Sunday, January 22, 2017

'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' - ലഘു അവലോകനം1980-90 കളിൽ പുതിയ ഒരു സിനിമ ഹിറ്റാണോ എന്നറിയാൻ ഷോ കഴിഞ്ഞിറങ്ങുന്ന സ്ത്രീകളുടെ കണ്ണുകളിലേക്ക് നോക്കിയാൽ മതി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കരഞ്ഞുകലങ്ങിയ അവരുടെ കണ്ണുകൾ ഒരു സൂചനയാണ്. വരും ദിവസങ്ങളിൽ തിയറ്ററുകൾ നിറഞ്ഞു കവിയാൻ പോകുന്നതിന്റെ ശുഭസൂചന. സ്ത്രീകളുടെ നിറകണ്ണുകൾ വിജയിപ്പിച്ച സിനിമകളുടെ ചരിത്രം പരിശോധിച്ചാൽ മമ്മൂട്ടിയുടേയും മോഹൻ ലാലിന്റേയും എണ്ണം പറഞ്ഞ കുടുംബചിത്രങ്ങളെല്ലാം അതിൽ വരും.
ഇന്നീ മൾട്ടിപ്ലക്സ് യുഗത്തിലും ഒരു സിനിമ തിയറ്ററിൽ നിൽക്കണമെങ്കിൽ ഫാമിലി ഓഡിയൻസിന്റെ പിന്തുണ കൂടിയേ തീരൂ. പത്തോ പതിഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാകാണാന്‍ തിയറ്ററിലെത്തിയ കുടുംബങ്ങളാണ് ദൃശ്യത്തേയും,പുലിമുരുകനേയുമൊക്കെ ചരിത്രവിജയങ്ങളാക്കിയത്.

ഇത്രയും പറയാന്‍ കാരണം ഇന്നുണ്ടായ ഒരു തിയറ്റര്‍ അനുഭവമാണ്. ജിബു ജേക്കബ്-സിന്ധുരാജ്-മോഹന്‍ലാല്‍ ടീമിന്‍റെ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ ഇന്നത്തെ നൂണ്‍ഷോ ഞാന്‍ കണ്ടത് അങ്കമാലിയിലെ മള്‍ട്ടിപ്ലക്സില്‍ നിറഞ്ഞ കുടുംബസദസ്സിലാണ്. പടം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ കാണുന്നത് പല പ്രായത്തിലുള്ള സ്ത്രീകള്‍, അവരില്‍ ചെറുപ്പക്കാരികളുണ്ട്, മുതിര്‍ന്നവരുണ്ട് മിക്കവരുടേയും കണ്ണുകളില്‍ കണ്ണുനീരിന്‍റെ തിളക്കം. കൂട്ടത്തില്‍ 45-50 വയസ്സുള്ള കുലീനയായ ഒരു സ്ത്രീ, പൊട്ടും, ലിപ്സ്റ്റിക്കും, ആഭരണങ്ങളും അണിഞ്ഞ അവരുടെ കണ്‍മഷി കണ്ണീരില്‍ ഒലിച്ചിറങ്ങിയിട്ടുണ്ട്. മിക്കവരുടേയും അവസ്ഥ അതുതന്നെയായതുകൊണ്ട് അവര്‍ക്കതിന്‍റെ ചമ്മലൊന്നുമില്ല. ഞാനീ കാഴ്ചയൊന്ന് കാണിക്കാന്‍ ഭാര്യയെ തോണ്ടിവിളിച്ചപ്പോള്‍ അവളും കണ്ണുകളൊപ്പുന്നു.! അപ്പര്‍ക്ലാസ്സായാലും, മിഡില്‍ ക്ലാസ്സായാലും,ലോക്ലാസ്സായാലും കുടുംബവും ബന്ധങ്ങളും എല്ലാവര്‍ക്കും ഒരേപോലെയാണല്ലോ അല്ലേ.

സിനിമയുടെ സാങ്കേതികത്തികവും, മറ്റും ഇഴകീറി വിശകലനം ചെയ്യുന്നവര്‍ക്ക് 'മുന്തിരിവള്ളി' ഒരു മഹത്തരമായ അനുഭവമൊന്നുമായ്ക്കൊള്ളണമെന്നില്ല . എന്നിരുന്നാലും കുടുംബങ്ങളുടെ കണ്ണും മനസ്സും നിറക്കാന്‍ വേണ്ടതൊക്കെ സിനിമയിലുണ്ട്. എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് അത് ധാരാളം മതി. 'മുന്തിരിവള്ളി' ടീമിന് അഭിനന്ദനങ്ങള്‍.....

വാല്‍ക്കഷ്ണം : സന്തോഷം തോന്നിയ മറ്റൊരു കാര്യം, അനൂപ് മേനോന്‍റെ പെര്‍ഫോമന്‍സാണ്. മൂപ്പരുടെ പ്രകടനം കണ്ട് ആളുകള്‍ ചിരിക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ് കണ്ടത്. അതുപോലെ ഒരൊറ്റ സീനില്‍ മാത്രം വന്നുപോകുന്ന സുരേഷ് കൃഷ്ണയ്ക്കും കിട്ടി നല്ല കയ്യടി.

#മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
#MunthirivallikalThalirkkumbol