിത്രയിൽ പ്രദർശനമാരംഭിക്കുന്നു  നമ്പർ20 മദ്രാസ് മെയിൽ  ...നമ്പർ20 മദ്രാസ് മെയിൽ..."

കോളാമ്പി സ്പീക്കറിലൂടെ ഇമ്പത്തിലുള്ള അനൗൺസ്മെൻറ് കേൾക്കുമ്പോഴേക്കും ഉള്ളംകാലിലൂടെ ഒരു തരിപ്പ് ഇരച്ച് കയറും. പിന്നെ ഒരൊറ്റ ഓട്ടമാണ്. അയൽവക്കത്തെ തൊടിയും അമ്പലത്തിൻ്റെ മുറ്റവും കഴിഞ്ഞു പാതയോരത്ത് എത്തുമ്പോഴേക്കും ആ ജീപ്പോ, അല്ലെങ്കിൽ കാറോ അടുത്തെത്തിയിട്ടുണ്ടാവും. വാഹനത്തിന് പിന്നിലിരിക്കുന്ന ആൾ വീശിയെറിയുന്ന നോട്ടീസ് വാരിയെടുത്ത് ലോകം ജയിച്ച മട്ടിൽ അതുംകൊണ്ട് വീട്ടിൽ ചെന്നുകയറുന്ന ആ നിമിഷം ഇപ്പോഴും സുഖമുള്ള ഒരോർമ്മയാണ്.

ബന്ധുവും, ബാല്യകാല സുഹൃത്തുമായ സനിലിൽ നിന്നുമാണ്   സിനിമാ നോട്ടീസ് ശേഖരിക്കുന്ന ശീലം എനിക്ക് പകർന്നുകിട്ടിയത്. കൃത്യമായ ഓർമ്മയുണ്ട്, ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകീട്ട് ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴാണ് 'ചിത്ര'ത്തിൻ്റെ അനൗൺസ്മെൻറ് ഒരു അലങ്കരിച്ച ജീപ്പിൽ ജങ്ഷനിലൂടെ കടന്നുപോയത്. അതിൽ നിന്നും എറിഞ്ഞിട്ട കാവിനിറമുള്ള നോട്ടീസിലൊന്ന്  സനിലെനിക്ക് തന്നു. മൂപ്പരുടെ കയ്യിലുള്ള സിനിമാ നോട്ടീസ് ശേഖരത്തെപ്പറ്റി അന്നാണ് ഞാനറിഞ്ഞത്. എൻ്റെ ശീലം അന്നു തുടങ്ങുന്നു... 

പിന്നെ വെള്ളിയാഴ്ചകളാവാനുള്ള കാത്തിരിപ്പാണ്. അന്ന് അമ്പലത്തിൻ്റെ മുന്നിൽ, റോഡിനപ്പുറം ഒരു ചെറിയ പെട്ടിക്കടയുണ്ടായിരുന്നു. ഇളയിടത്തിന്റെ കട. സൈക്കിളിൽ വരുന്ന  തിയറ്ററിലെ ജീവനക്കാരൻ കടയുടെ  മുന്നിലെ പലക ഫ്രെയിമിലടിച്ച ചാക്കിൽ ഈർക്കിൽ കൊണ്ട് സിനിമാ പോസ്റ്റർ കോർത്തുറപ്പിക്കുന്നതു വരെ സസ്പെൻസാണ്. അപ്പോൾ മാത്രമാണറിയുക 'ചെങ്ങമനാട്  ചിത്ര' യിലെ  പടമെന്താണെന്ന്. നല്ല സിനിമയാണെങ്കിൽ അന്ന് ഇഴഞ്ഞിഴഞ്ഞാവും ക്ലാസ്സിൽ ചെല്ലുക. കാരണം, അതിനിടയിൽ അനൗൺസ്മെൻറ് വന്നാലോ? ഭാഗ്യമുണ്ടെങ്കിൽ സ്‌കൂളിലെത്തുന്നതിനിടയിൽ കുറുമശ്ശേരി ജിയോയിലെയും(സീപ്പീസ്), അത്താണി അമലയിലെയും അനൗൺസ്മെൻറ് വരും. 11 മണിയോടെ ചിത്രയിലേയും, ഉച്ചക്ക് കുന്നുകര സ്റ്റാറിലേയും ( അഹന) കടന്നുപോകും. 

കുന്നുകര ജെബിഎസ്സിലെ ക്ലാസ്സ് റൂമിലിരിക്കുന്ന സമയത്ത് അനൗൺസ്മെൻറ്  വാഹനം കടന്നുപോയാൽ  വല്ലാത്ത വീർപ്പുമുട്ടലാണ്. ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകുന്ന സുഹൃത്തുളോട്  വഴിയിൽ നിന്നും നോട്ടീസ് കിട്ടിയാൽ കൊണ്ടുവന്നുതരണമെന്ന് ശട്ടം കെട്ടും. ഇന്റർവെല്ലിന് സേപ്പികളിക്കാനുള്ള ഇലഞ്ഞിക്കായയാണ് ഞാൻ പ്രതിഫലമായി വാഗ്ദാനം ചെയ്യുക. സ്‌കൂളിൽ പഠിക്കുന്ന കാലത്ത്  ഇലഞ്ഞിക്കായക്ക് സ്വർണ്ണത്തിന്റെ വിലയാണ്. അത് കിട്ടുമെന്നുറപ്പുള്ളതുകൊണ്ട് തന്നെ എൻ്റെ  കൂട്ടുകാർ സിനിമാ നോട്ടീസല്ല, വേണേൽ ചങ്ക് പറിച്ചുതരും! 

മെല്ലെമെല്ലെ എൻ്റെ  കയ്യിലെ സിനിമാ നോട്ടീസ് ശേഖരം വലുതാവുകയായിരുന്നു. എന്നാലും സനിലിന്റെ കയ്യിലെ ശേഖരത്തോളം വരില്ല. മൂപ്പരുടെ കയ്യിൽ 'ഇന്നലെയും', 'സീസണും', 'നാടുവാഴികളും', 'വീണമീട്ടിയ വിലങ്ങുകളും', 'അരങ്ങും' 'ഇന്ദ്രജാലവും' ഒക്കെയുണ്ട്. കളക്ഷനിലുള്ള സീനിയോറിറ്റിയുടെ ഗുണം! മാത്രമല്ല മൂപ്പർക്ക് എന്നെക്കാൾ എളുപ്പത്തിൽ റോഡിലെത്താമെന്നതുകൊണ്ട് ഒരു അനൗൺസ്മെന്റും  മിസ്സാവില്ല. എങ്കിലും ഒന്നിലധികം നോട്ടീസ് കിട്ടിയാൽ എനിക്കൊരെണ്ണം തരും. 

വെക്കേഷന്  കാഞ്ഞൂരിൽ അമ്മവീട്ടിൽ ചെല്ലാൻ പ്രത്യേക സന്തോഷമാണ്. കാരണം ചേട്ടായിമാരും, ചേച്ചിമാരുമൊക്കെ വന്നിട്ടുണ്ടാകും. മാത്രമല്ല, അവിടെ തൊട്ടടുത്തു തന്നെ ഒരു തിയറ്ററുണ്ട് 'എസ്സെൻ  ടാക്കീസ്'. അപ്പൂപ്പനോ, ചേട്ടനോ ഒക്കെ ഞങ്ങളെ മിക്കവാറും എല്ലാ സിനിമക്കും കൊണ്ടുപോകും. വല്യമ്മയുടെ മകനായ ജിഷ്  ചേട്ടനായിരുന്നു അന്ന്  കുട്ടികളുടെ ലീഡർ. അങ്ങനെയിരിക്കെയാണ് എനിക്കൊരു കാര്യം മനസ്സിലായത്; ജിഷ്  ചേട്ടന് സിനിമാ നോട്ടീസ് കളക്ഷനുണ്ട്! ഞാൻ ചോദിച്ചപ്പോൾ അതെനിക്ക് തരാൻ ചേട്ടായിക്കും സന്തോഷം! ഹോ! ഞാൻ സന്തോഷം കൊണ്ട് ആകാശം തൊട്ടു.  അങ്ങിനെ 'പ്രാദേശികവാർത്തകളും' 'ചെറിയലോകവും വലിയ മനുഷ്യരും' 'തലയിണമന്ത്രവും' അടക്കം കുറെ നോട്ടീസ് എനിക്ക് നിനച്ചിരിക്കാതെ കിട്ടി. എന്തോ പറഞ്ഞു വഴക്കിട്ടപ്പോൾ കുറച്ച് നോട്ടീസ് എൻ്റെ  മുന്നിലിട്ട് കത്തിച്ച് കളയുകയും ചെയ്തു. 

ഒന്നാം ക്ലാസ്സിലെ പഴയ ബാഗിൽ കുത്തിനിറച്ച് വെച്ച എൻ്റെ  സിനിമാ നോട്ടീസ് കളക്ഷൻ പക്ഷേ  എൻ്റെ  അമ്മക്ക് ഒരു ബാധ്യതയായി മാറി. മുറി തൂത്തുതുടക്കുമ്പോഴും, അടക്കിപ്പെറുക്കുമ്പോഴും  മറ്റും ഞാൻ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന നിധി അമ്മക്ക് ശല്യമാവുകയായിരുന്നു. പോരാത്തതിന് മുതിർന്ന പലരുടെയും കളിയാക്കലുകളും. 'വലുതാവുമ്പോഴും നീ സിനിമാ നോട്ടീസിനുവേണ്ടി ഓടുമോടാ?' എന്ന അവരുടെ ചോദ്യത്തിന് നൽകാൻ എനിക്ക് കൃത്യമായൊരുത്തരമില്ലായിരുന്നു. അമ്മയുമായുണ്ടായ ഒരു വാക്കുതർക്കത്തിനൊടുവിൽ എവിടന്നോ കിട്ടിയ ഒരാവേശത്തിൽ ഞാനാ നോട്ടീസുകളെല്ലാം കത്തിച്ചുകളഞ്ഞു! ഇനിയൊരിക്കലും സിനിമാ നോട്ടീസിന് പിന്നാലെ ഓടില്ല എന്ന്  ശപഥവും ചെയ്തു. 

എൻ്റെ  ശപഥത്തിന്  പക്ഷെ ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കാരണം, വെള്ളിയാഴ്ച്ച വിളിച്ചുപറഞ്ഞുള്ള സിനിമാ വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും എൻ്റെ  ഉള്ളം കാലിനടിയിൽ നിന്നും ആ തരിപ്പ് വീണ്ടും കയറാൻ തുടങ്ങി. പോരാത്തതിന് സനിൽ വഴിവക്കിലേക്ക് ഓടുന്നതും കണ്ടു. എൻ്റെ  ഉള്ളിൽ നിന്നും ആരോ ഉറക്കേ 'ഓടെടാ, ഓടെടാ' എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ  ഓടി. പിന്നെയും ഓടി. പിന്നെയും, പിന്നെയും ഓടി. അങ്ങിനെ എൻ്റെ  സിനിമാ നോട്ടീസ് ശേഖരം പിന്നെയും നിറഞ്ഞു. 

2000 ആണ്ടിൽ മലയാളസിനിമാലോകത്ത് 'കിന്നാരത്തുമ്പികളെ' പാറിച്ച് നീല തരംഗം അലയടിച്ചതോടെ സിനിമാ കൊട്ടകകളുടെ പ്രതാപകാലവും അസ്തമിച്ചു. പല തിയറ്ററുകളും മണ്മറഞ്ഞു. പലതും രൂപം മാറി ഓഡിറ്റോറിയങ്ങളായി. ചിലത് ഗോഡൗണുകളായി. ബാക്കിയുള്ള അപൂർവ്വം ചിലവ പിടിച്ചുനിന്നെങ്കിലും സിനിമാ വിളംബരം എന്നെന്നേക്കുമായി അവസാനിച്ചിരുന്നു. ഓൺലൈൻ പ്രമോഷനുകളുടെ ഈ കാലത്ത് വാഹനത്തിൽ നിന്നും നോട്ടീസ് വിതറിയുള്ള പരസ്യം ആര്  ശ്രദ്ധിക്കാൻ? ആ കാലത്തിൻ്റെ ശേഷിപ്പുകളായി എൻ്റെ  കയ്യിലെ സിനിമാ നോട്ടീസുകൾ ബാക്കി. 

സനിലിൻ്റെ കയ്യിൽ ആ പഴയ കളക്ഷൻ ഇപ്പോഴും ഉണ്ടോ ആവോ? എനിക്കിപ്പോഴും ഇത് നിധി തന്നെയാണ്. ബാല്യകാല സിനിമാ കമ്പത്തിൻ്റെ മധുരമുള്ള ഓർമ്മയാണ് കയ്യിലുള്ള ഓരോ നോട്ടീസും. 

ഏതോ ഒരാവേശത്തിന് കത്തിച്ചുകളഞ്ഞ നൂറിൽപ്പരം സിനിമാ നോട്ടീസുകളെയോർത്ത് ഞാൻ പിന്നീട് (ഇപ്പോഴും) വിഷമിച്ചിട്ടുണ്ട്. എൻ്റെ  കയ്യിൽ ആദ്യമായി കിട്ടിയ 'ചിത്ര'ത്തിൻ്റെ,അത്താണി അമലയിലെ അനൗൺസ്മെൻറ് വാഹനത്തിൽ നിന്ന് ചുരുട്ടിയിട്ട്  തന്ന 'മൃഗയ'യുടെ, ബാലവാടിയിൽ നിന്ന് അച്ചാച്ചൻ്റെ കൈ പിടിച്ചു  മടങ്ങുമ്പോൾ കിട്ടിയ 'ഒളിയമ്പുകളുടെ' എൻ്റെ  കമ്പമറിയാവുന്ന അച്ചാച്ചൻ എനിക്ക് തന്ന 'പെരുന്തച്ചൻ്റെ' പിന്നെ ലാൽസലാം,ഗീതാഞ്‌ജലി, പരമ്പര, ഞാൻ ഗന്ധർവ്വൻ,ഈ തണുത്ത വെളുപ്പാങ്കാലത്ത്, അങ്ങിനെ ഇപ്പോഴും കണ്ട്  കൊതി തീരാത്ത കുറെയേറെ സിനിമകളുടെ നോട്ടീസുകളാണല്ലോ ഞാൻ കത്തിച്ചു കളഞ്ഞത്! സർവ്വലോക സിനിമാ പ്രാന്തന്മാർക്കും, സിനിമാ നൊസ്റ്റുവിൻ്റെ അസുഖമുള്ളവർക്കും ഈ നിധി കുംഭം സമർപ്പിക്കുന്നു.