Friday, June 17, 2016

ജിഷ വധം : ചില ഓർമ്മപ്പെടുത്തലുകൾ


അങ്ങിനെ കേരളം കാത്തിരുന്ന പ്രഖ്യാപനം ഇന്നുണ്ടായി. ജിഷ എന്ന നിയമ വിദ്യാർത്ഥിനിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ അസം സ്വദേശിയെ പോലീസ് പിടികൂടി. ഒന്നരമാസമായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്‍റെ സമീപ ചരിത്രത്തിൽ ഇത്രയും കോളിളക്കമുണ്ടാക്കിയ ഒരു കൊലപാതകം വേറൊന്നുണ്ടാകില്ല.

ചില ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.
അത് ലോക്കൽ പോലീസിന്‍റെ സമീപനവുമായി ബന്ധപ്പെട്ടാണ്. കൊല നടന്ന ദിവസം രാത്രി സംഭവ സ്ഥലത്തെത്തിയ പോലീസ് മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഇൻ ക്വസ്റ്റടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നറിയുമ്പോഴാണ് അലംഭാവത്തിന്‍റെ തീവ്രത നമുക്ക് മനസ്സിലാകുന്നത്. വീട് സീൽ ചെയ്യാതിരുന്നത് മൂലം ലഭ്യമായേക്കാമായിരുന്ന തെളിവുകൾ നശിക്കാനിടയായി. പോസ്റ്റ്മോർട്ടം നടത്തി ധൃതിയിൽ ബോഡി ദഹിപ്പിച്ചത് സംശയങ്ങൾ ആളിക്കത്തിക്കാനിടയാക്കി. വേണ്ടിവന്നാൽ റീ പോസ്റ്റുമോർട്ടം നടത്താനുള്ള സാദ്ധ്യതകൂടി അതോടെ ഇല്ലാതായി. എത്രയും പെട്ടെന്ന് കേസ് ഫയൽ ക്ലോസ് ചെയ്യാനുള്ള തിടുക്കം പ്രവൃത്തിയിലെല്ലാം നമുക്ക് കാണാം. കാരണം കൊല്ലപ്പെട്ട ജിഷ സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല. ഉന്നതകുലജാതയായിരുന്നില്ല. അവളുടെ മരണകാരണത്തെ ചോദ്യം ചെയ്യുവാനും, പ്രക്ഷോഭം ഇളക്കിവിടുവാനും ആരും തയ്യാറാകില്ല എന്ന മുൻ വിധിയാവണം പോലീസിനെ ധൃതിയിൽ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചത്.

 2016 ഏപ്രിൽ 29ാം  തിയതി ദിനപത്രങ്ങളിൽ പ്രസ്തുത സംഭവത്തെക്കുറിച്ച് വന്ന നാലോ അഞ്ചോ വരികളിലുള്ള വാർത്ത തന്നെ മീഡിയ എത്ര പ്രാധാന്യം ഇതിനു കൊടുത്തിട്ടുണ്ട് എന്നതിന് തെളിവാണ്.

നിയമ വിദ്യാർത്ഥിനിയായ ജിഷയുടെ സഹപാഠികൾ സോഷ്യൽ മീഡിയയിലൂടെ അരുംകൊലയെപ്പറ്റി നടത്തിയ പ്രചരണം മൂലമാണ് നാട് ഇതറിയുന്നത്നാലാം ദിവസം അതായത് മെയ് 2ന് മാറിയ സാഹചര്യത്തിൽ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ഒന്നാം പേജിൽ തന്നെ വാർത്ത റിപ്പോർട്ട് ചെയ്തു.
 അതിന് ഫലവുമുണ്ടായി. ഇലക്ഷ്നിൽ പറ്റിയൊരു പ്രചരണായുധം തേടിനടന്ന രാഷ്ട്രീയ പാർട്ടികൾ സംഭവം ആളിക്കത്തിച്ചു. പരസ്പരം ചെളിവാരിയെറിഞ്ഞു. കുറ്റം തെളിയിക്കാനാവാതെ ഗവണ്മെന്റ് താഴെവീണു. സിറ്റിങ്ങ് എം എൽ പരാജയത്തിന്‍റെ കയ്പുനീർ കുടിച്ചു. ജിഷ വധം പ്രചരണയുധമാക്കിയ മുന്നണി അധികാരത്തിൽ വന്ന് കേസന്വേഷിക്കുന്ന സംഘത്തെ പുന: സംഘടിപ്പിച്ചു. പുതിയ സംഘം അന്വേഷണമേറ്റെടുത്ത് 22 ദിവസം തികയുമ്പോഴേക്കും പ്രതി വലയിലായി. അപ്പോ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും അല്ലേ! ഇത്രയും നാൾക്കിടെ പോലീസ് അനുഭവിച്ച അതിസമ്മർദ്ദത്തെ സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?
പ്രതി ഉപേക്ഷിച്ചു പോയ ചെരിപ്പ് അയാൾക്കുള്ള ഊരാക്കുടുക്കായി.

സംഭവവുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ കേൾക്കാത്ത വിധമുള്ള അന്വേഷണ മുറകളാണ് പോലീസ് നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്നവർക്കൊക്കെ പച്ചമാങ്ങ തിന്നാനുള്ള യോഗം വരെയുണ്ടായി.!
എന്തായാലും പ്രതിയെ കിട്ടിയല്ലോ...ആശ്വാസം.

ഇനിയാണ് ചോദ്യം. ജിഷ, വിദ്യാഭ്യാസമേതുമില്ലാത്ത ഒരു സാധാരണ പെൺകുട്ടിയായിരുന്നെങ്കിലോ?
സംഭവം നടന്നത് ഇലക്ഷൻ സമയത്തല്ലായിരുന്നെങ്കിലോ?
ആരെങ്കിലും ഇതറിയുമായിരുന്നോ?
പത്രത്തിലെ നാലുവരി വാർത്തയിൽ ഇതൊടുങ്ങിയേനെ. അത്രക്കായിരുന്നു ലോക്കൽ പോലീസിന്‍റെ അലംഭാവം!

കൃത്യമായ തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ, ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ ഇനിയെങ്കിലും ഭരണകൂടം ജാഗ്രത പുലർത്തേണ്ടതല്ലേ? ഇതര സംസ്ഥാനക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും, കരാറുകാരും, പോലീസും മനസ്സുവെച്ചാൽ ഇവരുടെ ഒരു ഡാറ്റാബേസ് നിർമ്മിക്കാവുന്നതേയുള്ളൂ. ഇതര സംസ്ഥാനക്കാരെ ചൂഷണം ചെയ്യുന്ന തിരക്കിൽ ആരുമതിന് മെനക്കെടാറില്ല.25 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാനക്കാരുടെ ഡാറ്റാബേസ് നിർമ്മിക്കുക എന്നത് അല്പം ശ്രമകരമാണ് പക്ഷേ, അത് അസാദ്ധ്യമല്ല.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവർ നടത്തുന്ന കുറ്റകൃത്യങ്ങളും, ഇവർക്കിടയിൽ തന്നെയുള്ള പകപോക്കലും കൊലപാതകവും പെരുമ്പാവൂരിൽ അസാധാരണ സംഭവമല്ല. ജിഷ വധത്തിന് കിട്ടിയ വാർത്താപ്രാധാന്യമൊന്നും അതിനുണ്ടാകാറില്ല എന്നുമാത്രം.

ഇനിയൊരു അരുംകൊല അരങ്ങേറുന്നതുവരെ കാത്തുനിൽക്കാതെ നമ്മുടെ അധികാര സ്ഥാനത്തുള്ളവർ ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കാം. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിന് അഭിനന്ദനങ്ങൾ.