Sunday, October 4, 2015

കൂട്ടുകെട്ടുകൾ 1980-1990








  

മലയാളത്തിലെ സിനിമാ സംവിധായകരെ നാലായി തിരിക്കാം.

 1,  മറ്റൊരാളുടെ തിരക്കഥയെ ആശ്രയിച്ച് സംവിധാനം ചെയ്യുന്നവർ 
 2,  സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നവർ 
 3, തിരക്കഥാ രചനയിൽ നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞവർ
4, ഛായാഗ്രഹണത്തിൽ നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞവർ

(അഭിനയംനിർമ്മാണം തുടങ്ങിയ മറ്റു വിഭാഗങ്ങളിൽ നിന്നും സംവിധാന രംഗത്തേക്ക് വന്നവരെ ഈ കൂട്ടത്തിൽ പെടുത്തിയിട്ടില്ല.)

 മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരെയും ആദ്യ വിഭാഗത്തിൽ പെടുത്താം
ജോഷി,സിബിമലയിൽ,.വി.ശശി,തമ്പി കണ്ണന്താനം, വിജി തമ്പി, തുളസിദാസ്, ഭരതൻ,ലാൽജോസ്, ഷാജി കൈലാസ്, കെ മധു, ജോമോൻ, സുനിൽ, വി കെ പ്രകാശ്, അനിൽ ബാബു, ടി എസ്‌ സുരേഷ്ബാബു, ജോസ് തോമസ്, ജോണി ആന്റണി, സാജൻ,രാജസേനൻ,റോഷൻ ആൻഡ്രൂസ്, അൻവർ റഷീദ്, ഷാഫി, ആഷിക്ക് അബു ....തുടങ്ങിയവർ ആദ്യവിഭാഗത്തിൽ പെടുന്നു. ഇതിൽ തന്നെ ഭരതൻ, തമ്പി കണ്ണന്താനം, ഐ വി ശശി, രാജസേനൻ,ഷാജി കൈലാസ് തുടങ്ങിയവർ തിരക്കഥകൾ രചിച്ചിട്ടുള്ളവരാണ്.

പ്രിയദർശൻ,ഫാസിൽ,കമൽ,ഭദ്രൻ മാട്ടേൽ, സത്യൻ അന്തിക്കാട്,ബ്ലെസ്സി,രഞ്ജിത്ത്ശങ്കർ, സിദ്ധിക്ക്-ലാൽ, അടൂർ ഗോപാലകൃഷ്ണൻ,ബാലചന്ദ്രമേനോൻ, ജീത്തു ജോസഫ് തുടങ്ങിയവർ... തങ്ങളുടെ സിനിമകൾക്ക് സ്വന്തമായി തിരക്കഥയെഴുതുന്നവരാണ്. ഇതിൽതന്നെ കമലും, സത്യൻ അന്തിക്കാടും ആദ്യകാലത്ത്  തിരക്കഥാകൃത്തുക്കളെ ആശ്രയിക്കുകയും പിന്നീട് സ്വന്തമായി തിരക്കഥാ രചന ആരംഭിക്കുകയും ചെയ്തവരാണ്. പ്രിയദർശൻ സ്വന്ത്ം രചനക്കൊപ്പം തന്നെ മറ്റു തിരക്കഥാകൃത്തുക്കളെ ആശ്രയിക്കുകയും ചെയ്യുന്നു.

എം ടി, പത്മരാജൻ, ഡെന്നീസ് ജോസഫ്, ശ്രീനിവാസൻ, ലോഹിതദാസ്, രഞ്ജിത്, രഞ്ജൻ പ്രമോദ്,റാഫി-മെക്കാർട്ടിൻ, ബി ഉണ്ണികൃഷ്ണൻ, രഞ്ജിപണിക്കർ...തുടങ്ങിയവർ തിരക്കഥാ രചനയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും പിന്നീട് സംവിധാന രംഗത്തേക്ക് കടന്നു വരികയും ചെയ്തവരാണ്.

ബാലു മഹേന്ദ്ര, പി സുകുമാർ, അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ്, സന്തോഷ് ശിവൻ, അഴകപ്പൻ, രാജീവ് രവി തുടങ്ങിയവർ നാലാമത്തെ വിഭാഗത്തിൽ പെടുന്നു. മലയാള സിനിമകൾക്ക് ഛായാഗ്രഹണം നിർവ്വഹിക്കുകയും തമിഴിൽ സംവിധായകരായി അരങ്ങേറ്റം കുറിക്കുകയും ചെയ്തവരാണ് കെ വി ആനന്ദും, അന്തരിച്ച ജീവയും.

 വർഷങ്ങൾക്ക് മുൻപ് തുടർച്ചയായി ഹിറ്റുകൾ നൽകിയിരുന്ന ചില കൂട്ടുകെട്ടുകൾ നമുക്ക് ശ്രദ്ധിക്കാം.


ജോഷി         - ഡെന്നീസ് ജോസഫ് 
തമ്പി കണ്ണന്താനം - ഡെന്നീസ് ജോസഫ്
സിബിമലയിൽ   - ലോഹിതദാസ്
സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ,രഘുനാഥ് പലേരി ,ലോഹിതദാസ്
ഭരതൻ - ജോണ്‍പോൾ,ലോഹിതദാസ്,എം ടി വാസുദേവൻ നായർ 
കമൽ  - രഞ്ജിത്ത്, ജോണ്‍പോൾ,ശ്രീനിവാസൻ
ഐ വി ശശി - ടി ദാമോദരൻ, എം ടി വാസുദേവൻ നായർ 
പ്രിയദർശൻ   - ശ്രീനിവാസൻ,ടി ദാമോദരൻ 
കെ മധു    - എസ്  എൻ  സ്വാമി.
ഹരിഹരൻ  - എം ടി വാസുദേവൻ നായർ.
ഒരുമാതിരിപ്പെട്ട എല്ലാ സംവിധായകർക്കും വേണ്ടി തിരക്കഥയെഴുതിയിരുന്ന കലൂർ ഡെന്നീസിനേയും നമുക്ക് കൂട്ടത്തിൽ പെടുത്താം.
സംവിധായകരായിരുന്നിട്ടു കൂടി മറ്റു സംവിധായകർക്കായി തിരക്കഥയൊരുക്കാൻ പ്രിയദർശനും (നിന്നിഷ്ടം എന്നിഷ്ടം , ചേക്കേറാനൊരു ചില്ല,കിന്നരിപ്പുഴയോരം,) പത്മരാജനും (കരിമ്പിൻപൂവിനക്കരെ ,ഈ തണുത്ത വെളുപ്പാൻകാലത്ത്,കാണാമറയത്ത്....) ഫാസിലും (കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, നമ്പർ 1 സ്നേഹതീരം,സുന്ദരകില്ലാഡി ) സിദ്ധിക്ക് -ലാലും (മക്കൾ മാഹാത്മ്യം, മാന്നാർ മാത്തായി സ്പീക്കിങ്ങ് ) തയ്യാറായിരുന്നു.

ടി ദാമോദരൻ മാഷിന്റെയും, എം ടിയുടെയും  തിരക്കഥകളായിരുന്നു ഐ വി ശശി എന്ന ഹിറ്റ് മേക്കറുടെ ശക്തി. ഏതെങ്കിലും ഒരു ജനുസ്സിൽ മാത്രം പെടുത്താവുന്നവയല്ല അദ്ദേഹം ചെയ്ത സിനിമകൾ. മികച്ച വിജയം നേടിയ മൃഗയക്ക് ശേഷം അദ്ദേഹം ലോഹിതദാസിനൊപ്പം ചിത്രം ചെയ്തിട്ടില്ല. ദേവാസുരത്തിനു ശേഷം ഐ വി ശശി- രഞ്ജിത് കൂട്ടുകെട്ടിലും സിനിമകളൊന്നും വന്നില്ല.
സിബിമലയിലിന്റെ കരിയറിലെ മികച്ച സിനിമകളെല്ലാം തന്നെ ലോഹിതദാസ് രചന നിർവ്വഹിച്ചവയാണ്.  (കാണാക്കിനാവ് മറന്നിട്ടല്ല) എന്നാൽ മറ്റു തിരക്കഥാകൃത്തുക്കളോടൊപ്പം ആഗസ്റ്റ്-1, സദയം, സമ്മർ ഇൻ ബത് ലഹേം,ഉസ്താദ് എന്നിങ്ങനെ തന്റെ പതിവു രീതികൾ വിട്ടുള്ള സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
ആക്ഷൻ മൂഡിലുള്ള സിനിമകൾക്കൊപ്പം തന്നെ സന്ദർഭവും,കുട്ടേട്ടനും,മഹായാനവും പോലെയുള്ള സിനിമകളെടുത്തിട്ടുള്ളയാളാണ് ജോഷി. കാലാകാലം വിവിധ കൂട്ടു കെട്ടു കളിൽ അദ്ദേഹം ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്.
 രൺജിപണിക്കരും, രഞ്ജിതും സ്വതന്ത്ര സംവിധായകരായതോടെ ഷാജികൈലാസിന്റെ നില പരുങ്ങലിലാണ്.
നല്ല തിരക്കഥ കിട്ടിയാൽ ഇപ്പോഴും ഹിറ്റുകളൊരുക്കാൻ പ്രാപ്തിയുള്ളവരാണ് ഇവരിൽ പലരും.

പ്രിയദർശൻ സ്വന്തമായി എഴുതി സംവിധാനം ചെയ്തവയിൽ ഭൂരിഭാഗവും സ്ലാപ്സ്റ്റിക് കോമഡി സിനിമകളാണ്. എന്നാൽ ദാമോദരൻ മാഷിനൊപ്പം കാലാപാനിയും അഭിമന്യുവും ആര്യനും പോലുള്ള സീരിയസ്സ് / ആക്ഷൻ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. മൗലികമായ രചനകൾ കുറവാണെങ്കിലും മികച്ച സിനിമകളെടുക്കാൻ പ്രാപ്തിയുള്ള സംവിധായകനാണ് അദ്ദേഹം.
നല്ലൊരു തിരക്കഥാകൃത്ത് കൂടിയായ ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് മധുമുട്ടം രചന നിർവ്വഹിച്ച മണിച്ചിത്രത്താഴാണ്. ആ കൂട്ടുകെട്ടിൽ പിന്നീട് സിനിമകളൊന്നുമുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
സത്യൻ അന്തിക്കാടിന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ അദ്ദേഹം തിരക്കഥാ രചന തുടങ്ങുന്നതിനു മുൻപുള്ള സിനിമകളാണെന്ന് നിസംശയം പറയാം.
കമലിന്റെ കാര്യവും തഥൈവ! സ്വന്തം രചനയായ സെല്ലുലോയ്ഡാണ് ഇതിനൊരപവാദം.

തിരക്കഥാകൃത്തുക്കൾ സംവിധായകരായപ്പോൾ മികച്ച സിനിമകൾ നമുക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ ബോക്സോഫീസ് വിജയങ്ങൾ അകന്നതായാണ് അനുഭവം. പത്മരാജന്റെ മികച്ച സിനിമകളിൽ അധികവും ബോക്സോഫീസ് വിജയങ്ങളായിരുന്നില്ല! രഞ്ജിത്തിന്റെ മികച്ച സിനിമകൾ അദ്ദേഹം സംവിധായകനായ ശേഷം ചെയ്തവയാണ്. പക്ഷേ, തിരക്കഥയും,കയ്യൊപ്പും,പാലേരിമാണിക്യവുമൊന്നും ബ്ലോക്ക് ബസ്റ്ററുകളല്ല.
എം ടി,ശ്രീനിവാസൻ എന്നീ സംവിധായകരുടെ അധികം സിനിമകളൊന്നും കാണുവാനുള്ള ഭാഗ്യം നമ്മൾ പ്രേക്ഷകർക്കുണ്ടായിട്ടില്ല.
ലോഹിതദാസ് എന്ന സംവിധായകനേക്കാൾ മികവ് തിരക്കഥാകൃത്തിനായിരുന്നു എന്ന് നിരീക്ഷിക്കാം.
ചിരിയുടെ പിൻബലത്തിൽ റാഫി-മെക്കാർട്ടിൻ ഹിറ്റുകൾ സൃഷ്ടിച്ചപ്പോൾ, ബി ഉണ്ണികൃഷ്ണന് നിലവാരം സൂക്ഷിക്കാനാവുന്നില്ല.

ഛായാഗ്രഹണ രംഗത്ത് നിന്നും സംവിധാനത്തിലേക്ക് തിരിഞ്ഞവരും പ്രതീക്ഷ നൽകുന്നവർ തന്നെ.

ആകെത്തുകയെടുക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് മലയാളത്തിൽ പ്രതിഭാധനരായ സംവിധായകർക്ക് ക്ഷാമമില്ലെന്നാണ്. പക്ഷേ, തിരക്കഥാകൃത്തുക്കളുടെ കണക്കെടുത്താൽ അവസ്ഥ ആശാവഹമല്ല. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടക്ക് രംഗത്ത് വന്ന് മികച്ച രചനാ ശേഷിയുള്ള എത്ര എഴുത്തുകാരെ നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റും? മുകളിൽ പറഞ്ഞിട്ടുള്ള തിരക്കഥാകൃത്തുക്കളിൽ പലരും ഇന്ന് സജീവമായി രചനാ രംഗത്തില്ല. ചിലർ കാലയവനികക്കുള്ളിൽ മറഞ്ഞു. പുതുതായി വന്നവരിൽ പലരും ഒന്നോ രണ്ടോ ചിത്രങ്ങൾക്ക് ശേഷം സംവിധായകരായി മാറുന്നു.
മലയാള സിനിമയുടെ സുവർണ്ണകാലഘട്ടമായി 1980-1990 കൾ കണക്കാക്കപ്പെടുന്നതിന് മുഖ്യ കാരണം ഇത്തരത്തിലുള്ള വൈവിധ്യമാർന്ന സംവിധായക-തിരക്കഥാകൃത്തുക്കളുടെ കൂട്ടുകെട്ടുകൾ തന്നെയായിരുന്നു. ഒപ്പം സിനിമയെന്നാൽ എന്തെന്ന് അറിയാവുന്ന നിർമ്മാതാക്കളും.

മാർക്കറ്റ് വാല്യൂ ഉള്ള ഒരു നടന്റെ ഡേറ്റ് കിട്ടിയാൽ എത്ര പണം പോലും മുടക്കാൻ തയ്യാറാകുന്ന; താരങ്ങളെ മാത്രം കണ്ണടച്ച് വിശ്വസിക്കുന്ന ഇന്നത്തെ നിർമ്മാതാക്കൾ കഥകൾ തിരഞ്ഞെടുക്കുന്നതിൽ കുറച്ച് കൂടി ജാഗ്രത പുലർത്തിയാൽ എത്ര നന്നായിരുന്നു!

Thursday, October 1, 2015

ഹിറ്റുകൾ അന്നും ഇന്നും....

(ഒരു സിനിമാ കൂട്ടായ്മയിൽ പ്രസിദ്ധീകരിച്ചത് ) 


ഇന്റസ്ട്രിയൽ ഹിറ്റ്, ബ്ലോക്ക്ബസ്റ്റർ,സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ്, പ്രോഫിറ്റ്, ഫ്ലോപ്പ് എന്നിങ്ങനെ പഴയ പല സിനിമകളെയും തരം തിരിച്ച് തല്ല് നടക്കുന്നത് കണ്ടപ്പോൾ, പറയാനുള്ളത് കുറച്ചധികമുള്ളതു കൊണ്ട് വേറെ പോസ്റ്റായി ചേർക്കുന്നു.

അന്നത്തെ ജയപരാജയങ്ങളെച്ചൊല്ലി തർക്കിക്കുന്നവരിൽ പലരും അന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് അറിവുള്ളവരാണോ എന്ന് ചെറിയൊരു സംശയം. കാരണം, ഇക്കാലത്ത് പുറത്തിറങ്ങുന്ന സിനിമകളുടെ വിധി അതേ ദിവസം ആദ്യ ഷോ കഴിയുമ്പോൾ തന്നെ അറിയാം. സോഷ്യൽ മീഡിയയൊന്നുമില്ലാതിരുന്ന ആ കാലത്ത് പല സിനിമകളും അഭിപ്രായം നേടുന്നതും ഹിറ്റായി മാറുന്നതും ആഴ്ചകൾ കൊണ്ടാണ്.
ചിലപ്പോൾ അത് മാസങ്ങളും, വർഷങ്ങളും കൊണ്ടാണ്. 
ഏതാണ്ട് 2000-മാണ്ട് വരെയുള്ള കാലത്ത് കേരളത്തിൽ 1400 ന് മുകളിൽ തിയറ്ററുകളുണ്ടായിരുന്നതായാണ് കണക്ക്. ഒരു സിനിമ കൂടിവന്നാൽ 25-30 സെന്ററുകളിൽ മാത്രമാണ് റിലീസ്. ബ്ലോക്ക് ബസ്റ്ററാകുന്ന ഒരു സിനിമ 75- 200 ദിവസം റിലീസ് സെന്ററുകളിൽ പ്രദർശിപ്പിച്ച ശേഷം ഷിഫ്റ്റിങ്ങ് സെന്ററുകളിൽ എത്തുന്നു. അവിടെ 40-70 ദിവസം പ്രദർശിപ്പിച്ച് സി- ക്ലാസ്സ് തിയറ്ററുകളിലെത്തുന്നു. അവിടെ രണ്ടാഴ്ചമുതൽ മുകളിലേക്ക് പ്രദർശിപ്പിക്കുന്നു. അതായത് വൻ ഹിറ്റാകുന്ന ഒരു സിനിമയുടെ തിയറ്റർ റണ്ണിംഗ് പൂർത്തിയാകുന്നത് ഒന്നര വർഷത്തിനു മുകളിൽ സമയമെടുത്താണ്. വീഡിയോ കാസറ്റ് ഇറങ്ങുന്നത് 2 വർഷം കൊണ്ടാണ്.
ഇത്തരത്തിൽ റണ്ണിംഗ് പൂർത്തിയാക്കുന്ന ഒരു സിനിമ റിലീസിംഗ് സെന്ററുകളിൽ നിന്ന് നേടുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് ബി - സി സെന്ററുകളിൽ നിന്നും നേടുന്നത്. എ,ബി,സി സെന്ററുകൾ കവർ ചെയ്തു തീർന്നാലേ ഒരു സിനിമ ഹിറ്റാണോ ഫ്ലോപ്പാണോ എന്ന് വിധിയെഴുതാൻ പറ്റൂ. 
റിലീസിങ്ങ് സെന്ററുകളിൽ ലോങ്ങ് റൺ നേടാത്ത പല സിനിമകളും ബി-സി സെന്ററുകളിൽ മികച്ച കളക്ഷൻ നേടി സൂപ്പർ ഹിറ്റായി മാറുന്നു. ചിലത് മുടക്കുമുതൽ തിരിച്ചു പിടിക്കുന്നു. ചില സിനിമകൾ പരാജയത്തിന്റെ കയ്പുനീർകുടിക്കുന്നു.

       പഴയ പല സിനിമാ പ്രസിദ്ധീകരണങ്ങളും വാർഷിക അവലോകനത്തിൽ എ ക്ലാസ്സ് സെന്ററുകളിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകൾ മാത്രമേ ചേർക്കാറുള്ളൂ. റണ്ണിംഗ് ടൈം തീരുന്നതിനു മുൻപ് തയ്യാറാക്കുന്ന ഈ റിപ്പോർട്ടുകൾ അത്ര കണ്ട് വിശ്വസനീയമാ്ണോ? ചുരുങ്ങിയ പക്ഷം അതിൽ പരാജയമെന്ന് പറഞ്ഞിരിക്കുന്ന ചില സിനിമകളുടെ കാര്യത്തിലെങ്കിലും?

അന്ന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാതിരുന്ന പല സിനിമകളും ചാനലുകളുടെ റിപ്പീറ്റഡ് ടെലകാസ്റ്റിങ്ങിലൂടെ ആർജ്ജിച്ച ജനപ്രീതിയാണ് ഇപ്പോഴീ തർക്കത്തിന് കാരണമെന്ന് തോന്നുന്നു.
ഓർമ്മയിലുള്ള ഒരു കാര്യം പറയാം. എന്റെ ചെറുപ്പത്തിൽ നാട്ടിൽ അഞ്ച് സി ക്ലാസ്സ് തിയറ്ററുകളുണ്ടായിരുന്നു. അവിടെ വരുന്ന സിനിമകളിൽ ഹിറ്റായവക്ക് ദിവസേന മാറ്റിനിയും, ആവറേജ് ഹിറ്റായവക്ക് ആദ്യത്തെ അഞ്ച് ദിവസം മാറ്റിനിയും, വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന സിനിമകൾ വെള്ളി,ശനി,ഞായർ മാറ്റിനിയിലുമാണ് പ്രദർശിപ്പിച്ചിരുന്നത്. ചിത്രവും,വാത്സല്യവും,കമ്മീഷണറും,അനിയൻ ബാവ ചേട്ടൻ ബാവയുമെല്ലാം ദിവസേന മാറ്റിനിയിൽ രണ്ടാഴ്ചയിലദികം പ്രദർശിപ്പിച്ചപ്പോൾ. സന്ദേശവും, ആയുഷ്ക്കാലവും,മക്കൾമാഹാത്മ്യവും,ഇഞ്ചക്കാടൻ മത്തായി & സൺസുമൊക്കെ ആദ്യത്തെ 5 ദിവസം മാറ്റിനിയിലും, വന്ദനവും,സാമ്രാജ്യവും,അക്കരെയക്കരെയക്കരെയും,ജാഗ്രതയുമൊക്കെ വെള്ളി ശനി ഞായർ മാറ്റിനിയിലും പ്രദർശിപ്പിച്ചവയാണ്. ഈ പറഞ്ഞ സിനിമകളുടെ ജയപരാജയങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ...
സ്ഥിരമായി കുടുംബത്തോടൊപ്പം അടുത്തുള്ള തിയറ്ററിൽ പോയി സിനിമകാണുന്ന ശീലം നമ്മുടെ രക്ഷകർത്താക്കൾക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ മാത്രമല്ല , അന്നത്തെ രണ്ടാം നിര നായകന്മാരായ മുകേഷ്,സിദ്ധിക്ക്,ജയറാം,ജഗദീഷ്,ബാബു ആന്റണി, മുരളി തുടങ്ങിയവരുടെ പല സിനിമകളും നമ്മൾ ആവേശത്തോടെ കണ്ടിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന സുരേഷ് ഗോപി തലസ്ഥാനം, ഏകലവ്യൻ,കമ്മീഷണർ തുടങ്ങിയ വിജയങ്ങളോടെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരു കസേര നേടി. 1980-2000 കാലഘട്ടത്തിൽ ബാല്യം പിന്നിട്ടവർക്ക് ഇതൊക്കെ ഓർമ്മയുണ്ടാകും.



2000 മുതൽ മൂന്നുവർഷക്കാലം നീണ്ടുനിന്ന ഇക്കിളിസിനിമകളുടെ സുവർണ്ണകാലം അവസാനിച്ചപ്പോൾ നമുക്ക് കൈമോശം വന്നത് കുടുംബത്തോടൊപ്പം ഒരുപാട് നല്ല സിനിമകൾ കണ്ടിട്ടുള്ള കുറെ ബി- സി ക്ലാസ്സ് തിയറ്ററുകൾ കൂടിയാണ്. ഒപ്പം കുടുംബങ്ങളെ ലക്ഷ്യം വെച്ച് ലോ ബഡ്ജറ്റിൽ കൊള്ളാവുന്ന സിനിമകളെടുത്തിരുന്ന കുറേ സംവിധായകരേയും എഴുത്തുകാരേയും.
അന്ന് തിയറ്ററിൽ വിജയിച്ച, എന്നാൽ പുതിയ തലമുറക്ക് അത്ര പരിചയമില്ലാത്ത ചില സിനിമകൾ കൂടി കൂട്ടത്തിൽ പരിചയപ്പെടുത്തുന്നു....











Monday, September 21, 2015

'തിരിച്ചറിവിന്റെ നായ് പാഠം' അഥവാ 'ഒരു പട്ടിക്കഥ'

                                             



                                                    പേ ഉള്ളതും ഇല്ലാത്തതുമായ നായകൾ നാട്ടിലെമ്പാടും അക്രം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കാലമാണല്ലോ... നായ്ക്കളെ തല്ലിക്കൊല്ലണമെന്നും വേണ്ട സംരക്ഷിച്ചാൽ മതിയെന്നും അതല്ല അവറ്റകളുടെ വംശവർദ്ധനവിന് അറുതി വരുത്തിയാൽ മതിയെന്നുമുള്ള നാട്ടാരുടെ സ്വരച്ചേർച്ചയില്ലാത്ത അഭിപ്രായ പ്രകടനങ്ങളെ തലനാരിഴ കീറി വിശകലനം ചെയ്യാൻ ഞാൻ ആളല്ല. പകരം എന്റെ ഒരു സ്നേഹിതന് നായകളെക്കുറിച്ചുണ്ടായ ഒരു തിരിച്ചറിവ് ഇവിടെ കുറിക്കുന്നു.


സ്നേഹിതന്റെ പേര് വിനീഷ്. ആൾ സുന്ദരൻ സുമുഖൻ വിശാല ഹൃദയൻ. മൂപ്പരുടെ വളർത്തുനായയും മൂപ്പരേപ്പോലെത്തന്നെ. നല്ല മിനുമിനുത്ത കറുത്ത നിറം, ഉയരം കുറവ്,സ്വരത്തിലും അസാമാന്യമായ സാമ്യം. നായയുടെ പേര് സാലി. അനാവശ്യമായ കുരയോ ബഹളങ്ങളോ സാലിക്കില്ല. പ്രായം തികഞ്ഞ പെൺകിടാങ്ങൾ അസമയത്ത് വീട്ടിൽ നിന്നിറങ്ങി നടക്കരുത് എന്ന വിശ്വാസപ്രമാണക്കാരനാണ് തന്റെ യജമാനനൻ എന്നറിയാവുന്നതു കൊണ്ടാവണം ; സാലി രാത്രി കൂട് തുറന്ന് വിട്ടാലും പുറത്തിറങ്ങി നടക്കാറില്ല. ഇടക്കിടെ വിനീഷിന്റെ വീട്ടിൽ മതിൽചാടി വന്ന് അല്ലറ ചില്ലറ മോഷണം നടത്തുന്ന കള്ളന്മാരെ പോലും വ്രീളാവതിയായ സാലി അലോസരപ്പെടുത്താറില്ല.

അടുത്ത വീടുകളിലുള്ള ശുനകവീരന്മാരെ മോഹിപ്പിച്ചുകൊണ്ട് അവൾ ആ ഇരുമ്പ് കൂടിനുള്ളിൽ സദാ വിരാജിച്ചു. ചിങ്ങം മുപ്പത്തൊന്ന് കഴിഞ്ഞുള്ള ഒരുമാസക്കാലം സാലിക്കുള്ള പ്രണയാഭ്യർത്ഥനയുമായി വരുന്ന പൂവാലന്മാരെ ഓടിച്ചു കളയലാണ് വിനീഷിന്റെ മുഖ്യതൊഴിൽ. ഹതാശരായി ഓടിയകലുന്ന ശുനകന്മാരുടെ കുര 'ഹിറ്റ്ലർ' ഹിറ്റ്ലർ' എന്നാണോന്ന് പോലും നമുക്ക് സംശയം തോന്നും.
ഏതാനും മാസങ്ങൾ കടന്നുപോയി. ഉത്സാഹവതിയായി മാത്രം കാണപ്പെടാറുള്ള സാലി ക്ഷീണിതയായി കാണപ്പെട്ടു. യജമാനനായ വിനീഷിനെ കാണുമ്പോഴുള്ള പതിവ് കുരപോലുമില്ല! സാലിക്ക് ഇതെന്തുപറ്റി? അവൻ ആകെ വിഷമത്തിലായി. അവൾ വേണ്ടും വിധം ഭക്ഷണം കഴിക്കുന്നില്ല. ഓജസ്സും തേജസ്സുമുള്ള ആ പഴയ സാലിയെ തിരിച്ച് കിട്ടുമോ എന്നു പോലും വിനീഷിന് സംശയമായി.

അവസാനം സാലിയെ ഒരു നല്ല ഡോക്ടറെ കാണിക്കുവാൻ തന്നെ തീരുമാനിച്ചു. സാലിയുടെ ലക്ഷണങ്ങൾ പരിശോധിച്ച ഡോക്ടർ പരിഭ്രാന്തനായി നിന്നിരുന്ന വിനീഷിനരികിലെത്തി അല്പം നാടകീയമായി ഒരു ഹസ്തദാനം ചെയ്ത് പുഞ്ചിരിയോടെ മൊഴിഞ്ഞു. 'താങ്കളുടെ സാലി ഗർഭിണിയാണ്'
പകച്ചുപോയി അവന്റെ ബാല്യവും അതുവരെയുള്ള യൗവ്വനവും...!
'അസംഭവ്യം...! ഒരിക്കലുമില്ല ഡോക്ടർ... ഡോക്ടർക്ക് തെറ്റുപറ്റിയതായിരിക്കും. വേറൊരു പട്ടിയുമായും അവൾക്ക് സംസർഗ്ഗം ഉണ്ടായിട്ടില്ല. ഉറപ്പ്...'
അവൻ തറപ്പിച്ചു പറഞ്ഞപ്പോൾ ഡോക്ടർ അവനെയൊന്ന് ഉഴിഞ്ഞ് നോക്കി..
'നിങ്ങളുടെ നാട്ടിൽ ഇതിനു മുമ്പ് ഇതുപോലെ ദിവ്യഗർഭം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ'
പന്തിയല്ലാത്ത ആ ചോദ്യം കേട്ട് വിനീഷ് അമ്പരന്നു.
ഇനിയും നിന്നാൽ ഒരുപക്ഷേ ആ ഗർഭത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം തന്നിൽ ആക്ഷേപിച്ചേക്കുമോ എന്ന് ഭയന്ന് അവൻ സാലിയെ കൂട്ടി വീട്ടിലേക്ക് മടങ്ങി.

എന്നാലും അത് എങ്ങിനെ സംഭവിച്ചുവെന്ന് അവന് ഒരു ഊഹവുമില്ലായിരുന്നു. കാരണം നല്ല ഉയരമുള്ള മതിൽക്കെട്ടിനകത്താണ് വീട്. സാലിയെ പകൽ അഴിച്ചുവിടാറില്ല. രാത്രി ഗേറ്റ് അടച്ച് പൂട്ടിയതിനു ശേഷമേ തുറന്നു വിടുകയുമുള്ളൂ. ഒരു മനുഷ്യനു പോലും ആ മതിൽ ചാടിക്കടക്കണമെങ്കിൽ നന്നായി അധ്വാനിക്കണം. പിന്നെയെങ്ങിനെ മറ്റൊരു നായ അകത്തു കടക്കും?
നാളിതുവരെ സാലി മതിൽക്കെട്ട് കടന്ന് പോയിട്ടുമില്ല. ചിന്തകൾ വിനീഷിന്റെ ഉറക്കം കെടുത്തി. നിദ്രയുടെ പതിമൂന്നാം യാമത്തിലെങ്ങോ വിനീഷ് സാലിയുടെ കാതരമായ സ്വരം കേട്ടു... കാതോർത്തപ്പോൾ അവനു മനസ്സിലായി... സാലി ഒറ്റക്കല്ല അവൾക്കരികിൽ മറ്റാരോ ഉണ്ട്...!
ആരാണത്?
ഭയ വിഹ്വലനെങ്കിലും അവൻ ലൈറ്റിടാതെ, ശബ്ദമുണ്ടാക്കാതെ ടോർച്ചുമെടുത്ത് പുറത്തിറങ്ങി... ആകാംക്ഷയുടെ നിമിഷങ്ങൾ...
ബ്രൈറ്റ് ലൈറ്റിന്റെ വെട്ടത്തിൽ, സാലിയുടെ കൂടിനരികിൽ അവൻ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടു...
രാജപ്പൻ ചേട്ടന്റെ വളർത്തുനായ ടൈഗർ... അവൻ സാലിയോട് കിന്നരിക്കുന്നു... വിനീഷിന് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു.
'ഡാ പട്ടീ..' വിനീഷ് ടൈഗറിന്റെ ശിരസ്സിന് നേർക്ക് രണ്ടായിരം രൂപയുടെ ടോർച്ച് ഓങ്ങിക്കൊണ്ട് പാഞ്ഞു ചെന്നു... പക്ഷേ ആ നിമിഷം തന്നെ ടൈഗർ അപ്രത്യക്ഷനായി... അമ്പരപ്പോടെ നിന്ന വിനീഷിനെ കളിയാക്കിക്കുരച്ചുകൊണ്ട് ടൈഗർ അതാ മതിൽക്കെട്ടിനു പുറത്തെ വഴിയിൽ നിൽക്കുന്നു... ഇതെന്തൊരത്ഭുതം...!
ആ രഹസ്യം വിനീഷിന്റെ മുന്നിൽ മറനീക്കി പുറത്തുവന്നു. സാലിയുടെ കൂടിനോട് ചേർന്ന് ഒരു വിക്കറ്റ് ഗേറ്റുണ്ട്. അതിന്റെ താഴെ കുറച്ചുഭാഗം ദ്രവിച്ച് ചെറിയൊരു ദ്വാരമായതിലൂടെ ഒരു സർക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ നൂണ്ട് കയറിയാണ് ടൈഗർ തന്റെ പ്രിയതമയോട് പ്രണയം പങ്കിടാനെത്തിയിരുന്നത്.
വിനീഷ് പകകൊണ്ട് ജ്വലിച്ചു. അവൻ ആ നിമിഷം തന്നെ ആ ഭാഗം ഒരു പട്ടികകൊണ്ട് അടച്ചു. പിറ്റേന്ന് രാവിലെ തന്നെ ടൈഗറിന്റെ ഉടമയായ രാജപ്പൻ ചേട്ടനുമായി ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അതിൻപ്രകാരം രാജപ്പൻ ചേട്ടൻ പകൽ മുഴുവനും ടൈഗറിനെ തുറന്ന് വിട്ടിട്ട് രാത്രി പൂട്ടിയിടും. സാലി പകൽ കൂടിന്റെ ബന്ധനത്തിലും രാത്രി മതിക്കെട്ടിന്റെ ബന്ധനത്തിലും.
ടൈഗർ വിനീഷിനെ കാണുമ്പോഴെല്ലാം അരിശത്തോടെ തെറി കുരച്ചു. നായകനേയും നായികയേയും ഒന്നാകാൻ സമ്മതിക്കാത്ത വില്ലന്റെ പരിവേഷമായിരുന്നു വിനീഷിന് നാട്ടിലെ മറ്റു നായകളുടെ മനസ്സിൽ...


അങ്ങിനെ സാലി നാല് കുട്ടികൾക്ക് ജന്മം നൽകി. അതിലൊന്ന് ടൈഗറിന്റെ തനി പകർപ്പായിരുന്നു. മറ്റുള്ള മൂന്നിനും അയൽ വക്കത്തെ മൂന്ന് നായകളുടെ ഛായയായിരുന്നു. ചെറിയൊരു ദ്വാരം നൂണ്ടുകടക്കാനുള്ള മെയ് വഴക്കം നാട്ടിലെ മറ്റു നായകൾക്കുമുണ്ടെന്ന് വിനീഷിന് അപ്പോൾ മാത്രമാണ് മനസ്സിലായത്. ദോഷം പറയരുതല്ലോ, ടൈഗർ നാടൻ നായയാണെങ്കിലും ചന്തമൊത്തവനായിരുന്നു. അതുകൊണ്ട് തന്നെ, മറ്റു കുഞ്ഞുങ്ങളെ ബന്ധുക്കൾക്ക് കൊടുത്തിട്ടും ടൈഗറിന്റെ ഛായയുള്ള കുഞ്ഞിനെ കൊടുക്കാൻ വിനീഷിന് മനസ്സുവന്നില്ല. അവനെ വിനീഷ് സാലിയെപ്പോലെ സ്നേഹിച്ച് വളർത്താൻ തുടങ്ങി. എന്നാൽ പോലും വിനീഷിന് ടൈഗറിനോടുള്ള പകയടങ്ങിയിട്ടില്ലായിരുന്നു.
തന്റെ പ്രിയപ്പെട്ടവളേയും കുഞ്ഞിനേയും ഒരുനോക്ക് കാണാൻ ടൈഗർ കിണഞ്ഞ് ശ്രമിച്ചെങ്കിലും ക്രൂരനായ വിനീഷ് അതെല്ലാം വിഫലമാക്കി. സാലി ഇനിയൊരു കുഞ്ഞിന് ജന്മം നൽകുകയാണെങ്കിൽ അത് അന്തസ്സും കുലീനതയുമുള്ള തറവാട്ടിൽപ്പിറന്ന ഒരു ലാബ്രഡോറിൽ നിന്ന് മാത്രമായിരിക്കും .അവൻ തീർച്ചയാാക്കി.

കാലം കടന്നുപോയി...
നിരാശനായ ടൈഗർ മറ്റൊരു വീട്ടിലെ നാടൻ നായയിൽ തന്റെ ഇണയെ കണ്ടെത്തി.
വിനീഷ് സാലിക്ക് പറ്റിയൊരു ഇണയെ ഇണയെത്തേടി നാടുമുഴുവൻ അലഞ്ഞു. നിരാശയായിരുന്നു ഫലം.
കുറേനാൾ കഴിഞ്ഞപ്പോൾ സാലി വീണ്ടും ക്ഷീണിതയായി കാണപ്പെട്ടു. ഉത്സാഹമില്ലായ്മ... ഭക്ഷണത്തോടുള്ള വിമുഖത...ഏതു നേരവും കിടപ്പ് തന്നെ. ഇത്തവണയും വിനീഷ് സാലിയേയും കൊണ്ട് വെറ്റിനറി ഡോക്ടറെ കാണാൻ ചെന്നു. പഴയ അതേ ഡോക്ടർ... അദ്ദേഹം പരിശോധിച്ചു. വിനീഷിനെ സൂക്ഷിച്ചു നോക്കി...
'സാലിക്ക് എന്താ ഡോക്ടർ അസുഖം?' വിനീഷ് ആശങ്കയോടെ തിരക്കി.
'ഓ, പേടിക്കാനൊന്നുമില്ല. ഗർഭിണിയായ നായകൾക്ക് കണ്ടുവരുന്ന പതിവ് ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ...' അദ്ദേഹം നിസാരമട്ടിൽ പറഞ്ഞു.
'നോ.....' വിനീഷ് പൊട്ടിത്തെറിച്ചു.
'ഇല്ല ഡോക്ടർ ഒരിക്കലുമില്ല... അതിന് ഒരു സാധ്യ്തയുമില്ല...'
'തനിക്ക് എത്ര വയസ്സുണ്ട്?' ഡോക്ടർ അക്ഷോഭ്യനായി തിരക്കി.
'ഇരുപത്തി രണ്ട്'
'വിവാഹിതനാണോ'
'അല്ല.'
'ഇരുപത്തിരണ്ട് വർഷം ഇണചേരാതെ ജീവിക്കാൻ തനിക്ക് പറ്റും.പക്ഷേ തന്റെ നായക്കത് പറ്റില്ല'
അതും പറഞ്ഞ് അദ്ദേഹം നടന്ന് നീങ്ങി.
വിനീഷ് തകർന്ന് പോയി. അവൻ ദേഷ്യത്തോടെ സാലിയെ നോക്കി. അവൾ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടിൽ തന്റെ കിടപ്പ് തുടർന്നു. അവൻ വീടും പരിസരവും അരിച്ചു പെറുക്കി പരിശോധിച്ചു. ഇല്ല മണ്ണിരക്ക് കടക്കാനുള്ള പഴുതു പോലുമില്ല... അവന്റെ മനസ്സ് പാഴ്ചിന്തകളുടെ കൊടുങ്കാടുകൾ കയറി.

ഒരു വീക്കെൻഡിൽ പതിവുപോലെ ഞങ്ങൾ കൂട്ടുകാർ വിനീഷിന്റെ വീട്ടിൽ ചെന്നു. അവൻ ഈ ദിവ്യ ഗർഭത്തിന്റെ കഥ ഞങ്ങളോട് പറഞ്ഞു. ഞങ്ങളും ആ മതിൽക്കെട്ട് പരിശോധിച്ചു. പിന്നാമ്പുറത്തേക്ക് പോയ അപ്പുക്കുട്ടൻ പാഞ്ഞു വന്നു
'ഡാ രാജപ്പൻ ചേട്ടന്റെ ടൈഗർ നിന്റെ വീടിന്റെ പിന്നാമ്പുറത്ത് നിൽക്കുന്നു.'
വിനീഷിന്റെ മുഖത്ത് ദേഷ്യം അരിച്ചുകയറിയെങ്കിലും അടുത്ത് നിമിഷം അവൻ പൊട്ടിച്ചിരിച്ചു.
'എടാ അത് ടൈഗറല്ല...സാലീടെ മോൻ ടിപ്പുവാ. അവനെ കുളിപ്പിക്കാൻ കെട്ടിയിട്ടിരിക്കുന്നതാ...'
'ഓഹോ, അവനെ എവിടെയാ കെട്ടിയിടുന്നത്? ഞാൻ തിരക്കി.
'അവന് വേറെ കൂടുണ്ട്'
'രാത്രിയോ?' ചോദ്യം വിമലിന്റേതായിരുന്നു.
'രാത്രി തുറന്നുവിടും'
'അപ്പോ സാലി?' വിമൽ ചോദിച്ചു.
'രണ്ടുപേരേം തുറന്നുവിടും.അവരീ മതിൽക്കെട്ട് കടന്ന് പോകാറില്ല' വിനീഷ് പ്രതിവചിച്ചു.
'എന്നിട്ടാണോ നീ സാലീടെ ഗർഭത്തിന് ഉത്തരവാദിയെ തിരക്കുന്നത്?'
'നീയെന്ത് അസംബന്ധമാണീ പപറയുന്നത്? അവര് അമ്മേം മോനുമല്ലേ?' വിനീഷിന്റെ തികച്ചും നിഷ്ക്കളങ്കമായ ആ ചോദ്യം കേട്ട്
ഞങ്ങൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു.
ഞങ്ങൾ മൂന്നുപേരുടെയും രൂക്ഷമായ നോട്ടത്തിനു മുന്നിൽ പകച്ച അവൻ ആ ചോദ്യം ഒന്നുകൂടി ആവർത്തിച്ചു.
'സാലീം, ടിപ്പൂം അമ്മേം മോനുമല്ലേ, അവരങ്ങിനെ ചെയ്യുമോ?'
അപ്പുക്കുട്ടൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു...' എടാ ആ ഒരു വകതിരിവില്ലാത്തതുകൊണ്ടല്ലേ ഇവറ്റകളെ പട്ടികളെന്ന് വിളിക്കുന്നത്...'
ആ പുതിയ തിരിച്ചറിവിൽ മലർക്കേ തുറന്ന അവന്റെ വാ ഒരു ഗുഹാകവാടം പോലെ തോന്നിച്ചു. പക്ഷേ ടിപ്പു ഇടക്കിടക്ക് തന്റെ നേരേ കുരച്ചു ചാടാറുള്ളത് വകതിരിവില്ലാത്തതുകൊണ്ടോ അതോ അവന്റെ അച്ഛനോട് ചെയ്ത ക്രൂരതയുടെ പ്രതികാരാർത്ഥമോ എന്ന് കാലമിത്ര കഴിഞ്ഞിട്ടും വിനീഷിന് മനസ്സിലായിട്ടില്ല... അതിന് തൃപ്തികരമായൊരു വിശദീകരണം കൊടുക്കാൻ ഞങ്ങൾക്കും കഴിഞ്ഞിട്ടില്ല.

Friday, June 26, 2015

ചില പൈറസി ചിന്തകൾ


                                
                                                   ചില കമ്പനികൾ 'സ്റ്റോർ ലൂട്ടിങ്ങ് ' എന്ന പേരിൽ ചില കലാപരിപാടികൾ നടത്തുന്നത് ഒരുപക്ഷേ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. അവർ കസ്റ്റമേഴ്സിനായി നടത്തുന്ന മത്സരത്തിൽ വിജയികൾക്കുള്ള പ്രൈസാണ്  ഈ ഇടപാട്. സംഗതി  മറ്റൊന്നുമല്ല,  കമ്പനിയുടെ സ്റ്റോരിനുള്ളിൽ കടന്ന് നിശ്ചിത സമയത്തിനുള്ളിൽ അവർക്കിഷ്ടപ്പെട്ട സാധനങ്ങളുമെടുത്ത് പുറത്ത് കടക്കണം. എടുക്കുന്നതെല്ലാം അവർക്ക് സ്വന്തം. കൊള്ളാം എത്ര മനോഹരമായ ആചാരം അല്ലേ ? ഇനി പിറ്റേദിവസം കമ്പനിയുടെ സ്റ്റോർ കൊള്ളയടിച്ചെന്നും പറഞ്ഞ് പോലീസ് നിങ്ങളെ അറസ്റ്റ് ചെയ്താലോ...? നിങ്ങളുടെ പ്രതികരണം എങ്ങിനെയായിരിക്കും?
പോട്ടെ മറ്റൊരു ഉദാഹരണം പറയാം. ശ്രദ്ധിച്ച് കേൾക്കണം.
നമ്മൾ കാശുകൊടുത്ത് ഒരു ഡിറ്റി എച്ച് വാങ്ങി വീട്ടിൽവെക്കുന്നു. അതിൽ 250 ചാനലുകൾ ഉണ്ട്. മാസാമാസം വാടക കൊടുക്കുന്നതുകൊണ്ടും, ടിവിയുടെ റിമോട്ട് നമ്മുടെ കയ്യിൽ  ഇരിക്കുന്നതുകൊണ്ടും നമുക്ക് ഇഷ്ടമുള്ള ചാനൽ കാണാൻ അവകാശമുണ്ട്. അതും ഏതു സമയത്തും എന്തു  പരിപാടിയും നമുക്ക് കാണാം. അങ്ങിനെയിരിക്കേ ഒരു ദിവസം ഒരു ടി വി ചാനൽ അതിൽ ഒരു അശ്ലീല പരിപാടി (സിനിമ തന്നെ ആയ്ക്കോട്ടെ ) സംപ്രേക്ഷണം ചെയ്തു. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ നിങ്ങളത്  കാണുകയും ചെയ്തു .അടുത്ത  ദിവസം ആ പരിപാടി കണ്ടകുറ്റത്തിന് പോലീസ് നിങ്ങളെ അറസ്റ്റ് ചെയ്‌താൽ നിങ്ങളുടെ പ്രതികരണം എങ്ങിനെയായിരിക്കും ? സത്യത്തിൽ നിങ്ങൾ കുറ്റവാളിയാണോ? 
'അതെ' എന്നാണ് ഉത്തരമെങ്കിൽ നിങ്ങളിത് തുടർന്ന് വായിക്കേണ്ടതില്ല. മറിച്ചാണെങ്കിൽ ഒരു സംശയം  ചോദിച്ചോട്ടെ;
നമ്മുടെ വീട്ടിലെ / മൊബൈലിലെ ഇന്റർനെറ്റ്  കണക്ഷൻ നമുക്ക് വെറുതെ കിട്ടുന്നതല്ലല്ലോ. അതുപയോഗിക്കാൻ നാം നമ്മുടെ സർവ്വീസ്  പ്രൊവൈഡർക്ക് കാശെണ്ണിക്കൊടുക്കുന്നുണ്ട്. അതും അവർ അപ്പപ്പോൾ പറയുന്ന കഴുത്തറപ്പൻ തുക. അങ്ങിനെയുള്ള നമ്മൾക്ക്  അതിൽ ലഭിക്കുന്ന ഏത് വെബ്സൈറ്റും ഉപയോഗിക്കാനുള്ള അവകാശവും സ്വാഭാവികമായും ഉണ്ട്. നമുക്ക് ഉപയോഗിക്കാൻ നൽകിയിരിക്കുന്ന  ഡാറ്റവെച്ച് നമ്മൾ ഏതെങ്കിലും വെബ്സൈറ്റിൽ കയറി ഒരു സിനിമ ഡൗണ്‍ ലോഡ് ചെയ്തു. നിർഭാഗ്യത്തിന് അതൊരു പൈരേറ്റഡ് കോപ്പിയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പോലീസ് നമ്മൾ സിനിമ ഡൗണ്‍ലോഡ് ചെയ്ത വിവരം കണ്ടെത്തി അറസ്റ്റ് ചെയ്തു. സത്യത്തിൽ നമ്മൾ കുറ്റവാളിയാണോ? ഇന്റർനെറ്റിൽ ലഭ്യമായ വീഡിയോസിൽ പ്രത്യേകിച്ച് സിനിമകളിൽ പൈരേറ്റഡ് ഏതാണ് പൈരേറ്റഡ് അല്ലാത്തത് ഏതാണ് എന്ന് തിരിച്ചറിയാൻ മാനദണ്ഡങ്ങളൊന്നുമില്ലല്ലോ.   ഒരു സിനിമയുടെ പൈരേറ്റഡ്  കോപ്പി തങ്ങളുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ടാൽ അത് കണ്ടെത്തി നീക്കം ചെയാൻ ആ വെബ്സൈറ്റിന്റെ അധികാരികൾക്ക് ഉത്തരവാദിത്തമില്ലേ? ഇനി അവരത് ചെയ്യുന്നില്ല എന്നിരിക്കട്ടെ; ആ നിയമവിരുദ്ധ പ്രവൃത്തിചെയ്യുന്ന വെബ്സൈറ്റ് തങ്ങളുടെ ലക്ഷക്കണക്കായ  ഉപഭോക്താക്കൾക്ക് നല്കാതിരിക്കാൻ ഓരോ സർവ്വീസ്  പ്രൊവൈഡറും ശ്രദ്ധിക്കേണ്ടതല്ലേ. ഇതൊന്നും ചെയ്യാനോ ചെയ്യിക്കാനോ  കഴിയാത്തവിധം ദുർബ്ബലമാണോ നമ്മുടെ നാട്ടിലെ സൈബർ നിയമങ്ങൾ ?  സത്യത്തിൽ വഞ്ചിക്കപ്പെടുന്നത് ഉപഭോക്താക്കളല്ലേ ? 
സ്ഥിരമായി പൈരേറ്റഡ് സിനിമകൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന വെബ്സൈറ്റുകൾ കണ്ടെത്തി  നിരോധിക്കാതെ പൈറസിക്ക് ഒരു അന്ത്യമുണ്ടാവുമെന്ന് തോന്നുന്നില്ല. നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നവരും, അതുകൊണ്ട് നേട്ടമുണ്ടാക്കുന്നവരും കാണാമറയത്തിരിക്കുമ്പോൾ/ അസ്പർശരായിരിക്കുമ്പോൾ  നമ്മുടെ ജയിലുകൾ ഡൗണ്‍ലോഡെന്ന കൊടും ക്രൂരത ചെയ്തവരെക്കൊണ്ട് നിറയട്ടെ....

വാൽക്കഷ്ണം : ഇനി പൈറസിയെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ടൊരൻറെങ്ങാൻ നിരോധിച്ചാൽ; മലയാളസിനിമാ വ്യവസായം തന്നെ നശിക്കും. നമ്മുടെ നാട്ടിലെ മിക്കവാറും സിനിമാ  സിംഹങ്ങളുടെയും തൂലികയുടെ ഇന്ധനം എന്ന് പറയുന്നത് തന്നെ വിദേശ സിനിമാ ടൊരന്റുകളാണ്. ഇതൊരുമാതിരി കൈതമുള്ളേൽ പിടിച്ച അവസ്ഥയായല്ലോ. നിരോധിക്കാനും വയ്യ നിരോധിക്കാതിരിക്കാനും വയ്യ !  
#‎premampairacy‬  

Wednesday, June 17, 2015

നിവിനും,ഷറഫുദ്ദീനും,ഗോപൂസും പിന്നെ ഈ പാവം ഞാനും....

                             
                                                ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള കഥയാണ്.
പ്രശസ്തനായ ഒരു സംവിധായകന്റെ അസിസ്റ്റാന്‍റായ എന്‍റെ സുഹൃത്തിനു വേണ്ടി ഒരു തിരക്കഥയൊരുക്കിക്കൊണ്ടിരിക്കുന്ന കാലം. പകൽ ജോലിയും രാത്രി പുസ്തകങ്ങളിലൂടെയുള്ള സഞ്ചാരവും, പുലർകാലത്ത് ഉണർന്നിരുന്നുള്ള എഴുത്തും. വെട്ടിയും തിരുത്തിയും എഴുതിയതത്രയും മനസ്സിലെ തിരശ്ശീലയിലൂടെ ഓടിച്ചുനോക്കിയും സ്വപ്നം കണ്ടും സിനിമ എന്ന കാമുകിയെ സ്വന്തമാക്കാനുള്ള തത്രപ്പാടിനിടയിൽ ഒരു ദിവസം ആലുവയിലുള്ള എന്റെ സുഹൃത്ത് ഷറഫുദ്ദീന്‍റെ ഒരു ഫോൺ കോൾ, ഒന്നു കാണണം. കാരണം തികച്ചും ഒഫീഷ്യലാണ്. വൈകീട്ട് കാണാമെന്നും പറഞ്ഞു. ഷറഫിനെ കാണാനും സംസാരിക്കാനും വല്യ താല്പര്യമാണ്. കാരണം അവൻ ഒരു സിനിമാമോഹികളായ കുറെ കൂട്ടുകാരുണ്ട്. എല്ലാവരും ആലുവക്കാരാണ്. അവരുടെ വിശേഷങ്ങളറിയാം, പിന്നെ എന്‍റെ സിനിമയെ പറ്റി ചർച്ച ചെയ്യാം, അങ്ങിനെ പലതും വിചാരിച്ചാണ് കാണാൻ ചെല്ലുന്നത്. ആലുവ  പാലസിൽ വൈകീട്ട് ചെല്ലുമ്പോൾ ഷറഫ് ഒറ്റക്കാണ്. പതിവിന് വിപരീതമായി സംസാരം സിനിമയെക്കുറിച്ചായിരുന്നില്ല , മറിച്ച് അവൻ വർക്ക് ചെയ്യുന്ന കാർ ഷൊറൂമിലെ കസ്റ്റമേഴ്സ് ഡാറ്റ എങ്ങിനെ സ്വകാര്യ ആവശ്യത്തിന് ഉപയോഗപ്പെടുത്താമെന്നതായിരുന്നു ചർച്ച.
സംസാരം നീണ്ടപ്പോൾ ഞാൻ ചോദിച്ചു

"എവിടെ വരെയായി നിങ്ങളുടെ സിനിമാ പരിപാടികൾ?".
"ഓ, തലവൻ ചെന്നൈയിലാ. അവൻ നാട്ടിൽ വന്നാലേ എല്ലാത്തിനും ഒരു ചൂടുള്ളൂ."
പിന്നെ കുറേ സിനിമാകാര്യങ്ങൾ പറഞ്ഞിരുന്നു. കൂട്ടത്തിൽ അവൻ എന്റെ സിനിമയെ കുറിച്ചും ചോദിച്ചു.
"കൂട്ടുകാരനുടനെ സ്വന്തമായി സിനിമ ചെയ്യും. ഞാനവനു വേണ്ടി തിരക്കഥ ഒരുക്കിക്കൊണ്ടിരിക്കുകയാണ്." ഞാൻ  അഭിമാനത്തോടെ പറഞ്ഞു.
എന്‍റെ കൂട്ടുകാരൻ നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിലാണ് താമസമെന്ന് പറഞ്ഞപ്പോൾ അവൻ ഒരു 'സിജോ ജോസഫിനെ' അറിയുമോയെന്ന് തിരക്കി. അത്താണിക്കാരനായ ഒരു അസിസ്റ്റന്‍റ്  ഡയറക്ടറാണ് കക്ഷി. ആളെ എനിക്ക് അത്ര പരിചയമില്ല. എന്‍റെ ചില കൂട്ടുകാർക്ക് ആളെ അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഞാനത്ര കാര്യമായെടുത്തില്ല. ഉടനെ സിനിമ ചെയ്യാൻ പോകുന്ന ഒരു അസിസ്റ്റന്‍റ്  ഡയറക്ടർ എന്റെ ഉള്ളം കയ്യിലുള്ളപ്പോൾ ഞാനെന്തിന് മറ്റൊരാളെ ഗൗനിക്കണം?

സംസാരവിഷയം സിനിമയിലൂടെ തന്നെ മുന്നേറുകയാണ്. എഴുത്തിന്‍റെ തിരക്കുള്ളതിനാൽ ഞാൻ ആസമയത്ത് റിലീസായ സിനിമകളൊന്നും കണ്ടിരുന്നില്ല

"ഇനി വിനീത് ശ്രീനിവാസന്‍റെ  'മലർവാടി ആർട്ട്സ് ക്ലബ്ബ്' റിലീസാവുമ്പോൾ കാണണം." ഞാനതു പറഞ്ഞപ്പോൾ ഷറഫിന്റെ മുഖം വിടർന്നു.
" അതിലെ നായകന്മാരിലൊരാൾ എന്റെ കൂട്ടുകാരനാണ്" അവൻ ആവേശത്തോടെ പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞ വിദ്വാനോട് കുറച്ച് അസൂയ തോന്നാതിരുന്നില്ല.
"എടാ നീയൊരു അരമണിക്കൂർ കൂടി വെയ്റ്റ് ചെയ്യാണെങ്കിൽ ഞാൻ ആളെ പരിചയപ്പെടുത്തിത്തരാം. നിവിൻ ന്നാണ് പേര്."

സഹസംവിധായകനായ കൂട്ടുകാരന്‍റെ അടുത്ത പരിചയക്കാരനായ നടനെ മനസ്സിൽ കണ്ട് തിരക്കഥയൊരുക്കിക്കൊണ്ടിരിക്കുന്ന ഞാൻ കേവലമൊരു പുതുമുഖത്തെ എന്തിനു പരിചയപ്പെടണം? ഷറഫിനോട് ഇങ്ങിനെ പറഞ്ഞില്ലെങ്കിലും അവനെ പരിചയപ്പെടാൻ നിൽക്കാതെ ഞാൻ യാത്രയായി.

                                                          ***************
കുറച്ചു നാളുകള്‍ക്ക്  ശേഷം...
ഒരു സായാഹ്നം 

ആലുവ പാലസിനടുത്ത് ഒരു ചെറിയ കൂൾബാറുണ്ട്. ഗോപൂസ് എന്നാണ് പേര്. ഷറഫ് അവിടെയുണ്ടായിരുന്നു. രണ്ട് സിഗരറ്റും വാങ്ങി ഞങ്ങൾ കടവിലേക്ക് നടന്നു. ക്രിസ്തുമസ്സിനിറങ്ങിയ ദിലീപിന്‍റെ സിനിമ തകർത്തോടുന്നതിനെ കുറിച്ചായിരുന്നു അന്ന് സംസാരം. അതിൽ എനിക്കും അഭിമാനിക്കാൻ വകയുണ്ട്. കാരണം സിനിമയിൽ എന്‍റെ സുഹൃത്ത് അസിസ്റ്റന്‍റ്  ഡയറക്ടറായിരുന്നു. സിനിമയുടെ വിശേഷങ്ങളൊക്കെ എനിക്ക് നേരിട്ടറിയാം.
അവരുടെ സിനിമാ സ്വപ്നം അപ്പോഴും വിദൂരത്താണ്. സിനിമയെന്നും പറഞ്ഞ് നടക്കുന്നതിന്റെ പേരിൽ വീട്ടിൽ നിന്നുള്ള ചീത്തവിളി  മുറുകുന്നതിനാൽ ഷറഫ് സ്വന്തമായി ഒരു ടൂർ ഓപ്പറേറ്റിങ്ങ് ഓഫീസിടാനുള്ള ഒരുക്കത്തിലാണ്. അന്ന് ഞാൻ പരിചയപ്പെടാതെ പോന്ന ഷറഫിന്റെ സുഹൃത്ത് 'നിവിൻ പോളി' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാലും ഒരു ബ്രേക്ക് ആയിട്ടില്ലനിവിൻ അവരെയെല്ലാം വിളിച്ച് ചീത്ത പറയാറുണ്ടെന്ന് അവൻ പറഞ്ഞു. അവരുടെ ഗ്യാങ്ങ് ഒരുമിച്ച് ചെയ്യുന്ന സിനിമ അവന്‍റേം സ്വപ്നമാണ്. എല്ലാവരേം ഒന്ന് ചൂടാക്കിയെടുക്കണം.
നിവിനെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ സിനിമയിലെ നായകന്‍റെ സുഹൃത്തിന്റെ റോൾ നിവിനു നൽകാം. ഒന്നുമല്ലെങ്കിലും ഷറഫിന്‍റെ ഫ്രണ്ടല്ലേ. ഞാൻ കണക്കുകൂട്ടി. ഷറഫിനും അഭിനയിക്കാൻ മോഹമുണ്ട്. അവനേയും പരിഗണിക്കാം.

                                                      *****************

തിരക്കഥ തയ്യാറാക്കി പകർത്തി എഴുതി ഫയൽ ചെയ്ത് ഞാൻ പ്രതീക്ഷയോടെ എന്‍റെ സിനിമ സംവിധാനം ചെയ്യാൻ പോകുന്ന സുഹൃത്തിനെ വിളിച്ചു.

"എടാ തിരക്കഥ റെഡിയായിട്ടുണ്ട്. നീ എന്നാണ് ഫ്രീ എന്നു പറഞ്ഞാൽ ഞാനത് കൊണ്ടുതരാം."
"അത് കൊണ്ട് തരണ്ട. കഥ പറഞ്ഞാ മതി."
"അല്ലാ...കഥ നമ്മൾ ഡിസ്ക്കസ് ചെയ്തിട്ടുള്ളതല്ലേ..."
"എന്നാലും സ്ക്രിപ്റ്റുമായിട്ട് വരണമെന്നൊന്നുമില്ല. പറഞ്ഞാൽ മതി. കേട്ടാൽ എനിക്ക് മനസ്സിലാകുമല്ലോ."
"എടാ തിരക്കഥ വിവരിച്ചു പറയുന്നതിലും എനിക്ക് കംഫർട്ട് നീയത് വായിച്ച് അഭിപ്രായം പറയുന്നതാ. അത് എന്തു തന്നെയായാലും നിനക്ക് പറയാമല്ലോ"
"നീ പിന്നെ വിളിക്ക്. ഞാനിപ്പോ കുറച്ച് തിരക്കിലാ."

ഞാനൊന്ന് അമ്പരന്നു. എന്നാലും മനസ്സിൽ ഓർത്തു; അവന്‍റെ മൂഡ് ശരിയല്ല എന്ന് തോന്നുന്നു. പിന്നീട് വിളിയൊന്നുമില്ല. എന്‍റെ കോളാണെങ്കിൽ അവൻ എടുക്കുന്നിമില്ല. അങ്ങിനെയിരിക്കേ ഞാൻ അറിഞ്ഞു ; അവന്‍റെ അടുപ്പക്കാരായ ഇരട്ട തിരക്കഥാകൃത്തുക്കളിൽ ഒരാൾ അവന് കഥകൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടത്രേ! അതും അവന്‍റെ പ്രിയ നായകനു ചെയ്യാൻ പാകത്തിൽ... നല്ലത്. അങ്ങിനെയെങ്കിൽ അവനൊരു നിർമ്മാതാവിനു വേണ്ടി അലയേണ്ടിവരില്ലല്ലോ. ഞാനും കരുതി. എങ്കിലും അവനൊരു വാക്ക് എന്നോട് നേരിട്ടുപറയാമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. പോട്ടെ സാരമില്ല.
പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നാണ്. ഇരട്ട തിരക്കഥാകൃത്തുക്കൾ വേർപിരിഞ്ഞു. അവരുടെ തിരക്കഥയിലൂടെ ചോക്ലേറ്റ് ഹീറോ പരിവേഷം നേടിയ എന്‍റെ സുഹൃത്തിന്‍റെ നായക നടന്‍റെ വളർച്ച പെട്ടെന്നായിരുന്നു. താരസിംഹാസനത്തിലമർന്ന് കയ്യിൽ കുറേ ഇൻഡ്യൻ റുപ്പീ വന്നപ്പോൾ മൂപ്പർക്ക് അസിസ്റ്റന്‍റ് ഡയറക്ടറോട് അത്ര മതിപ്പില്ലാതെയായി. അവനുമായി അകന്നതോടെ  സിനിമയെന്നത് എന്നെ സംബന്ധിച്ചിടത്തോളം സങ്കൽപ്പം മാത്രമായി... തിയറ്ററായ തിയറ്ററിലൊക്കെ ടിക്കറ്റ് ചാർജ്ജ് കൂടിയതോടെ വാരിവലിച്ചുള്ള സിനിമകാണലും നിന്നു.
          
                                                       ****************

വിനീത് ശ്രീനിവാസന്‍റെ  'തട്ടത്തിൻ മറയത്ത്' വന്നതോടെ ഷറഫിന്റെ ഫ്രണ്ട് നിവിന്‍റെ  നല്ല നേരവും മറനീക്കി പുറത്തുവന്നു. അങ്ങിനെ അധികം വൈകാതെ ഗോപൂസിലെ സിനിമാ സൗഹൃദ കൂട്ടായ്മയുടെ 'നേരം' പുറത്തിറങ്ങി. തിയറ്ററിൽ ഒരു സിനിമ കാണാൻ പത്തുപേരുടെയെങ്കിലും അഭിപ്രായം ആരായുന്ന ഒരു സ്വഭാവം രൂപപ്പെട്ടിരുന്നതിനാൽ നേരത്തിനെക്കുറിച്ചറിയാൻ ഷറഫിനെ തന്നെ വിളിച്ചു. അവൻ എന്നെ ചീത്തവിളിച്ചു.

"അന്തസ്സ് വേണമെടാ, അന്തസ്സ്. കൂട്ടുകാരന്‍റെ സിനിമ റിലീസായിട്ട് അതൊന്ന് കാണാതെ എങ്ങിനെയുണ്ടെന്ന് ചോദിച്ച് വിളിച്ചിരിക്കുന്നോ?"
ഞാൻ ലജ്ജിച്ച് തലതാഴ്ത്തി. 'നേരം' കണ്ടിട്ട് ഞാൻ അവനെ വിളിച്ചു.
"ഷറഫേ, നിങ്ങൾ രക്ഷപ്പെട്ടല്ലോ മോനേ"
"ഏയ് രക്ഷപ്പെട്ടൂന്ന് പറയാറൊന്നുമായിട്ടില്ലടാ"
"സിനിമയോട് ഇത്രേം പാഷനുള്ള നിങ്ങൾ രക്ഷപ്പെട്ടില്ലെങ്കിൽ പിന്നാരാ രക്ഷ്പ്പെടുക?"
എന്റെ മറുപടി അവനെയൊന്ന് കുളിർപ്പിച്ചിരിക്കണം.

                                                      ***************

അങ്ങിനെയിരിക്കേ എന്റെ സഹസംവിധായക സുഹൃത്തിന് അവന്‍റെ ഹീറോ ഒരു കഥപറയാൻ അവസരം നൽകി. അവന്‍റെ ഒരു അങ്കിളിനാണ് അവസരം വിനിയോഗിക്കാനുള്ള ഭാഗ്യം ലഭിച്ചത്. അമ്മാവൻ ചില്ലറക്കാരനൊന്നുമായിരുന്നില്ല. വിദ്യാസമ്പന്നനും, വിവരമുള്ളവനും, വായനാശീലമുള്ളവനും, വിവേകമുള്ളവനും സർവ്വോപരി അദ്ധ്യാപകനുമായ അദ്ദേഹം പറഞ്ഞ കഥകേട്ട് ഹീറോ തന്‍റെ കാരവാനിന്‍റെ ചുവരിൽ സ്വന്തം തല ടമാർ പടാർ എന്ന് തല്ലിയെന്നും; ബോധം കെട്ടുപോയ അദ്ദേഹത്തിന് സെവൺത് ഡേയാണ് മെമ്മറീസ് തിരിച്ചുകട്ടിയതെന്നും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു.

                                                     *****************

ഷറഫിനെ പിന്നീട് ഞാൻ കാണുന്നത് ബിഗ് സ്ക്രീനിൽ നസ്രിയയെ പറ്റിക്കുന്ന വർക്ക് ഷോപ്പ് ഉടമയായിട്ടാണ്. സിനിമയുടെ സംവിധായകൻ പണ്ട് ഷറഫ് തന്നെ എന്നോട് പറഞ്ഞ അത്താണിക്കാരനായ സിജോ ജോസഫാണെന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടില്ല. കാരണം അവരുടെ കൂട്ടായ്മയിൽ നിന്നും കൂടുതൽ ആളുകൾ തിരിച്ചറിയപ്പെടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

                                                      ****************

രണ്ട് മാസം മുമ്പ് ഷറഫിനെ വിളിച്ചപ്പോൾ അവൻ പറഞ്ഞിരുന്നു പ്രേമത്തിൽ തരക്കേടില്ലാത്ത വേഷമാണെന്ന്. സിനിമ റിലീസായി നല്ല അഭിപ്രായം കേട്ടപ്പോൾ ഞാൻ തിയറ്ററിലൊന്ന് പോയി നോക്കി. തിരക്കോട് തിരക്ക്... നാലുതവണ പോയിട്ടും ടിക്കറ്റ് കിട്ടാതെ മടങ്ങി. സിനിമക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലും എനിക്ക് വല്ലാത്ത സന്തോഷം തോന്നി. കാരണം; അവരുടെ സിനിമ എന്‍റേയും സിനിമയാണ്. ഇതു പോലൊരു സ്വപ്നം എനിക്കുമുണ്ടായിരുന്നു.
പ്രേമത്തിന്‍റെ പോസ്റ്ററുകൾകൊണ്ട് അലങ്കരിച്ച 'ഗോപൂസ് കൂൾബാർ' കണ്ടപ്പോൾ കട്ടിലിന്‍റെ  ചുവട്ടിൽ പൊടിപിടിച്ചിരിക്കുന്ന എന്‍റെ സ്ക്രിപ്റ്റിനെക്കുറിച്ചോർത്തു. ഇപ്പോഴും സ്വതന്ത്ര സംവിധായകനായിട്ടില്ലാത്ത എന്റെ സുഹൃത്തിനേയും.

ഇവിടെയാണ് അൽഫോൺസ് പുത്രൻ എന്ന; ഷറഫിന്‍റെ ഗ്യാങ്ങിന്‍റെ നേതാവ് വ്യത്യസ്ഥനാകുന്നത്
സ്വാർത്ഥതയില്ലാത്ത, ആത്മാർത്ഥതയുള്ള, അർപ്പണബോധവും, ലക്ഷ്യബോധവും ശുഭാപ്തി വിശ്വാസവുമുള്ള  കൂട്ടുകാർക്ക് കാലം ഉന്നതികൾ കരുതി വെച്ചിട്ടുണ്ട്. പ്രേമം അതിന്‍റെ തുടക്കം മാത്രമാണ്. സിനിമാ മോഹികൾക്ക് സംഘം മാതൃകയാണ്. എനർജ്ജി ബൂസ്റ്ററാണ്....


അഞ്ച് വർഷം മുമ്പുള്ള വൈകുന്നേരം... അന്ന് അരമണിക്കൂർ കൂടി ക്ഷമ കാണിച്ചിരുന്നെങ്കിൽ എനിക്ക് ഇന്നത്തെ പൊന്നും വിലയുള്ള താരം നിവിൻ പോളിയെ പരിചയപ്പെടാമായിരുന്നു... ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം. പോയ ബുദ്ധി.... അല്ലാതെന്താ....?.