Monday, October 1, 2018

ഓര്‍മ്മകളില്‍ ബാലഭാസ്ക്കര്‍



"നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം...
ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം...
അന്നെന്‍റെ ബാല്യവും കൌമാരവും നിനക്കായ് മാത്രം പങ്കുവെക്കാം... ഞാന്‍ പങ്കുവെക്കാം...."

കാഞ്ഞൂരില്‍ അമ്മവീടിനടുത്തുള്ള രാധാകൃഷ്ണന്‍ ചേട്ടന്‍റെ കാസറ്റ് കടയില്‍ നിന്നാണ് ഈയൊരു പാട്ട് ആദ്യമായി കേള്‍ക്കുന്നത്. വഴിയരികിലേക്ക് തിരിച്ചുവെച്ച ബോക്സ് സ്പീക്കറില്‍ നിന്നും ബിജു നാരായണന്‍റെ ശബ്ദം കവലയില്‍ ബസ്സ് കയറാന്‍ നില്‍ക്കുന്നവരുടെ കാതുകളെ കുളിര്‍പ്പിച്ചിരിക്കണം. അത്ര മാധുര്യമുള്ള വരികളും ഈണവും....
ഓരോ പാട്ടുകള്‍ക്കുമിടയിലും മമ്മൂട്ടിയുടെ പ്രൌഡഗംഭീരമായ അവതരണവും.

കൌമാര സ്വപ്നങ്ങളില്‍ അനിയത്തിപ്രാവും, അതിലെ പാട്ടുകളും നിറഞ്ഞു നിന്നിരുന്ന സമയം, രാധാകൃഷ്ണന്‍ ചേട്ടനോട് ഞാന്‍ ചോദിച്ചു,
'ഇത് ഏത് സിനിമയിലെ പാട്ടാ?' '
സിനിമയല്ലടാ ആല്‍ബമാണ്' എന്ന്‍ മറുപടി കിട്ടിയപ്പോള്‍ എനിക്കത്ര അത്ഭുതമൊന്നും തോന്നിയില്ല, കാരണം അന്ന്‍ ദൂരദര്‍ശനിലെ സംഗീത പരിപാടികളില്‍ അലീഷാ ചിനായുടെ 'Made in India' യും, ദാലര്‍ മെഹന്തിയുടെ 'ബോലോ തററ' യുമൊക്കെ കണ്ടിട്ടുണ്ട്. മ്യൂസിക്കല്‍ ആല്‍ബമെന്ന വാക്ക്  കേട്ടിട്ടുമുണ്ട്.

പക്ഷേ, മലയാളത്തില്‍ ഒരു മുഴുനീള ആല്‍ബം അതാദ്യമായിരിക്കണം. അതും പ്രണയം നിറഞ്ഞൊഴുകുന്ന പാട്ടുകള്‍ മാത്രമുള്ള ഒരു മുഴുനീള ആല്‍ബം!
പയ്യെ പയ്യെ ഞാന്‍ ചോദിച്ച ചോദ്യം, മാറ്റാളുകളും കാസറ്റ് കടയില്‍  വന്നു  ചോദിച്ചുതുടങ്ങി.
ആ കാലഘട്ടത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ  'നിനക്കായ്' എന്ന ആ സംഗീത ആല്‍ബത്തിന്‍റെ എത്ര കാസറ്റുകള്‍ വിറ്റുപോയിട്ടുണ്ടെന്നും, എത്രയെത്ര കാസറ്റുകളിലേക്ക് പകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ദൈവത്തിനു പോലും കണക്കുണ്ടാവില്ല.  ആ ഒരു കാസറ്റ് കേരളക്കരയിലുണ്ടാക്കിയ പ്രഭാവം മനസ്സിലാക്കണമെങ്കില്‍ 'നിനക്കായ്' ക്കു ശേഷം വന്ന പ്രണയ ആല്‍ബങ്ങളുടെ ഒരു കണക്കെടുത്തു നോക്കിയാല്‍ മതി.

"ആരാണു നീ എനിക്കോമലേ... ആരാണു നീ, എനിക്കാരോമലേ..."
ശ്രീ ശങ്കര കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഓഡിറ്റോറിയത്തില്‍ നിന്നും ഈ പാട്ടുമുഴങ്ങിയപ്പോള്‍ ക്ലാസ്സ് നിര്‍ത്തിവെച്ച് കേട്ടിരുന്ന ബോട്ടണി അദ്ധ്യാപകന്‍ രജിത് സാറിനേയും പെട്ടെന്ന് ഓര്‍മ്മവരുന്നു....

"എണ്ണക്കറുപ്പിന്നേഴഴക്...",
"പാതിരാ കാറ്റുവീശി, മഞ്ഞുവീണു" അങ്ങിനെ ഓരോ പാട്ടുകളുമായും ബന്ധപ്പെട്ട ഓര്‍മ്മകളെന്തെങ്കിലുമുണ്ടാകും.
ഒരു പൊതു വേദിയില്‍ ഞാന്‍ ആദ്യമായി ഒരു പാട്ട് പാടുന്നത് പോളിടെക്നിക്കില്‍ പഠിക്കുന്ന സമയത്ത് നാഷണല്‍ സര്‍വ്വീസ് ക്യാമ്പില്‍ വെച്ചാണ്.  'ആദ്യമായ്' എന്ന ആല്‍ബത്തിലെ "ആദ്യസമാഗമ നാളിലെന്‍ കണ്മണി ആകെ തരളിതയായിരുന്നു..." എന്ന ഉണ്ണികൃഷ്ണന്‍ ഗാനം.

ഈ ഗാനങ്ങളുടെയെല്ലാം സ്രഷ്ടാവിന്‍റെ മുഖം പിന്നീട് അമൃത ടിവിയില്‍ 'സൂപ്പര്‍ സ്റ്റാര്‍സ്' എന്ന മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ജഡ്ജിങ് പാനലിലാണ് ആദ്യമായി കാണുന്നത്.
ആളൊരു വയലിന്‍ വിസ്മയമാണെന്ന തിരിച്ചറിവു തന്നത് കൂട്ടുകാരനായ ബിനേഷ്. ആരാധനമൂത്ത് രാത്രിക്ക് രാത്രി സ്വന്തമായി വയലിനൊരെണ്ണം മേടിച്ച് വയലിന്‍ ക്ളാസ്സില്‍ പോയി തുടങ്ങിയ അവന്‍റെ സംഗീത ഭ്രമമാണ് എന്നെയും ആ മനുഷ്യനിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.
ടിവിയില്‍ ആ മുഖം കണ്ടാല്‍ പിന്നെ ചാനല്‍ മാറ്റാന്‍ തോന്നില്ല, വയലിന്‍ കണ്ടാല്‍ ആ മുഖമല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ വരില്ല എന്നായി.......

ഈസ്റ്റ് കോസ്റ്റ് വിജയനും, മമ്മൂട്ടിക്കും അപ്പുറം  രാധാകൃഷ്ണന്‍ ചേട്ടന്‍റെ കാസറ്റ് കടയില്‍ നിന്നും കേട്ട  പാട്ട് ബാലഭാസ്ക്കര്‍ എന്ന സംഗീത സംവിധായകന്‍റെ ഈണമായിരുന്നു എന്ന തീരിച്ചറിവിന് വര്‍ഷം 20 പിന്നിട്ടിരിക്കുന്നു...

അന്ന്‍ ആ ഈണങ്ങള്‍ ഉള്ളം കുളിര്‍പ്പിച്ചെങ്കില്‍ ഇന്ന്‍ ഉള്ള്‍ നീറുന്നുണ്ട്, ആ വാര്‍ത്ത കേട്ടിട്ട്.... വിശ്വസിക്കാനാവുന്നില്ല പ്രിയ ബാലഭാസ്ക്കര്‍, താങ്കള്‍ ഇനി ഞങ്ങളോടൊപ്പമില്ല എന്നത്! നിങ്ങള്‍ സൃഷ്ടിച്ച മനോഹര ഗാനങ്ങളും, നാദപ്രപഞ്ചവും ഉള്ളില്‍ തന്നെയുണ്ട്.... അതിന് ഒരുകാലവും മരണമുണ്ടാകില്ല.  

No comments:

Post a Comment