Saturday, May 21, 2016

'ഫിദൽ വേപ്പ്സ്ട്രോ' - കൃഷിയും പരിപാലനവും.

      

           

         കേരളത്തിൽ പൊതുവായി കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് 'ഫിദൽ വേപ്പ്സ്ട്രോ'. ഇരുണ്ട തണ്ടോടുകൂടിയ സസ്യം കറിവേപ്പ്, വെറും വേപ്പ് എന്നും എന്നും ചിലയിടങ്ങളിൽ അറിയപ്പെടുന്നു. 'ഫിദൽ വയസ്സായ വീയെസ്സായ നിർഗ്ഗുണ അച്യുത് വേപ്പ്സ്ട്രോ ' എന്ന  ശാസ്ത്രനാമമുള്ള സസ്യത്തിന്റെ ജന്മദേശം ബ്രിട്ടീഷ് ഇൻഡ്യയാണ് .

കയ്യിട്ടുവാരൽ പ്രക്രിയക്ക് രുചിയും മണവും നൽകാനും, അലങ്കാരത്തിനുമാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്.
 ഔഷധമായും ഇത് ഉപയോഗിച്ചുവരുന്നു. വാർഡ്,പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്, സംസ്ഥാന തലത്തിൽ അഞ്ചു വർഷം കൂടുമ്പോൾ ഇത് കൺകണ്ട ഔഷധമായി ഇന്നും കണക്കാക്കുന്നതിന്റെ കാരണം ഇതിന്റെ സ്വീകാര്യതയും വീര്യവും ആളുകൾക്കുള്ള വിശ്വാസവുമാണ്.

ബാലീസ്ന പിള്ളവാതം,ഗേണേശ പിള്ളവാതം എന്നിവയെ നന്നായി പ്രതിരോധിക്കുന്ന കൂട്ടത്തിലുള്ള സസ്യമായിരുന്നെങ്കിലും ഈയിടെയായി പ്രസ്തുത പിള്ളവാതങ്ങൾക്കെതിരെ അത്ര ഗുണകരമല്ല.
ആദർശത്തിന്റെ വീര്യമൊക്കെ പ്രകടിപ്പിക്കാറുണ്ടെങ്കിലും പരാദസസ്യങ്ങൾ മൂലം അത് നീണ്ടുനിൽക്കാറില്ല.

പൂക്കുകയും കായ്ക്കുകയും ചെയ്യാറുണ്ടെങ്കിലും ആരുണ്യകായ് എന്നറിയപ്പെടുന്ന ഇതിന്റെ കായ് അത്ര ഗുണകരമല്ല.

ചെമ്മണ്ണിലാണ് സസ്യം കരുത്തോടെ വളരുക. വേരിൽ നിന്നും പൊട്ടിമുളക്കുന്ന തൈകൾ സമയാസമയം അടർത്തി നീക്കുകയാണ് പതിവ്.
നന്നായി കീടബാധ ഏൽക്കാറുള്ള വേപ്പ്സ്ട്രോയെ ഏറെ ബാധിക്കുന്നത് പരനാറി കീടത്തിന്റെ ആക്രമണമാണ്. കീടബാധയേറ്റാൽ പിന്നെ വിളവെടുപ്പ് കാലം വരെ വളർച്ച മന്ദഗതിയിയാകും. വിളവെടുപ്പ് കാലം അടുക്കാറായാൽ പരനാറി കീടത്തെ ഇഞ്ച ചതക്കും പോലെ ചതച്ച് മലമ്പുഴയാറിലെ വെള്ളത്തിൽ കലക്കി ചുവട്ടിൽ മൂന്നുനേരം ഒഴിച്ചുകൊടുത്താൽ വളർച്ച ത്വരിതഗതിയിലാവാറുണ്ട്.

കൃഷിചെയ്യുന്നവർക്കിടയിൽ വിഭാഗീയതയുടെ അസുഖം പരത്താറുണ്ടെങ്കിലും;
വിളവെടുപ്പ് സമയത്ത് ലഭിക്കുന്ന മികച്ച വിലയും, ആവശ്യകതയും പരിഗണിച്ച് ആരും സസ്യം നശിപ്പിച്ച് കളയാറില്ല. വിളവെടുപ്പ് ഉത്സവം കഴിഞ്ഞാൽ ഏറെക്കുറെ വിസ്മൃതിയിലാവുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് പതിവാണെങ്കിലും കേരള സർക്കാർ 'വേപ്പ്സ്ട്രോ'യുടെ പരിപാലനത്തിനും ഉന്നമനത്തിനും പുതുപദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.'ഫിദൽ വേപ്പ്സ്ട്രോ'യുടെ കുടുംബത്തിൽ പെട്ട സസ്യജാലങ്ങൾക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഇത് വെച്ചു പിടിപ്പിക്കാനും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനും കഴിഞ്ഞാൽ രാജ്യമെമ്പാടുമുള്ള താമര കർഷകർക്ക് വൻ വെല്ലുവിളി ഉയർത്താനാകും എന്നാണ് കേരളത്തിലെ 'വേപ്പ്സ്ട്രോ' കർഷകർ കിനാവ് കാണുന്നത്..!