Thursday, May 4, 2017

എൻ്റെ സിനിമാ നോട്ടീസുകൾ


"ഇന്നുമുതൽ ചെങ്ങമനാട് ചിത്രയിൽ പ്രദർശനമാരംഭിക്കുന്നു  നമ്പർ20 മദ്രാസ് മെയിൽ  ...നമ്പർ20 മദ്രാസ് മെയിൽ..."

കോളാമ്പി സ്പീക്കറിലൂടെ ഇമ്പത്തിലുള്ള അനൗൺസ്മെൻറ് കേൾക്കുമ്പോഴേക്കും ഉള്ളംകാലിലൂടെ ഒരു തരിപ്പ് ഇരച്ച് കയറും. പിന്നെ ഒരൊറ്റ ഓട്ടമാണ്. അയൽവക്കത്തെ തൊടിയും അമ്പലത്തിൻ്റെ മുറ്റവും കഴിഞ്ഞു പാതയോരത്ത് എത്തുമ്പോഴേക്കും ആ ജീപ്പോ, അല്ലെങ്കിൽ കാറോ അടുത്തെത്തിയിട്ടുണ്ടാവും. വാഹനത്തിന് പിന്നിലിരിക്കുന്ന ആൾ വീശിയെറിയുന്ന നോട്ടീസ് വാരിയെടുത്ത് ലോകം ജയിച്ച മട്ടിൽ അതുംകൊണ്ട് വീട്ടിൽ ചെന്നുകയറുന്ന ആ നിമിഷം ഇപ്പോഴും സുഖമുള്ള ഒരോർമ്മയാണ്.

ബന്ധുവും, ബാല്യകാല സുഹൃത്തുമായ സനിലിൽ നിന്നുമാണ്   സിനിമാ നോട്ടീസ് ശേഖരിക്കുന്ന ശീലം എനിക്ക് പകർന്നുകിട്ടിയത്. കൃത്യമായ ഓർമ്മയുണ്ട്, ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകീട്ട് ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴാണ് 'ചിത്ര'ത്തിൻ്റെ അനൗൺസ്മെൻറ് ഒരു അലങ്കരിച്ച ജീപ്പിൽ ജങ്ഷനിലൂടെ കടന്നുപോയത്. അതിൽ നിന്നും എറിഞ്ഞിട്ട കാവിനിറമുള്ള നോട്ടീസിലൊന്ന്  സനിലെനിക്ക് തന്നു. മൂപ്പരുടെ കയ്യിലുള്ള സിനിമാ നോട്ടീസ് ശേഖരത്തെപ്പറ്റി അന്നാണ് ഞാനറിഞ്ഞത്. എൻ്റെ ശീലം അന്നു തുടങ്ങുന്നു... 

പിന്നെ വെള്ളിയാഴ്ചകളാവാനുള്ള കാത്തിരിപ്പാണ്. അന്ന് അമ്പലത്തിൻ്റെ മുന്നിൽ, റോഡിനപ്പുറം ഒരു ചെറിയ പെട്ടിക്കടയുണ്ടായിരുന്നു. ഇളയിടത്തിന്റെ കട. സൈക്കിളിൽ വരുന്ന  തിയറ്ററിലെ ജീവനക്കാരൻ കടയുടെ  മുന്നിലെ പലക ഫ്രെയിമിലടിച്ച ചാക്കിൽ ഈർക്കിൽ കൊണ്ട് സിനിമാ പോസ്റ്റർ കോർത്തുറപ്പിക്കുന്നതു വരെ സസ്പെൻസാണ്. അപ്പോൾ മാത്രമാണറിയുക 'ചെങ്ങമനാട്  ചിത്ര' യിലെ  പടമെന്താണെന്ന്. നല്ല സിനിമയാണെങ്കിൽ അന്ന് ഇഴഞ്ഞിഴഞ്ഞാവും ക്ലാസ്സിൽ ചെല്ലുക. കാരണം, അതിനിടയിൽ അനൗൺസ്മെൻറ് വന്നാലോ? ഭാഗ്യമുണ്ടെങ്കിൽ സ്‌കൂളിലെത്തുന്നതിനിടയിൽ കുറുമശ്ശേരി ജിയോയിലെയും(സീപ്പീസ്), അത്താണി അമലയിലെയും അനൗൺസ്മെൻറ് വരും. 11 മണിയോടെ ചിത്രയിലേയും, ഉച്ചക്ക് കുന്നുകര സ്റ്റാറിലേയും ( അഹന) കടന്നുപോകും. 

കുന്നുകര ജെബിഎസ്സിലെ ക്ലാസ്സ് റൂമിലിരിക്കുന്ന സമയത്ത് അനൗൺസ്മെൻറ്  വാഹനം കടന്നുപോയാൽ  വല്ലാത്ത വീർപ്പുമുട്ടലാണ്. ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകുന്ന സുഹൃത്തുളോട്  വഴിയിൽ നിന്നും നോട്ടീസ് കിട്ടിയാൽ കൊണ്ടുവന്നുതരണമെന്ന് ശട്ടം കെട്ടും. ഇന്റർവെല്ലിന് സേപ്പികളിക്കാനുള്ള ഇലഞ്ഞിക്കായയാണ് ഞാൻ പ്രതിഫലമായി വാഗ്ദാനം ചെയ്യുക. സ്‌കൂളിൽ പഠിക്കുന്ന കാലത്ത്  ഇലഞ്ഞിക്കായക്ക് സ്വർണ്ണത്തിന്റെ വിലയാണ്. അത് കിട്ടുമെന്നുറപ്പുള്ളതുകൊണ്ട് തന്നെ എൻ്റെ  കൂട്ടുകാർ സിനിമാ നോട്ടീസല്ല, വേണേൽ ചങ്ക് പറിച്ചുതരും! 

മെല്ലെമെല്ലെ എൻ്റെ  കയ്യിലെ സിനിമാ നോട്ടീസ് ശേഖരം വലുതാവുകയായിരുന്നു. എന്നാലും സനിലിന്റെ കയ്യിലെ ശേഖരത്തോളം വരില്ല. മൂപ്പരുടെ കയ്യിൽ 'ഇന്നലെയും', 'സീസണും', 'നാടുവാഴികളും', 'വീണമീട്ടിയ വിലങ്ങുകളും', 'അരങ്ങും' 'ഇന്ദ്രജാലവും' ഒക്കെയുണ്ട്. കളക്ഷനിലുള്ള സീനിയോറിറ്റിയുടെ ഗുണം! മാത്രമല്ല മൂപ്പർക്ക് എന്നെക്കാൾ എളുപ്പത്തിൽ റോഡിലെത്താമെന്നതുകൊണ്ട് ഒരു അനൗൺസ്മെന്റും  മിസ്സാവില്ല. എങ്കിലും ഒന്നിലധികം നോട്ടീസ് കിട്ടിയാൽ എനിക്കൊരെണ്ണം തരും. 

വെക്കേഷന്  കാഞ്ഞൂരിൽ അമ്മവീട്ടിൽ ചെല്ലാൻ പ്രത്യേക സന്തോഷമാണ്. കാരണം ചേട്ടായിമാരും, ചേച്ചിമാരുമൊക്കെ വന്നിട്ടുണ്ടാകും. മാത്രമല്ല, അവിടെ തൊട്ടടുത്തു തന്നെ ഒരു തിയറ്ററുണ്ട് 'എസ്സെൻ  ടാക്കീസ്'. അപ്പൂപ്പനോ, ചേട്ടനോ ഒക്കെ ഞങ്ങളെ മിക്കവാറും എല്ലാ സിനിമക്കും കൊണ്ടുപോകും. വല്യമ്മയുടെ മകനായ ജിഷ്  ചേട്ടനായിരുന്നു അന്ന്  കുട്ടികളുടെ ലീഡർ. അങ്ങനെയിരിക്കെയാണ് എനിക്കൊരു കാര്യം മനസ്സിലായത്; ജിഷ്  ചേട്ടന് സിനിമാ നോട്ടീസ് കളക്ഷനുണ്ട്! ഞാൻ ചോദിച്ചപ്പോൾ അതെനിക്ക് തരാൻ ചേട്ടായിക്കും സന്തോഷം! ഹോ! ഞാൻ സന്തോഷം കൊണ്ട് ആകാശം തൊട്ടു.  അങ്ങിനെ 'പ്രാദേശികവാർത്തകളും' 'ചെറിയലോകവും വലിയ മനുഷ്യരും' 'തലയിണമന്ത്രവും' അടക്കം കുറെ നോട്ടീസ് എനിക്ക് നിനച്ചിരിക്കാതെ കിട്ടി. എന്തോ പറഞ്ഞു വഴക്കിട്ടപ്പോൾ കുറച്ച് നോട്ടീസ് എൻ്റെ  മുന്നിലിട്ട് കത്തിച്ച് കളയുകയും ചെയ്തു. 

ഒന്നാം ക്ലാസ്സിലെ പഴയ ബാഗിൽ കുത്തിനിറച്ച് വെച്ച എൻ്റെ  സിനിമാ നോട്ടീസ് കളക്ഷൻ പക്ഷേ  എൻ്റെ  അമ്മക്ക് ഒരു ബാധ്യതയായി മാറി. മുറി തൂത്തുതുടക്കുമ്പോഴും, അടക്കിപ്പെറുക്കുമ്പോഴും  മറ്റും ഞാൻ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന നിധി അമ്മക്ക് ശല്യമാവുകയായിരുന്നു. പോരാത്തതിന് മുതിർന്ന പലരുടെയും കളിയാക്കലുകളും. 'വലുതാവുമ്പോഴും നീ സിനിമാ നോട്ടീസിനുവേണ്ടി ഓടുമോടാ?' എന്ന അവരുടെ ചോദ്യത്തിന് നൽകാൻ എനിക്ക് കൃത്യമായൊരുത്തരമില്ലായിരുന്നു. അമ്മയുമായുണ്ടായ ഒരു വാക്കുതർക്കത്തിനൊടുവിൽ എവിടന്നോ കിട്ടിയ ഒരാവേശത്തിൽ ഞാനാ നോട്ടീസുകളെല്ലാം കത്തിച്ചുകളഞ്ഞു! ഇനിയൊരിക്കലും സിനിമാ നോട്ടീസിന് പിന്നാലെ ഓടില്ല എന്ന്  ശപഥവും ചെയ്തു. 

എൻ്റെ  ശപഥത്തിന്  പക്ഷെ ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കാരണം, വെള്ളിയാഴ്ച്ച വിളിച്ചുപറഞ്ഞുള്ള സിനിമാ വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും എൻ്റെ  ഉള്ളം കാലിനടിയിൽ നിന്നും ആ തരിപ്പ് വീണ്ടും കയറാൻ തുടങ്ങി. പോരാത്തതിന് സനിൽ വഴിവക്കിലേക്ക് ഓടുന്നതും കണ്ടു. എൻ്റെ  ഉള്ളിൽ നിന്നും ആരോ ഉറക്കേ 'ഓടെടാ, ഓടെടാ' എന്ന് വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ  ഓടി. പിന്നെയും ഓടി. പിന്നെയും, പിന്നെയും ഓടി. അങ്ങിനെ എൻ്റെ  സിനിമാ നോട്ടീസ് ശേഖരം പിന്നെയും നിറഞ്ഞു. 

2000 ആണ്ടിൽ മലയാളസിനിമാലോകത്ത് 'കിന്നാരത്തുമ്പികളെ' പാറിച്ച് നീല തരംഗം അലയടിച്ചതോടെ സിനിമാ കൊട്ടകകളുടെ പ്രതാപകാലവും അസ്തമിച്ചു. പല തിയറ്ററുകളും മണ്മറഞ്ഞു. പലതും രൂപം മാറി ഓഡിറ്റോറിയങ്ങളായി. ചിലത് ഗോഡൗണുകളായി. ബാക്കിയുള്ള അപൂർവ്വം ചിലവ പിടിച്ചുനിന്നെങ്കിലും സിനിമാ വിളംബരം എന്നെന്നേക്കുമായി അവസാനിച്ചിരുന്നു. ഓൺലൈൻ പ്രമോഷനുകളുടെ ഈ കാലത്ത് വാഹനത്തിൽ നിന്നും നോട്ടീസ് വിതറിയുള്ള പരസ്യം ആര്  ശ്രദ്ധിക്കാൻ? ആ കാലത്തിൻ്റെ ശേഷിപ്പുകളായി എൻ്റെ  കയ്യിലെ സിനിമാ നോട്ടീസുകൾ ബാക്കി. 

സനിലിൻ്റെ കയ്യിൽ ആ പഴയ കളക്ഷൻ ഇപ്പോഴും ഉണ്ടോ ആവോ? എനിക്കിപ്പോഴും ഇത് നിധി തന്നെയാണ്. ബാല്യകാല സിനിമാ കമ്പത്തിൻ്റെ മധുരമുള്ള ഓർമ്മയാണ് കയ്യിലുള്ള ഓരോ നോട്ടീസും. 

ഏതോ ഒരാവേശത്തിന് കത്തിച്ചുകളഞ്ഞ നൂറിൽപ്പരം സിനിമാ നോട്ടീസുകളെയോർത്ത് ഞാൻ പിന്നീട് (ഇപ്പോഴും) വിഷമിച്ചിട്ടുണ്ട്. എൻ്റെ  കയ്യിൽ ആദ്യമായി കിട്ടിയ 'ചിത്ര'ത്തിൻ്റെ,അത്താണി അമലയിലെ അനൗൺസ്മെൻറ് വാഹനത്തിൽ നിന്ന് ചുരുട്ടിയിട്ട്  തന്ന 'മൃഗയ'യുടെ, ബാലവാടിയിൽ നിന്ന് അച്ചാച്ചൻ്റെ കൈ പിടിച്ചു  മടങ്ങുമ്പോൾ കിട്ടിയ 'ഒളിയമ്പുകളുടെ' എൻ്റെ  കമ്പമറിയാവുന്ന അച്ചാച്ചൻ എനിക്ക് തന്ന 'പെരുന്തച്ചൻ്റെ' പിന്നെ ലാൽസലാം,ഗീതാഞ്‌ജലി, പരമ്പര, ഞാൻ ഗന്ധർവ്വൻ,ഈ തണുത്ത വെളുപ്പാങ്കാലത്ത്, അങ്ങിനെ ഇപ്പോഴും കണ്ട്  കൊതി തീരാത്ത കുറെയേറെ സിനിമകളുടെ നോട്ടീസുകളാണല്ലോ ഞാൻ കത്തിച്ചു കളഞ്ഞത്! സർവ്വലോക സിനിമാ പ്രാന്തന്മാർക്കും, സിനിമാ നൊസ്റ്റുവിൻ്റെ അസുഖമുള്ളവർക്കും ഈ നിധി കുംഭം സമർപ്പിക്കുന്നു.








































































































































































Thursday, April 6, 2017

ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് - ചില കണക്കിന്‍റെ കളികള്‍



ഫാന്‍സിന്‍റെ കൂട്ടത്തില്‍ അഞ്ചാം ക്ലാസ്സ് വരെയെങ്കിലും കണക്ക് പഠിച്ചിട്ടുള്ളതും, സാമാന്യം ഇംഗ്ലീഷ് കൂട്ടിവായിക്കാനുള്ള വിവരമുള്ളവരുമുണ്ടെങ്കില്‍ അവരോടെല്ലാം സിമ്പിൾ മാത്തമാറ്റിക്സ് വച്ച് ദി ഗ്രേറ്റ് ഫാദറിന്റെ ഔട്ട് സൈഡ് കേരള കളക്ഷനെക്കുറിച്ച് ചില സംശയങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുകയാണ്.

ഇതോടൊപ്പം ചേർത്തിരിക്കുന്ന  ഒന്നാമത്തെ ചിത്രം ആഗസ്റ്റ് സിനിമാസ് മാര്‍ച്ച് 30 നു ഒഫീഷ്യല്‍ പേജിലൂടെ പബ്ലിഷ് ചെയ്ത ഔട്ട്സൈഡ് കേരള തിയറ്റർ ലിസ്റ്റാണ്. അതിൽ നല്ല വ്യക്തമായി തിയറ്ററുകളുടെ പേരും അവിടത്തെ ഷോ ടൈമും കൊടുത്തിട്ടുണ്ട്. മിക്കവാറും തിയറ്ററുകളില്‍ ഒന്നോ രണ്ടോ പ്രദര്‍ശനം മാത്രമേ ഉള്ളൂ.
ബാംഗ്ലൂര്‍ 18ഷോ, മൈസൂര്‍ 2ഷോ, മാംഗ്ലൂര്‍ 9ഷോ, മണിപ്പാല്‍ 1ഷോ, ചെന്നൈ 19ഷോ, കോയമ്പത്തൂര്‍ 6ഷോ,ഈറോഡ് 1 ഷോ, മധുരൈ 1ഷോ,വെള്ളൂര്‍ 1ഷോ, ഹൈദ്രാബാദില്‍ 2ഷോ, വിശാഖപട്ടണം 1ഷോ, ബോംബേ 35ഷോ, പൂനെ 7ഷോ, ഗോവ 4ഷോ, ഗുജറാത്ത് 21, ഡെല്‍ഹി 21 ഷോ, ജാര്‍ഖണ്ഡ് 1ഷോ, ഒറീസ്സ 1ഷോ, മധ്യപ്രദേശ് 1ഷോ, കോല്‍ക്കത്ത 1ഷോ, പഞ്ചാബ് 1ഷോ. മൊത്തം 154 ഷോസ്!!! ആഗറ്റ് സിനിമാസ് ഒഫീഷ്യലായി പബ്ലിഷ് ചെയ്ത ലിസ്റ്റിന്‍റെ കാര്യമാണ് ഈ പറയുന്നത് കേട്ടോ.

കേരളത്തിന് പുറത്ത് 400-600 ഷോ എന്നുള്ള തള്ള് അപ്പോതന്നെ തകര്‍ന്നു വീണു. കേരളത്തിന് പുറത്ത് ഫാന്‍സ് ഷോ നടത്തി, എക്‍ട്രാ ഷോ നടത്തീ എന്നൊക്കെയുള്ള നാട്ടാകുരുക്കാത്ത തള്ളും കൊണ്ട് ആരും വന്നേക്കരുത്. ഒരു സിംപിൾ തള്ളുകൂടി കാണിച്ചുതരാം . കേരളത്തിന് പുറത്ത് റിലീസ് ചെയ്ത ദിവസം 493 ഷോ നടത്തിയതായാണ് പറയുന്നത്. അതായത് ഒഫീഷ്യലായി അനൗൺസ് ചെയ്ത 154 നു പുറമേ 339 ഷോ അഡീഷനലായി നടത്തിയെന്ന്! ദുബായിലൊന്നും പാഠം റിലീസായിട്ടുമില്ല. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ നടന്നതിലും കൂടുതൽ അഡീഷണൽ ഷോ കേരളത്തിന് പുറത്ത് നടന്നത്രെ! ഹോ ഇക്കയുടെ സിനിമകൾ ഇനി കേരളത്തിന് പുറത്ത് പ്രദർശിപ്പിക്കുന്നതാ ലാഭം കേട്ടോ.  

ഇനി ബുക്ക് മൈ ഷോ പോലുള്ള സൈറ്റുകൾ വഴി ഒന്ന് ചെക്ക് ചെയ്താൽ അറിയാം സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ കപ്പാസിറ്റി എത്രയെന്ന്. അതിൽ ഭൂരിഭാഗവും 120-250 റേഞ്ചാണ്. ടിക്കറ്റ് റേറ്റ് 120- 180 ആവറേജ്. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. അല്പം സ്പീഡുള്ള നെറ്റ് കണക്ഷന്‍ മാത്രം മതി.

ഇനി രണ്ടാമത്തെ ഫോട്ടോയിൽ ഗ്രേറ്റ് ഫാദറിന്‍റെ കേരളത്തിന് പുറത്തുനിന്നുള്ള ഡെയ്ലി കളക്ഷൻ റിപ്പോർട്ടാണ്. അതിൽ പറയുന്നത് ഔട്ട് സൈഡ് റിലീസ് ചെയ്ത ആദ്യ ദിവസം 2.18 കോടി കളക്ട് ചെയ്തു എന്നാണ്. തുടർന്ന് 1.58, 1.61 എന്നും കാണാം.

ഇനി നമുക്ക് ഒരു കണക്ക് നോക്കാം. നാലാം ക്ലാസ്സിലെ വഴിക്കണക്ക് ഓര്‍മ്മയിലുണ്ടായാല്‍ മതി.  ആവറേജ് തിയറ്റർ കപ്പാസിറ്റി 300 എന്നുതന്നെ എടുക്കാം (അത്രയുമില്ല എങ്കിലും) ടിക്കറ്റ് റേറ്റ് 120 ഉം 150 ഒക്കെ അവിടെ നിക്കട്ടെ 200 എന്ന് റൗണ്ട് ഓഫ് ചെയ്യാം. ടോട്ടൽ ഷോ ആഗസ്റ്റ് സിനിമാസ് പറഞ്ഞ പോലെ 154. ഒക്യുപ്പൻസി 100% തന്നെ ഇരിക്കട്ടെ.

300 സീറ്റിങ് കപ്പാസിറ്റി ഉള്ള ഒരു തിയറ്ററിൽ 200 രൂപ നിരക്കിൽ ഒരു ഷോക്ക് കിട്ടുന്ന തുക 300*200=60000/-
ഒരു ദിവസത്തെ മൊത്തം 154 ഷോയ്ക്ക് കിട്ടുന്ന തുക 60000*154=9240000/-

ഇനി ചോദ്യം ആദ്യ ദിവസത്തെ 21800000 നിന്നും 9240000 കുറച്ചാൽ വരുന്ന 12560000/- രൂപയുടെ സോഴ്സെന്താ? 100% ഒക്യുപ്പൻസിയിൽ 3 ദിവസം കേരളത്തിന് വെളിയിൽ പ്രദർശിപ്പിച്ചു എന്ന്‍ വെച്ചാലും ഒരു ദിവസം ഒരു കോടി പോലും കളക്ഷന്‍ എത്തുന്നില്ല. പിന്നെയീ 2.18 ഉം 1.58 ഉം ഒക്കെ എവിടെനിന്നും വന്നു?
നിലവില്‍ സിനിമ 7 ദിവസം കൊണ്ട് 30 കോടി എത്തി എന്നാണ് പറയുന്നത്. അതായത് ആദ്യ ദിവസത്തെ 4.31 കോടി മാറ്റിയാല്‍ 25.69 കോടി. അതായത് ദിവസവും 4.28 കോടി! കേരളത്തിന് പുറത്തെ 154 ഷോ 100% ഒക്ക്യുപ്പന്‍സിയില്‍ നേടാവുന്ന 9240000/- കുറച്ചാല്‍ 3.36  കോടി ദിവസവും കേരളത്തിലെ തിയറ്ററുകളില്‍ നിന്നും  നേടുന്നുണ്ടെന്നാണ് വെപ്പ്. 202 തിയറ്ററില്‍ റിലീസ് ചെയ്ത സിനിമ  നിലവില്‍ ഇപ്പോ എത്ര തിയറ്ററിലുണ്ട്? 2.48 കോടി ആദ്യദിനം കളക്ട്  ചെയ്ത കസബക്കു ഉണ്ടായതില്‍ കൂടുതല്‍ തിരക്കും ജനക്കൂട്ടവും  എല്ലാ ദിവസവും ഗ്രേറ്റ് ഫാദറിന്‍റെ തിയറ്ററുകളില്‍  ഇപ്പോഴുമുണ്ടെന്നല്ലേ അതിനര്‍ത്ഥം?  സാമാന്യ ബുദ്ധിയുള്ള ഒരൊറ്റ മമ്മൂട്ടി ഫാന്‍സുപോലും അത് സത്യമാണെന്ന് പറയുമെന്ന് 
തോന്നുന്നില്ല. (സാമാന്യ ബുദ്ധിയുള്ളവരുടെ മാത്രം കാര്യമാണ് കേട്ടോ) കേരളത്തിന് പുറത്തുള്ള തിയറ്റര്‍ ഒക്യുപ്പന്‍സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ കണ്ടാല്‍ ഫാന്‍സിന്‍റെ ഹൃദയം തകര്‍ന്നുപോകുമെന്നത് മറ്റൊരു സത്യം.

ഓണ്‍ലൈന്‍ ബോക്സോഫീസ് റിപ്പോര്‍ട്ട് തള്ളുന്നവര്‍ കേരളത്തിന് പുറത്തെ എല്ലാ തിയറ്ററിലും കേരളത്തിലേതുപോലെ 4 ഷോ വീതം ഉണ്ടെന്ന് ധരിച്ച് വശായവരാണ്.
തങ്ങളുടെ പേജിന്‍റെ റീച്ച് കൂട്ടാന്‍ തോന്നുന്നത് പോലെ കണക്കുണ്ടാക്കുന്നവര്‍. സാക്ഷാല്‍ മമ്മൂട്ടി പോലും അത് വിശ്വസിച്ചു പോയി!
ആഗസ്ത് സിനിമാസിന്‍റെ തലപ്പത്തുള്ളവര്‍ എന്തായാലും നല്ല ബുദ്ധിയുള്ളവരാണ്. ആദ്യ ദിവസത്തെ കളക്ഷന്‍ മാത്രമേ അവര്‍ ഒഫീഷ്യലായി അനൌണ്‍സ് ചെയ്തുള്ളൂ. പിന്നെ ഇരുപത് കോടി തള്ളിയ ഒരു പേജിന്‍റെ പോസ്റ്റ് ഒരു താങ്ക്സും വെച്ച് അങ്ങോട്ട് ഷെയര്‍ ചെയ്തു. അത് കച്ചവട തന്ത്രം. പിന്നീട് വന്ന ഒരൊറ്റ ലൈവ് വീഡിയോയിലും അവര്‍ സിനിമ വന്‍ വിജയമാണെന്നും റെക്കോര്‍ഡ് വിജയമാണെന്നും പറയുന്നതല്ലാതെ ഇതുവരെയുള്ള കളക്ഷന്‍റെ ഡീടയില്‍സ് ഒഫീഷ്യലായി പുറത്തുവിട്ടിട്ടില്ല. 

മലയാള സിനിമ രാജ്യം മുഴുവൻ മാർക്കറ്റ് ചെയ്യാനാവുന്ന വിധത്തിൽ വളരുന്നത് എല്ലാ സിനിമാ പ്രേമികൾക്കും അഭിമാനിക്കാവുന്ന കാര്യമാണ്. പക്ഷേ ഇതുപോലുള്ള അടിസ്ഥാന രഹിതമായ കണക്കുകൾ പടച്ചുണ്ടാക്കിയിട്ട് ആർക്കെന്ത് പ്രയോജനം?


(മേല്പറഞ്ഞ കണക്കുകളെ കാര്യ കാരണ സഹിതം ഖണ്ഡിക്കാന്‍ പറ്റുന്നവര്‍ക്ക് അതാവാം, അല്ലാതെ ഒരുമാതിരി അരിയെത്രയെന്ന്‍ ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന മട്ടിലുള്ള കട്ട് പേസ്റ്റ് പോസ്റ്റും കൊണ്ട് വന്നേക്കരുത്. വേണ്ട... വേണ്ടാത്തോണ്ടാ)  
#greatfathercollectionreport