Thursday, October 1, 2015

ഹിറ്റുകൾ അന്നും ഇന്നും....

(ഒരു സിനിമാ കൂട്ടായ്മയിൽ പ്രസിദ്ധീകരിച്ചത് ) 


ഇന്റസ്ട്രിയൽ ഹിറ്റ്, ബ്ലോക്ക്ബസ്റ്റർ,സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ്, പ്രോഫിറ്റ്, ഫ്ലോപ്പ് എന്നിങ്ങനെ പഴയ പല സിനിമകളെയും തരം തിരിച്ച് തല്ല് നടക്കുന്നത് കണ്ടപ്പോൾ, പറയാനുള്ളത് കുറച്ചധികമുള്ളതു കൊണ്ട് വേറെ പോസ്റ്റായി ചേർക്കുന്നു.

അന്നത്തെ ജയപരാജയങ്ങളെച്ചൊല്ലി തർക്കിക്കുന്നവരിൽ പലരും അന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് അറിവുള്ളവരാണോ എന്ന് ചെറിയൊരു സംശയം. കാരണം, ഇക്കാലത്ത് പുറത്തിറങ്ങുന്ന സിനിമകളുടെ വിധി അതേ ദിവസം ആദ്യ ഷോ കഴിയുമ്പോൾ തന്നെ അറിയാം. സോഷ്യൽ മീഡിയയൊന്നുമില്ലാതിരുന്ന ആ കാലത്ത് പല സിനിമകളും അഭിപ്രായം നേടുന്നതും ഹിറ്റായി മാറുന്നതും ആഴ്ചകൾ കൊണ്ടാണ്.
ചിലപ്പോൾ അത് മാസങ്ങളും, വർഷങ്ങളും കൊണ്ടാണ്. 
ഏതാണ്ട് 2000-മാണ്ട് വരെയുള്ള കാലത്ത് കേരളത്തിൽ 1400 ന് മുകളിൽ തിയറ്ററുകളുണ്ടായിരുന്നതായാണ് കണക്ക്. ഒരു സിനിമ കൂടിവന്നാൽ 25-30 സെന്ററുകളിൽ മാത്രമാണ് റിലീസ്. ബ്ലോക്ക് ബസ്റ്ററാകുന്ന ഒരു സിനിമ 75- 200 ദിവസം റിലീസ് സെന്ററുകളിൽ പ്രദർശിപ്പിച്ച ശേഷം ഷിഫ്റ്റിങ്ങ് സെന്ററുകളിൽ എത്തുന്നു. അവിടെ 40-70 ദിവസം പ്രദർശിപ്പിച്ച് സി- ക്ലാസ്സ് തിയറ്ററുകളിലെത്തുന്നു. അവിടെ രണ്ടാഴ്ചമുതൽ മുകളിലേക്ക് പ്രദർശിപ്പിക്കുന്നു. അതായത് വൻ ഹിറ്റാകുന്ന ഒരു സിനിമയുടെ തിയറ്റർ റണ്ണിംഗ് പൂർത്തിയാകുന്നത് ഒന്നര വർഷത്തിനു മുകളിൽ സമയമെടുത്താണ്. വീഡിയോ കാസറ്റ് ഇറങ്ങുന്നത് 2 വർഷം കൊണ്ടാണ്.
ഇത്തരത്തിൽ റണ്ണിംഗ് പൂർത്തിയാക്കുന്ന ഒരു സിനിമ റിലീസിംഗ് സെന്ററുകളിൽ നിന്ന് നേടുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് ബി - സി സെന്ററുകളിൽ നിന്നും നേടുന്നത്. എ,ബി,സി സെന്ററുകൾ കവർ ചെയ്തു തീർന്നാലേ ഒരു സിനിമ ഹിറ്റാണോ ഫ്ലോപ്പാണോ എന്ന് വിധിയെഴുതാൻ പറ്റൂ. 
റിലീസിങ്ങ് സെന്ററുകളിൽ ലോങ്ങ് റൺ നേടാത്ത പല സിനിമകളും ബി-സി സെന്ററുകളിൽ മികച്ച കളക്ഷൻ നേടി സൂപ്പർ ഹിറ്റായി മാറുന്നു. ചിലത് മുടക്കുമുതൽ തിരിച്ചു പിടിക്കുന്നു. ചില സിനിമകൾ പരാജയത്തിന്റെ കയ്പുനീർകുടിക്കുന്നു.

       പഴയ പല സിനിമാ പ്രസിദ്ധീകരണങ്ങളും വാർഷിക അവലോകനത്തിൽ എ ക്ലാസ്സ് സെന്ററുകളിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകൾ മാത്രമേ ചേർക്കാറുള്ളൂ. റണ്ണിംഗ് ടൈം തീരുന്നതിനു മുൻപ് തയ്യാറാക്കുന്ന ഈ റിപ്പോർട്ടുകൾ അത്ര കണ്ട് വിശ്വസനീയമാ്ണോ? ചുരുങ്ങിയ പക്ഷം അതിൽ പരാജയമെന്ന് പറഞ്ഞിരിക്കുന്ന ചില സിനിമകളുടെ കാര്യത്തിലെങ്കിലും?

അന്ന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാതിരുന്ന പല സിനിമകളും ചാനലുകളുടെ റിപ്പീറ്റഡ് ടെലകാസ്റ്റിങ്ങിലൂടെ ആർജ്ജിച്ച ജനപ്രീതിയാണ് ഇപ്പോഴീ തർക്കത്തിന് കാരണമെന്ന് തോന്നുന്നു.
ഓർമ്മയിലുള്ള ഒരു കാര്യം പറയാം. എന്റെ ചെറുപ്പത്തിൽ നാട്ടിൽ അഞ്ച് സി ക്ലാസ്സ് തിയറ്ററുകളുണ്ടായിരുന്നു. അവിടെ വരുന്ന സിനിമകളിൽ ഹിറ്റായവക്ക് ദിവസേന മാറ്റിനിയും, ആവറേജ് ഹിറ്റായവക്ക് ആദ്യത്തെ അഞ്ച് ദിവസം മാറ്റിനിയും, വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന സിനിമകൾ വെള്ളി,ശനി,ഞായർ മാറ്റിനിയിലുമാണ് പ്രദർശിപ്പിച്ചിരുന്നത്. ചിത്രവും,വാത്സല്യവും,കമ്മീഷണറും,അനിയൻ ബാവ ചേട്ടൻ ബാവയുമെല്ലാം ദിവസേന മാറ്റിനിയിൽ രണ്ടാഴ്ചയിലദികം പ്രദർശിപ്പിച്ചപ്പോൾ. സന്ദേശവും, ആയുഷ്ക്കാലവും,മക്കൾമാഹാത്മ്യവും,ഇഞ്ചക്കാടൻ മത്തായി & സൺസുമൊക്കെ ആദ്യത്തെ 5 ദിവസം മാറ്റിനിയിലും, വന്ദനവും,സാമ്രാജ്യവും,അക്കരെയക്കരെയക്കരെയും,ജാഗ്രതയുമൊക്കെ വെള്ളി ശനി ഞായർ മാറ്റിനിയിലും പ്രദർശിപ്പിച്ചവയാണ്. ഈ പറഞ്ഞ സിനിമകളുടെ ജയപരാജയങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ...
സ്ഥിരമായി കുടുംബത്തോടൊപ്പം അടുത്തുള്ള തിയറ്ററിൽ പോയി സിനിമകാണുന്ന ശീലം നമ്മുടെ രക്ഷകർത്താക്കൾക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ മാത്രമല്ല , അന്നത്തെ രണ്ടാം നിര നായകന്മാരായ മുകേഷ്,സിദ്ധിക്ക്,ജയറാം,ജഗദീഷ്,ബാബു ആന്റണി, മുരളി തുടങ്ങിയവരുടെ പല സിനിമകളും നമ്മൾ ആവേശത്തോടെ കണ്ടിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന സുരേഷ് ഗോപി തലസ്ഥാനം, ഏകലവ്യൻ,കമ്മീഷണർ തുടങ്ങിയ വിജയങ്ങളോടെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരു കസേര നേടി. 1980-2000 കാലഘട്ടത്തിൽ ബാല്യം പിന്നിട്ടവർക്ക് ഇതൊക്കെ ഓർമ്മയുണ്ടാകും.2000 മുതൽ മൂന്നുവർഷക്കാലം നീണ്ടുനിന്ന ഇക്കിളിസിനിമകളുടെ സുവർണ്ണകാലം അവസാനിച്ചപ്പോൾ നമുക്ക് കൈമോശം വന്നത് കുടുംബത്തോടൊപ്പം ഒരുപാട് നല്ല സിനിമകൾ കണ്ടിട്ടുള്ള കുറെ ബി- സി ക്ലാസ്സ് തിയറ്ററുകൾ കൂടിയാണ്. ഒപ്പം കുടുംബങ്ങളെ ലക്ഷ്യം വെച്ച് ലോ ബഡ്ജറ്റിൽ കൊള്ളാവുന്ന സിനിമകളെടുത്തിരുന്ന കുറേ സംവിധായകരേയും എഴുത്തുകാരേയും.
അന്ന് തിയറ്ററിൽ വിജയിച്ച, എന്നാൽ പുതിയ തലമുറക്ക് അത്ര പരിചയമില്ലാത്ത ചില സിനിമകൾ കൂടി കൂട്ടത്തിൽ പരിചയപ്പെടുത്തുന്നു....