Tuesday, November 20, 2018

ലീന ഐസക്ക്- ഒരു പ്രഹേളിക? ഭാഗം-1



"നീരദമറയിലൊളിഞ്ഞാലും നിൻ പ്രഭയെനിക്കുകാണാ-
മെന്തെന്നാലൊരു കുഞ്ഞു സൂര്യനാണു നീ..."

ഉത്സവപ്പറമ്പിൽ നിന്നും പാഠകം കഴിഞ്ഞ് നിലാവെട്ടത്തിൽ വായനശാലയിലേക്ക് നടക്കുമ്പോൾ, വഴിയിലെ പൂവിട്ട ചെമ്പകമാണ് ഇങ്ങിനെയൊരു വരി എന്റെ മനസ്സിലേക്ക് കൊണ്ടുവന്നുതന്നത്. നാലുവരികളെങ്കിലും എഴുതി രാത്രി 9 മണിക്ക് മുമ്പ് അപ്പുക്കുട്ടന് മൊബൈലിൽ മെസ്സേജ് ടൈപ്പ് ചെയ്ത് അയക്കണം.


എന്നേപ്പോലെ കറുത്ത നിറമുള്ളവർക്ക് കാമുകനാവണമെങ്കിൽ കഥയോ, കവിതയോ, സംഗീതമോ കൈവശം വേണമെന്നത് കോളേജിൽ നിന്നും കിട്ടിയ തിരിച്ചറിവാണ്.

"ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല നീയോ ഞാനോ" എന്ന് കോളജിലെ അറിയപ്പെടുന്ന ഗായകനായ കിഷോർ പാടുമ്പോൾ എത്രയെത്ര ജോടി പെണ്മിഴികളാണ് അവനുനേർക്ക് ആരാധനയോടെ നീണ്ടത്!

പാട്ടുപാടാൻ ധൈര്യമില്ലാത്തതുകൊണ്ട് സ്വന്തം തട്ടകം കവിതയാക്കി മാറ്റി. കവിതയെന്നുവെച്ചാൽ നല്ല അസ്സൽ പൈങ്കിളി! കോളേജ് മാഗസിനിലെ കവിതകൾ ആരും ശ്രദ്ധിക്കാറില്ല എന്ന് മനസ്സിലായപ്പോൾ കഥയെഴുത്തിലേക്ക് ഷിഫ്റ്റ് ചെയ്തു.


ഇപ്പോൾ ഈ വരികൾ കുത്തിക്കുറിച്ചത് അപ്പുക്കുട്ടന്റെ ആവശ്യപ്രകാരമാണ്. അവന് ആർക്കോ അയച്ചുകൊടുക്കാനാണത്രേ. ആർക്കെന്ന് ഒരായിരം വട്ടം ചോദിച്ചിട്ടും അവൻ പറയുന്നില്ല. സമയമാവുമ്പോൾ പറയാം എന്ന് മാത്രം മറുപടി. പിന്നീട് അവനും വിനീഷും തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരത്തിനിടയിൽ നിന്നാണ് 'ലീന ഐസക്ക്' എന്ന പേര് ഞാൻ ആദ്യമായി കേട്ടത്.


ആരാണീ ലീന ഐസക്ക്?


ആ പേരിൽ ഒരു സഹപാഠി വിനീഷിനോ അപ്പുക്കുട്ടനോ ഇല്ലാ എന്ന് ഉറപ്പ്. പിന്നെയാരാണത്?

ഞാനീ വിഷയം വിശാലിനോട് ചോദിച്ചു. അവനാകഥ വിശദമായി പറഞ്ഞു.

എറണാകുളം സെയ്ന്‍റ് തെരേസാസ് കോളേജില്‍ സെക്കന്‍റ് ഇയര്‍ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് കഥാ നായികയായ ലീന ഐസക്ക്. കടവന്ത്രയിലാണ് വീട്. അതിസുന്ദരി. സമ്പന്ന. അപ്പുക്കുട്ടന്‍റേയും, വിനീഷിന്‍റേയും കോമണ്‍ ഫ്രണ്ടാണ് ഇപ്പോള്‍ ലീന.


എന്നെയും വിശാലിനേയും കൂടെ പഠിച്ച പെണ്‍കുട്ടികള്‍ ഫോണ്‍ ചെയ്യുമ്പോള്‍ അസൂയപൂണ്ടിരുന്നവരാണ് അവര്‍ രണ്ടുപേരും. എന്നാല്‍ എറണാകുളംകാരിയായ ഒരു പെണ്‍കുട്ടി, അതും സെയ്ന്‍റ് തെരേസാസ് പോലെ ഒരു തേന്‍ കൂടിനുള്ളില്‍ നിന്നുള്ള ഒരു റാണിതേനീച്ച അവര്‍ക്കിരുവര്‍ക്കും സുഹൃത്തായി മാറി എന്ന്‍ കേട്ടപ്പോള്‍ എനിക്ക് വന്ന അസൂയ ചില്ലറയൊന്നുമല്ല.


ഇതൊക്കെ  എങ്ങിനെ സംഭവിച്ചു???

എനിക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്.

 ഞങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള അഖില്‍ വഴിയാണ് (തേപ്പ്- ദൈവം വക എന്ന മുന്‍ ബ്ലോഗിലെ നായകന്‍)  ഇരുവരും ലീനയെ പരിചയപ്പെട്ടത്. എന്നാല്‍ അഖില്‍ ലീനയെ കണ്ടിട്ടില്ല എന്നതാണ് ഹൈലൈറ്റ്.


ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്  എറണാകുളത്ത് നടന്ന ഒരു കോര്‍പ്പറേറ്റ് ഫങ്ഷനില്‍, പഴയകാലത്തെ തൂലികാ സൌഹൃദങ്ങളുടെ മാതൃകയില്‍   പുതിയ കാലത്തെ ആശയവിനിമയോപാധിയായ മൊബൈല്‍ ഫോണ്‍ വഴി സുഹൃത്തുക്കളെ കണ്ടെത്താന്‍ ഒരു ബോക്സ് വെച്ചിരുന്നു. താല്പര്യമുള്ളവര്‍ക്ക് അതില്‍ സ്വന്തം നമ്പര്‍ എഴുതിയിടാം, അതില്‍ നിന്നും ഒരു നമ്പര്‍ എടുക്കാം. അഖില്‍ ഞങ്ങള്‍ ആറു കൂട്ടുകാരുടേയും നമ്പര്‍ എഴുതിയിട്ടു. അതില്‍ നിന്നും ആറ് നമ്പര്‍ എടുത്തു. അവന്‍ ആ ആറു നമ്പറും പരിശോധിച്ചു നോക്കി. ആണ്‍കുട്ടികളുടെ നമ്പറാണെന്ന് മനസ്സിലായപ്പോള്‍ അത് എം ജി റോഡിലെ കാനയിലെറിഞ്ഞു. എന്നാല്‍ അവന്‍ എഴുതിയിട്ട ആറില്‍ രണ്ട് നമ്പര്‍ കിട്ടിയത് ലീന ഐസക്ക് എന്ന പെണ്‍കുട്ടിക്കും, അവളുടെ കൂട്ടുകാരിക്കുമാണ്. കൂട്ടുകാരിക്ക് തല്‍ക്കാലം ഒരു കൂട്ടുകാരനുള്ളതുകൊണ്ട് ആ നമ്പര്‍ കൂടി ലീനയുടെ കയ്യിലെത്തി. ആ നമ്പറിന്‍റെ ഉടമകള്‍ക്ക് വെറും ക്യൂരിയോസിറ്റിയുടെ പേരില്‍ ലീന 'Hai' എന്ന്‍  ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു. കാലാന്തരങ്ങളായി ഊഷരമായി കിടക്കുന്ന  ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങിയ മഴത്തുള്ളികളാണ് തന്‍റെ ആ മൂന്നക്ഷരമുള്ള മെസ്സേജുകളെന്ന് അപ്പോള്‍ പാവം ലീന അറിഞ്ഞിരുന്നില്ല.


ആരെന്നും എന്തെന്നും ചോദിച്ച് അവളുടെ ഇന്‍ബോക്സില്‍ മെസ്സെജുകളെത്തി. ഒരു ലഞ്ച് ബ്രേക്കിന് സ്വിച്ച് ഓണ്‍ ചെയ്ത ഫോണ്‍ ഇടതടവില്ലാതെ റിങ്ങ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കോള്‍ അറ്റന്‍റ് ചെയ്ത് ലീന സ്വയം പരിചയപ്പെടുത്തി. തന്‍റെ മൊബൈല്‍ സുഹൃത്തുക്കള്‍ വിഷമില്ലാത്ത ഇനത്തില്‍പ്പെട്ടെതാണെന്ന് ഉറപ്പായതോടെയാണത്രേ  ലീന; തനിക്ക് മെസ്സേജ് അയക്കാനുള്ള അനുമതി അവര്‍ക്ക് നല്കിയത്.


മെല്ലെ മെല്ലെ മെസ്സെജുകളിലൂടെ അവര്‍ അടുക്കാന്‍ തുടങ്ങി. 

കോമണ്‍ ഇന്‍ട്രസ്റ്റ് മ്യൂസിക്ക് ആണെന്ന്‍ മനസ്സിലായതോടെയാണ് അപ്പുക്കുട്ടന്‍ , താന്‍ കവിയാണെന്ന സത്യം ലീനയോട് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ലീനയെ, വിജയന്‍ ഈസ്റ്റ് കോസ്റ്റിന്‍റെ ആല്‍ബം സോങ്സിലെ വരികള്‍ കൊണ്ട് ഇംപ്രസ്സ് ചെയ്യാന്‍ അപ്പുക്കുട്ടന് വിഷമമേതുമുണ്ടായില്ല. വിനീഷ് ഒരു പടികൂടി കടന്ന്‍ പഴയ തമിഴ് പാട്ടുകളുടെ വരികള്‍ വിശാലിനേക്കൊണ്ട്  മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യിച്ചാണ് തന്‍റെ കവിത്വം സ്ഥാപിച്ചെടുത്തത്.
കോളേജ് ടൈമില്‍ അവളുടെ ഫോണ്‍ ഓഫായിരിക്കും. എങ്കിലും ലഞ്ച് ബ്രേക്കിൻ്റെ  സമയത്ത് അവളെ വിളിച്ചാല്‍ കിട്ടും. സംസാരം കുറവാണ്. ഒന്നാമത് അന്ന്‍ മൊബൈലിന് പ്രചാരമായി വരുന്നതേ ഉള്ളൂ. പിന്നെ, കോളേജില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല.
 ക്ലാസ്സും ടെന്നീസ് പ്രാക്ടീസും കഴിഞ്ഞ് രാത്രി 8മണി മുതല്‍ പുലര്‍ച്ചേ 4 മണി വരെ അവര്‍ അവള്‍ക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു.

വിശാലിന്റെ വിവരണത്തിൽ നിന്നും എനിക്ക് കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് മനസ്സിലായി.

ലീനയെ ഇംപ്രസ്സ് ചെയ്യിക്കാന്‍ അപ്പുക്കുട്ടനും, വിനീഷും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്....!

അപ്പോഴാണ് വിശാലിന്റെ  കയ്യിൽ വായനശാലയിൽ നിന്നെടുത്ത ഒരു കവിതാ പുസ്തകം ഞാൻ ശ്രദ്ധിച്ചത്. ഏതോ ഖലീൽ ജിബ്രാൻ എഴുതിയത്.  അവനും ഇപ്പോൾ കവിതകൾ എഴുതുന്നുണ്ടത്രേ! കയ്യിലെ പാട്ടുകളുടെ സ്റ്റോക്ക് തീർന്നപ്പോൾ ഫ്രഷ് കവിതകൾക്കായി വിനീഷും അപ്പുക്കുട്ടനും ആദ്യം സമീപിച്ചത് വിശാലിനെയായിരുന്നു. എന്നാൽ ഇരുവർക്കും ഒരേസമയം കവിതാശകലങ്ങൾ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതുകൊണ്ട് അവനാണ് അപ്പുക്കുട്ടനോട് എന്നെ കാണാൻ പറഞ്ഞത്.

അപ്പോൾ ഒരര്‍ത്ഥത്തില്‍ പോരാട്ടം ഞാനും, വിശാലും തമ്മിലാണ്...

നന്ദിതയുടെയും,ഖലീൽ ജിബ്രാന്റെയും  പ്രണയ ബിംബങ്ങളിൽ നിന്നും ഉത്തേജിതനായി വിശാൽ  കുറിക്കുന്ന അർത്ഥഗർഭമായ കവിതകളോടാണ് എനിക്ക് മത്സരിക്കേണ്ടത്.


"നിനക്കു നല്കുവാന്‍ മടിച്ചുഞാനെന്‍ മനവാടിയില്‍

 വിരിഞ്ഞ പ്രണയവാടാമല്ലിപ്പൂക്കള്‍."

വിഖ്യാതനായ എഴുത്തുകാരുടെ കവിതകൾ വായിക്കാനും അർത്ഥം മനസ്സിലാക്കാനും വല്യ വശമില്ലാത്തതിനാൽ  മഴയും, മഞ്ഞുതുള്ളിയും, കുഞ്ഞുപൂക്കളും, പുല്‍നാമ്പുകളും വരെ എനിക്ക്  ലീനാ ഐസക്കിനായുള്ള  കവിതകളുടെ  പ്രചോദനങ്ങളായി മാറി.


ഗത്യന്തരമില്ലാതെയാണ് അപ്പുക്കുട്ടൻ എന്നോട് കവിതകൾ ചോദിച്ചത് എന്ന് മനസ്സിലായപ്പോൾ  ഉള്ളില്‍ ദേഷ്യം നുരഞ്ഞുപൊങ്ങിയെങ്കിലും, ഞാന്‍ എഴുതുന്നതെല്ലാം കാണാമറയത്തിരുന്ന് ഒരു സുന്ദരിക്കുട്ടിയാണ് വായിക്കുന്നത് എന്ന ചിന്ത എന്നെ വല്ലാതെ തരളിതനാക്കി. അമ്മയില്ലാത്ത, ലോകത്തെ ഏറ്റവും ക്രുരനായ ഒരച്ഛൻ വളർത്തിയ സ്നേഹമെന്തെന്നറിയാത്ത, നല്ല സൗഹൃദങ്ങളില്ലാത്ത ഒരു പാവം പെൺകുട്ടി! അവൾ സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. ചിറകുകൾ വിടർത്തി അനന്തവിഹായസ്സിലൂടെ  പറക്കാൻ കൊതിക്കുന്നു.... 

ലീന ഐസക്കിന്റെ വർണ്ണചിത്രം  എന്‍റെ മനസ്സിന്‍റെ ചുവരുകളില്‍ കോറിയിടുവാന്‍ ഒരു ശ്രമം നടത്തി.
കടവന്ത്രയിലുള്ള അവളുടെ ഇരുനില വീടിന്‍റെ ബാല്‍ക്കണിയിലെ ചൂരലൂഞ്ഞാല്‍ കസേരയില്‍ ചാരിക്കിടന്ന് അപ്പുക്കുട്ടന്‍ അയച്ചുകൊടുത്ത  എന്‍റെ വരികള്‍ അവള്‍ വായിക്കുന്നതും, ധനുമാസരാത്രിയിലെ നേര്‍ത്ത കാറ്റില്‍ കവിളിലേക്ക് പാറിവീണ അഴകളകങ്ങള്‍ മാടിയൊതുക്കുന്നതും, നിലാവില്‍ ആ മുഖം മറ്റൊരു പൂര്‍ണ്ണേന്ദുവായി  മാറുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു..... (തുടരും)

No comments:

Post a Comment