Thursday, June 12, 2014

ഗേൾഫ്രണ്ട് - (Girl Friend)





ടീന ന്യൂയോർക്കിൽ നിന്നും ആദ്യം ബാങ്ക്ലൂരിലേക്കാണ് വന്നത്.എന്നെ വിവാഹം ക്ഷണിക്കാൻ.എയർപോർട്ടിൽ നിന്നും എന്റെ ഫ്ലാറ്റ് വരെയുള്ള യാത്രയിൽ അവൾ പറഞ്ഞത് തന്‍റെ ബുദ്ദിമുട്ടേറിയ ജോലിയെ കുറിച്ചാണ്.
പിറ്റേന്ന് അവൾ ഒരു നൊസ്റ്റാൽജ്ജിക് മൂഡിലായിരുന്നു.ഓർമ്മകളിൽ ഞങ്ങളുടെ എഞ്ചിനീയറിങ്ങ് പഠനകാലം..അന്നത്തെ രസകരമായ സംഭവങ്ങള്‍...... പത്തുദിവസം മാത്രം അകലെയുള്ള വിവാഹത്തിന്‍റെ തിരക്കുകള്‍ വീട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ആ ബഹളത്തിലേക്ക് ചെന്നുകയറിയാല്‍ പിന്നെ ഇതുപോലെ സ്വാതന്ത്ര്യം കിട്ടില്ലെന്ന് നന്നായറിയാവുന്നതുകൊണ്ട് ഓരോ നിമിഷവും അവള്‍ ആസ്വദിക്കുകയായിരുന്നു...

ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത ഐ ടി കമ്പനിയിലെ കൊളീഗ് ആയിരുന്ന ജോണിന്‍റെ മുന്തിരിത്തോട്ടത്തിൽ അന്നത്തെ സന്ധ്യ ചിലവഴിച്ച് തിരികെ ഫ്ലാറ്റിലെത്തി ഭക്ഷണമുണ്ടാക്കി അത് ആഘോഷപൂർവ്വം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ അവളെ ഓർമ്മിപ്പിച്ചു.

"താൻ എന്നെ കല്യാണം വിളിക്കുന്നില്ലേ...?"
അവൾ കുറച്ചു സമയം നിശബ്ദയായിരുന്നു.എന്നിട്ടു പറഞ്ഞു.
"ഇല്ല..."
അവളുടെ പതിവ് നേരമ്പോക്കായേ ഞാനതു കരുതിയുള്ളൂ.
"വിളിച്ചാലും ഇവിടത്തെ തിരക്കൊക്കെ വിട്ട് ഞാൻ വരാനും പോണില്ല."
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു.
"വരണ്ട.."
അവൾ മുഖം വീർപ്പിച്ചു.
കെട്ടാന്‍ പോകുന്ന ആസ്ട്റേലിയക്കാരനെക്കുറിച്ച് ചോദിച്ചെങ്കിലും അവള്‍ അത് കേട്ടതായി ഭാവിച്ചില്ല. പിന്നീട്  തമ്മില്‍ സംസാരമൊന്നുമുണ്ടായില്ല.

പിറ്റേന്ന് രാവിലെ നാട്ടിലേക്കുള്ള ട്രെയിൻ പിടിക്കാൻ റെയിൽ വേസ്റ്റേഷനിൽ എത്തുന്നത് വരെ അവൾ വാശിയിൽ തന്നെയായിരുന്നു.അതിനു മുൻപിൽ ജയിക്കില്ല എന്നറിയാവുന്നതു കൊണ്ട് ഞാൻ സന്തോഷത്തോടെ കീഴടങ്ങി.

"കളയെടോ...അല്ലെങ്കിലും എനിക്ക് തന്‍റെ കല്യാണത്തിനു വരാൻ ഒരു ക്ഷണമെന്തിനാ...?"
അവൾ എന്‍റെ കണ്ണിലേക്കു നോക്കിയിരുന്നു.....
"നിനക്കു കെട്ടാമായിരുന്നു എന്നെ..."
നേര്‍ത്ത തരിപ്പ് ഹൃദയത്തിലേക്ക് അരിച്ചിറങ്ങുന്നത് ഞാനറിഞ്ഞു...
"സില്ലി ക്ലാഷസും,തല്ലുപിടുത്തവും,ഈ സ്നേഹവും വീക്കെന്‍റ് സെലിബ്രേഷന്‍സും...ഹൊ...ഞാൻ എത്ര കംഫർട്ടബിളായിരുന്നു നിന്നോടൊപ്പം..."അവള്‍ പതിഞ്ഞ ശബ്ദത്തിലാണ് പറഞ്ഞത്.

"ടീനാ...ഹൗ ഡേർ യു....?" ഞാൻ ചിരിച്ചു. അവള്‍ വെറുതെ പറഞ്ഞതാണെന്നാണ് ഞാന്‍ കരുതിയത്.

"ചിരിക്കണ്ട....കൂടെയുണ്ടായിരുന്ന ആറുവര്‍ഷം നമ്മള്‍ തമ്മിൽ ഇങ്ങിനൊരു വിഷയം സംസാരിച്ചിട്ടില്ലാന്നുള്ളത് ശരിയാണ്. പക്ഷേ, തമ്മില്‍ കാണാതിരുന്ന രണ്ടു വർഷത്തിനിടക്ക് എപ്പോഴെങ്കിലും നിനക്ക് ഇത് തോന്നുമെന്ന് കരുതിയ എനിക്ക് തെറ്റി..."
ഒരു നടുക്കത്തിനു തിരി കൊളുത്തിക്കൊണ്ട് ട്രിവാണ്ട്രം എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിലേക്ക് ചൂളംവിളിച്ചെത്തി..

No comments:

Post a Comment