Wednesday, February 11, 2015

സമകാലിക രാഷ്ട്രീയം

നാണപ്പൻ കോടീശ്വരനായിരുന്നു. കയ്യിൽ നിറയെ കാശും ആജ്ഞാനുവർത്തികളായി നിരവധിപേരുമായി സുഖലോലുപനായി കഴിഞ്ഞു വരവേ മൂപ്പർക്ക് തിന്നതൊക്കെ എല്ലിനിടയിൽ കുത്താൻ തുടങ്ങി. പിന്നെ ധൂർത്തും കൂത്തും തോന്നിയവാസവുമൊക്കെയായി കയ്യിലുള്ളതൊക്കെ കാലിയാകാൻ തുടങ്ങി. അവസാനം ഏതൊരു ധൂർത്തുപുത്രനേയും പോലെ അനിവാര്യമായ ദാരിദ്ര്യം നാണപ്പനേയും പിടികൂടി. കൂടെയുണ്ടായിരുന്നവരെല്ലാം മറ്റു കൂട്ടുകെട്ടുകൾ തേടിപ്പോയി. 
നാണപ്പന്റെ അയൽക്കാരൻ ദരിദ്രനാരായണനാകട്ടെ, സ്വപ്രയത്നം കൊണ്ട് പടിപടിയായി വളർന്ന് നാണപ്പനേക്കാൾ ഉയരങ്ങളിലെത്തി. നാണപ്പനാകട്ടെ, നാരായണനോടുള്ള അസൂയയും കുശുമ്പും നാൾക്കുനാൾ കൂടിവന്നു.
ഒരു ദിവസം നാണപ്പൻ ഉണർന്നപ്പോഴാണ് മനസ്സിലായത്, താൻ ഒന്നും ധരിച്ചിട്ടില്ലെന്ന്. കഴിഞ്ഞ രാത്രി കുടിച്ച് ലക്ക് കെട്ടപ്പോൾ ഉടുതുണി അഴിഞ്ഞു പോയത് അയാൾ അറിഞ്ഞിരുന്നില്ല. നാണം മറക്കാൻ ഒരു കീറത്തുണിപോലും വീട്ടിലില്ല. അവസാനം അയാൾ നഗ്നനായി പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു. ആദികാലത്ത മനുഷ്യരാരും വസ്ത്രം ധരിച്ചിരുന്നില്ലല്ലോ. പക്ഷിമൃഗാദികളാണെങ്കിലും ഒന്നും വിതക്കുന്നുമില്ല കൊയ്യുന്നുമില്ല ഒന്നും ഉടുക്കുന്നുമില്ല. പിന്നെ ഞാനെന്തിന് വസ്ത്രം ധരിക്കണം. ഇതായിരുന്നു നാണപ്പന്റെ ചിന്ത. അങ്ങിനെ അയാൾ വഴിയിലേക്കിറങ്ങി. നാട്ടികാർക്ക് അതിൽ അതിശയോക്തിയൊന്നും തോന്നിയില്ല. കാരണം അയാൾ ഭ്രാന്തനായിട്ടുണ്ടെന്ന് ജനങ്ങൾക്ക് തോന്നി. അപ്പോൾ ദാ വരുന്നു നാരായണൻ. നാണപ്പൻ സൂക്ഷിച്ചു നോക്കിയപ്പോൾ നാരായണന്റെ വസ്ത്രത്തിൽ ഒരു കീറൽ കണ്ടു. അതു കണ്ടതും നാണപ്പൻ വിളിച്ചു കൂവി.
"അയ്യേ കൂ... കൂ... ദേ നാരായണൻ കീറക്കുപ്പായം ധരിച്ചിരിക്കുന്നേ...." അതു കേട്ട് നാട്ടുകാരും ചിരിക്കാൻ തുടങ്ങി. നാരായണനാകട്ടെ പ്രതികരിച്ചുമില്ല..
അങ്ങിനെ കീറത്തുണിയുടുത്ത നാരായണനെ നാട്ടുകാരുടെ മുൻപിൽ നാണം കെടുത്തി എന്ന ചാരിതാർത്ഥ്യത്തോടെ നാണപ്പൻ ഉടുതുണിയില്ലാതെ അടുത്ത തെരുവിലേക്ക് നടന്നു.
(ഈ കഥയിലെ നാണപ്പന് ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകരാടോ, കോൺഗ്രസ്സുകാരോടോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികമല്ല. മന:പ്പൂർവ്വമാണ്.)....

No comments:

Post a Comment