Thursday, October 30, 2014

മറൈൻഡ്രൈവിലെ പരസ്യ ചുംബനവും ചില പുരോഗമന ചിന്തകളും.

മറൈൻഡ്രൈവിലെ പരസ്യ ചുംബനവും ചില പുരോഗമന ചിന്തകളും.

മനുഷ്യനും മൃഗവും തമ്മിൽ ചില വ്യത്യസങ്ങൾ ഉള്ളതായി ചെറിയ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നുണ്ട്. അതിൽ ചിലത് പറയാം.
1 മൃഗങ്ങൾ നാലു കാലിൽ നടക്കുന്നു. മനുഷ്യൻ രണ്ട് കാലിൽ നടക്കുന്നു.
2 മൃഗങ്ങൾക്ക് സംസാരിക്കാനുള്ള കഴിവില്ല. മനുഷ്യൻ സംസാരിക്കുന്നു
3 വിവേചന ശക്തിയുള്ള മൃഗങ്ങളെ മാത്രമേ ഇണക്കി വളർത്താൻ കഴിയൂ. മനുഷ്യന് വിവേചന ശക്തിയുണ്ട്.
4 ഭൂരിഭാഗം മൃഗങ്ങളുടെയും ദേഹം രോമാവൃതമായിരിക്കും. മനുഷ്യന് ചില പ്രത്യേക ഭാഗങ്ങൾ മാത്രം രോമാവൃതമായിരിക്കും.
5 പിന്നെ പ്രധാനപ്പെട്ടകാര്യം; മൃഗങ്ങൾ നാണം മറക്കാൻ വസ്ത്രം ധരിക്കാറില്ല. മനുഷ്യൻ നാണം മറക്കാൻ വസ്ത്രം ധരിക്കുന്നു. ( ബഹു ഭൂരിപക്ഷം സിനിമാ നടിമാരേയും ഈ കൂട്ടത്തിൽ പെടുത്തിയിട്ടില്ല.)

പറയാനുദ്ദേശിക്കുന്നത് 'നാണം' എന്ന വികാരത്തെക്കുറിച്ചാണ്. മൃഗങ്ങൾ പൊതുവേ നാണമില്ലാത്തവരും തങ്ങളുടെ ലൈംഗിക ചേഷ്ടകൾ മറയില്ലാതെ പ്രകടിപ്പിക്കുന്നവരുമാണ്. വിവാഹം പോലുള്ള വ്യവസ്ഥാപിത ഏർപ്പാടുകളിൽ അവക്ക് തീരെ വിശ്വാസമില്ല. അതുകൊണ്ട് മൃഗങ്ങൾ ആരും തന്നെ തങ്ങളുടെ ഇണകളുടെ എണ്ണം ഒന്ന് എന്ന് നിജപ്പെടുത്തിയിട്ടില്ല. മക്കളുടെ കാര്യത്തിലും അങ്ങിനെ തന്നെ. പലപ്പോഴും അവയുടെ മറയില്ലാത്ത വികാരപ്രകടനങ്ങൾ മനുഷ്യനെ അസൂയപ്പെടുത്താറുപോലുമുണ്ട്. അതിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട് മനുഷ്യനും പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് അടുത്തകാലത്തെ പത്രവാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്ഥിതിഗതികളുടെ തുടക്കം അങ്ങ് കോഴിക്കോട്നിന്നാണ്. കോഴികളെപ്പോലെ മറയില്ലാതെ വികാരപ്രകടനം നടത്തുന്ന രണ്ട്  യുവമിഥുനങ്ങളെ നമുക്ക് കാണിച്ച് തന്നത് ഒരു ടിവി ചാനലാണ്. പക്ഷേ അതിത്ര പ്രാധാന്യമുള്ള വാർത്തയാണെന്ന് ആ ചാനലിന്റെ ഉടമസ്ഥത കയ്യാളുന്ന രാഷ്ട്രീയ പാർട്ടിയോ അതിന്റെ യുവജന സംഘടനയോ കരുതിയില്ല. അത് മുതലെടുത്തതാകട്ടെ, പാരമ്പര്യ-സദാചാര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന യുവ സംഘടനയും. പിന്നെ അടിപിടിയായി,അക്രമമായി,തച്ചുടക്കലായി... അവസാനം ന്യൂജനറേഷൻ വേദപുസ്തകമായ ഫേസ്ബുക്കിൽ വാദപ്രതിവാദങ്ങളുമായി പ്രമുഖരുടെ  ഒരു പട തന്നെ എത്തി.
ചോദ്യം ഇതാണ്- യുവമിഥുനങ്ങൾ പരസ്പര സമ്മതത്തോടെ കൊക്കുരുമ്മിയത് ശരിയാണോ? ആണെന്നും അല്ലെന്നും വാദമുണ്ട്. അതിപ്പോ അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ.
അത് രഹസ്യമായി കാമറയിൽ പകർത്തിയ ചാനലിന്റെ നടപടി ശരിയാണോ?
ചാനലിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തങ്ങളുടെ പാർട്ടിയെ ജനങ്ങൾ തള്ളി താഴെയിട്ടതുകൊണ്ട് കാര്യമായ വാർത്ത കളൊന്നും തരപ്പെട്ടിട്ടില്ല. ദൂരദർശന്റെ ദേശീയ ദു:ഖാചരണം പോലെയായിരുന്നു കാര്യങ്ങൾ. അതിനൊരു മാറ്റം വേണ്ടേ എന്നുകരുതി പ്രക്ഷേപണം ചെയ്തത് ഇമ്മാതിരി പുകിലാവുകയും ചെയ്തു.
പറഞ്ഞുവന്നത് ഇതൊന്നുമല്ല. സദാചാരത്തിന്റെ പേരിൽ തങ്ങളുടെ കാമനകൾ നിയന്ത്രിക്കേണ്ട ആവശ്യം യുവതലമുറക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പുരോഗമന ചിന്താഗതിക്കാരായ ചിലർ പറയുന്നത് ഇതുപോലുള്ള നിയന്ത്രണങ്ങളും കപടസദാചാരവുമെല്ലാം പുതുതലമുറക്ക് ഭൂഷണമല്ല എന്നാണ്. അതിന്റെ ന്യായമെന്താണെന്നു ചോദിച്ചാൽ ഒരു പക്ഷേ അവർ വിദേശത്തേക്കൊക്കെ വിരൽ   ചൂണ്ടിക്കാട്ടിയേക്കാം. എന്നാൽ അതല്ല സത്യം എന്ന് നല്ല വറ്റുകഴിക്കുന്നവർക്കറിയാം. നമ്മുടെ സാംസ്കാരിക പൈതൃകത്തിലേക്കൊക്കെ അവർ യാത്രനടത്തി നോക്കി. ആ യാത്രയിൽ അവർക്ക് മനസ്സിലായി, ആർഷഭാരത സംസ്ക്കാരമെന്നാൽ കാമവെറിയന്മാരായ സന്യാസിമാരുടേയും ശില്പികളുടേയുമാണെന്ന്. അതിന്റെ ദൃഷ്ടാന്തങ്ങളാണല്ലോ ഇന്നാട്ടിലെ ക്ഷേത്രച്ചുവരുകളിലുള്ളത്. വൈരുദ്ധ്യാന്മക ഭൗതിക വാദത്തിന്റെ വാക്താക്കൾക്ക് ക്ഷേത്രത്തിനകത്ത് എന്താണ് കാര്യമെന്ന് ചോദിക്കരുത്. കാരണം സൂര്യനുകീഴിലുള്ള എന്തിനേയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് മാത്രമുള്ളതാണ്. അത്ര മോശപ്പെട്ട സംസ്ക്കാര പാരമ്പര്യമുള്ള നമുക്ക് സദാചാരത്തെപ്പറ്റി പറയാനുള്ള യോഗ്യതയില്ലതന്നെ. നാനാവിധ ജീവജാലങ്ങൾ അനുഭവിച്ചു പോരുന്ന കാമപൂരണ സ്വാതന്ത്ര്യം മനുഷ്യകുലത്തില്പെട്ടവർക്ക് അനുവദിച്ച് കിട്ടാത്തതിൽ  അവർ അങ്ങേയറ്റം രോഷാകുലരാണ്. മൃഗങ്ങളെപ്പോലെ ചുവരുകളുടെ മറയില്ലാതെ കാമപൂരണത്തിന്റെ ആദ്യ കടമ്പ, അധര ബന്ധനം പരസ്യമായി നടത്താൻ അവരിൽ ചിലർ ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം ന്യൂജനറേഷൻ സാംസ്ക്കാരിക തലസ്ഥാനമായ കൊച്ചിയിലെ മറൈൻ ഡ്രൈവാണ്.
വളരെ പ്രതീക്ഷയോടെയാണ് ഞാൻ ഇതിനെ കാണുന്നത്. കാരണം മാനുഷികതയിൽ നിന്നും മൃഗീയതയിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം കൂടിയാണിത്. ഇന്ന് അധര ബന്ധന സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവർ നാളെ വിവാഹേതര ബന്ധത്തിനുള്ള സ്വാതന്ത്ര്യത്തിനായി വാദിച്ചേക്കാം. പിന്നെ പടിപടിയായി വസ്ത്രവിമോചനം, പിന്നെ പൊതു സ്ഥലത്ത് കാമപൂരണത്തിനുള്ള സ്വാതന്ത്ര്യം എന്നിവക്ക് വേണ്ടിയും പ്രക്ഷോപങ്ങൾ നടന്നേക്കാം.
മൃഗങ്ങളെപ്പോലെ നാണവും മാനവും ഇല്ലാതായാൽ പിന്നെ കുറേ കാര്യങ്ങളിൽ സൗകര്യമുണ്ട്. ജാതിയുടേയും മതത്തിന്റേയും പ്രാധാന്യം ഇല്ലാതാകും. വിവാഹത്തിന് പ്രാധാന്യം ഇല്ലാതാകും. ആർക്കും ആരുമായും എവിടെവെച്ചും പരസ്പര സഹകരണത്തോടെ കാമപൂർത്തി കൈവരിക്കാം. വിവാഹം ഇല്ലാതാകുന്നതോടെ വിവാഹമോചനവും ഇല്ലാതാകും.
മൃഗങ്ങളെ സംബന്ധിച്ച് അച്ഛൻ, അമ്മ,സഹോദരൻ ,സഹോദരി, മകൻ ,മകൾ തുടങ്ങിയ ബന്ധനങ്ങളില്ലാതെ ആരിലും കാമപൂർത്തീകരണത്തിനും സന്താനോൽപ്പദനത്തിനും സ്വാതന്ത്ര്യമുണ്ട്. സദാചാര മൂല്യങ്ങളുടെ അതിർ വരമ്പുകൾ തച്ചുടക്കുന്നതിലൂടെ മേൽപ്പറഞ്ഞ സ്വാതന്ത്ര്യം മനുഷ്യകുലത്തിനും വന്നുചേരും. സർവ്വോപരി സോഷ്യലിസം ഇവിടെ നടമാടും.
അതിനാൽ പുരോഗമന വാദികളെല്ലാവരുംതന്നെ ഈ വരുന്ന നവംബർ 2 ന് കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്ന പരസ്യമായ അധരബന്ധന മഹായജ്ഞത്തിൽ അച്ഛൻ,അമ്മ, സഹോദരി,സഹോദരൻ, ഭാര്യ, കാമുകി, കാമുകന്മാരോടൊപ്പം പങ്കെടുത്ത് വിജയിപ്പിക്കണമെന്നും തദ്വാരാ പാരമ്പര്യ,വർഗ്ഗീയ,സദാചാരവാദി പരിഷകൾക്ക് ചുട്ട മറുപടി നൽകണമെന്നും അഭ്യർഥിക്കുന്നു.

വാൽക്കഷ്ണം: ഹിന്ദുക്കൾ വംശവർദ്ധനവിനായി ചുരുങ്ങിയത് പത്ത് മക്കൾക്കെങ്കിലും ജന്മം നൽകണമെന്ന് ശിവസേനാ നേതാവ്. (രണ്ടോ അതിലധികമോ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ഏതെങ്കിലും പ്രത്യേക ജീവിവർഗ്ഗത്തെ മനസ്സിൽ കണ്ടാണോ അദ്ദേഹം അങ്ങിനെ പറഞ്ഞത് എന്നറിയില്ല . എങ്കിലും നവംബർ 2 ലെ കേരളത്തിലെ പരിപാടി വിജയിച്ചാൽ സംഗതി മഹാരാഷ്ട്രയിലും നടപ്പാക്കാവുന്നതാണ്.)