Sunday, October 11, 2015

ഹൈന്ദവ കമ്മ്യൂണിസ്റ്റും ഇതര കമ്മ്യൂണിസ്റ്റുകളും.
കമ്മ്യൂണിസം എന്നാൽ എന്താണ്?
ഇങ്ങനെയൊരു ചോദ്യം ചോദിച്ചാൽ അതിന് വ്യക്തമായ ഒരുത്തരം തരാൻ ഇന്നാട്ടിലെ കൊടിമൂത്ത കമ്മ്യൂണിസ്റ്റ്കാരൻ പോലും ഒന്നമ്പരക്കും. അവർ പരസ്പരം നോക്കും പിറുപിറുക്കും ഒരുത്തരത്തിനായി പരതും. ഇനി വ്യക്തമായ ഉത്തരം അറിയാമെങ്കിൽ പോലും ഇപ്പോഴത്തെ രാഷ്ട്രീയ,സാമൂഹ്യ സാഹചര്യത്തിൽ അവരത് പുറത്തു പറയാൻ സാധ്യതയില്ല. കാരണം അപ്പോൾ സ്വാഭാവികമായും ചില ഉപചോദ്യങ്ങൾ കൂടി അണികളുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. ചോദ്യങ്ങൾ കഴിവതും ഒഴിവാക്കിയാലേ പാർട്ടിക്ക് മുമ്പോട്ട് പോകാൻ പറ്റൂ. അതും അണികളുടെ ഭാഗത്തുനിന്നുമുള്ള ചോദ്യങ്ങൾ. അണികളെന്നാൽ പാർട്ടി നേതൃത്വം പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന സാധുക്കളാണ്. ചില പാർട്ടി സാധുക്കൾ കേരളത്തിലെ പല പ്രധാന ജയിലിലുമുണ്ട്. പാർട്ടി പറഞ്ഞത് അപ്പാടെ നടപ്പിലാക്കിയ സാധുക്കളെ ഉമ്മൻ ചാണ്ടിയുടെ പോലീസ് പിടിച്ച് അകത്തിട്ടിരിക്കുകയാണ്. മൂപ്പർക്ക് അല്ലേലും പാർട്ടിക്കാരെ കണ്ടൂടല്ലോ. അവരുടെ നിരപരാധിത്വം തെളിയിക്കാൻ നേതാക്കന്മാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ സീറ്റ് നൽകാൻ പോലും ശ്രമിക്കുന്നുണ്ടെന്നാണ് അസൂയാലുക്കൾ പറയുന്നത്.

പറഞ്ഞുവന്നത് കമ്മ്യൂണിസത്തെക്കുറിച്ചാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ മൂന്നായി തരം തിരിക്കാം. മുസ്ലീം കമ്മ്യൂണിസ്റ്റ്,ക്രിസ്റ്റ്യൻ കമ്മ്യൂണിസ്റ്റ്, ഹിന്ദു കമ്മ്യൂണിസ്റ്റ്. അഞ്ചുനേരം നിസ്ക്കരിക്കുകയും, വെള്ളിയാഴ്ചകളിൽ മുടങ്ങാതെ പള്ളിയിൽ പോവുകയും,
വർഷാവർഷം റംസാൻ നോമ്പ് പിടിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ്കാരാണിത്. ചിലപ്പോൾ ഏതെങ്കിലും വിദേശരാജ്യത്തിരുന്ന് ഫേസ്ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയാകും കൂട്ടത്തിൽ ചിലരുടെ പ്രവർത്തനം.

ക്രിസ്റ്റ്യൻ കമ്മ്യൂണിസ്റ്റുകളെ പറ്റി പറയുകയാണെങ്കിൽ അവർ ഞായറാഴ്ച്കളിൽ പള്ളിയിൽ പോവുകയും കുമ്പസാരിക്കുകയും വേണ്ടി വന്നാൽ പള്ളിപ്പെരുന്നാളടക്കമുള്ള സകലതിലും പങ്കാളികളാവുകയും ചെയ്യും. രണ്ടുകൂട്ടരും പൊതുവേ പാർട്ടിയിൽ എണ്ണത്തിൽ കുറവാണ്. ഇവരുടെ അംഗബലം പാർട്ടിയിൽ മുപ്പതുശതമാനത്തോളം മാത്രമാണ്.

ഇനിയാണ്
പാർട്ടിയിലെ പ്രബല വിഭാഗമായ ഹിന്ദു കമ്മ്യൂണിസ്റ്റ്. എഴുപത് ശതമാനത്തോളമാണ് ഇവരുടെ അംഗബലം. പൊതുവേ മതേതരത്വമെന്ന മുറവിളികൂട്ടുന്നവരിൽ പ്രധാനികളാണ് ഹിന്ദു കമ്മ്യൂണിസ്റ്റുകൾ. ഹിന്ദുത്വവാദികളായ ആർ എസ്സ് എസ്സുകാരാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ ശത്രുക്കൾ. എന്നു കരുതി ഇക്കൂട്ടരിൽ ഏറെ പേർക്കും ഹൈന്ദവ വിരോധമൊന്നുമില്ല. ഹിന്ദു ഹിന്ദു എന്ന് പറയുന്നവരോട് മാത്രമേ ഉള്ളൂ വിരോധം. സ്ഥിരമായി അമ്പലത്തിൽ പോകുവാനോ, നോമ്പെടുത്ത് ശബരിമലക്ക് പോകാനോ, പൂജാകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനോ ഇവർക്ക് മടിയൊന്നുമില്ല. വേണ്ടിവന്നാൽ അമ്പലത്തിലെ പുന: പ്രതിഷ്ഠയും ഉത്സവവും അയ്യപ്പൻ വിളക്കുമൊക്കെ നടത്തിയെന്നിരിക്കും. മതേതരത്വമെന്നൊക്കെ പുലമ്പുമെങ്കിലും കുടുംബത്തിലെ വിവാഹങ്ങളെല്ലാം നാളും ജാതകവും പൊരുത്തവുമൊക്കെ നോക്കി മാത്രമേ ഹിന്ദു കമ്മ്യൂണിസ്റ്റുകൾ നടത്തുവാറുള്ളൂ. സ്വജാതിയിൽ നിന്നല്ലാതെ ഒരാളെയും വിവാഹം കഴിക്കാൻ പൊതുവേ ഹിന്ദു കമ്മ്യൂണിസ്റ്റുകൾ തയ്യാറാവാറില്ല. പക്ഷേ ഇതൊന്നും ഹൈന്ദവ വാദമായി കണക്കാക്കാനാകില്ല. കേവല വിശ്വാസം മാത്രം. കാൾ മാക്സിനേയും, ഏണസ്റ്റോ ചെഗുവേരയേയുമൊക്കെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നപോലെ ഒരു വിശ്വാസം. ഹിന്ദുവിനെ ബാധിക്കുന്ന ഒരു വിഷയത്തിലും ഹിന്ദു കമ്മ്യൂണിസ്റ്റ് അഭിപ്രായം രേഖപ്പെടുത്തുകയോ പ്രതിഷേധത്തിനിറങ്ങുകയോ ചെയ്യാറില്ല. അതിനൊക്കെ ഹൈന്ദവ സംഘടകളും ആർ എസ്സ് എസ്സുകാരുമൊക്കെയുണ്ട്.
 എന്നാൽ ഇതര കമ്മ്യൂണിസ്റ്റു വിഭാഗത്തിൽപ്പെട്ടവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഹിന്ദു കമ്മ്യൂണിസ്റ്റ് സടകുടഞ്ഞെണീക്കും.
അത് കേരളത്തിൽ തന്നെയാവണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇറാഖിലോ ഗാസയിലോ പാക്കിസ്ഥാനിലോ ആയാലും ഇവർ കൂട്ടം കൂടി പ്രതിഷേധിച്ചുകളയും. കൂട്ടത്തിൽ ഒരു ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊടുക്കും. അത്രക്ക് ആത്മാർത്ഥതയാണ്...!
പറഞ്ഞുവരുമ്പോൾ
സകല ജാതി ചിന്തകൾക്കും എതിരാണ് പറഞ്ഞ മൂന്നുതരം കമ്മ്യൂണിസ്റ്റുകളും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിനെ സ്വന്തം സമ്മേളനങ്ങളുടെ പോസ്റ്ററിൽ പ്രതിഷ്ഠിക്കാൻ കാരണം തന്നെ അതാണ്. എസ് എൻ ഡി പി യോഗത്തോടും തികഞ്ഞ സൗഹാർദ്ദം. പാർട്ടി അണികളിൽ നല്ലൊരു ശതമാനം വരും ശ്രീനാരായണീയർ. ഒരു ബഹുമാനവുമുണ്ട്. എന്നാൽ യോഗം പ്രസിഡന്റ് പ്രധാനമന്ത്രിയെ പോയി കണ്ടു വന്നതോടെ കഥമാറി; മൂപ്പർ വെറുക്കപ്പെട്ടവനായി. പിന്നെ ആരോപണമായി, അപമാനിക്കലായി, അവരാതിക്കലായി! ഇല്ലാത്ത ദോഷമൊന്നുമില്ല.

കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്  കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് മറ്റാരേക്കാളും നന്നായിട്ട് പാർട്ടിക്കറിയാം. മോങ്ങാനിരുന്ന പാർട്ടിയുടെ ശിരസ്സിൽ വീണ തേങ്ങയാണ് ദാദ്രി സംഭവം. പശുവിനെ മോഷ്ടിച്ച് കൊന്നുവെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നതോടെ പാർട്ടി കൊഴിഞ്ഞുതീരാറായ  സട കുടഞ്ഞെണീറ്റു. ആഹാ... ഓഹോ‌‌‌.... നരേന്ദ്രമോദിയും കൂട്ടരും തന്നെ എല്ലാറ്റിനും കാരണം... ഉടനടി പ്രതിഷേധകാഹളം മുഴക്കുകയായി
അതോടെ നാട്ടിലെ പശുക്കളുടെ കഷ്ടകാലവും അധികരിച്ചു. ഇത്രനാളും അലഞ്ഞുതിരിയുന്ന നായ്ക്കളുടെ കടിയേറ്റാൽ മതിയായിരുന്നു. ഇപ്പോ സഖാക്കന്മാരുടെ ക്ണ്മുന്നിലെങ്ങാൻ പെട്ടാൽ ജീവൻ പോകുമെന്ന അവസ്ഥയാണ് പാവങ്ങൾക്ക്. പകപോക്കേണ്ടത് പശുക്കളോടാണോ സംഘപരിവാറിനോടാണോ എന്ന കാര്യത്തിൽ പാർട്ടി പ്രവർത്തകർക്ക് ഇപ്പോഴും വ്യക്തതയില്ല. കേട്ടപാതി കേൾക്കാത്ത പാതി കുട്ടിസഖാക്കന്മാരെല്ലാവരും കൂടി ബീഫ് കച്ചവടത്തിനിറങ്ങി. ഇതിനും മാത്രം ബീഫ് ഫെസ്റ്റ് നടത്താനുള്ള ഫണ്ട് എവിടന്നാണാവോ കിട്ടുന്നത്? അധികാരമാണെങ്കിൽ കയ്യിലില്ല. ഉള്ള ഫണ്ട് എടുത്ത് ദർബാർ നടത്തിയാൽ വരുന്ന ഇലക്ഷന് എന്തു ചെയ്യുമെന്ന വേവലാതിയൊന്നും നേതാക്കന്മാർക്കില്ല. ഒരു ബക്കറ്റ് കയ്യിൽ കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
 കേരളത്തിലുള്ള ഒരുമാതിരിപ്പെട്ടവരൊക്കെ ബീഫ് കഴിക്കും അതിന് ഹിന്ദുവെന്നോ ക്രിസ്ത്യാനി യെന്നോ മുസ്ലീമെന്നോ വ്യത്യാസമൊന്നുമില്ല. പശുവിറച്ചിയുടെ കാര്യത്തിലേ കുറച്ചൊക്കെ അഭിപ്രായ വ്യത്യാസമുള്ളൂ. പൊതുവേ ഹിന്ദുക്കൾ പശുവിറച്ചി കഴിക്കാറില്ല. ഹിന്ദുക്കളെ മാത്രമല്ല ഹിന്ദുക്കൾക്ക് ആരാധ്യരായവരെക്കൂടി ബീഫ് കഴിപ്പിക്കുമെന്നാണ് കുട്ടി സഖാക്കന്മാർ പറയുന്നത്. ചരിത്രാതീത കാലത്തു പോയി രാമനേയും ശങ്കരനേയുമൊക്കെ ബീഫ് കഴിപ്പിക്കാൻ കമ്മ്യൂണിസ്റ്റ്കാർ് ടൈം മെഷീൻ വല്ലതും കണ്ടുപിടിച്ചിട്ടുണ്ടോ ആവോ..? ചിലപ്പോൾ ഉണ്ടാകും. ടി പി ചന്ദ്രശേഖരന്റെ നിര്യാണം അന്യേഷിച്ച് വൻ കണ്ടുപിടുത്തങ്ങൾ നടത്തിയ ഒരു കമ്മീഷൻ പാർട്ടിക്ക് സ്വന്തമായുണ്ടല്ലോ. അവർക്ക് ജാതി മെഷീനൊക്കെ ഉണ്ടാക്കുകാന്നു പറഞ്ഞാൽ  നിസ്സാരം...

 ഇപ്പോൾ ഗോമാംസാഹാരോത്സവം നടത്തുന്ന സഖാക്കന്മാരെ പറഞ്ഞ ടൈം മെഷീനിൽ കയറ്റി ഒരു എഴുപത് വർഷം പിന്നോട്ട് കൊണ്ട്പോയാൽ അന്ന് ജീവിച്ചിരുന്ന ഒരു മഹാത്മാവിനെ കാണിച്ചു കൊടുക്കാമായിരുന്നു. പാർട്ടിയുടെ സമ്മേളനങ്ങളുടെ ഫ്ലക്സുകളിലെ അവിഭാജ്യ ഘടകമായ മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്ന ഗാന്ധിജി. അദ്ദേഹം ഗോഹത്യക്ക് എതിരായിരുന്നു. ഇത് മനസ്സിലാക്കി ഗാന്ധിജിയെ ഫ്ലക്സുകളിൽ നിന്ന് ഒഴിവാക്കാൻ പാർട്ടി തയ്യാറാകുമോ? കമ്മ്യൂണിസ്റ്റ് ക്യൂബ ഗോവധത്തിന് എതിരായിരുന്നല്ലോ? അങ്ങിനെയൊന്നും ചോദിക്കരുത്. സംഘപരിവാർ എന്തു പറഞ്ഞാലും എതിർക്കുക എന്നത് പാർട്ടിയുടെ ആദർശമാണ്. ആദർശത്തിൽ നിന്നും അണുവിട പോകുന്നവരല്ല പാർട്ടി പ്രവർത്തകർ.
 അങ്ങിനെയാണെങ്കിൽ വൈരുദ്ധ്യാത്മക ഭൗതിക വാദമല്ലേ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ? എന്നിട്ട് പാർട്ടി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തുന്നതോ? ഉത്തരം നല്ലൊരു കൊഞ്ഞണം കുത്തലിൽ ഒതുക്കും സഖാക്കന്മാർ. സംഘപരിവാറിനെ ഒതുക്കാൻ സ്വയം നാറാൻ പോലും പാർട്ടിക്ക് മടിയില്ല.

ഇന്നിപ്പോ എതിർക്കുന്നതിനെയെല്ലാം  നാളെ പാർട്ടി അംഗീകരിക്കാനും മതി. തെറ്റുതിരുത്തൽ എന്നത് പാർട്ടിയുടെ നയപരിപാടികളിൽ ഒന്നു മാത്രമാണല്ലോ. അന്ന് പാർട്ടിയുടെ മതേതര ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടൊപ്പം ഗോപൂജകൂടി നടത്തുമ്പോൾ കൂട്ടത്തിൽ ഇന്ന് കൊന്നു തള്ളുന്ന ഗോക്കൾക്കെല്ലാം തർപ്പണം കൂടി ചെയ്താൽ സംഗതി കോമ്പ്ലിമെന്റ്സായില്ലേ? എല്ലാം ശുഭം ശുഭകരം ശാന്തം... ഹൈന്ദവ കമ്മ്യൂണിസ്റ്റുകാരോടാ കളി... അല്ല പിന്നെ....!