ബ്ളോഗ് പേജില്‍ 2000 സന്ദര്‍ശകര്‍ എന്നത് അത്ര വല്യ ഒരു നാഴികക്കല്ലൊന്നുമല്ലെന്നറിയാം. എഴുതി തുടങ്ങിയ 2014 ല്‍ നിന്ന് ആദ്യ ആയിരത്തില്‍ എത്താന്‍ ഒന്നര വര്ഷത്തോളമെടുത്തുവെങ്കില്, അടുത്ത ആയിരത്തിലെത്താന്‍ ഏതാനും മാസങ്ങളേ എടുത്തുള്ളൂ. ബ്ലോഗുകള്‍ അത്യാവശ്യം ആളുകളില്‍ എത്തുന്നുണ്ട് എന്ന് തിരിച്ചറിയുന്നത് സന്തോഷകരമാണ്. എഴുത്തിനെ കുറച്ചുകൂടി സീരിയസ്സായി സമീപിക്കാന്‍ അതെന്നെ പ്രേരിപ്പിക്കുന്നു. ഇതുവരെ എന്റെ ബ്ലോഗുകള്‍ വായിക്കുകയും സത്യസന്ധമായ അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
Sunday, June 19, 2016
Friday, June 17, 2016
ജിഷ വധം : ചില ഓർമ്മപ്പെടുത്തലുകൾ
അങ്ങിനെ കേരളം കാത്തിരുന്ന പ്രഖ്യാപനം ഇന്നുണ്ടായി. ജിഷ എന്ന നിയമ വിദ്യാർത്ഥിനിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ അസം സ്വദേശിയെ പോലീസ് പിടികൂടി. ഒന്നരമാസമായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമാകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ സമീപ ചരിത്രത്തിൽ ഇത്രയും കോളിളക്കമുണ്ടാക്കിയ ഒരു കൊലപാതകം വേറൊന്നുണ്ടാകില്ല.
ചില ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു.
അത് ലോക്കൽ പോലീസിന്റെ സമീപനവുമായി ബന്ധപ്പെട്ടാണ്. കൊല നടന്ന ദിവസം രാത്രി സംഭവ സ്ഥലത്തെത്തിയ പോലീസ് മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഇൻ ക്വസ്റ്റടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നറിയുമ്പോഴാണ് അലംഭാവത്തിന്റെ തീവ്രത നമുക്ക് മനസ്സിലാകുന്നത്. വീട് സീൽ ചെയ്യാതിരുന്നത് മൂലം ലഭ്യമായേക്കാമായിരുന്ന തെളിവുകൾ നശിക്കാനിടയായി. പോസ്റ്റ്മോർട്ടം നടത്തി ധൃതിയിൽ ബോഡി ദഹിപ്പിച്ചത് സംശയങ്ങൾ ആളിക്കത്തിക്കാനിടയാക്കി. വേണ്ടിവന്നാൽ റീ പോസ്റ്റുമോർട്ടം നടത്താനുള്ള സാദ്ധ്യതകൂടി അതോടെ ഇല്ലാതായി. എത്രയും പെട്ടെന്ന് കേസ് ഫയൽ ക്ലോസ് ചെയ്യാനുള്ള തിടുക്കം ഈ പ്രവൃത്തിയിലെല്ലാം നമുക്ക് കാണാം. കാരണം കൊല്ലപ്പെട്ട ജിഷ സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല. ഉന്നതകുലജാതയായിരുന്നില്ല. അവളുടെ മരണകാരണത്തെ ചോദ്യം ചെയ്യുവാനും, പ്രക്ഷോഭം ഇളക്കിവിടുവാനും ആരും തയ്യാറാകില്ല എന്ന മുൻ വിധിയാവണം പോലീസിനെ ധൃതിയിൽ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചത്.

നിയമ വിദ്യാർത്ഥിനിയായ ജിഷയുടെ സഹപാഠികൾ സോഷ്യൽ മീഡിയയിലൂടെ അരുംകൊലയെപ്പറ്റി നടത്തിയ പ്രചരണം മൂലമാണ് നാട് ഇതറിയുന്നത്. നാലാം ദിവസം അതായത് മെയ് 2ന് മാറിയ സാഹചര്യത്തിൽ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ഒന്നാം പേജിൽ തന്നെ വാർത്ത റിപ്പോർട്ട് ചെയ്തു.

പ്രതി ഉപേക്ഷിച്ചു പോയ ചെരിപ്പ് അയാൾക്കുള്ള ഊരാക്കുടുക്കായി.
സംഭവവുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ കേൾക്കാത്ത വിധമുള്ള അന്വേഷണ മുറകളാണ് പോലീസ് നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്നവർക്കൊക്കെ പച്ചമാങ്ങ തിന്നാനുള്ള യോഗം വരെയുണ്ടായി.!
എന്തായാലും പ്രതിയെ കിട്ടിയല്ലോ...ആശ്വാസം.
ഇനിയാണ് ചോദ്യം. ജിഷ, വിദ്യാഭ്യാസമേതുമില്ലാത്ത ഒരു സാധാരണ പെൺകുട്ടിയായിരുന്നെങ്കിലോ?
സംഭവം നടന്നത് ഇലക്ഷൻ സമയത്തല്ലായിരുന്നെങ്കിലോ?
ആരെങ്കിലും ഇതറിയുമായിരുന്നോ?
പത്രത്തിലെ നാലുവരി വാർത്തയിൽ ഇതൊടുങ്ങിയേനെ. അത്രക്കായിരുന്നു ലോക്കൽ പോലീസിന്റെ അലംഭാവം!
കൃത്യമായ തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ, ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ നാട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ ഇനിയെങ്കിലും ഭരണകൂടം ജാഗ്രത പുലർത്തേണ്ടതല്ലേ? ഇതര സംസ്ഥാനക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും, കരാറുകാരും, പോലീസും മനസ്സുവെച്ചാൽ ഇവരുടെ ഒരു ഡാറ്റാബേസ് നിർമ്മിക്കാവുന്നതേയുള്ളൂ. ഇതര സംസ്ഥാനക്കാരെ ചൂഷണം ചെയ്യുന്ന തിരക്കിൽ ആരുമതിന് മെനക്കെടാറില്ല.25 ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാനക്കാരുടെ ഡാറ്റാബേസ് നിർമ്മിക്കുക എന്നത് അല്പം ശ്രമകരമാണ് പക്ഷേ, അത് അസാദ്ധ്യമല്ല.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവർ നടത്തുന്ന കുറ്റകൃത്യങ്ങളും, ഇവർക്കിടയിൽ തന്നെയുള്ള പകപോക്കലും കൊലപാതകവും പെരുമ്പാവൂരിൽ അസാധാരണ സംഭവമല്ല. ജിഷ വധത്തിന് കിട്ടിയ വാർത്താപ്രാധാന്യമൊന്നും അതിനുണ്ടാകാറില്ല എന്നുമാത്രം.
ഇനിയൊരു അരുംകൊല അരങ്ങേറുന്നതുവരെ കാത്തുനിൽക്കാതെ നമ്മുടെ അധികാര സ്ഥാനത്തുള്ളവർ ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കാം. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിന് അഭിനന്ദനങ്ങൾ.
Sunday, June 5, 2016
മുഹമ്മദാലി സാഹിബ് വിടവാങ്ങി.(ഒരു സങ്കല്‍പ്പിക വാര്‍ത്ത)
നേര് നേരായി നേരത്തേ അറിയിക്കുന്ന ഒരു മലയാള ദിനപത്രത്തിൽ കണ്ടേക്കാവുന്ന ഒരു വാർത്ത. (പേരുകളും സംഭവങ്ങളും സാങ്കൽപ്പികം)
മുഹമ്മദാലി സാഹിബ് വിടവാങ്ങി.
സ്വ:ലേ
കണ്ണൂർ : ലോകരാജ്യങ്ങൾക്കിടയിൽ കായിക കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ സുമോ ഗുസ്തി ഇതിഹാസം മുഹമ്മദാലി സാഹിബ് (മമ്മാലി സായിബ് 74 വയസ്സ്) അമേരിക്കയിൽ വെച്ച് അന്തരിച്ചു. പാക്കരൻ ആൻഡ് സൺസ് രോഗബാധിതനായിരുന്ന അദ്ദേഹം വർഷങ്ങളായി പ്രസ്തുത രോഗത്തിന് ചികിത്സയിലായിരുന്നു. ഇയ്യാമ്പാറ്റയെ പോലെ പാഞ്ഞ് നടക്കുകയും മുട്ടനാടിനെ പോലെ ഇടികൂടുകയും ചെയ്യുന്ന സായിബിന്റെ ശൈലിക്ക് കേരളത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളായ തലശ്ശേരി,ധർമ്മടം,കൂത്തുപറമ്പ്,പാമ്പായി മൂല എന്നിവിടങ്ങളിലും ആരാധകരേറെയാണ്. 1960 -ൽ വടക്കേ മലബാറിൽ വെച്ചുനടന്ന ഒളിമ്പിക്സിൽ അദ്ദേഹം കേരളത്തിനു വേണ്ടി ഓട്ടുമെഡൽ നേടിയിട്ടുണ്ട്.
കോഴിക്കോട്ടങ്ങാടിയിൽ 'ക്യാഷ് ലെസ്സ് ക്ലേ വർക്ക്സ് ' എന്ന പേരിൽ ഓട്ടുകമ്പനി നടത്തിയിരുന്ന മമ്മറം പടി സുലൈമാൻ സാഹിബിന്റെയും, ഫാത്തിമാ ബീവിയുടെയും മകനായി 1942 ൽ ജനിച്ച മമ്മാലി സാഹിബ്, നാട്ടുകാർക്കിടയിൽ 'ക്ലേ' എന്നാണ് അറിയപ്പെട്ടിരുന്നത്.
ചെറുപ്പം മുതൽക്കേ കൂട്ടുകാർക്കിടയിൽ തല്ലും പിടിയുമായി നടന്ന മമ്മാലിയെ മൂപ്പരുടെ മൂത്താപ്പ ഷുക്കൂർ സാഹിബാണ് ഗുസ്തിയുടെ വഴിയിലേക്ക് തിരിച്ചുവിട്ടത്.
നാടൊട്ടുക്കും നടന്ന് ഗുസ്തിയിൽ ഓട്ടുമെഡലുകൾ വാരിക്കൂട്ടുമ്പോഴും അദ്ദേഹത്തെ വിവാദങ്ങൾ പിന്തുടർന്നുകൊണ്ടിരുന്നു. മുഖ്യമായും ; അദ്ദേഹം നേടിയെന്നു പറയപ്പെടുന്ന ഓട്ടുമെഡലുകൾ വ്യാജമാണെന്നും അതെല്ലാം പിതാവായ സുലൈമാൻ സാഹിബ് തന്റെ ഓട്ടുകമ്പനിയിൽ നിർമ്മിച്ച് നൽകിയതാണെന്നും ആക്ഷേപമുണ്ട്. എന്നാൽ വിവാദങ്ങളെ ശക്തിയുക്തം എതിർത്ത മമ്മാലി സാഹിബ് ; പലപ്പോഴും പ്രതിഷേധം രേഖപ്പെടുത്തിയത് തനിക്ക് കിട്ടിയ ഓട്ടുമെഡൽ അറബിക്കടലിൽ വലിച്ചെറിഞ്ഞാണ്.
1981 ൽ സുമോ ഗുസ്തിയോട് വിടപറഞ്ഞ അദ്ദേഹം പിന്നീട് കല്ലായി പുഴയുടെ തീരത്ത് ഇടിയപ്പക്കട നടത്തി വരികയായിരുന്നു. ഇടികൂടി നടന്ന തന്റെ പ്രതാപ കാലത്തെ ഓർമ്മിക്കാനാണ് താൻ ഇടിയപ്പക്കട തുടങ്ങിയതെന്ന് മമ്മാലി സാഹിബ് പിന്നീട് കൈയ്യാങ്കളി ചാനലിലെ ജോസ് ബ്രിട്ടാനിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
കട നല്ലരീതിയിൽ നടത്താൻ നാല് നിക്കാഹ് ചെയ്ത സാഹിബിന്
നാലാമത്തെ ബീടരിലുണ്ടായ ലൈലാബീഗത്തിനാണ് നിലവിൽ ഇടിയപ്പകടയുടെ നടത്തിപ്പവകാശം.
ആരാധകരുടേയും ഭക്ഷണപ്രിയരുടേയും നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് അമേരിക്കയിൽ ഇടിയപ്പക്കടയുടെ ശാഖ തുറക്കുന്നതിനുള്ള ചർച്ചക്കായി പ്രസിഡന്റ് ബരാക്ക് ഒബാമയെ കണ്ടുമടങ്ങവേയാണ് കായിക കേരളത്തെ ഞെട്ടിച്ച മരണം.
ലോകമെമ്പാടും ആരാധകരെ നേടിയിട്ടും മമ്മാലി സാഹിബിനെ ആദരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് ന്യൂനപക്ഷ വിരുദ്ധതയുടെ പ്രതിഫലനമാണെന്ന് കേരള കായിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ ഉരുക്കുമുഷ്ടിയായിരുന്ന മമ്മാലി സാഹിബിന്റെ ഭൗതിക ദേഹം നാട്ടിൽ കൊണ്ടുവരാനും പൊതുദർശനത്തിനു വെക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ സ്മരണ വരും തലമുറക്കുകൂടി പകർന്നുനൽകാനുതകുന്നവിധം നഗരഹൃദയത്തിൽ ഉരുക്കുകൊണ്ടുള്ള പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ കായിക മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നു ദിവസം കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തിയ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ, മമ്മാലി സാഹിബിന്റെ പ്രതിമയുടെ നിർമ്മാണം ഭിലായിയിലെ ഉരുക്ക് ഫാക്ടറിയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
Subscribe to:
Posts (Atom)